പി. ശ്യാമളകുമാരി
ശ്രീരാമകൃഷ്‌ണപരമഹംസനോട് നരേന്ദ്രന്‍ ചോദിച്ചു. ഈശ്വരനെ കാണാന്‍ കഴിയുമോ? ഒട്ടും താമസിച്ചില്ല. ശ്രീരാമകൃഷ്‌ണന്‍ ഉടനെ മറുപടി നല്‍കി. `ഉവ്വ്, തീര്‍ച്ചയായും കഴിയും. തീവ്ര വ്യാകുലതയോടെ കരഞ്ഞാല്‍ കാണാന്‍ സാധിക്കും. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ആളുകള്‍ കുടംകണക്കിന് കണ്ണീര്‍ വാര്‍ക്കുന്നു. പണത്തിനു വേണ്ടി മനുഷ്യര്‍ കണ്ണീരില്‍ നീന്തുന്നു. എന്നാല്‍ ഈശ്വരനുവേണ്ടി ആരു കരയുന്നു? വിളിക്കേണ്ടതുപോലെ വിളിക്കണം. വ്യാകുലത വന്നാല്‍ അരുണോദയമായി. അനന്തരം സൂര്യന്‍ ദര്‍ശനമരുളും. വ്യാകുലതക്കു ശേഷം ഈശ്വരദര്‍ശനം.
വിഷയിക്ക് വിഷയങ്ങളോടുള്ള ആകര്‍ഷണം. അമ്മയ്‌ക്ക് മക്കളോടുള്ള വാത്സല്യം സതിക്കു പതിയോടുള്ള പ്രേമം. ഈ മൂന്നു ആകര്‍ഷണങ്ങളും ഒന്നു ചേര്‍ന്നു ഒരുവനുണ്ടായാല്‍ അതിന്റെ ശക്തികൊണ്ട് ഈശ്വരനെ പ്രാപിക്കാന്‍ സാധിക്കും. സംഗതി ഇതാണ്. ഈശ്വരനോട് സ്‌നേഹം വേണം. അമ്മയെങ്ങനെ മക്കളെ സ്‌നേഹിക്കുന്നു. സതി എവ്വിധം പതിയെ ഭജിക്കുന്നു. വിഷയി എങ്ങനെ വിഷയങ്ങളെ കാമിക്കുന്നു. അതുപോലെ ഈ മൂന്നു കൂട്ടരുടെ സ്‌നേഹത്തെ ഈ മൂന്നുതരം ആകര്‍ഷണങ്ങളെ ഒന്നിച്ചു ചേര്‍ത്താല്‍ എത്രയുണ്ടോ അത്രയും ഈശ്വരനു കൊടുക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ദര്‍ശനം ലഭിക്കും.
വ്യാകുലതയോടെ അദ്ദേഹത്തെ വിളിക്കണം. പൂച്ചക്കുഞ്ഞിന് മ്യൂ, മ്യൂ, എന്നു തള്ളയെ വിളിച്ച് കരയാനെ അറിയൂ. തള്ള അതിനെ എവിടെകൊണ്ടു വക്കുന്നുവോ അതവിടെ ഇരിക്കുന്നു. ചിലപ്പോള്‍ അടുക്കളയില്‍ ചിലപ്പോള്‍ തറയില്‍; ചിലപ്പോള്‍ കിടക്കയില്‍ അതു അതിനു കഷ്ടപ്പാടു വരുമ്പോള്‍ അത് വെറുതെ മ്യൂ മ്യൂ എന്നു കരഞ്ഞു വിളിക്കുന്നു. അമ്മ എവിടെയിരുന്നാലും ഈ ശബ്ദം കേട്ടാലുടന്‍ ഓടിയെത്തും.
