ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
വിതര്‍ക്കം
മാനസശരീരസംബന്ധിയായ പ്രജ്ഞയുടെ അനുഭവമണ്ഡലമാണ് വിതര്‍ക്കശബ്ദംകൊണ്ട് സ്പഷ്ടമാക്കിയിരിക്കുന്നത്. സ്ഥൂലവസ്തുവിനെ സാക്ഷാത്കരിക്കുന്ന പ്രജ്ഞയാണ് വിതര്‍ക്കം. സുവര്‍ലോകംവരെയെത്തുന്ന ജീവാത്മാവും വിഷയവിനിര്‍മുക്തമായ രീതിയില്‍ എത്തിച്ചേരുന്നില്ലെന്ന അനുശാസനമാണ് വിതര്‍ക്കശബ്ദത്തില്‍ നിന്ന് ലഭിക്കുന്നത്.
വിചാരം
വിചാരശബ്ദം കൊണ്ട് പ്രജ്ഞയുടെ മഹര്‍ലോകത്തേക്കുള്ള വികാസത്തെ സങ്കല്പിക്കുന്നു. സൂക്ഷ്മത്തെ സാക്ഷാത്കരിക്കുന്ന പ്രജ്ഞയത്രെ വിചാരം. നിര്‍വിശേഷമായ ചിന്താസ്വഭാവം കാരണശരീരത്തില്‍ വിലയം പ്രാപിക്കുന്നു. ഒരു പ്രത്യേകവസ്തുവിന്റെ സ്വഭാവവും സ്വരൂപവും പ്രത്യേകമായറിയുന്നതാണ് സവിശേഷ ചിന്ത. നിര്‍വിശേഷചിന്ത ഒരു പ്രത്യേകബന്ധത്തെ സൂചിപ്പിക്കുന്നതല്ല. കുറേകൂടി നിരുപാധികമായ ഒരവ്യക്തമണ്ഡലം സൃഷ്ടിക്കുന്നതാണ് നിര്‍വിശേഷത്വം. ഈ അവ്യക്ത അജ്ഞാനങ്ങളുടെ അവ്യക്തതയല്ല. വസ്തുക്കള്‍ പ്രജ്ഞയില്‍ ലയിക്കുമ്പോഴുള്ള അവ്യക്തതയാണ്. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പ്രജ്ഞയോടൊത്തു വസ്തുബോധം ലയിച്ചുകിടക്കുന്നു. ഉണരുമ്പോള്‍ അത് സജീവമാകുന്നു. എന്നാല്‍ നിര്‍വിശേഷത്വം പ്രജ്ഞാവികാസംകൊണ്ട് സംഭവിക്കുന്ന വസ്തുക്കളുടെ ലയമാണ്. വിശേഷചിന്ത മാനസശരീരത്തിലും നിര്‍വിശേഷചിന്ത കാരണശരീരത്തിലുമെന്ന് പറയാനുള്ള കാരണമിതാണ്. സ്വര്‍ലോകത്തിലെത്തുന്ന ജീവാത്മാവിന് സംശയാതീതമായ അനുഭൂതി ഉണ്ടാകുന്നില്ല. സാധാരണജീവിതത്തില്‍ സ്വര്‍ലോകം വിശിഷ്ടചിന്തയുടെ മണ്ഡലമാണ്. എന്നാല്‍ യോഗിക്ക് അതഭികാമ്യമല്ല. ”രമ്യാരാമാ മൃദുലതനു ലതാ നന്ദനേ നാഭിരന്തും” എന്ന് കുലശേഖര ആഴ്‌വാര്‍ സ്വര്‍ലോകസുഖങ്ങളെ നിഷേധിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ധര്‍മാധര്‍മങ്ങളില്‍ ഇച്ഛയില്ലാത്ത ഒരവസ്ഥയാണ് യോഗിക്കഭികാമ്യമായുള്ളത്. ശുഭകര്‍മഫലമായ സ്വര്‍ഗാനുഭൂതിയിലോ അശുഭകര്‍മഫലമായ നരാകനുഭവത്തിലോ യോഗിയുടെ വൃത്തി വ്യാപരിക്കുന്നില്ല. എന്നാല്‍ സ്വേച്ഛാചാരം കൊണ്ട് ഈശ്വരീയമായ ചിന്തയെ വിഘാതപ്പെടുത്തുന്നുമില്ല. നിര്‍വിശേഷ ചിന്ത എന്ന സംജ്ഞകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നു. വിതര്‍ക്കസമാപത്തി, സവിതര്‍ക്കസമാപത്തി, സവികല്പസമാപത്തിയെന്നിപ്രകാരം വിശേഷിപ്പിക്കുന്നതും മേല്‍പ്പറഞ്ഞ സ്വര്‍ലോകാനുഭവത്തെയാണ്. എന്നാല്‍ യോഗിയുടെ പ്രജ്ഞ സ്വര്‍ലോകത്തില്‍ തങ്ങി നില്‍ക്കുന്നില്ല. മാനസശരീരത്തിന്റെ വൃത്തികളെ നിരോധിച്ചുകൊണ്ട് വീണ്ടും ജീവാത്മാവിന്റെ പ്രയാണം ഉന്നതിയിലേക്ക് ചെന്നെത്തുന്നു. അങ്ങനെ മാനസശരീരത്തിന്റെ സ്വര്‍ലോകാനുഭൂതിയില്‍ നിന്ന് കാരണശരീരത്തിലെ അഥവാ മഹര്‍ലോകത്തിലെ അനുഭവങ്ങളിലേക്ക് ജീവാത്മപ്രജ്ഞ വികസിക്കുന്നു. നിര്‍വിശേഷചിന്തയെന്നു വിശേഷിപ്പിച്ചതിതിനെയാണ്.
