സ്വാമി സത്യാനന്ദ സരസ്വതി
ഉത്തരലോകഗമനം
സംപ്രജ്ഞാതയോഗത്തില്‍ ജീവാത്മാവ് എതെങ്കിലുമൊരു പ്രത്യേകവൃത്തിയോട് ബന്ധമുള്ളതായും മറ്റെല്ലാവൃത്തികളും ഉപശമിക്കപ്പെട്ടതായുമുള്ള അവസ്ഥയനുഭവിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യയത്തിലുള്ള ഏകതാനതയാണ് ഇവിടെ സംഭവിക്കുന്നത്. പ്രത്യയം എന്ന വാക്കിന് മാനസികമായ ചേഷ്ടകളെ സൂചിപ്പിക്കുന്നത് എന്നര്‍ഥമുണ്ട്. ഏതെങ്കിലും പ്രത്യേക ചേഷ്ടയോടുകൂടിയതും അതിനെതിരായുള്ള മറ്റൊരു ചേഷ്ടയോടുകൂടിയതും പ്രത്യയമാണ്.
അസംപ്രജ്ഞാതയോഗം ജീവാത്മാവിലെ സര്‍വവൃത്തികളും ശാന്തമായ അവസ്ഥയാണ്. പ്രത്യയവിരീമമെന്നോ പ്രശമനപ്രത്യയമെന്നോ ഇതിനെ വിളിയ്ക്കാം. ജീവാത്മാവിന് ഏതെങ്കിലുമൊരു ഉപാധിയെക്കൂടാതെ നിലനില്‍പ്പില്ല. എന്നാല്‍ വൃത്തിശൂന്യത സംഭവിക്കുമ്പോള്‍ ഉപാധിശൂന്യതയും സംഭവിച്ചിരിക്കും. അങ്ങനെ ഉപാധിശൂന്യമാകുമ്പോള്‍ ജീവാത്മപ്രജ്ഞ നിലനില്‍ക്കുന്നതായി തോന്നുകയില്ല. അങ്ങനെ ജീവാത്മാവിന് അനുഭവപ്പെടുന്ന അവസ്ഥയാണ് അസംപ്രജ്ഞാതത്വം. ഏതെങ്കിലുമൊരുപാധിയില്‍ അപ്രജ്ഞനാകുന്ന അവസ്ഥയാണ് അപ്പോള്‍ ജീവാത്മാവിനുള്ളത്. ഉപാധിരഹിതനാകുമ്പോള്‍ ജീവാത്മാവ് ഉത്തരശരീരത്തിലേക്ക് കടക്കുന്നു. അതായത് പ്രജ്ഞാവികാസം യോഗിയുടെ അടുത്ത മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്നര്‍ഥം. വ്യഷ്ടിശരീരത്തില്‍ ജീവാത്മാവിന് പ്രജ്ഞാവികാസം അനുഭവപ്പെടാതിരുന്നാല്‍ അത് വ്യക്തിയിലെ ഉത്തരശരീരത്തിന്റെ അപര്യാപ്തതയോ അപക്വതയോ ആകാം. നിരന്തരമായ അഭ്യാസംകൊണ്ടു മാത്രമെ ഈ പരിസ്ഥിതിക്കു മാറ്റം വരുത്താന്‍ കഴിയൂ. അഭ്യാസം കൊണ്ട് വ്യഷ്ടിയിലെ ഉത്തരശരീരം സംശുദ്ധമായാല്‍ പ്രജ്ഞാവികാസം സംഭവിക്കുന്നു. തത്ഫലമായി ജീവാത്മാവിന് സമഷ്ടിയിലെ ഉത്തരലോകവുമായി ബന്ധപ്പെടുവാന്‍ കഴിയുന്നു. വ്യഷ്ടിയില്‍ നിന്നു സമഷ്ടിയിലേക്കുള്ള ഈ പുരോഗതി യോഗിയുടെ പ്രജ്ഞാമേഖലയുടെ അടുത്തഘട്ടമാണ്. പ്രജ്ഞാവികാസം മൂലം അപ്പോള്‍ യോഗി എത്തിച്ചേരുന്ന ഉപരിമണ്ഡലത്തിലെ സിവശേഷതകള്‍ ജീവാത്മാവിന് അനുഭവപ്പെടുന്നു. നിരന്തരമായ അഭ്യാസം തുടരുന്നതുമൂലം പ്രസ്തുതപ്രജ്ഞാമേഖലയുടെ അനുഭവങ്ങള്‍ വിസ്മരിക്കപ്പെടാതെ ദൃഢീകരിക്കുന്നതിന് ഇടയാകുന്നു. ഇങ്ങനെ പ്രജ്ഞ ദൃഢീകരിക്കപ്പെട്ടില്ലെങ്കില്‍ ജീവാത്മാവിന് ഉത്തരശരീരത്തിലും ഉത്തരലോകത്തിലും അറിവില്ലാതായിത്തീരും. ഇങ്ങനെയുള്ള പ്രജ്ഞാവിപര്യയത്തെ ‘മൂഢസമാധി’ യെന്നാണ് വിളിക്കുന്നത്. സുഷുപ്തിക്കും (ഉറക്കത്തിനും) മൂഢസമാധിക്കും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. രണ്ടും അപ്രജ്ഞത്വം തന്നെ. ഈ അവസ്ഥയില്‍ യോഗിക്ക് പൂര്‍വശരീരത്തെപ്പറ്റിയുള്ള അറിവ് ഉണ്ടായിരിക്കയില്ല. എന്നാല്‍ നിരന്തരാഭ്യാസങ്ങള്‍ കൊണ്ട് മൂഢസമാധിയില്‍ നിന്നുണര്‍ന്ന് ”സമാധിപ്രജ്ഞ”യുടെ സ്മൃതിമണ്ഡലത്തിലേക്ക് ജീവാത്മാവ് പ്രവേശിക്കുന്നു. അങ്ങനെ സംഭവിക്കണമെങ്കില്‍ മൂലാധാരത്തില്‍ നിദ്രാവസ്ഥയില്‍ കഴിയുന്ന കുണ്ഡലിനിയെ അഭ്യാസംകൊണ്ട് ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വേണം. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറാധാരങ്ങളിലും യോഗിയുടെ പ്രജ്ഞ വ്യാപരിക്കണമെങ്കില്‍ പ്രാണനും അപാനനും തുല്യതേജസ്വികളായിത്തീരണം. തുല്യതേജസ് സംഭവിക്കേണ്ടത് അപാനന്റെ സംശുദ്ധിയോടുകൂടിയാണ്. പ്രാണനുമപാനനും കൂടിച്ചേര്‍ന്നുള്ള ശക്തിയാണ് യോഗശക്തിയായിസഹസ്രാരമെന്ന ഊര്‍ധ്വമണ്ഡലം വരെ ചെന്നു ചേരുന്നത്.