വിഷമം പിടിച്ച ഈ ചോദ്യത്തിന് ആധികാരികമായി അനായാസമായി മറുപടി പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നായിരുന്നു. ബംഗാളില്‍ ഹൂഗ്‌ളി ജില്ലയിലെ കമര്‍പൂകൂര്‍ ഗ്രാമത്തില്‍ ഒരു സാധുബ്രാഹ്മണ കുടുംബത്തില്‍ 1836 ഫെബ്രുവരി 18നു ജനിച്ച ഗദാധരന്‍ ഈശ്വരസാക്ഷാത്‌കാരത്തിനു വേണ്ടിയുള്ള തീവ്രമായ സാധനകള്‍ കൊണ്ടും അദമ്യമായ അഭിവാഞ്ചകൊണ്ടും പരമഹംസപദത്തിലെത്തിയ കഥ അത്ഭുതജനകമാണ്. എഴുതാനും വായിക്കാനും കണക്കുകൂട്ടാനുംമാത്രം സ്വന്തം ഗ്രാമത്തില്‍ നിന്നു പഠിച്ച ഗദാധരന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ സ്വന്തം വീട്ടിലെ പരദേവതയായ രഘുവീരന്റെ പൂജാരിയായി. ഗ്രാമം സന്ദര്‍ശിക്കുമായിരുന്ന സന്യാസിമാരുടേയും പുണ്യപുരുഷന്മാരുടെയും സമ്പര്‍ക്കവും രാമായണ ഭാരത ഭാഗവതാദികളുടെ പാരായണ ശ്രവണവും കേവലം 11 വയസ്സായ ബാലനില്‍ വലിയ മാറ്റം വരുത്തി. പിതാവിന്റെ മരണശേഷം സഹോദരനോടൊപ്പം പത്തൊമ്പതാം വയസ്സില്‍ കല്‍ക്കട്ടയ്‌ക്കടുത്തുള്ള ദക്ഷിണേശ്വരത്തെ റാണിരാശ്‌മണിയുടെ കാളീക്ഷേത്രത്തില്‍ പൂജാരിയായി. ദിവസങ്ങള്‍ക്കകം കാളീവിഗ്രഹത്തിനുമുമ്പില്‍ ദീര്‍ഘനേരം ധ്യാനത്തിലിരിക്കുക പതിവായി. ലൗകീകകാര്യങ്ങളില്‍ ശ്രദ്ധയില്ലാതായി. ലൗകികത്തിലേക്കു കൊണ്ടുവരുന്നതിനായി ഗദാധരന്‍ വിവാഹിതനാകാന്‍ നിര്‍ബന്ധിതനായി. വധു ശാരദാമണിദേവിക്ക് ആറുവയസ്സുപ്രായം. വരന് 23. കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹത്തിന് ദിവ്യമായ പലദര്‍ശനങ്ങളും അനുഭവപ്പെട്ടു പൂജ നീണ്ടു നീണ്ടു പോയി. നിര്‍ത്തുന്ന കാര്യം മറന്നപോലെയായി. ഭക്തജനങ്ങള്‍ അക്ഷമരായിത്തീര്‍ന്നു. അര്‍ച്ചനാപുഷ്‌പങ്ങള്‍ ദേവീവിഗ്രഹത്തില്‍ മാത്രമല്ല സ്വന്തം ശിരസ്സിലും അര്‍പ്പിച്ചു തുടങ്ങി. ചിട്ടയനുസരിച്ചുള്ള പൂജ സാധ്യമല്ലാതെവന്നപ്പോള്‍ ക്ഷേത്രത്തില്‍ വേറെ പൂജാരിയെ നിയമിച്ചു. ‘മാതാവേ’ ദിവ്യമാതാവേ എന്നു ഉറക്കെ വിളിച്ചു കരഞ്ഞു തുടങ്ങി. അഞ്ചു വയസ്സുള്ള കുട്ടിയെപ്പോലെ അമ്മയെ വിളിച്ചു തേങ്ങും. ‘തോത്താപുരി’ എന്ന സന്യാസി പതിനൊന്നു മാസത്തോളം ദക്ഷിണേശ്വരത്തുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നും വേദാന്തതത്വങ്ങള്‍ മനസ്സിലാക്കി. ചൈതന്യ മഹാപ്രഭുവിന്റെ അവതാരമായി ഭക്തജനങ്ങള്‍ വിചാരിച്ചു. ദിവ്യസമാധിയില്‍ ദീര്‍ഘനേരം സ്ഥിതിചെയ്യുന്നത് പതിവായി.
