കറാച്ചി: പാകിസ്താനിലെ പഞ്ചാബ്, ഖൈബര്‍, പഷ്തൂണ്‍ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിയുമെന്ന് യു.എന്‍. എന്നാല്‍ ഔദ്യോഗിക മരണസംഖ്യ 1243-ആണ്. ഒന്നരക്കോടിയോളം പേരാണ് കെടുതിക്ക് ഇരയായത്. അറുപത് ലക്ഷത്തോളം പേര്‍ ഭക്ഷണവും കുടിവെള്ളവും താമസസൗകര്യവും കിട്ടാതെ വലയുകയാണെന്നാണ് യു.എന്‍. കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്‍ കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനിടയുണ്ടെന്ന ആശങ്കയിലാണ് അധികൃതര്‍. കഴിഞ്ഞദിവസം മിംഗോറ പട്ടണത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുലക്ഷത്തോളം പേര്‍ക്ക് കോളറയും 70 ലക്ഷത്തോളം പേര്‍ക്ക് അതിസാരവും പിടിപെടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിനിടെ, ഇന്ത്യ നല്‍കിയ 25 കോടിരൂപയുടെ ദുരിതാശ്വാസം മടക്കി നല്‍കണമെന്ന് പാക് ദിനപത്രം ആവശ്യപ്പെട്ടു. സത്‌ലജിലൂടെയും ബിയാസിലൂടെയും അധികമായി വെള്ളമൊഴുക്കിവിട്ട് പാകിസ്താനെ വെള്ളത്തിനടിയിലാക്കുന്ന ഇന്ത്യ സഹായം നല്‍കുന്നത് മുറിവില്‍ ഉപ്പുപുരട്ടുന്നതിന് തുല്യമാണെന്ന് ഉറുദു പത്രമായ നവാ ഇ വഖ്താണ് മുഖപ്രസംഗത്തില്‍ ആരോപിച്ചത്. പാക് അധിനിവേശ കശ്മീരിലും കശ്മീരിലും കൂട്ടക്കൊല നടത്തുന്ന ഇന്ത്യയുടെ സഹായവാഗ്ദാനം കാപട്യമാണെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.
Discussion about this post