Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗുരു കഥ പറയുന്നു: ‘ഒരു കുടുക്ക നെയ്യ്’

by Punnyabhumi Desk
Feb 27, 2012, 03:07 pm IST
in സനാതനം

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഒരു കഥ കേള്‍ക്കണോ, നല്ല രസമുള്ള കഥയാ, കഥ നടക്കുന്ന സ്ഥലം വളരെ അകലെയാണ്. നമ്മുടെ സിറ്റിയെപ്പോലെ നല്ല റോഡോ, നല്ല ബസ്സോ, ഓട്ടോറിക്ഷയോ ഒന്നും അവിടെയില്ല. നടന്നുവേണം പോകാന്‍. കുറെ മലകളും വലിയ മരങ്ങളും വളളികളും പൂച്ചെടികളും കൊണ്ടു നിറഞ്ഞ സ്ഥലം. അതായത് ഒരു വനപ്രദേശം നല്ല പച്ചപിടിച്ച വനം. മലര്‍ന്ന് നോക്കിയാല്‍ പോലും മണ്ട കാണാന്‍ വയ്യാത്ത തടിയന്‍ മരങ്ങള്‍. ആ മരങ്ങളിലങ്ങനെ ചുറ്റിക്കിടക്കുന്ന വള്ളികള്‍. ഭയങ്കരമായ ഗുഹകള്‍ വലിയ പാറകള്‍ ഇതെല്ലാം കൊണ്ട് നിറഞ്ഞ ഒരു വനം. മരങ്ങളുടെ മുകളില്‍ കൂടു വച്ചിരിക്കുന്ന സൗന്ദര്യമുള്ള കിളികള്‍ ധാരാളമുണ്ട്. കൊച്ചു കിളികളെ പിടിച്ചു തിന്നു ഭയങ്കരന്മാരായിട്ടുള്ള കിളികളുണ്ട്. ഏതൊക്കെയാ ആ കിളികള്‍ പാവങ്ങളെ തിന്നുന്ന ദുഷ്ടന്മാര്‍. കഴുകന്‍, മൂങ്ങ, ആനറാഞ്ചി തുടങ്ങിയ ഉഗ്രന്മാര്‍. അവന്റെയൊക്കെ ശബ്ദം കേട്ടാല്‍ പാവം കൊച്ചു കിളികള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കും എന്നാലും ഈ ദുഷ്ടന്മാര്‍ ആ പാവങ്ങളെ ചിലതിനെ ഓടിച്ചു പിടിച്ചു തിന്നും. കിളികള്‍ മാത്രമല്ല, പാറകളുടെ ഇടയിലും, ഗുഹകളിലുമൊക്കെ ജീവിക്കുന്ന ദുഷ്ടമൃഗങ്ങളുമുണ്ട്. കടുവാ, കരടി, പുലി, ഇവനൊക്കെ അവിടവിടെ പതുങ്ങിയിരിക്കും. വിശപ്പുതട്ടിയാല്‍ പുല്ലും പച്ചിലയും കായും, കനിയുമൊക്കെ തിന്നുന്ന പാവപ്പെട്ട ശാന്ത മൃഗങ്ങളെ പിടിച്ച് കടിച്ചുകീറി തിന്നു രക്തം കുടിച്ച് ദാഹം തീര്‍ക്കും. മാന്‍, കാട്ടാട്, കാട്ടിലെ പശു, പോത്ത്, കുരങ്ങന്മാര്‍ ഇങ്ങനെയുള്ള മൃഗങ്ങളെയാണ് ഈ ദുഷ്ടന്മാര്‍ പിടിക്കുന്നത്. എന്തുചെയ്യാന്‍. പാവങ്ങള്‍ ആരോടു പറയും. ഉറക്കെ നിലവിളിക്കും. വിളിച്ചാല്‍ ആരു കേള്‍ക്കാന്‍. കേട്ടാല്‍ തന്നെയും ആരെങ്കിലും ഈ ദുഷ്ടന്മാരുടെ അടുത്ത് ചെല്ലുമോ. കാട്ടിലെപ്പോലെ നാട്ടിലും