ജീവാത്മാവ് അധരശരീരത്തില്‍ നിന്ന് ഉത്തരശരീരത്തിലേക്ക് പുരോഗമിക്കുമ്പോള്‍ അസംപ്രജ്ഞാതമെന്ന അവസ്ഥയിലെത്തിച്ചേരുന്നുവെന്ന് മുമ്പ് പ്രസ്താവിച്ചുവല്ലോ. ശാന്തമായ വൃത്തിയാണ് അപ്പോഴത്തെ അവസ്ഥയെങ്കിലും വൃത്തികള്‍ നിശ്ശേഷം നശിച്ചുവെന്ന് പറയാന്‍ പാടില്ല കാരണം വൃത്തികളുടെ ശാന്തമായ അവസ്ഥ അവശേഷിക്കുന്നുണ്ട്. പ്രജ്ഞയ്ക്ക് വികസിക്കണമെങ്കില്‍ ശാന്തമായ ഉപാധികളാണ് ആവശ്യമായിട്ടുള്ളത്. അധ്യാസത്തില്‍ നിന്നും അതീവവ്യത്യസ്തമായ ഈ ശമനാവസ്ഥ പ്രജ്ഞയ്ക്ക് സ്വച്ഛന്ദം പുരോഗമിക്കുന്നതിനുള്ള പാതയായിത്തീരുന്നു. അതുകൂടിയില്ലെന്നു വന്നാല്‍ യോഗി സമ്പൂര്‍ണലക്ഷ്യത്തെ പ്രാപിക്കുന്നതിനു മുമ്പ് ദേഹം വെടിഞ്ഞു വിദേഹനായെന്നു ധരിക്കേണ്ടിവരും. അങ്ങനെ യോഗം പൂര്‍ണമാകാതെ വീണ്ടും ശരീരം സ്വീകരിക്കേണ്ടിവരുന്നു. അങ്ങനെ ശരീരം സ്വീകരിക്കേണ്ടിവന്നാല്‍ പ്രജ്ഞാവികാസത്തിലൂടെ ഉത്തരശരീരത്തിലേതിലാണോ പ്രവേശിച്ചത്. അതുവരെയുള്ള അനുഭവങ്ങള്‍ ജീവന് സ്വായത്തമായിത്തന്നെ ഉണ്ടായിരിക്കും. എന്നാല്‍ അടുത്ത ജന്മത്തില്‍ ജീവന് പൂര്‍വജന്മസ്മരണ ലഭിക്കാനുള്ള കഴിവുണ്ടായെന്നു വരില്ല. പ്രജ്ഞാവികാസത്തിന്റെ ഉത്തരലോകത്തിലേയ്ക്കുള്ള ഗതിയുടെ സ്വഭാവമനുസരിച്ചാണ് അറിയുകയും അറിയാതിരിക്കുകയും ചെയ്യുന്നത്. പുനര്‍ജന്മത്തിലൂടെ ജീവാത്മാവിന് അധരശരീരത്തിലുള്ള വാസന തുടര്‍ന്നുകൊണ്ടിരിക്കും. യോഗം പൂര്‍ത്തിയാകാത്തവര്‍ക്ക് അടുത്ത ജന്മത്തിലുണ്ടാകുന്ന ഈ അനുഭവം കഴിഞ്ഞ ജന്മത്തിലെ ഏതവസ്ഥ തൊട്ട് തുടങ്ങുന്നുവെന്നറിയാനുള്ള പക്വതയുണ്ടായിരിക്കുകയില്ല. എന്നാല്‍ മുന്‍പു നേടിയ അസംപ്രജ്ഞാതയോഗം കൊണ്ട് ശാന്തമായികിടന്ന വാസനകള്‍ യോഗിക്ക് ജീവാത്മസംസ്‌കാരമായി പ്രചോദനം നല്‍കും. രണ്ടാംജന്മത്തിലുണ്ടാകുന്ന ബാഹ്യപ്രകൃതിയുടെ പ്രേരണ പല കര്‍മങ്ങള്‍ക്കുവേണ്ടിയും നിര്‍ബന്ധിക്കുമെങ്കിലും ജീവാത്മാവ് അത്തരം കാര്യങ്ങളില്‍ സ്ഥിരമായി വ്യാപരിക്കുകയില്ല.
Discussion about this post