ഷാങ്ഹായി: ലോക സമ്പദ്‌വ്യവസ്ഥയില്‍ വന്‍ശക്തിയായ അമേരിക്കയെയും മറികടന്ന് 2030 ഓടെ ചൈന ‘നമ്പര്‍ വണ്‍’ ആകുമെന്ന് സാമ്പത്തിക വിദഗ്ധര്‍.
കഴിഞ്ഞ മൂന്നുദശകത്തെ വമ്പന്‍ കുതിപ്പിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ചൈന ജപ്പാനെ പിന്തള്ളി രണ്ടാമതെത്തി; തൊട്ടു മുന്നില്‍ ഇപ്പോള്‍ അമേരിക്ക മാത്രം. ലോകത്തെ പുതിയ സാമ്പത്തിക ഭീമന്റെ പിറവിയുടെ വിളംബരമാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
രണ്ടാംപാദത്തില്‍ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 1.28 ലക്ഷം കോടി ഡോളറാണ്, ചൈനയുടേത്1.33ലക്ഷം കോടിയും. നേരത്തേ പ്രവചിച്ചതില്‍ നിന്ന് ഭിന്നമായി രണ്ടാംപാദത്തില്‍ 0.4 ശതമാനം വളര്‍ച്ചയേ ജപ്പാന് കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ. ഇത് സാമ്പത്തിക വര്‍ഷം മുഴുവന്‍ ചൈന ജപ്പാന് മുന്നിലാകുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ വന്‍ ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ തടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ചൈന ജപ്പാന്റെ തൊട്ടുപിന്നിലെത്തിയത്.
ലോക ബാങ്കിന്റെ കണക്കുപ്രകാരം കഴിഞ്ഞ നാലുദശാബ്ദങ്ങളായി ജപ്പാനായിരുന്നു ലോക സമ്പദ്‌വ്യവസ്ഥയില്‍ രണ്ടാംസ്ഥാനത്ത്. 1980 കാലയളവില്‍ അമേരിക്കയെ പിന്തള്ളി ജപ്പാന്‍ ഒന്നാമതെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ പൂരിതാവസ്ഥയിലെത്തിയതും ജനങ്ങള്‍ ഭൂരിഭാഗവും വാര്‍ധക്യത്തിലെത്തിയതും തിരിച്ചടിയായി. നാലുവര്‍ഷം മുമ്പ് ജപ്പാന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ പാതിയോളം മാത്രമായിരുന്നു ചൈനയുടേത്.
Discussion about this post