ദുഷ്ടന്മാരുണ്ട്. അവരാണ് പാവപ്പെട്ട നല്ല ആളുകളെ ഉപദ്രവിക്കുന്നത്. പിടിച്ചു പറിക്കുക, മോഷ്ടിക്കുക, കൊലപാതകം നടത്തുക എന്നിങ്ങനെയുള്ള അക്രമം ചെയ്യുന്ന ദുഷ്ടന്മാരില്ലേ മനുഷ്യരുടെ കൂട്ടത്തില്‍ പിന്നെ ജന്തുക്കളുടെ കാര്യം പറയാനുണ്ടോ. അടുത്തെങ്ങാനും ശ്രദ്ധിച്ചിരുന്നാല്‍ വനത്തിനുള്ളില്‍ പലതരം മൃഗങ്ങളുടെയും കിളികളുടേയും ശബ്ദം കേള്‍ക്കാന്‍പറ്റും. ഈ വനത്തിന്റെ അടുത്തുകൂടെ ഒരു തെളിഞ്ഞ വഴിയുണ്ട്. അതിലൂടെ കുറെ ദൂരം നടന്നാല്‍ ഒരു കൊച്ചു നദി കാണാം അധികം താഴ്ചയില്ലാത്ത നദി. ധാരാളം വെള്ളമുണ്ട്, നല്ല തെളിഞ്ഞ വെള്ളം. കാട്ടില്‍ അങ്ങുയരെ മലയുടെ മുകളില്‍ നിന്നാണ് നദി ഉത്ഭവിക്കുന്നത്. നദി ഇറങ്ങി അക്കരെ കയറിയാല്‍ പിന്നെ വനമില്ല. എങ്കിലും തീരെ ഇല്ലാതെയുമില്ല. ചെറിയ കുടിലുകള്‍, ഊടുവഴികള്‍, കൊച്ചുമരങ്ങള്‍, മുയല്‍ കാട്ടുപൂച്ച തുടങ്ങിയ മൃഗങ്ങള്‍ ഇവയൊക്കെ അവിടെയുണ്ട്. ഇടയ്ക്കിടെ അതി മനോഹരമായ പുല്‍ത്തകിടികള്‍ ധാരാളമുണ്ട്. ഈ പുല്‍ത്തകിടികള്‍ വനത്തിനുള്ളിലേക്കു നീണ്ടു കിടപ്പുണ്ട്. ഈ പുല്‍ത്തകിടികളും കടന്ന് നീണ്ടു കിടക്കുന്ന വഴിയുണ്ട്. നടന്നു നടന്ന് ചെറിയ കുന്നും പാറകളും കടന്ന് ചെല്ലുമ്പോള്‍ ഒരു ചെറിയ പള്ളിക്കൂടം കാണാം. അവിടെ അടുത്തെങ്ങും ആള്‍ താമസം അധികമില്ല. അകലെയായി ഒരു ചെറിയ ഗ്രാമം ഉണ്ട്. കുറച്ചാളുകളേ താമസമുള്ളൂ. ഉറക്കെ വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ പ്രയാസം. അവിടത്തെ കുട്ടികള്‍ക്ക് പഠിക്കാനുള്ളതാണ് നേരത്തേ നമ്മള്‍ കണ്ട പള്ളിക്കൂടം.

ഗ്രാമത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ഒരു ചെറിയ ഓലമേഞ്ഞ വീടുണ്ട്. അിവിടെ നിന്നാണ് ബാലഗോപാല്‍ എന്നും ഈ പള്ളിക്കൂടത്തില്‍ വരുന്നത്. ബാലഗോപാല്‍ മിടുക്കനാണ്. ഏഴുവയസ്സേ പ്രായമുള്ളൂ. എപ്പോഴും പുഞ്ചിരിച്ച മുഖം. ഒരു സമയത്തും അവന്റെ മുഖത്ത് കോപമോ, വെറുപ്പോ കാണാറില്ല. അച്ഛനും അമ്മയ്ക്കും അവനെ ജീവനെപ്പോലെ സ്‌നേഹമാണ്. നാട്ടിലുള്ളവര്‍ക്കും ബാലഗോപാല്‍ കണ്ണിലുണ്ണിയാണ്. കൂട്ടുകാര്‍ക്കെല്ലാം അവനോടുള്ള സ്‌നേഹത്തിനതിരില്ല.

