ജ്ഞാനഗീത
ഏറെ നേരം കാത്തുനിന്ന് പതിനെട്ടാം പടിചവിട്ടി ശ്രീകോവിലിന്റെ നടയിലെത്തുമ്പോള്‍, നിമിഷങ്ങള്‍കൊണ്ടു പരതി കണ്ടെത്തി വന്ദിക്കേണ്ട കമനീയമായ, ചെറിയ ശ്രീ അയ്യപ്പ വിഗ്രഹം! അഴുതമേട്, കരിമല, നീലിമല എന്നീ സഹ്യന്റെ ഉത്തുംഗശ്യംഗങ്ങള്‍ താണ്ടി വരുമ്പോള്‍ ലഭിയ്ക്കുന്ന രണ്ടു സെക്കന്റു നേരത്തെ ദര്‍ശന സൗഭാഗ്യം! ആകാംക്ഷയോടെ തേടിയതെന്തോ അതുമാത്രം കണ്ണുകള്‍ കാണുന്നു. പുഞ്ചിരികണ്ടു, ചിന്മുന്ദ്രാങ്കിത ഹസ്തം കണ്ടു യുഗാന്തരങ്ങളെ അതിലംഘിച്ച ആ രണ്ടു സെക്കന്റുകളില്‍! മനസ്സിന്റെ ചഷകം നിറഞ്ഞുതുളുമ്പിയ ചാരിതാര്‍ത്ഥ്യം.
അദ്ധ്യാത്മശക്തി പ്രസരിപ്പിക്കുന്ന, വിജ്ഞാനസാന്ദ്രമായ ഒരു പ്രതീകമാണ് അപൂര്‍വ്വമായ ഒരു യോഗാസനത്തില്‍ സ്ഥിതിചെയ്യുന്ന ശബരീശ വിഗ്രഹം. ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധനാണോ, ജൈനനാണോ, ഹിന്ദുദൈവമാണോ എന്നിങ്ങനെയെല്ലാം പണ്ഡിതന്മാര്‍ നടത്തുന്ന തകര്‍പ്പന്‍ വാഗ്വാദങ്ങളെന്തുമാകട്ടെ, തുറന്ന മനസ്സുള്ള ഒരു അന്വേഷണ സംബന്ധിച്ചിടത്തോളം പ്രധാനം ആ സാന്നിദ്ധ്യം നല്‍കുന്ന അദ്ധ്യാത്മ പ്രചോദനവും ശ്രീ ശബരീശവിഗ്രഹം പ്രകാശിപ്പിക്കുന്ന ആഴത്തിലുള്ള ദര്‍ശനവുമാണ്.
ആ ദിവ്യരൂപത്തിന്റെ സുപ്രധാനമായ തത്ത്വം പ്രകാശിപ്പിക്കുന്നത് അല്പം മുന്നോട്ട് തള്ളിനിന്ന് നാമറിയാതെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്ന വലതുകരത്തിലെ ചിന്മുദ്രയാണ്. തത്ത്വമസി – പരമമായ സത്യം തന്നെ നിങ്ങള്‍ – ദൃഢമായ ഈ ഉറപ്പുനല്‍കിക്കൊണ്ട്, അത് ജീവിതത്തില്‍ അനുഭവവേദ്യമാക്കുവാന്‍ പ്രചോദിപ്പിക്കുന്ന ദിവ്യഹസ്തം.
