മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ വാഷി ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും 440 പേര്‍ മരിച്ചു. 400 പേരെ കാണാതായി. മിന്‍ഡനാവോ ദ്വീപിന്റെ വടക്കന്‍തീരത്തെ കാഗായാന്‍ ഡീ ഓറോ, ഇല്ലീഗാന്‍ തുറമുഖമേഖലകളിലാണ് ദുരന്തം ഏറ്റവും നാശംവിതച്ചത്. കാഗായാന്‍ ഡി ഓറോയില്‍നിന്ന് 215 പേരുടെയും ഇല്ലീഗാന്‍ പ്രദേശത്തുനിന്ന് 144 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇല്ലീഗാനില്‍ ഒഴുക്കില്‍പ്പെട്ട 300 പേരില്‍ 50 പേരെ രക്ഷപ്പെടുത്തി. 250 പേരെ കണ്ടെത്താനായിട്ടില്ല. ഇവിടത്തെ മൂന്ന് പ്രധാന നദികളില്‍ രണ്ടെണ്ണവും കരകവിഞ്ഞൊഴുകുകയാണ്. കാഗായാന്‍ ഡീ ഓറോ നഗരത്തില്‍ 125 പേരെ കാണാതായതായി സൈന്യം പറഞ്ഞു. തെക്കന്‍മേഖലയിലൂടെ കടന്നുപോയ വാഷി ചുഴലിക്കൊടുങ്കാറ്റ് മധ്യദ്വീപായ നിഗ്രോസിലും ആഞ്ഞടിച്ചു. ഇവിടെ 18 പേര്‍ മരിച്ചു. ദുരന്തം 22,000 കുടുംബങ്ങളെ ബാധിച്ചതായി സര്‍ക്കാര്‍കേന്ദ്രങ്ങള്‍ പറഞ്ഞു. വീട് നഷ്ടപ്പെട്ടവരുടെ എണ്ണം വ്യക്തമല്ല.
സുല്ലു കടല്‍ കടന്നുനീങ്ങുന്ന വാഷി കൊടുങ്കാറ്റ് പടിഞ്ഞാറന്‍ ദ്വീപായ പാലാവാനില്‍ ശനിയാഴ്ച അര്‍ധ രാത്രിയോടെ ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ വര്‍ഷത്തില്‍ 20 ലേറെ ഉഷ്ണമേഖലാ ചക്രവാതങ്ങള്‍ വീശുന്നുണ്ടെന്നാണ് കണക്ക്. 2009 ല്‍ രാജ്യത്തുണ്ടായ കൊടുങ്കാറ്റില്‍ നൂറുകണക്കിനാളുകള്‍ മരിച്ചിരുന്നു.
Discussion about this post