ബാലഗോപാലന്റെ സ്വപ്നം
ഭഗവാന്‍ ശ്രീകൃഷ്ണനെ ബാലഗോപാലിന് വളരെയിഷ്ടമാണ്. ഉണ്ണിക്കണ്ണന്റെ പീലി കെട്ടിയ തലമുടിയും വനമാലയും ഞൊറിഞ്ഞെടുത്ത മഞ്ഞപ്പട്ട് കാല്‍ച്ചിലങ്കയുമൊക്കെ അവന്‍ ചിലപ്പോഴൊക്കെ സ്വപ്‌നത്തില്‍ കാണും. അമ്മാ ഉണ്ണിക്കണ്ണന്‍ ഉണ്ണിക്കണ്ണന്‍ എന്നിങ്ങനെ അവന്‍ ഉറക്കെ വിളിക്കും. ഉണ്ണിയുമായി പലപ്പോഴും അവന്‍ കളിക്കും. കാലിമേക്കാന്‍പോകും വലിയ വനവും കാളിന്ദീയാറും പശുക്കളുമൊക്കെ ബാലഗോപാല്‍ സ്വപ്‌നത്തില്‍ കാണും.

കണ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ ബഹുസമര്‍ത്ഥനാണ്. ആ ഓടക്കുഴലിന്റെ മധുരമായ പാട്ടു കേട്ടാല്‍ പശുക്കളെല്ലാം ഓടി അടുത്തുവരും. കാളിന്ദീയാറ്റില്‍നിന്നും വെള്ളവും കുടിച്ച് പുല്ലുതിന്നു നിറഞ്ഞവയറുകളോടെ പശുക്കിടാങ്ങള്‍ കണ്ണന്റെ ചുറ്റുംകൂടും. ബാലഗോപാലിന്റെ സ്വപ്‌നങ്ങളെല്ലാം അവന്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ അമ്മയോടു പറയും. അമ്മ കണ്ണന്റെ കഥകള്‍ പറഞ്ഞുകൊടുക്കും. അവന്‍ ദിവസവും നടന്നുപോകുന്ന വഴിയും, നമ്മള്‍ നേരത്തെ പറഞ്ഞ പുല്‍ത്തകിടികളുമൊക്കെ സ്വപ്‌നത്തിലെന്നപോലെ അവന്‍ ദിവസവും കാണുന്നതാണ്. അവന്‍ സ്‌കൂളില്‍പോകുന്നതും അതിലേ ആണല്ലോ. അടുത്താണ് ആ വലിയ വനം. ബാലഗോപാലനുവേണ്ടി അമ്മ കണ്ണന്റെ പടംവച്ച ഒരു പൂജാമുറി ഉണ്ടാക്കിക്കൊടുത്തു. കണ്ണനു ദിവസവും വിളക്കുവച്ചാല്‍ നല്ല ബുദ്ധിവരും, നല്ല മിടുക്കനാകും, വനത്തിന്റെ ഭയം ഉണ്ടാവുകയില്ല എന്നെല്ലാം അമ്മ ബാലഗോപാലിനെ പഠിപ്പിച്ചു. അവന്‍ വെളുപ്പാന്‍കാല്ത്ത് നാലു മണിക്കുണരും. അമ്മ അവനെ കുളിപ്പിക്കും. കുളി കഴിഞ്ഞ് അമ്മയുടെ പാദംതൊട്ട് നമസ്‌ക്കരിക്കും. പിന്നെ പൂജാമുറിയില്‍ കണ്ണനു വിളക്കുവയ്ക്കും. പ്രാര്‍ത്ഥനകളര്‍പ്പിക്കും. അമ്മയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബാലഗോപാല്‍ മടിച്ചിരുന്നില്ല.

