സാന്റിയാഗോ: ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഷാഫ്റ്റ് തകരാറിലാകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്.
തിങ്കളാഴ്ച രാത്രിയില്‍ ഇവരെ രക്ഷിക്കാനായി രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ പണി തുടങ്ങിയെങ്കിലും നിരവധി തവണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു.
മൂന്നാഴ്ചമുമ്പാണ് സാന്‍ ജോസ് ഖനിയില്‍ 700 മീറ്റര്‍ താഴ്ചയിലായി 33 പേര്‍ കുടുങ്ങിയത്. ഇവര്‍ നില്‍ക്കുന്ന മുറിയിലേക്ക് തുരങ്കം നിര്‍മ്മിക്കാന്‍ നാലുമാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടടി വ്യാസമുള്ള തുരങ്കത്തിലൂടെ പേടകമിറക്കി ഒരോരുത്തരെയായി പുറത്തുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഇത്തരം തുരങ്കനിര്‍മ്മാണത്തിനിടെ ഷാഫറ്റ് കേടാവുന്നത് സാധാരണമാണെന്നും രക്ഷാപ്രവര്‍ത്തനം താമസിക്കില്ലെന്നുമാണ് ഖനിയുടെ സുരക്ഷാ ഓഫീസറായ ആന്‍ഡ്രേ സൗഗ്രത്ത് പറയുന്നത്.
ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അവശ്യവസ്തുക്കളും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നുണ്ട്. ഖനിക്ക് സമീപത്തായി കുഴിച്ച ചെറുതുരങ്കത്തിലൂടെ ഇറക്കിക്കൊടുത്ത വീഡിയോ ക്യാമറ ഉപയോഗിച്ച് തൊഴിലാളികള്‍ തങ്ങളുടെ ദൃശ്യം പകര്‍ത്തി അയച്ചിരുന്നു. ക്ഷീണിതരെങ്കിലും അവര്‍ സന്തുഷ്ടരാണെന്നാണ് ചിലിയിലെ അധികൃതര്‍പറയുന്നത്.
Discussion about this post