ഭക്തജനങ്ങളും ശിഷ്യഗണങ്ങളും ധാരാളം എത്തിത്തുടങ്ങി. ബ്രഹ്മസമാജത്തിന്റെ നേതാക്കളും മറ്റു പ്രശസ്‌ത വ്യക്തികളും ദക്ഷിണേശ്വരത്ത് എത്തിത്തുടങ്ങി. അഭ്യസ്‌തവിദ്യരായ കല്‍ക്കത്തയിലെ ചെറുപ്പക്കാരും എത്തിത്തുടങ്ങി അക്കൂട്ടത്തില്‍ പില്‍ക്കാലത്ത് വിവേകാനന്ദസ്വാമി എന്നപേരില്‍ പ്രസിദ്ധനായ നരേന്ദ്രന്‍ എന്ന യുവാവും ഉണ്ടായിരുന്നു. ശ്രീരാമകൃഷ്‌ണദേവന്റെ തത്വവും ആദര്‍ശവും ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും ഹിന്ദുധര്‍മ്മത്തിന്റെ നവോത്ഥാനം നിര്‍വഹിക്കുകയും ചെയ്‌ത സ്വാമികള്‍ രാമകൃഷ്‌ണമിഷന്‍ എന്ന സേവന സംഘടന സ്ഥാപിച്ചു. സ്വാമിജിയുടെ ജീവിതവും പ്രസംഗങ്ങളും ആയിരക്കണക്കിന് ദേശഭക്തരേയും സാമൂഹിക പ്രവര്‍ത്തകരേയും ആവേശം കൊള്ളിക്കുന്നു. ഭാരതീയ യുവത്വത്തിനോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനമാണ്. ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!
‘എഴുനേല്‍ക്കുക, ഉണര്‍ന്നിരിക്കുക ഉദ്ദിഷ്ട കാര്യത്തിനുനിരന്തരം യത്‌നിക്കുക’.
ഈ അവസരത്തില്‍ അവതാര വരിഷ്‌ഠനായ അദ്ദേഹത്തിന്റെ വചനാമൃതം നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കട്ടെ. ചിലത് ചേര്‍ക്കുന്നു.
മാസ്റ്റര്‍: ഈശ്വരനില്‍ മനസ് എങ്ങനെ നിര്‍ത്തും?
ശ്രീരാമകൃഷ്‌ണന്‍: സര്‍വദാ ഈശ്വര നാമം ജപിക്കുകയും ഗുണം കീര്‍ത്തിക്കുകയും വേണം. സത്‌സംഗം ആവശ്യമാണ്. ഈശ്വരഭക്തന്‍മാരുടേയും സജ്ജനങ്ങളുടേയും അടുക്കല്‍ ചെല്ലണം. മനസ്സ് രാപ്പകല്‍ സംസാരത്തിനുള്ളിലും അതിലെ വിഷയങ്ങളിലും മുഴുകിയിരുന്നാല്‍ അത് ഈശ്വരനെ നിനക്കുകയില്ല. ഇടക്കിടക്ക് വിജനത്തില്‍ പോയി ഈശ്വചിന്ത ചെയ്യുന്നത് അത്യാവശ്യമാണ്. ആദ്യകാലത്ത് ഇടക്ക് വിജനത്തില്‍ വസിച്ചില്ലെങ്കില്‍ മനസ്സ് ഈശ്വരനില്‍ നിര്‍ത്താന്‍ വളരെ പ്രയാസമാണ്. മരം തൈയ്യായിരിക്കുമ്പോള്‍ ചുറ്റും വേലികെട്ടണം ഇല്ലെങ്കില്‍ ആടുമാടുകള്‍ തിന്നുകളയും.
മാസ്‌റ്റര്‍: ലോകത്തില്‍ എങ്ങനെ വേണം ജീവിക്കാന്‍?
ശ്രീരാമ: വേലയെല്ലാം ചെയ്യുക. പക്ഷെ മനസ്സ് ഈശ്വരനില്‍ വയ്‌ക്കുക. ഭാര്യ, പുത്രന്‍ അച്ഛന്‍, അമ്മ സര്‍വരോടുമൊത്തു വസിക്കുക. അവര്‍ക്കു സേവ ചെയ്യുക. സ്വന്തം ആളുകളെന്നപോലെ പെരുമാറുക. എന്നാല്‍ അവര്‍ നിന്റെ ആരുമല്ലെന്ന് ഉള്ളിലറിയുകയും ചെയ്യുക.
വലിയ ആളുകളുടെ വീട്ടിലെ വേലക്കാരി സകല ജോലികളും ചെയ്യുന്നു. എന്നാല്‍ നാട്ടിന്‍ പുറത്തുള്ള തന്റെ വീട്ടിലേക്ക് മനസു പാഞ്ഞുകൊണ്ടേയിരിക്കും. അവള്‍ യജമാനന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുകയും ചെയ്യുന്നു. എന്റെ രാമന്‍ എന്റെ ഹരി എന്നൊക്കെ പറയും. എന്നാല്‍ ഇവര്‍ തന്റെ ആരുമല്ലെന്ന് ഉള്ളിലവള്‍ക്ക് നല്ലപോലെ അറിയുകയും ചെയ്യാം. ലോകത്തിലെ കൃത്യങ്ങളൊക്കെ ചെയ്യണം. എന്നാല്‍ മനസ്സ് ഈശ്വരനിലും നിലനിര്‍ത്തണം.
ഈശ്വരനില്‍ ഭക്തി നേടാതെ സംസാരത്തില്‍ പ്രവേശിച്ചാല്‍ അതില്‍ കൂടുതല്‍ കൂടുതല്‍ ഒട്ടിപ്പോകും. അതിലെ ആപത്ത്, സങ്കടം, സന്താപം ഇവക്ക് അടിപ്പെട്ടുപോകും. വിഷയചിന്ത ചെയ്യുന്തോറും അതില്‍ ആസക്തി വര്‍ദ്ധിക്കും. കയ്യില്‍ എണ്ണ പുരട്ടി വേണം ചക്ക മുറിക്കുവാന്‍, അല്ലാത്തപക്ഷം അരക്ക് കയ്യിലൊട്ടും ആദ്യം ഈശ്വരഭക്തിയാകുന്ന എണ്ണ കയ്യില്‍ പുരട്ടി വേണം ലോകകാര്യങ്ങളില്‍ കയ്യിടാന്‍.
ഭക്തി സമ്പാദിക്കുന്നതിന് എകാന്തതയില്‍ പോകണം. പാലില്‍ നിന്ന് വെണ്ണയെടുക്കണമെങ്കില്‍ അതൊരുമൂലയില്‍ തൈരാകാന്‍ വയ്‌ക്കണം. അതിളക്കിയാല്‍ ഉറ കൂടുകയില്ല. എന്നിട്ട് മറ്റു പണികളൊക്കെവിട്ട് ഒറ്റയ്‌ക്കിരുന്ന് തൈരുകടയണം. അപ്പോള്‍ വെണ്ണ തെളിഞ്ഞു കിട്ടും. നിര്‍ജ്ജനത്തില്‍ ഈശ്വരചിന്ത ചെയ്‌താല്‍ മനസ്സിന്ന് ജ്ഞാനവും വൈരാഗ്യവും ഭക്തിയും ലഭിക്കുന്നു. എന്നാല്‍ സംസാരത്തില്‍ വീണു കിടന്നാല്‍ അതേ മനസ്സ് നീചമാകും. അതുകൊണ്ട് ഏകാന്തതയില്‍ സാധന ചെയ്‌ത് ആദ്യം ജ്ഞാനഭക്തി രൂപമായ വെണ്ണ സമ്പാദിക്കണം. ആ വെണ്ണ സംസാരത്തിലിട്ടാലും കിടന്നാലും കൂടികലരുകില്ല. പൊങ്ങിക്കിടക്കും.