സ്‌കൂളിലെ അദ്ധ്യാപകര്‍ക്കെല്ലാം ബാലഗോപാലിനെ വളരെ ഇഷ്ടമാണ്. അല്പം താമസിച്ചുപോയാലും അദ്ധ്യാപകര്‍ ബാലനെ തല്ലാറില്ല. കാരണം അവന്‍ കള്ളം പറഞ്ഞിരുന്നില്ല. ഒരു ദിവസം അവന്‍ അമ്മയോടു പറഞ്ഞു. അമ്മേ ഇന്നു വളരെ താമസിച്ചുപോയി, വനത്തിനടുത്തുകൂടി പോകാന്‍ പേടിയാവുന്നു. അമ്മ മകനെ സമാധാനിപ്പിച്ചു. മോനേ നിനക്കെന്തിനു ഭയം കണ്ണനില്ലേ നിന്നെ നോക്കാന്‍. പോരെങ്കില്‍ നിന്റെ ചേട്ടന്‍ ആ വനത്തിലുണ്ട്. കന്നുകാലികളെ മേച്ചുകൊണ്ട് അവിടെയാണ് താമസം. പേടി തോന്നിയാല്‍ ചേട്ടാ എന്നു നീ നീട്ടി ഉറക്കെ വിളിക്കണം. ഞാന്‍ വിളിച്ചാല്‍ ചേട്ടന്‍ വിളികേള്‍ക്കുമോ അമ്മേ, തീര്‍ച്ചയായും കേള്‍ക്കും. ചേട്ടന്‍ നിന്നോടു മറുപടിയും പറയും. ബാലഗോപാലിനു ധൈര്യമായി. അവന്‍ പുസ്തകങ്ങളെടുത്തു. പൂജാമുറിയില്‍ നിന്നു കണ്ണനെ കൂട്ടിനു വിളിച്ചു. അമ്മയെ നമസ്‌കരിച്ചു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. സ്‌നേഹനിധിയായ ആ അമ്മ ഹൃദയം പൊട്ടി കണ്ണനെ പ്രാര്‍ത്ഥിച്ചു. മകന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു മോനെ കെട്ടിപ്പുണര്‍ന്നു പറഞ്ഞയച്ചു. ബാലഗോപാല്‍ അമ്മയെ തിരിഞ്ഞുനോക്കി നോക്കി മുമ്പോട്ടു നടന്നു. മകന്‍ നടന്നു മറയുന്നതുവരെ അമ്മ നിറകണ്ണുകളോടെ നോക്കിനിന്നു. ബാലഗോപാലന്‍ വനത്തിനടുത്തെത്തി. ഇരുളടഞ്ഞ അന്തരീക്ഷം ആരുമില്ലവിടെയെങ്ങും. നല്ല കാര്‍മേഘംകൊണ്ടു നിറഞ്ഞ ആകാശം. ഇരുട്ടു വ്യാപിക്കുമ്പോലെ. ബാലഗോപാലന്‍ ഉറക്കെ ചേട്ടാ എന്നു വിളിച്ചു. നിഷ്‌കളങ്കമായ ആ വിളിക്കു മറുപടി കിട്ടി. വനത്തിനുള്ളില്‍ നിന്നും എന്തേ എന്നിങ്ങനെ സ്‌നേഹം നിറഞ്ഞ മറുവിളി കേട്ടു. ചേട്ടാ ഞാന്‍ തനിച്ചേയുള്ളൂ. കൂട്ടിനു വരണം എന്നിങ്ങനെ ബാലന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അതിനും മറുപടി ലഭിച്ചു. അവന്‍ വേഗം നടന്നു. ചേട്ടന്‍ ഇതാ ഇവിടെനിന്നു നോക്കുന്നുണ്ട്. ചേട്ടന് അനിയനെ ഭംഗിയായി കാണാം. വേഗം നടന്നോളൂ. ഭയമേ വേണ്ട. ബാലന്‍ തിരിഞ്ഞുനോക്കുമ്പോഴെല്ലാം ഈ മറുപടി കിട്ടും. അവന്‍ വേഗം നടന്നു. സ്‌കൂളില്‍ എത്തി. ബാലഗോപാല്‍ എന്താ ഇന്ന്  പതിവില്‍ കവിഞ്ഞ് താമസിച്ചത്. അദ്ധ്യാപകന്‍ ചോദിച്ചു. അല്പംകൂടി നേരത്തേ വരണം കേട്ടോ. എന്നു താക്കീതു നല്‍കി. എങ്കിലും യാതൊരു ശിക്ഷയും ശകാരവും നല്‍കിയില്ല.

ബാലഗോപാല്‍ കൂട്ടുകാരോടൊക്കെ ചേട്ടന്റെ കഥകള്‍ പറഞ്ഞു. ആര്‍ക്കും വിശ്വാസം വന്നില്ല. വിവരങ്ങളറിഞ്ഞ പലരും പതുങ്ങിയിരുന്ന് ബാലഗോപാലനെ പരിശോധിച്ചു. ബാലന്‍ വിളിക്കുന്നതും സംസാരിക്കുന്നതും സത്യമാണ്. പക്ഷേ ചേട്ടനെ ആരും കണ്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞു.

