സാന്‍റിയാഗോ: ചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 688 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 പേരെക്കുറിച്ച് സിനിമ വരുന്നു. പ്രശസ്ത സംവിധായകന്‍ റോഡ്രിഗോ ഓര്‍ട്ടുസറാണ് സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്.
സിനിമാ പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം കുടുങ്ങിക്കിടക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാനാണ് തീരുമാനം. ‘ദി 33’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പേര് മാറാനുമിടയുണ്ട്.
33-പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചിലിയുടെ സ്വാതന്ത്ര്യദിനമായ സപ്തംബര്‍ 18ന് മണ്ണിനടിയില്‍ നിന്ന് തങ്ങള്‍ക്കും സ്വാതന്ത്ര്യം നല്കണമെന്നാണ് ഖനിയില്‍ കുടുങ്ങിയവരുടെ അഭ്യര്‍ഥന. എന്നാല്‍, ഇവരെ രക്ഷപ്പെടുത്താന്‍ നാലുമാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം ഇവരെ അറിയിച്ചിട്ടില്ല.
ആഗസ്ത് അഞ്ചിനുണ്ടായ അപകടത്തിലാണ് എന്‍ജിനിയര്‍മാരും തൊഴിലാളികളുമുള്‍പ്പെടെ 33 പേര്‍ ഖനിയില്‍ കുടുങ്ങിയത്. 32 ചിലിക്കാരും ബൊളീവിയ സ്വദേശിയുമാണ് ഖനിയിലുള്ളത്. ആഗസ്ത് 22നാണ് ഇവരെല്ലാം ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സംവിധാനമുള്ള വീഡിയോ ക്യാമറ ഇവരുടെ ദൃശ്യം പകര്‍ത്തി.
തങ്ങള്‍ ജീവനോടെ ശേഷിക്കുന്നുവെന്ന സന്ദേശം കടലാസിലെഴുതി ക്യാമറയില്‍ ഘടിപ്പിച്ച് തൊഴിലാളികള്‍ മുകളിലേക്കയച്ചു. ഖനിക്കുള്ളില്‍ 50 ചതുരശ്രമീറ്റര്‍ വരുന്ന ഒരു മുറിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.
ഖനിക്കുള്ളില്‍ കുടുങ്ങിയ എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ചിലി സര്‍ക്കാര്‍ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് നാസയുടെ സഹായം തേടിയിട്ടുണ്ട്. ഉള്ളിലുള്ളവരെ പുറത്തെടുക്കാന്‍ ഖനിയിലേക്ക് തുരങ്കം നിര്‍മിക്കണം.
എന്നിട്ട് ഓരോരുത്തരെയായി പുറത്തേക്കെടുക്കണം. ഇളകിക്കിടക്കുന്ന പാറകള്‍, ഇതിനിടെ താഴേക്കുവീഴാതെ നോക്കണം. ഇത്തരത്തില്‍ തുരങ്കം നിര്‍മിക്കാന്‍ തന്നെ മൂന്നു നാലു മാസം വേണ്ടിവരും എന്ന് യു.എസ്സിലെ തുരങ്ക വിദഗ്ധന്‍ ഡാവിറ്റ് മക്അറ്റീര്‍ പറഞ്ഞു.
ഖനിയിലെ ഒരു വെന്‍റിലേറ്ററിലൂടെയാണ് ഇവര്‍ക്ക് ശ്വാസവായു കിട്ടിയിരുന്നത്. ഇവിടെയുണ്ടായിരുന്ന ജലസംഭരണിയിലെ വെള്ളം പങ്കിട്ടും ഉള്ള ഭക്ഷണത്തില്‍ തൃപ്തരായുമാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇവര്‍ക്ക് ഗ്ലൂക്കോസും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള ഗുളികകളും ചെറുവിളക്കുകളും മരുന്നും മറ്റും എത്തിക്കുന്നുണ്ട്.
Discussion about this post