മഹര്‍ലോകത്തിലെത്തിച്ചേരുന്ന ജീവാത്മാവിന് സ്വര്‍ലോകത്തിന്റെ വിശേഷാനുഭങ്ങളെല്ലാം തന്നെ സ്ഥൂലലോകം പോലെ സുവ്യക്തമായിരിക്കും. നിര്‍വിതര്‍ക്കസമാപത്തിയെന്നും നിര്‍വികല്പസമാപത്തിയെന്നും വിശേഷിപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് സവിചാരസമാപത്തിയെന്നും പേരുണ്ട്. പുരാണേതിഹാസങ്ങളിലെ പ്രതിപാദ്യം മഹര്‍ലോകമണ്ഡലത്തിലെത്തിയ മഹാത്മാക്കളുടെ പ്രജ്ഞയില്‍ നിന്നുമുണ്ടായതാണ്. ഈ അവസ്ഥയില്‍ പ്രപഞ്ചത്തിലെ നാനാത്വങ്ങള്‍ക്ക് കാരണമായ അധിഷ്ഠാനമെന്താണെന്ന് യോഗി അറിഞ്ഞിരിക്കും. വിശേഷലക്ഷണങ്ങളെ പുറന്തള്ളി സാമാന്യലക്ഷണത്തിലേക്ക് പ്രജ്ഞ വികസിക്കുകയാണിവിടെ ചെയ്യുന്നത്. കാരണശരീരം അനേക ജന്മങ്ങളുടെ ഭൂതമാത്രകളോടുകൂടിയായതുകൊണ്ട് അവിടെയെത്തുന്ന (മഹര്‍ലോകത്തിലെത്തുന്ന) യോഗിക്ക് തന്റെയും മറ്റുള്ളവരുടേയും അതീതജന്മാനുഭവസ്മൃതിയുണ്ടാകുന്നു.
സ്ഥൂലലോകത്തില്‍ ജീവാത്മാവ് ബാഹ്യവസ്തുക്കളെ അനുഭവിക്കുന്നതുപോലെ മഹര്‍ലോകം വരെയുള്ള സൂക്ഷ്മമാത്രകള്‍ ജീവാത്മാവിന് സുവ്യക്തമാകുന്ന അവസ്ഥയെയാണ് ഇതുവരെ പ്രസ്താവിച്ചത്. ഭൂലോകത്തില്‍ നിന്ന് ഉപരിമണ്ഡലത്തിലേക്ക് ജീവാത്മപ്രജ്ഞ വികസിക്കുമ്പോള്‍ ഓരോ മണ്ഡലത്തിലുമുണ്ടാകുന്ന അനുഭവങ്ങള്‍ വിസ്മൃതമായിപ്പോകുന്നില്ല. മറിച്ച് പ്രജ്ഞാമണ്ഡലത്തില്‍ പ്രതിഷ്ഠിതമായി വിജ്ഞാനസ്വഭാവത്തെയാശ്രയിച്ചിരിക്കുന്നു. ഈ അവസ്ഥയില്‍ യോഗി ബഹിര്‍ലോകം വരെയുള്ള അനുഭവങ്ങളെ ചര്‍ച്ചചെയ്യുന്നതിന് കഴിവുള്ളവനായിരിക്കും. തന്നെയുമല്ല, ജീവാത്മാവിന് ഭൂമിയില്‍ യഥാക്രമം സംഭവിക്കുന്ന അവസ്ഥാവ്യത്യാസങ്ങളെ നിര്‍ണയിക്കുന്നതിനും കഴിവുണ്ടായിരിക്കും. ജീവാത്മാവനുഭവിക്കുന്ന സുഖദുഃഖങ്ങളുടെ കാരണം സാധാരണക്കാരന് അവ്യക്തമായിരിക്കുമ്പോള്‍ യോഗിക്ക് അത് സുവ്യക്തമായിരിക്കും. മേല്‍പ്പറഞ്ഞ ഉപരിമണ്ഡലങ്ങളുടെ സൂക്ഷ്മതലങ്ങളോടുള്ള ജീവാത്മബന്ധങ്ങളെപ്പറ്റിയുള്ള കാര്യകാരണബന്ധം യോഗിക്ക് സ്ഥൂലരൂപം ബാഹ്യപ്രകൃതിയെ അറിയുന്നതില്‍ ഒതുങ്ങുന്നു. യോഗിക്ക് സ്ഥൂലരൂപമായ വസ്തുവിന്റെ ഉല്പത്തിക്ക് കാരണമായ ഭൂതമാത്രകളെപ്പറ്റിയും അവയുടെ ആഘാതംകൊണ്ട് ജീവാത്മാവിനുണ്ടായ അനുഭവങ്ങളെപ്പറ്റിയും വ്യക്തമാണ്.
Discussion about this post