വേദാന്തദര്‍ശനപ്രകാരം, അപരിമേയമായ ഉണ്മ പ്രപഞ്ചവും അതിലെ അനേകമനേകം പ്രതിഭാസങ്ങളുമായി ആവിഷ്‌കരിക്കപ്പെടുന്നത് ഉണ്മയില്‍ ലീനമായ ശക്തിയില്‍ നിന്നുദിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്ന ഗുണാത്മകമായ മൂന്നു സൃഷ്ട്യുന്മുഖതാളങ്ങളുടെ പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളിലൂടെയാണ്. സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളുടെയും അവയിലെ പ്രതിഭാസങ്ങളുടെയും അടിസ്ഥാനം ത്രിഗുണങ്ങളാണ്. പൂര്‍ണ്ണ ബോധാത്മകവും അപരിമേയവുമായ ഉണ്മയെ ജഡവസ്തുവിന്റെയും, താഴ്ന്നതും ഉയര്‍ന്നതുമായ ബോധസ്ഥിതികള്‍ പ്രകടമാക്കുന്ന അനേകം ജീവജാലങ്ങളുടെയും ഭാവങ്ങളില്‍ ആവിഷ്‌കരിക്കുന്നത് ഈ മൂന്നു ഗുണങ്ങളാണ്.
മനുഷ്യന്റെ പരിമേയമായ ബോധതലം അതിന്റെ അപരിമേയ മാനത്തിന്റെ പൂര്‍ണ്ണ പ്രജ്ഞയുടെ – സാദ്ധ്യതകളും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാന്‍ കഴിയുന്ന ഒരു പരിണാമാവസ്ഥയിലാണ്. ആ പരമസ്വാതന്ത്ര്യം വീണ്ടെടുക്കുവാനുള്ള പരിണാമയാത്ര, ദുര്‍ഘടങ്ങളായ പര്‍വ്വതശിഖരങ്ങളിലെ കാനന പാതകിലൂടെയുള്ള ശബരിമല തീര്‍ത്ഥയാത്രയെപ്പോലെ ക്ലേശതരമാണെങ്കിലും അതായിരിക്കും സ്വാതന്ത്ര്യത്തിന്റെ, ആനന്ദത്തിന്റെ വികസിതമാനങ്ങള്‍ തുറന്നുതരുന്നതെന്നു നമ്മെ ഉദ്‌ബോധിപ്പിക്കുകയാണ് ശ്രീ അയ്യപ്പ വിഗ്രഹത്തിന്റെ ചിന്മുദ്ര.
ത്രിഗുണങ്ങളാണ് അപരിമേയതയെ പരിമേയമായി അവതരിപ്പിക്കുന്നത്. മനുഷ്യമനസ്സിനെ വിവിധ പരിമിതാവസ്ഥകളില്‍ ബന്ധിക്കുന്നതും ഈ ഗുണങ്ങള്‍തന്നെ. മനസ്സിന്റെയും പ്രവൃത്തികളുടെയും സ്വഭാവം ഈ മൂന്നു ഗുണങ്ങള്‍ക്കു ജീവിതത്തിലുള്ള സ്വാധീനതയെ ആശ്രയിച്ചിരിക്കുന്നു. ഇവ മനസ്സില്‍ ഉളവാക്കുന്ന അസ്വാതന്ത്ര്യത്തിന്റെ കെട്ട് അഴിക്കുകയെന്നതാണു പൂര്‍ണ്ണപ്രജ്ഞയുടെ വിമുക്തി ലഭിക്കുവാനുള്ള മാര്‍ഗ്ഗം. ചിന്മുദ്രയില്‍ ഉയര്‍ന്നുനില്‍ക്കുന്ന മൂന്നു വിരലുകള്‍ സൂചിപ്പിക്കുന്നത് ത്രിഗുണങ്ങളെയാണ്. ചൂണ്ടുവിരലാകട്ടെ തള്ളവിരലിലേക്കു ചാഞ്ഞു അതുമായി യോജിച്ചിരിക്കുന്നു. ജീവാത്മാവിന്റെ പ്രതീകമാണ് ചൂണ്ടുവിരല്‍, തള്ളവിരല്‍ പരമാത്മാവിന്റെയും. ത്രിഗുണങ്ങളുടെ സ്വാധീനതയില്‍നിന്നു വിമുക്തമാകുമ്പോള്‍ പരിമേയമായ ജീവാത്മാവ് പരമാത്മാവിന്റെ അപരിമേയ സ്വാതന്ത്ര്യത്തെ പുല്‍കുന്നുവെന്നു ദ്യോതിപ്പിക്കുന്നു ചിന്മുദ്ര. ഈ സ്വാതന്ത്ര്യമാണു മനുഷ്യജീവിതത്തിന്റെ പരിണാമലക്ഷ്യം.
