സ്വാമി സത്യാനന്ദ സരസ്വതി
ശ്രദ്ധായോഗം
യോഗശാസ്ത്ര പ്രകാരം ശ്രദ്ധ, വീര്യം സ്മൃതി, സമാധിപ്രജ്ഞ എന്നീ ധര്‍മകര്‍മങ്ങളിലൂടെ സാധനയില്‍ പുരോഗതി നേടാവുന്നതാണ്. ഈശ്വരാഭിമുഖമായി പ്രയോജനപ്പെടുന്ന കര്‍മങ്ങളില്‍ ശ്രദ്ധയും വ്യതിചലിക്കുന്ന കര്‍മങ്ങളില്‍ അശ്രദ്ധയുമാണ് ശ്രദ്ധകൊണ്ടുപദേശിക്കുന്നത്. ശ്രദ്ധ തപസ്സാണ്. അനേകവസ്തുക്കളുടെ രൂപങ്ങളിലും ഗുണങ്ങളിലും ശ്രദ്ധവ്യാപരിക്കുമ്പോള്‍ അത് ഭൗതികവും, ഈശ്വരാഭിമുഖമായ ഗുണങ്ങളില്‍ ശ്രദ്ധ പതിയുമ്പോള്‍ അതധ്യാത്മവുമാകുന്നു. ശ്രദ്ധ സര്‍വകര്‍മങ്ങളിലും വ്യാപരിക്കുന്ന ജീവന്റെ സൂക്ഷ്മസംസ്‌കാരമാണ്. അധ്യാത്മവിഷയത്തില്‍ ശ്രദ്ധ അത്യന്താപേക്ഷിതമാണ്. ”ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം” – ‘ശ്രദ്ധാലുവിന് ജ്ഞാനം കൈവരുന്നു.’ – എന്നുള്ള ഭഗവദ്പ്രവചനം സര്‍വകര്‍മങ്ങളില്‍ സാമാന്യമായും അധ്യാത്മവിഷയത്തില്‍ വിശേഷമായും പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്യത്തെപ്പറ്റിയും അതിലെത്തുവാനുള്ള മാര്‍ഗത്തെപ്പറ്റിയും സംശയലേശമെന്യേയുള്ള വിശ്വാസമാണ് യോഗസാധനയിലെ പുരോഗതിക്ക് അടിസ്ഥാനം. ”ശ്രദ്ധാഭക്തി പവിത്രിതോപകരണൈഃ…”എന്നു തുടങ്ങുന്ന തന്ത്രസമുച്ചയത്തിലെ പൂജാസങ്കല്പത്തിലും ശ്രദ്ധയെ മഹോന്നതസ്ഥാനത്തു തന്നെയാണ് പ്രതിഷ്ഠിച്ചിരക്കുന്നുത്.
”ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ”
-‘ശ്രദ്ധാരഹിതമായി ചെയ്യുന്ന യജ്ഞങ്ങള്‍ താമസഗുണഫലമുള്ളവയായിത്തീരുന്നു.’ താമസം നിഷ്്രകിയത്വമാണ്. അപ്രജ്ഞത്വമാണ് ഇതിന്റെ സ്വഭാവം. ”ഉത്തരോത്തര ചിന്തകളിലേയ്ക്ക് യജ്ഞസങ്കല്പത്തെ നയിക്കാത്ത കര്‍മം കര്‍മദോഷമുള്ളതായിത്തീരുന്നു. അവിടെ പ്രജ്ഞാവികാസം സംഭവിക്കുകയുമില്ല. ഇവിടെ ശ്രദ്ധകൊണ്ടുദ്ദേശിക്കുന്നത് ഈശ്വരാഭിമുഖമായി ജീവനെ സംസ്‌കരിച്ചെടുക്കുന്ന സങ്കല്പമാണ്. ആത്മശുദ്ധിക്ക് സങ്കല്പി ക്കപ്പെട്ട യജ്ഞങ്ങളെ ആ സങ്കല്പത്തില്‍ കേന്ദ്രീകരിക്കാതെ ചെയ്യുന്നത് അശ്രദ്ധയും അധരശരീരവ്യാപാരത്തിന് ജീവനെ തള്ളിവിടുന്നതുമാണ്. അധരശരീരങ്ങളില്‍ വ്യാപരിക്കുമ്പോള്‍ ജീവന് താമസഗുണം കൂടിവരുന്നു. വൃക്ഷങ്ങള്‍ വിവിധതരം പാഷാണങ്ങള്‍ കരിമ്പാറകള്‍ എന്നിവയെല്ലാം മേല്പറഞ്ഞ താമസഗുണസൃഷ്ടികളാണ്. ജീവന്റെ അധഃപതനത്തെയാണ് ഇതിലൂടെ ചര്‍ച്ച ചെയ്തിരിക്കുന്നത്. അനേകകോടി ജന്മങ്ങളിലൂടെയും ഉദ്ധരിക്കാനാകാത്തനിഷ്‌ക്രിയത്വമതുമൂലമുണ്ടാകുന്നു. പ്രജ്ഞാവികാസമിതുകൊണ്ട് തടസ്സപ്പെടും. നിഷ്‌ക്രിയത്വം സംഭവിക്കുമ്പോള്‍ ജീവനെ ആവരണം ചെയ്തിരിക്കുന്ന വസ്തുക്കളുടെ താമസവൃത്തിശക്തമായിത്തീരും. ജീവന് നന്മതിന്മകളുടെ അനുഭവഗുണം ഉണ്ടാവുകയില്ല. തന്മൂലം നന്മയില്‍ നിന്ന് നന്മയിലേക്ക് ചരിക്കുവാനുള്ള വിവേചനബുദ്ധി നഷ്ടപ്പെട്ടുപോകും. താമസഗുണപ്രധാനമായ ശരീരത്തിന്റെ സൂക്ഷ്മസംസ്‌കാരം ജീവന്‍ സമ്പാദിച്ചുവയ്ക്കുകയും ചെയ്യും. അതുമൂലം അനേകജന്മങ്ങളില്‍ താമസഗുണാവര്‍ത്തനം സംഭവിക്കും. ശ്രദ്ധ എന്ന പ്രജ്ഞാ വികാസം, താമസഗുണപ്രധാനമായ ശരീരങ്ങളിലൂടെ സംഭവിക്കുകയില്ല.
എങ്ങനെയാണ് ഇതില്‍ നിന്നൊരു മുക്തി നേടുകയെന്നൊരു സംശയമുണ്ടാകാം. അനേകശരീരങ്ങളിലുടെ ജീവന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രസ്തുത ശരീരങ്ങള്‍കൊണ്ട് ജീവരാശിയിലേതെങ്കിലുമൊന്നിന് പ്രയോജനപ്പെടുന്ന സേവനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ആ കര്‍മത്തിലൂടെ ജീവനാര്‍ജിക്കുന്നത് പുണ്യാംശമായിരിക്കും. ജന്മാന്തരങ്ങളിലൂടെ ഇങ്ങനെ വര്‍ധിച്ചുവരുന്ന പുണ്യാംശത്തിന് പ്രാബല്യം വരുമ്പോള്‍ താമസപ്രകൃതിയില്‍ നിന്ന് താമസരാജസത്തിലേയ്ക്ക് മാറ്റം സംഭവിക്കുന്നു. ക്രമാനുസൃതമായ പുണ്യവര്‍ധനം കൊണ്ട് താമസരാജസം രാജസമായി മാറുന്നു. അനന്തരം രാജസസാത്വികമായും അതില്‍ നിന്ന് സാത്വികമായും വൃദ്ധി കൈവരിക്കുന്നു.