പാവം ബാലഗോപാലന് ഉച്ചഭക്ഷണത്തിനുള്ള വകയൊന്നുമില്ല. ചിലപ്പോള്‍ അവന്‍ കായ്കനികളും പറിച്ചു തിന്ന് ആറ്റിലെ വെള്ളവും കുടിച്ചു നടക്കും. അവന് വിശപ്പിന്റെ ക്ഷീണമൊന്നും അനുഭവപ്പെടാറില്ല. കളികളിലും പഠിത്തത്തിലും അവന്‍ ഒന്നാമനാണ്. കാലത്തും ഉച്ചയ്ക്കും വൈകിട്ടും നല്ല ആഹാരം കഴിക്കുന്നവരേക്കാള്‍ ആരോഗ്യവും പ്രസന്നതയും ബാലഗോപാലനുണ്ട്. എല്ലാം ചേട്ടന്റെ ശക്തി കൊണ്ടാണെന്ന് ബാലന്‍ പറയും മറ്റുള്ളവര്‍ ചിരിക്കും.

ഒരു ദിവസം അദ്ധ്യാപകന്റെ വീട്ടിലെ കല്ല്യാണത്തിനു പോകാന്‍ സ്‌കൂളിലെ കുട്ടികള്‍ തയാറായി. ഓരോരുത്തരും അച്ഛനമ്മമാരോട് വാങ്ങിയ സമ്മാനങ്ങളുമായി ബഹമാനത്തോടെ അദ്ധ്യാപകനെ കാണാന്‍ തയാറായി. പാവം ബാലഗോപാലിനു തന്റെ സ്‌നേഹനിധിയായ ഗുരുവിനു കൊടുക്കാന്‍ യാതൊന്നുമില്ലായിരുന്നു. അമ്മയുടേയും കൈയില്‍ പണമില്ല. അച്ഛനും കാശൊന്നും കിട്ടിയില്ല. ബാലഗോപാലനു അതിയായ സങ്കടം ഉണ്ടായി. അതു കണ്ട അച്ഛനമ്മമാരുടെ ഹൃദയം നീറിപ്പുകഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അമ്മ ബാലനോടു പറഞ്ഞു. മോനെ നീ കാട്ടിലെ ചേട്ടനോടു പറയൂ. ചേട്ടന്‍ എന്തെങ്കിലും തരും. ബാലന്‍ അത്യാശയോടെ പതിവുപോലെത്തുന്ന സ്ഥലത്തെത്തി. ചേട്ടാ! ഉറക്കെ വിളിച്ചു. ചേട്ടന്‍ വിളി കേട്ടു. കരഞ്ഞുകൊണ്ട് ബാലന്‍ സങ്കടം അറിയിച്ചു. ചേട്ടന്‍ അതാ കാട്ടിന്‍െ ഉളളിലൂടെ നടന്നു നടന്നു വരുന്നു. ഞാന്‍ ഒരു സമ്മാനം തരാം. ഇത് നീ മറ്റാര്‍ക്കും കൊടുക്കരുത് നീ തന്നെ കൊണ്ടുചെന്ന് നിന്റെ ഗുരുവിന്റെ കൈയില്‍ കൊടുക്കണം. എന്നു പറഞ്ഞു ഒരു കുടുക്ക നിറയെ നെയ്യ് ബാലന്റെ കൈയില്‍ കൊടുത്തു അനിയനെ സമാധാനിപ്പിച്ച് ചേട്ടന്‍ പശുവിനെ നോക്കാന്‍ പോകുന്നു. അനിയന്‍ പോയി സമ്മാനം കൊടുത്തു വരൂ!  