ജനാപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിക്ക് പവിത്രമായ സ്ഥാനമാണ് കല്‍പിച്ചിട്ടുള്ളത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങുമ്പോഴും നീതിന്യായവ്യവസ്ഥയിലാണ് ജനങ്ങള്‍ അവസാന അത്താണി കണ്ടെത്തുന്നത്. എന്നാല്‍ വേലിതന്നെ വിളവു തിന്നുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതായാണ് പല വെളിപ്പെടുത്തലുകളും ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറികൂടി അഴിമതിയില്‍ മുങ്ങിയാല്‍ ഭാരതത്തില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്‌ക്ക് അധികകാലം വേണ്ടിവരില്ല.
സുപ്രീംകോടതിയിലെ ചീഫ്‌ജസ്റ്റിസുമാരായിരുന്ന വൈ.കെ.സബര്‍ബാള്‍വരെയുള്ള 16പേരില്‍ പകുതിയും അഴിമതിക്കാരായിരുന്നുവെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെമാത്രമേ ശ്രവിക്കാന്‍ കഴിയൂ. സൂപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെഹല്‍ക മാസികയില്‍ മകന്‍ പ്രശാന്ത് ഭൂഷണ്‍ സമാനമായ ആരോപണം ഉന്നയിച്ചെതിനെതിരെ കോടതിയലക്ഷ്യത്തിനുനടക്കുന്ന കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജിയിലാണ് ശാന്തിഭൂഷണ്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അഴിമതി തുറന്നുകാട്ടാന്‍ ശ്രമിക്കുന്നവരെ കോടതിയലക്ഷ്യത്തിന്റെ വാള്‍ കാട്ടി പേടിപ്പിക്കുകയാണ് ജുഡീഷ്യറി ചെയ്യുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.
കോടതിയലക്ഷ്യം എന്നത് നീതിന്യായവ്യവസ്ഥ സുഗമമായി മുന്നോട്ടുപോകുന്നതിന് ഭരണഘടന നല്‍കിയ സംരക്ഷണം ആണ്. എന്നാല്‍ ഇതിന്റെ മറവില്‍ പലപ്പോഴും ജുഡീഷ്യറിയെ അഴിമതി ഗ്രസിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടതിയലക്ഷ്യം ഉള്ളതുകൊണ്ട് സാധാരണക്കാര്‍ ജുഡീഷ്യറിയുടെ പോക്കിനെതിരെ ശബ്‌ദിക്കാറില്ല. എന്നാല്‍ ശാന്തിഭൂഷനെപോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ രംഗത്തെത്തിയത് തികച്ചും സ്വാഗതാര്‍ഹമാണ്.
അഴിമതിരഹിത ജുഡീഷ്യറിക്കായി എത്രകാലംവേണമെങ്കിലും ജയിലില്‍ കിടക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്നും ശാന്തിഭൂഷണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇക്കാര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ജയിലില്‍ പോകുന്നതില്‍ അഭിമാനമേ ഉള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പതിനാറ് ചീഫ്‌ജസ്റ്റിസ്‌മാരില്‍ എട്ടുപേര്‍ അഴിമതിക്കാരും ആറുപേര്‍ വളരെ സത്യസന്ധരും ആയിരുന്നുവെന്നും എന്നാല്‍ രണ്ടുപേര്‍ അഴിമതിക്കാരോ സത്യസന്ധരോ ആണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നുണ്ട്. ജുഡീഷ്യറിയെ സംബന്ധിച്ച സാധാരണക്കാരുടെ എല്ലാ സങ്കല്‌പങ്ങളെയും അട്ടിമറിക്കുന്നതാണ് ശാന്തിഭൂഷന്റെ ആരോപണങ്ങള്‍.
പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കോടതിയലക്ഷ്യം എന്ന ഭീഷണിയെ ഭയാശങ്കകൂടാതെ നേരിടാന്‍ തയ്യാറായാണ് ശാന്തിഭൂഷണ്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇത് അദ്ദേഹത്തിനുമാത്രമല്ല ജുഡീഷ്യറിക്കും വലിയൊരു വെല്ലുവിളിയാണ്. ഈ പ്രശ്‌നം ദേശീയതലത്തില്‍തന്നെ വന്‍ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കും. അഴിമതിരഹിത ജുഡീഷ്യറി എന്ന സ്വപ്‌നത്തിലേക്ക് നമുക്ക് എത്തിച്ചേരണമെങ്കില്‍ കോടതിയലക്ഷ്യമെന്ന ഭീഷണിയെ സധൈര്യം നേരിട്ടുകൊണ്ട് നീതിമാന്മാര്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ആദ്യത്തെ ചുവടുവയ്‌പ് നടത്തിയ അഡ്വക്കേറ്റ് ശാന്തിഭൂഷനെ എത്രഅഭിനന്ദിച്ചാലും അധികമാവില്ല.
Discussion about this post