മേല്പറഞ്ഞ ഗുണവൈഷമ്യം കൊണ്ടുള്ള പരിണാമം താമസത്തില്‍ നിന്ന് സാത്വികത്തിലെത്തിച്ചേരുന്നതുപോലെ സാത്വികത്തില്‍ സംഭവിക്കുന്ന അല്പാല്പമായ വ്യതിയാനം ജന്മാന്തരങ്ങളിലൂടെ അധഃപതനത്തിനും കാരണമായിത്തീരും. സാത്വികം സത്വികമായി പുരോഗമിക്കുന്നതിന് പകരം സാത്വികത്തില്‍ നിന്ന് രാജസത്തിലേക്ക് ഗുണവൈഷമ്യം സംഭവിക്കും. രാജസഗുണസംസ്‌കാരം വര്‍ധിച്ചു വരുമ്പോള്‍ സാത്വികത്തെ പൂര്‍ണമായി ഉപേക്ഷിച്ച് സമ്പൂര്‍ണരാജസമായി അധഃപതിക്കും. അതില്‍ നിന്ന് ക്രമേണ രാജസതാമസത്തിലേക്കും അതിലൂടെ നേരത്തെ പ്രസ്താവിച്ച സമ്പൂര്‍ണതാമസത്തിലേക്കും അധഃപതിക്കും. വീണ്ടും ചംക്രമണക്രമത്തില്‍ ജീവന്‍ പുണ്യം വര്‍ധിപ്പിക്കുന്നതെങ്ങനെയെന്ന് നേരത്തെ പറഞ്ഞതോര്‍മിക്കുക. ഇത്രയും സംഭവിക്കുമ്പോള്‍ തന്നെ ഗുണപരിണാമം കൊണ്ട് അനേകം കോടി ശരീരവൃത്തികള്‍ കഴിഞ്ഞിരിക്കും. ജീവത്മാവിന് അനുഭവിക്കേണ്ടിവരുന്ന ഗുണപരിണാമവൃത്തിയിലൂടെ ഈശ്വരത്വത്തിലേക്ക് തിരിച്ചെത്തുന്നതുവരെയുള്ള ജീവാത്മാവിന്റെ ഈ പ്രയാണത്തെയാണ് സംസാരചക്രമെന്ന് ശാസ്ത്രം വിധിയെഴുതിയിരിക്കുന്നത്.
സൃഷ്ടിയില്‍ തുടങ്ങി, സാത്വികത്തില്‍ നിന്നധഃപതിച്ച് താമസത്തിലെത്തി, ജന്മാന്തരങ്ങളിലൂടെ താമസത്തില്‍ നിന്ന് പരിണാമം പ്രാപിച്ച് സാത്വികത്തിലെത്തുന്ന സൃഷ്ടിയുടെ പരിണാമഘട്ടങ്ങളെ രേഖപ്പെടുത്തുന്നതാണ് ഹൈന്ദവസങ്കല്പത്തിലെ കാലപരിഗണന. സാത്വികരാജസതാമസകര്‍മങ്ങളുടെ ഗുണങ്ങള്‍കൊണ്ട് മിശ്രവും ശുദ്ധവുമായ ജീവസംസ്‌കാരത്തെ പ്രതിപാദിക്കുന്ന കാലപരിണാമവും പരിഗണനയും, കര്‍മപരിണാമവും പരിഗണനയും തന്നെയാണ്. സാധകനായാലും സാധാരണക്കാരനായാലും സംഭവിക്കുന്ന ഈ അനുഭവം – പ്രകൃതിയില്‍ കാണുന്ന ജന്മകോടിശതങ്ങളായി പരിണമിക്കുന്നത്ശ്രദ്ധയില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മനസ്സിലാക്കിയാല്‍ ശ്രദ്ധയെപ്പറ്റി, ശ്രദ്ധയുടെ പ്രാധാന്യത്തെപ്പറ്റി, വിസ്മരിക്കുകയില്ല.
Discussion about this post