സ്വാമി സത്യാനന്ദസരസ്വതി
ഗുരുര്‍വിഷ്ണു:-
ഗുരു വിഷ്ണുവാകുന്നു. വിഷ്ണു എന്ന വാക്കിന് വ്യാപനശീലന്‍ എന്നാണര്‍ത്ഥം. വിശ ധാതുവില്‍ നിന്നാണ് ഈ നാമം ഉണ്ടായത്. (വിശ+നുക്) പ്രവേശിക്കുന്നവന്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. അന്തര്‍യാമിയായും ബഹിര്‍യാമിയായും ജഗത്തില്‍ പ്രവേശിക്കുന്നവന്‍.
വ്യാപ്താമേ രോദസീ പാര്‍ഥ
കാന്തിശ്ചാഭ്യധികം മമ
ക്രമണാച്ചാപ്യഹം പാര്‍ഥ
വിഷ്ണുരിത്യഭിസംജ്ഞിത: (മഹാഭാരതം)
ഹേ പാര്‍ഥാ! എന്നാല്‍ ആകഗാശവും ഭൂമിയും ഒരുപോലെ വ്യാപിക്കപ്പെട്ടിരിിക്കുന്നു. എനിക്ക് എല്ലാറ്റിലും വെച്ചധികമായ ശോഭയുണ്ട്. മൂന്നു കാലടികൊണ്ട് മൂന്നുലോകവും അളന്ന വ്യക്തിത്വം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
ഗുരു തന്റെ ജ്ഞാനം കൊണ്ട് മൂന്നു ലോകത്തിലും വ്യാപരിക്കുന്നു. വിഷ്ണുവും ഈ പ്രവൃത്തിതന്നെ ചെയ്യുന്നു. ധര്‍മ്മസംരക്ഷണാര്‍ത്ഥമാണ് ഗുരുവും വിഷ്ണുവും ത്രലോകങ്ങളിലും വ്യാപരിക്കുന്നത്.
‘ധര്‍മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ’
(ഭഗവദ്ഗീത)
എന്നഗീതാവചനം മേല്‍പ്പറഞ്ഞ സത്യം സമര്‍ത്ഥിക്കുന്നു. ഇവിടെ ഗുരുവും വിഷ്ണുവും പ്രപഞ്ചത്തെ ധര്‍മോപാദിയാക്കുന്നു. എന്നാല്‍ ഗുണങ്ങളെ സ്വീകരിക്കുന്നില്ല. വെള്ളത്തില്‍ കിടക്കുന്ന താമരപോലെ (പദ്മപത്രമിവാംഭസി) ധര്‍മത്തെ നിലനിര്‍ത്തുകയും അധര്‍മത്തെ നിരാകരിക്കുകയും ചെയ്യുകയാണ് ഗുരുസങ്കല്‍പം കൊണ്ടും അവതാരസങ്കല്‍പം കൊണ്ടും നടക്കുന്നത്. ദശാവതാരങ്ങളിലൂടെ വിഷ്ണുതന്നെയാണ് ധര്‍മസംരക്ഷണം നടത്തുന്നത്. ആത്മജ്ഞാനികളും അവതാരങ്ങള്‍തന്നെ. മേല്‍പ്പറഞ്ഞവയില്‍ സമാനധര്‍മങ്ങള്‍ ഗുരുവിലും വിഷ്ണുവിലുമുണ്ട്. അതുകൊണ്ട് ഗുരുര്‍വിഷ്ണു എന്ന് സമര്‍ഥിക്കാം.
ഗുരുര്‍ ദേവോ മഹേശ്വര:-
മഹേശ്വരന്‍, രുദ്രന്‍ എന്നീ പദങ്ങളെല്ലാം ശിവ ശബ്ദത്തിന് പര്യായമായി ഉപയോഗിക്കാറുണ്ട്. (അമരകോശം) ദുഷ്ടന്‍മാരെ രോദിപ്പിക്കുന്നവന്‍ രുദ്രന്‍, സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ 3 കര്‍മങ്ങളും (കര്‍മത്രയം) പ്രകൃതി സ്വഭാവത്തില്‍ പെടുന്നു. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കര്‍മങ്ങള്‍ക്ക് ആവര്‍ത്തനവുമുണ്ട്. ആവര്‍ത്തനത്തില്‍ നിന്ന് മുക്തമാകണമെങ്കില്‍ ധര്‍മപരിപാലനം കൂടിയേതീരൂ. ഇതിന് അധര്‍മത്തെ ശിക്ഷിക്കേണ്ടതുണ്ട്. ആ കര്‍ത്തവ്യം രുദ്രന്‍ നിര്‍വഹിക്കുന്നു. അതേ ധര്‍മം തന്നെയാണ് വിഷ്ണുവും ചെയ്യുന്നത്. (ധര്‍മ സംരക്ഷണം) അതുകൊണ്ട് വിഷ്ണുവും രുദ്രനും ധര്‍മ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്നു. മഹേശ്വരന്‍ എന്ന വാക്കിന് മഹാനായ ഈശ്വരന്‍ എന്നാണര്‍ത്ഥം. ശിവം എന്നവാക്കിന് മംഗളം എന്നര്‍ഥം. മംഗളസ്വരൂപനായ ശിവനും മഹേശ്വരനും ഒന്നുതന്നെ. ഗുരുവും വിഷ്ണുവും മഹേശ്വരനും ധര്‍മ സംരക്ഷണത്തിലൂടെ മംഗളം നല്കുന്നു.
‘ജഗദുത്പത്തിനാശാനാം കാരണായ മഹാത്മനേ
ത്രൈലോക്യഗുരവേ നാദിഗൃഹസ്ഥായ നമോ നമ: ( അദ്ധ്യാത്മരാമായണം)
ജഗത്തിന്റെ ഉല്‍പത്തിലയങ്ങള്‍ക്ക് കാരണഭൂതന്‍ പരമാത്മാവുതന്നെ. മൂന്നുലോകങ്ങള്‍ക്കും ഗുരുവും മറ്റാരുമല്ല. പരമാത്മാവിനെ ഗൃഹസ്ഥനായും ഗുരുവായും കല്‍പ്പിച്ചിരിക്കുന്നു. ജനകത്വവും ജ്ഞാനദാനവും ഗുരുത്വത്തിന്റെ പ്രയോജകങ്ങളായി കാണുന്നു. സംരക്ഷണം, ദു:ഖനിവാരണം, സദ്ഗതി, ഇവ നല്‍കുന്നവര്‍ ഗുരുജനങ്ങളാണ്.
‘മാതാ പിതാ ബ്രഹ്മദാതാ മഹാന്തോ ഗുരവ: സ്മൃതാ:’
മാതാവും പിതാവും ബ്രഹ്മത്തെ ദാനം ചെയ്യുന്ന ആളും മഹാഗുരുക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്നു. ജനനം മുതല്‍ മോക്ഷം വരെയുള്ള സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നയാള്‍ മഹാഗുരു.
Discussion about this post