എന്ന് പറഞ്ഞ് അനിയനെ യാത്രയാക്കി. സമ്മാനവും കൊണ്ട് ബാലന്‍ വീട്ടിലെത്തി. ബാലന്‍ അത് ആരുടെ കൈയിലും കൊടുത്തില്ല. അങ്ങനെയാണല്ലോ ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. അമ്മയെ വണങ്ങി അവന്‍ കണ്ണിന് വിളക്കും വച്ച് ആ സമ്മാനവും കൊണ്ടു നടന്നു. ഗുരുവിന്റെ വീട്ടിലെത്തി. കൂട്ടുകാര്‍ എല്ലാം അവിടെ വിലയുള്ള സമ്മാനങ്ങളുമായി നില്ക്കുന്നു. ചിലര്‍ റേഡിയോ, മറ്റുചിലര്‍ വാച്ച്, ചിലര്‍ മോതിരം, ഇങ്ങനെ ഓരോരുത്തരും വിലയുള്ള സമ്മാനങ്ങളുമായി നില്പുണ്ട്. പാവം ബാലഗോപാലന്‍ നിരയ്്ക്കു നിന്ന കൂട്ടുകാരില്‍ ഒടുവിലായി നിലയുറപ്പിച്ചു. ചേട്ടന്‍ കൊടുത്ത ഒരു കുടുക്ക നെയ്യ്. അവന്‍ അത് ആരുടെ കൈയിലും ഏല്പിച്ചില്ല. ഓരോരുത്തരും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഗുരുവിനെ ഏല്പിച്ചു വണങ്ങി. ഒടുവില്‍ ബാലന്റെ സമയം വന്നു. അവന്‍ ഗുരുവിനെ നമസ്‌ക്കരിച്ച് ഈ ഒരു കുടുക്ക നെയ്യ് എനിക്കു ചേട്ടന്‍ തന്നതാണെന്നു പറഞ്ഞ് ഗുരുവിനെ ഏല്പിച്ച് നമസ്‌കരിച്ചു എന്റെ കൈയില്‍ വേറൊന്നും തന്നെ ഇല്ലെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. ഗുരുവിന്റെ കണ്ണുകള്‍ നിറഞ്ഞു. അവനെ വാരിപ്പുണര്‍ന്ന് ആശ്വസിപ്പിച്ചു. സമ്മാനത്തിന്റെ വിലക്കുറവുകണ്ട ഗുരുപത്‌നിയുടെ മുഖം വീര്‍ത്തു. ഗുരു അതു കണ്ടതായി നടിക്കാതെ ആ നെയ്യ് വേറെ പാത്രത്തില്‍ ഒഴിച്ചിട്ട് കുടുക്ക തിരികെ കൊടുക്കാന്‍ പറഞ്ഞു.

ഗുരുപത്‌നി ദേഷ്യത്തോടെ അകത്തേക്കു പോയി ഒരു ചെറിയ പാത്രമെടുത്ത് നെയ്യ് അതില്‍ പകര്‍ന്നൊഴിച്ചു. പാത്രം നിറഞ്ഞു. കുടുക്കയില്‍ വീണ്ടും നെയ്യിരിക്കുന്നു. ഒരു പാത്രം കൂടി നിറച്ചു. എന്നിട്ടും തീര്‍ന്നില്ല. ഓരോ പാത്രങ്ങളായി നിറച്ച് വീട്ടിലുണ്ടായിരുന്ന അണ്ടാവും ഉരുളിയും വാര്‍പ്പും എല്ലാം നിറഞ്ഞു. കുടുക്കയിലെ നെയ്യ് തീര്‍ന്നിട്ടില്ല. ദേഷ്യം കൊണ്ടും മുഖം വീര്‍ത്ത ഗുരുപത്‌നി അത്ഭുതപ്പെട്ടു. നെയ്യൊഴിച്ചു അവരുടെ കൈ തളര്‍ന്നു.