അതിനുള്ള വഴി? അതും ശബരിമല സന്നിധാനത്തില്‍ വ്യക്തമായി പ്രകാശിപ്പിച്ചിരിക്കുന്നു. പതിനെട്ടാം പടിയിലൂടെ. ശ്രീകോവിലിലെ വിഗ്രഹത്തെപ്പോലെതന്നെ പ്രാധാന്യം പടികള്‍ക്കും നല്‍കുന്ന ഒരു അതുല്യമായ സന്ദേശമാണ് സന്നിധാനത്തിലുള്ളത് – മാര്‍ഗ്ഗവും ലക്ഷ്യവും ഒന്നുതന്നെയെന്ന സന്ദേശം.
മനുഷ്യജീവിതത്തിന്റെ പരിണാമപരമായ വികാസത്തിലേക്കുള്ള ചവിട്ടുപടികളുടെ പ്രതീകമാണ് ഈ പതിനെട്ടു പടികള്‍. ആദി ജീവകണങ്ങളില്‍നിന്നു മനുഷ്യന്‍വരെയുള്ള ശാരീരികമായ ജൈവവികാസത്തിന്റെ ഘട്ടങ്ങളെക്കുറിച്ചു ഭൗതികാടിസ്ഥാനത്തിലൂടെയുള്ള അറിവ് ഡാര്‍വിന്റെ പഠനങ്ങളെ തുടര്‍ന്ന് ആധുനിക ജീവശാസ്ത്രത്തിനു ലഭിച്ചു. എന്നാല്‍ അതോടൊപ്പം സംഭവിച്ച ബോധവികാസം ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയതയെക്കുറിച്ചു ജീവശാസ്ത്രം ഇന്നും അജ്ഞതയിലാണ്. പരിണാപ്രതിഭാസത്തില്‍ യാദൃച്ഛികമായി സംഭവിച്ച ഒരു ഉല്പന്നം എന്നുപറഞ്ഞ് ബോധതലത്തെ വിഗണിക്കുന്ന ഒരു പ്രവണതയാണു ശാസ്ത്രത്തിനുള്ളത്. അതിനാല്‍, മനുഷ്യനിലെത്തിയ ജീവപ്രവാഹത്തിന്റെ തുടര്‍ന്നുള്ള പരിണാമഗതി എങ്ങനെയാണ്, ഏതു തലത്തിലേക്കാണു നീങ്ങുക എന്നതിനെക്കുറിച്ച് യുക്തിപൂര്‍വ്വമായ ഒരു ശാസ്ത്രീയ സിദ്ധാന്തത്തിനു രൂപം നല്‍കാന്‍ അതിനു കഴിഞ്ഞിട്ടില്ല.
എന്നാല്‍ ബോധപ്രതിഭാസത്തോടൊത്ത് ഉരുത്തിരിഞ്ഞുവന്ന മൂല്യാത്മക പ്രവണതകളാണ് മനഷ്യന്റെ ഭാവി പരിണാമത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്നു പുരാതന ഭാരതീയ ഋഷികള്‍ മനസ്സിലാക്കി. ബോധവികാസനത്തിനായി മൂല്യങ്ങളില്‍ അധിഷ്ഠിതമായ പരിശീലനത്തിനുള്ള പല പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു. ആധുനിക ജീവശാസ്ത്രത്തിനു അജ്ഞാതമായിരിക്കുന്ന പരിണാമ മുന്നേറ്റത്തിന് ആവശ്യമായ ശാസ്ത്രീയമാര്‍ഗ്ഗങ്ങളാണിവ. സ്വന്തം മനസ്സെന്ന അസംകൃതവസ്തുവില്‍ പരിവര്‍ത്തനം വരുത്തിവേണം ഈ വികാസവും അതിന്റെ സ്വാതന്ത്ര്യവും കൈവരിക്കേണ്ടത് എന്നവര്‍ ഉദ്‌ബോധിപ്പിച്ചു.
താഴെയുള്ള പതിനെട്ടു പടികളും മുകളില്‍ ശ്രീ അയ്യപ്പന്റെ ചിന്മുദ്രാങ്കിത ഹസ്തവും കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍, മനുഷ്യപരിണാമത്തിന്റെയും പൂര്‍ണ്ണ പ്രജ്ഞയെന്ന സ്വാതന്ത്ര്യത്തിന്റെയും ഒരു സമ്പൂര്‍ണ്ണ ശാസ്ത്രത്തിന്റെ രൂപരേഖ അത് ഉള്‍ക്കൊള്ളുന്നുവെന്നു വ്യക്തമാകും.
യോഗശാസ്ത്രപ്രകാരം, മനുഷ്യന്റെ പരിമിതമായ ബോധമണ്ഡലം പരിശീലനത്തിലൂടെ ആറുതലങ്ങള്‍ കടന്നാണ് പൂര്‍ണ്ണവികാസത്തിന്റെ പരമസ്വാതന്ത്ര്യം നേടുന്നത്. ഇവയെ ആറുപടികളായി വൈക്കത്തപ്പനെക്കുറിച്ചുള്ള കീര്‍ത്തനത്തില്‍ ഉപമിച്ചിരിക്കുന്നു.
പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെക്കാണാമേ ഹരശംഭോ
ഈ ആറു ഘട്ടങ്ങളെയും അവ ഓരോന്നിന്റെയും ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുകയാണ് ഈ പതിനെട്ടു പടികള്‍. ഗന്ധം, രൂചി, കാഴ്ച, സ്പര്‍ശം, ശബ്ദം എന്നീ പഞ്ചഭൂതജന്യമായ അഞ്ചു ഇന്ദ്രിയാനുഭവങ്ങളാലും കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ അഞ്ചു വൈകാരികഭാവങ്ങളാലും, സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്‌കാരപരമായ ഊര്‍ജ്ജതാളങ്ങളാലും പരിമിതപ്പെട്ടിരിക്കുന്നു മനുഷ്യബോധമണ്ഡലം.
ആദ്യത്തെ അഞ്ചുപടികള്‍ ഇന്ദ്രിയാനുഭവങ്ങളെയും, ആറുമുതല്‍ പതിമൂന്നുവരെയുള്ള പടികള്‍ എട്ടു രാഗങ്ങളെയും, പതിനാലു മുതല്‍ പതിനാറുവരെയുള്ളവ ത്രിഗുണങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം കൂടിചേര്‍ന്നു പരിമിതമാക്കിയിട്ടുള്ള ഒരു അവസ്ഥയിലാണു സാധാരണ ഗതിയില്‍ മനുഷ്യബോധമണ്ഡലം. അജ്ഞാനത്തിന്റെ ഈ അവസ്ഥയായ അവിദ്യയെയാണു പതിനേഴാമത്തെ പടി സൂചിപ്പിക്കുന്നത്. ബോധമണ്ഡലത്തിന്റെ ഈ പരിമിതാവസ്ഥയെ വിദ്യകൊണ്ടുമാത്രമേ അതിലംഘിക്കുവാന്‍ കഴിയുകയുള്ളൂ. പതിനെട്ടാംപടി വിദ്യയെ പ്രതിനിധാനം ചെയ്യുന്നു.
വിദ്യയാല്‍ അവിദ്യ അതിലംഘിക്കപ്പെടുന്നു. വിദ്യയെന്ന പടിയും കടക്കുമ്പോള്‍, ജീവാത്മാവ് എല്ലാ പരിമിതികളില്‍നിന്നും വിമുക്തമായി പരമാത്മാവിന്റെ പൂര്‍ണ്ണപ്രജ്ഞയെന്ന സ്വാതന്ത്ര്യം കൈവരിക്കുന്നു. വിദ്യവരെ ദൈ്വതാവസ്ഥ നിലനില്‍ക്കുന്നു. ജ്ഞാനം ആര്‍ജ്ജിച്ച് ആ പടിയും കടക്കുമ്പോള്‍ ദൈതം അദൈ്വതബോധത്തിനു വഴിമാറിക്കൊടുക്കുന്നു. ഒരാള്‍ ബി.എയ്ക്കു പഠിക്കുമ്പോള്‍ അയാളും ഡിഗ്രിയും രണ്ടാണ്. എന്നാല്‍ ബി.എ പാസ്സാകുന്നതോടെ ദൈ്വതം അവസാനിക്കുന്നു. അയാള്‍ ബി.എക്കാരനായിരുന്നു. ജ്ഞാനമാകുന്ന പടിയും കടക്കുന്നതോടെ ശബരീശന്റെ ചിന്മുദ്ര സൂചിപ്പിക്കുന്നതുപോലെ പരിമേയമായ ജീവാത്മാവ് തന്റെ അപരിമേയമായ ഉണ്മയുമായി താദാത്മ്യം പ്രാപിച്ച ആനന്ദത്തില്‍ നിത്യമാകുന്ന – ഭയരഹിതനും സ്വതന്ത്രനുമായിരിക്കുന്നു. ശ്രീമദ് ദേവീഭാഗവതത്തില്‍ ശ്രീ ദേവി ഹിമാവനോടു പറയുന്നതുപോലെ
രണ്ടെന്നോര്‍ത്ത പേവിവരൂ
രണ്ടില്ലെങ്കില്‍ വരാ ഭയം.
ഈ പരിണാമലക്ഷ്യം മനുഷ്യസത്ത കൈവരിച്ചിരിക്കുന്നു.
പര്‍വ്വതങ്ങള്‍ താണ്ടിയുള്ള തീര്‍ത്ഥയാത്രയുടെ ക്ലേശങ്ങളെല്ലാം ആനന്ദമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു ജാലവിദ്യയാണ് ലക്ഷോപലക്ഷം തീര്‍ത്ഥാടകരില്‍ ഭൂരിഭാഗത്തിനും അനുഭവവേദ്യമാകുന്നത്. ശ്രീകോവിലിന്റെ മുമ്പിലൂടെ ഝടുതിയില്‍ കടന്നുപോകുമ്പോള്‍, ഒരു നോക്കു ദര്‍ശനം ലഭിക്കുമ്പോള്‍, ചിന്മുദ്രദ്യോതിപ്പിക്കുന്ന പരമമായ ആനന്ദത്തിന്റെ ഒരു തഴുകല്‍ അവരറിയാതെ മനസ്സിനെ കുറെയെങ്കിലും സ്വച്ഛന്ദമാക്കുന്നു, സ്വതന്ത്രമാക്കുന്നു.
ഞാനറിയാതെ തുറന്നു നീയെന്‍
മാനസയവനിക വാതില്‍
എന്ന പഴയ സിനിമാഗാനത്തില്‍ പ്രതിഫലിക്കുന്ന സമ്മോഹനമായ ഒരു പുതുമയുടെ ആനന്ദം അവര്‍ക്കു ലഭ്യമാകുന്നു.
ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധിജീവികള്‍ നടത്തുന്ന വാദകോലാഹലങ്ങളെന്തുമാകട്ടെ, ഈ ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ശ്രീ ശബരീശ തത്ത്വം.
Discussion about this post