ഇതോടൊപ്പം വിചാരം ചെയ്യേണ്ടതും വളരെ ആവശ്യമാണ് കാമിനീകാഞ്ചനങ്ങള്‍ അനിത്യമാകുന്നു. ഈശ്വരനൊരുവന്‍മാത്രം നിത്യവസ്‌തു. പണം കൊണ്ടെന്തു കിട്ടും. ഉണ്ണാനും ഉടുക്കാനും കിടക്കാനും വേണ്ടതു കിട്ടും. അത്രതന്നെ. അതുകൊണ്ട് ഭഗവാനെ കിട്ടുകയില്ല. അതിനാല്‍ ധനമൊരിക്കലും ജീവിതോദ്ദേശ്യമാകാന്‍ നിവൃത്തിയില്ല. ഇതിന്റെ പേരാണ് വിചാരം.
വിജ്ഞാനി എന്തുകൊണ്ട് ഭക്തിയില്‍ ലയിച്ചിരിക്കുന്നു? ഞാന്‍ പോവില്ല എന്നാണിതിനുത്തരം. സമാധി അവസ്ഥയില്‍ ഞാന്‍ പോകുന്നു. വാസ്‌തവം പക്ഷെ വീണ്ടും പിടികൂടുന്നു. സാധാരണ ജീവന്റെ അഹം പോവുകയേ ഇല്ല. പേരാലുവെട്ടി കളഞ്ഞോളൂ പിന്നെയും മുള പൊട്ടിയിരിക്കും.
ജ്ഞാനലാഭത്തിനു ശേഷവും എവിടുന്നോ ഈ ഞാന്‍ വന്നു ചാടുന്നു. സ്വപ്‌നത്തില്‍ കടുവയെ കണ്ടാല്‍ ഉണര്‍ന്നാലും നെഞ്ചു കിടന്നുപിടിക്കും. ജീവന് ഈ ഞാന്‍ മൂലമാണ് ഇത്ര കഷ്ടപ്പാട്.
ഒരിക്കല്‍ ശ്രീരാമന്‍ ചോദിച്ചു ഹനുമാന്‍, നീയെന്നെ ഏതുവിധം കാണുന്നു? ഹനുമാന്‍ പറഞ്ഞു ഹേ! രാമ, എനിക്ക് ഞാന്‍ എന്ന ബോധമുള്ളപ്പോള്‍ അങ്ങ് പൂര്‍ണ്ണനും ഞാന്‍ അംശവും, അങ്ങ് പ്രഭുവും ഞാന്‍ ദാസനും എന്ന് ഞാന്‍ അറിയുന്നു. എന്നാല്‍ തത്വജ്ഞാനം ഉണ്ടാകുമ്പോള്‍, അങ്ങുതന്നെ ഞാന്‍, ഞാന്‍ തന്നെ അങ്ങ്, എന്നും കാണുന്നു. സേവ്യസേവക്‌ഭാവം തന്നെ നല്ലത്. ഞാന്‍ പോവില്ലെങ്കില്‍ ദാസോfഹം എന്നിരുന്നോട്ടെ.
”ഞാനും എന്റേതും ഇതുരണ്ടും അജ്ഞാനമാകുന്നു. എന്റെ വീട് എന്റെ പണം എന്റെ വിദ്യ, എന്റെ സ്വത്ത്, ഈ വക ഭാവങ്ങള്‍ അജ്ഞാനത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. നേരേ മറിച്ച്, അല്ലയോ ഭഗവാന്‍ അങ്ങ് കര്‍ത്താവ്, ഇക്കാണായതൊക്കെ അവിടുത്തെ വക. വീട്, വീട്ടുകാരി, കുട്ടികള്‍, വേലക്കാര്‍, ബന്ധുക്കള്‍ സ്വന്തക്കാര്‍ ഇവയെല്ലാം അങ്ങയുടെ വക” ഈ ഭാവം ജ്ഞാനത്തില്‍ നിന്നും ഉണ്ടാകുന്നു. (ശ്രീരാമകൃഷ്‌ണവചനാമൃതം)
Discussion about this post