ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ സമ്മേളനത്തിനു മുമ്പ് മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഡോ . മന്‍മോഹന്‍ സിങ്. നവംബര്‍ ഏഴുമുതലാണ് അടുത്ത ലോക്‌സഭാ സമ്മേളനം. മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം കുറയ്‌ക്കാനാണ്‌് താല്‍പര്യമെന്നും അദ്ദേഹം സൂചന നല്‍കി. എന്നാല്‍ രാഷ്‌ട്രീയത്തില്‍നിന്ന് വിരമിക്കുന്നു കാര്യം താന്‍ ആലോചിക്കുന്നില്ലെന്നും സിങ് വ്യക്‌തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രി നിഷേധിച്ചു. എന്നാല്‍ പ്രശ്‌നങ്ങളില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തെറ്റല്ല. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരിന്റെ കാലത്തെക്കാളും ഒത്താരുമയോടെയാണ് ഇപ്പോഴത്തെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നതെന്നും
പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കാഴ്‌ചവയ്‌ക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കു പൂര്‍ണ വിശ്വാസവും തന്റെ ഉറച്ച പിന്തുണയുമുണ്ടെന്നും ഡോ. സിങ് പറഞ്ഞു.
നക്‌സല്‍ പ്രസ്‌ഥാനം വളരെ വേഗം അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല. സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം നിയമവും സമാധാനവും നിലനില്‍ക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം.
കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടിയുള്ള ഒരുക്കങ്ങളില്‍ പിഴവുകളും കാലതാമസവും ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇത്തരമൊരവസരത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഗെയിംസ് വിജയകരമാക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു
Discussion about this post