ഈ അത്ഭുതസംഭവം അവിടെങ്ങും പരന്നു. എല്ലാപേരും ബാലഗോപാലനെ കാണാനെത്തി. ചേട്ടനെപ്പറ്റി ചോദിച്ചു. നിന്റെ ചേട്ടനെ ഞങ്ങള്‍ക്കും കാണണമെന്നു പറഞ്ഞു. ചേട്ടന്‍ കാട്ടില്‍ പശുവിനെ മേയ്ക്കുകയാണ്. അവിടെപ്പോയാല്‍ കാണാം എന്ന് ബാലഗോപാലന്‍ മറുപടി പറഞ്ഞു. ഗുരുവും ബാലനും ദേഷ്യം വന്നു ഗുരുപത്‌നിയും മറ്റുള്ളവരും കൊച്ചു ബാലന്റെ പുറകേ കൂടി. ബാലഗോപാലന്‍ മുന്‍പേ നടന്നു. അവന്‍ ദിവസവും നടന്നു സ്‌കൂളില്‍ വരാറുള്ള ആ വഴി കണ്ട് അവരെല്ലാം അത്ഭുതപ്പെട്ടു. ബാലന്‍ കാട്ടിനടുത്തെത്തി, ചേട്ടാ എന്നു നീട്ടി വിളിച്ചു. എന്തോ എന്നുള്ള മറുപടി എല്ലാപേരും കേട്ടു എന്നുള്ളതും, ആ ഘോരവനത്തിനുള്ളില്‍ നിന്നും മനുഷ്യശബ്ദമോ! കടുവയും, പുലിയും, കാട്ടാനയും സൈ്വരവിഹാരം നടത്തുന്നിടത്ത് ഈ അസമയത്ത് ബാലന്റെ ചേട്ടനോ! അവരെല്ലാം ചേട്ടനെ കാണാന്‍ നോക്കിനിന്നു. ചേട്ടന്‍ ഇതാ വരുന്നു ഇതാ ഇതാ അടുത്തെത്താറായി, കണ്ടോ, കണ്ടോ ബാലന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചേട്ടന്‍ അടുത്തെത്തി അനിയനെ കെട്ടിപ്പുണര്‍ന്നു. ഉണ്ണീ! ആ വിളി എല്ലാപേരും കേട്ടു. പക്ഷേ ചേട്ടനെ ആരും കണ്ടില്ല. അനിയനും ചേട്ടനുമായുള്ള സംഭാഷണം എല്ലാപേരും കേട്ടു. ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ആ ശബ്ദം. ഗുരു തന്റെ പ്രിയ ശിഷ്യനെ കെട്ടിപ്പുണര്‍ന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് അശ്രുധാര ഒഴുകി ഗുരു പത്‌നി അന്ധാളിച്ചു നിന്നു. തന്റെ അത്യാഗ്രഹത്തിനു തക്ക ശിക്ഷ ലഭിച്ചതായി കരുതി ഗുരു എന്നിട്ടും ബാലന്റെ ചേട്ടനെ കണ്ടില്ല. മറ്റാരും പിന്നൊരു ശബ്ദവും കേട്ടില്ല. അസമയമായി, ഓരോരുത്തരായി, സ്ഥലം വിട്ടു. ഗുരുപത്‌നിയും ഗുരുവും ബാലനും മാത്രം മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ചേട്ടനും. ബാലന്‍ ചോദിച്ചു എന്താ ചേട്ടാ എല്ലാപേര്‍ക്കും ചേട്ടനെ കാണാനാവില്ലെ ഗുരു കണ്ടില്ല, മറ്റാരും കണ്ടില്ല. എന്താ ചേട്ടാ മറുപടി പറയൂ. ചേട്ടന്റെ മറുപടി ഇതായിരുന്നു. അനുജാ നീ വിഷമിക്കേണ്ട. നിന്റെ ഗുരുവിനു എന്നെ ഇപ്പോള്‍ കാണാന്‍ കഴിയില്ല. അതിനുള്ള സമയമായില്ല. നീ കൊടുക്കുന്നവനും അവന്‍ വാങ്ങിക്കുന്നവനുമാണ് കൊടുക്കുന്നവനാണ് ഗുരു. വരട്ടെ! അമ്മ നിന്നെ കാത്തിരിക്കുന്നു. വേഗം പോകൂ, ചേട്ടന്‍ കൂടെയുണ്ട്. അതാ ആ വെളിച്ചം കാണുന്നതുവരെ വന്നിട്ട് ചേട്ടന്‍ തിരികെപ്പോരും. ബാലനും, ഗുരുവും, പത്‌നിയും തിരിച്ചു നടന്നു. ചേട്ടന്‍ കൂടെയുണ്ടെന്ന ബാലന്റെ വാക്കുകള്‍ ഗുരുപത്‌നിയെ സമാധാനിപ്പിച്ചു. സമയം നന്നായിരുട്ടി. പിന്നെ ബാലന്‍ ചിലപ്പോഴൊക്കെ കണ്ണനു വിളക്കു വയ്ക്കുമ്പോള്‍ ചേട്ടനെ കാണും. മറ്റാരും ആ ചേട്ടനെ കണ്ടിട്ടേയില്ല. ആരാ ഈ ചേട്ടന്‍, ഉത്തരം പറയുന്നവര്‍ക്കൊരു സമ്മാനമുണ്ട്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies