ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് 54 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 155,08,46,562 രൂപയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടനകാലം കഴിയുമ്പോള്‍ 170 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
110 കോടിയുടെ ചെലവാണ് ഇതേ കാലയളവില്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. പൂജാ സാധനങ്ങള്‍, ശര്‍ക്കര, അരി മുതലായവയ്ക്കു 45 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. ദിവസ വേതനത്തിനായി 1500 ആളുകള്‍ സന്നിധാനത്തും പമ്പയിലുമായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കൂടി ഒരു കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ദേവസ്വം മെസിലേക്കുവേണ്ടി മൂന്നുകോടി രൂപയും അന്നദാന വിതരണത്തിനു നാലുകോടി രൂപയും മരാമത്ത് വിഭാഗത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി 28 കോടി രൂപയുടെ ചെലവുമാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 4.75 കോടിയും വെള്ളം കരമായി രണ്ടുകോടി രൂപയുമാണ് അടച്ചത്. അപ്പം, അരവണ നിര്‍മാണ പ്ലാന്റിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഡീസല്‍ വാങ്ങുന്നതിനു രണ്ടു കോടി രൂപ ചെലവായിട്ടുണ്ട്.
മണ്ഡല തീര്‍ഥാടനകാലത്ത് ശബരിമലയില്‍ അനുഭവപ്പെട്ട തിരക്ക് അനുസരിച്ച് ഇതില്‍ കൂടുതലുള്ള വരുമാനം പ്രതീക്ഷിച്ചിരുന്നതായി ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിനു തീര്‍ഥാടകരുടെ എണ്ണം കുറയാനുള്ള കാരണം മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുമളി, ആര്യങ്കാവ്, വാളയാര്‍ ചെക്കുപോസ്റ്റുകളിലൂടെ തമിഴ് തീര്‍ഥാടകര്‍ക്ക് വരാനുള്ള ഭയമാണ്.
15നു വൈകുന്നേരം അഞ്ചിനു തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തിച്ചേരും. അവിടെ നിന്നും ദേവസ്വം ഭാരവാഹികള്‍ ആചാരപൂര്‍വം പതിനെട്ടാം പടിയിലേക്ക് എത്തിക്കും. പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുന്നതു ദേവസ്വം ബോര്‍ഡ് തന്നെയായിരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജ്യോതി ശാസ്ത്രപരമായ കണക്കുകള്‍ അനുസരിച്ചാണ് മകരവിളക്ക് ഉത്സവം 15ന് ആഘോഷിക്കുന്നത്. മകരസംക്രമം അര്‍ധരാത്രിയില്‍ വന്നതിനാലാണ് പിറ്റേദിവസം മകരവിളക്ക് ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലും ഈ രീതിയാണ് അവലംബിച്ചിരുന്നത്. മകരവിളക്കിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Discussion about this post