എറണാകുളം: പ്രസിദ്ധമായചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴലിന് ദേവസ്വത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ക്ഷേത്രത്തിന് പടിഞ്ഞാറ് റോഡില്‍ ചോറ്റാനിക്കര സ്‌കൂള്‍ മുതല്‍ ക്ഷേത്രനട വരെ ഓലപ്പന്തല്‍ പൂര്‍ത്തിയാകാറായി. ബാരിക്കേഡുകളും ഉണ്ടാകും. പൂരപ്പറമ്പിലും ക്ഷേത്ര മതില്‍ക്കകത്തും പന്തല്‍ ഇടുന്നുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പന്തലില്‍ പോലീസിന്റെ മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ചൊവ്വാഴ്ച തുറക്കും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 900 പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകും. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 നിരീക്ഷണ ക്യാമറകളും പോലീസ് സ്ഥാപിച്ചിട്ടുണ്ട്. മഫ്ടിയില്‍ 50 ഷാഡോ പോലീസും സുരക്ഷാ ഡ്യൂട്ടിക്ക് ഉണ്ടാകും. അഗ്‌നിശമന സേനയുടെ സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതരുടെ വൈദ്യപരിശോധനാ സംവിധാനവും ഉണ്ടാകും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 8.30 വരെയാണ് മകം തൊഴല്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി സ്ത്രീകളടക്കം പതിനായിരങ്ങളാണ് ഈദിവസം ചോറ്റാനിക്കരയില്‍ എത്തിച്ചേരാറുള്ളത്.
ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്താനായി ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചോറ്റാനിക്കരയില്‍ യോഗം ചേര്‍ന്നു. റൂറല്‍ എസ്.പി കെ.ടി. ഫിലിപ്പ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി എം.എന്‍. രമേഷ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍കുമാര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ചോറ്റാനിക്കര സ്‌കൂള്‍ മൈതാനം, തൊട്ടുചേര്‍ന്നുള്ള മൈതാനം, പടിഞ്ഞാറ് ബൈപ്പാസിന് സമീപമുള്ള മൈതാനം എന്നിവിടങ്ങളില്‍ സൗകര്യമുണ്ടാകും.
Discussion about this post