ലളിതാംബിക
പ്രാണനില്‍ അമൃത് വര്‍ഷിക്കുന്ന സഞ്ജീവിനിയാണ് പ്രാര്‍ത്ഥന. ജീവന്റെ ആധാരശക്തി തപിക്കുന്ന പ്രാണനില്‍ കുളിര്‍നീരായ്, മനുഷ്യജീവിതത്തെ ധന്യമാക്കുവാന്‍ ഉപകരിക്കുന്ന സാധനയാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ നിസ്സീമമായ ശക്തി അറിയാതെ മനുഷ്യര്‍ പലപ്പോഴും അധരവ്യായമാം നടത്തി തൃപ്തിപ്പെടുകയോ അല്ലെങ്കില്‍ വന്‍തുകകള്‍ മുടക്കി വഴിപാടുകള്‍ കഴിച്ച് ദൈവത്തിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ആണ് ചെയ്യാറ്. ഈ തരത്തിലുള്ള പ്രാര്‍ത്ഥനാഭാസങ്ങള്‍ ദൈവം കൈക്കൊള്ളാറില്ലെന്നതാണ് ദു:ഖകരമായ സത്യം. നാം അപ്പോള്‍ ദൈവത്തിനോട് പരിഭവം പറയുകയും പഴിക്കുകയുമല്ലെ ചെയ്യാറുള്ളത്? പ്രാര്‍ത്ഥനയുടെ ആധാരശില, വിശ്വാസമാണ്. വിശ്വാസമുള്ള ഒരുവനില്‍ നിന്ന് ഈശ്വരനെന്ന ആ മഹത്ശക്തി ചിലതൊക്കെ പ്രതീക്ഷിക്കുന്നു. സത്യമായ ഭക്തി, സ്‌നേഹം, ആരാധന മുതലായ സല്‍ഗുണങ്ങള്‍ മുടങ്ങാതെ ഭജിക്കാന്‍ നമ്മിലാര്‍ക്കാണ് കഴിയുക? ജീവിതത്തിന്റെ ജടിലമായുള്ള ആയോധനഭൂമിയില്‍ നെട്ടോട്ടം ഓടുന്നമനുഷ്യന് പലപ്പോഴും അല്പത്വം കൊണ്ട് ഈശ്വരനെ ഓര്‍ക്കാന്‍ സമയം കിട്ടാറില്ല. താന്‍ മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്നും എന്തൊക്കെയോ മഹാഭാരങ്ങള്‍ തന്റെ തലയിലാണെന്നും ഒക്കെക്കരുതി എപ്പോഴും എന്നും തെരക്ക് പിടിച്ചു നടക്കുന്ന മനുഷ്യന്റെ അഹം പലതും അവനെ കൊണ്ട് ചെയ്യിക്കുന്നു. സത്യത്തില്‍ അവന് എന്തുചെയ്യാന്‍ കഴിയും? അവിടുത്തെ അനുഗ്രമില്ലാതെ, നിയോഗിമില്ലാതെ, ഒരു ചെറുവിരല്‍ പോലും അനക്കാന്‍ മനുഷ്യനെന്ന മഹാന്‍ ശക്തനാണോ? മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കുന്നു എന്ന ഒരു ഒഴിവ് പറഞ്ഞ് നാം പലപ്പോഴും തടിതപ്പാറുണ്ട്.
പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രം ഇന്ന് ശാന്തമായ ഒരു ജീവിതം നയിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ അനുഭവസിദ്ധമായ ചില സത്യങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ‘പ്രാര്‍ത്ഥനകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല’. എന്ന ഗാന്ധിജിയുടെ പ്രസ്താവന ഈ തരുണത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ലോകത്തിലെ ഏറ്റവും മഹാനായ പൗരന്‍ – ഏറ്റവും വലിയവനായിരുന്ന മനുഷ്യന്‍ – ഏറ്റവും ജോലിതിരക്കുണ്ടായിരുന്ന വ്യക്തി ഇതൊക്കെയായിരുന്ന ഗാന്ധിജിക്ക് പ്രാര്‍ത്ഥനക്ക് സമയം കിട്ടിയിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹം മുടങ്ങാതെ പ്രാര്‍ത്ഥിച്ചിരുന്നു. മറ്റുള്ളവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മഹത്വത്തിന്റെ രഹസ്യം ഒരു പക്ഷേ ഭക്തി തന്നെ ആയിരുന്നില്ലെ? ഭക്തിയുള്ള ഒരുവനില്‍ മററ് പല സല്‍ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ധര്‍മ്മം, നീതി, സത്യം, ദയ തുടങ്ങിയ നല്ല നമോഭാവങ്ങളൊക്കെ ഭക്തന്റെ ഗുണവിശേഷങ്ങളാണ്.
പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്ക് ശാന്തിയും മനോസുഖവും വേണമെന്നുണ്ടെങ്കില്‍ കൃത്യമായി കുറച്ചു സമയം പ്രാര്‍ത്ഥനയില്‍ മുഴുകുക. ഹൃദയത്തിന്റെ ഭാഷയില്‍, സത്യസന്ധമായി ചില നിമിഷങ്ങളെങ്കിലും ജഗദീശ്വരനോട് സംവാദം നടത്തുക. നിസ്സീമമായ ഒരാനന്ദം നിങ്ങള്‍ക്ക് കൈവരും. നോവുന്ന മനസ്സിന്റെ വിളികേള്‍ക്കാതിരിക്കാന്‍ മാത്രം നിര്‍ദ്ദയനല്ല ഈശ്വരന്‍. കനിവിന്റെ കടലാണ് അങ്ങ്.
പ്രാര്‍ത്ഥന എങ്ങനെ നടത്തണം എപ്പോള്‍ എവിടെ വച്ച് എന്തുപ്രാര്‍ത്ഥിക്കണം ഏതു ഭാഷയായിരിക്കണം എന്നൊക്കെ നമുക്ക് എന്നും സംശയമല്ലെ? എന്റെതു മാത്രമായ അഭിപ്രായം ഇവിടെ പറയട്ടെ എന്റെ അനുഭവം ആരംഭം നല്‍കിയ പരമസത്യങ്ങള്‍ മാത്രമാണ്. എന്റെ പ്രസ്താവനകള്‍ക്ക് നിദാനം ഈശ്വരന്‍ സര്‍വവ്യാപിയാണ് എന്ന തത്വം ഞാനും അംഗീകരിക്കുന്നു. അപ്പോള്‍ എവിടെ ഇരുന്നും നിന്നും ഒക്കെ പ്രാര്‍ത്ഥന ആകാമല്ലോ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. അത് ശരിയല്ല എപ്പോഴും എവിടെയും പ്രാര്‍ത്ഥനാനിരതമായ ഒരു മനസ്സുമായി നടക്കാന്‍ ലൗകീകനായ ഒരുവന് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ യതികള്‍ക്ക് അത് സാധിക്കുമായിരിക്കാം. സ്വന്തം മനസ്സിലനെ കയറ് ഊരിവിട്ടിരിക്കുന്ന നമുക്ക് പ്രാര്‍ത്ഥനക്ക് ചില നിഷ്ഠകള്‍ കൂടിയേ തീരൂ. ആദ്യമായി ഒരു സമയനിഷ്ഠ ഉണ്ടായിരിക്കുക. പ്രഭാതത്തിലും സന്ധ്യയിലും ഒരു സമയം നിശ്ചയിച്ച് സ്വഛമായ ഒരു സ്ഥലത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുക. പലര്‍ക്കും ഒരു പ്രത്യേകസ്ഥലം ഇതിനായി നീക്കിവയ്ക്കാന്‍ ഉണ്ടായില്ലെന്ന് വരാം. വലിയ സമ്പന്നന്മാര്‍ പോലും ലക്ഷങ്ങള്‍ ചെലവ് ചെയ്ത് മണിമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നവര്‍പോലും ഈശ്വരനെ പ്രതിഷ്ഠിക്കാന്‍ കിട്ടുന്നസ്ഥലം കോണിപ്പടികളുടെ ചുവട്ടില്‍ ലഭിക്കുന്ന സ്ഥലമാണ് ഇതിന് അപവാദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ പല വലിയ വീടുകളിലും ഞാന്‍ കണ്ടിട്ടുള്ള കാര്യമാണ് ഒന്നുകില്‍ സ്റ്റോര്‍മുറിയുടെ ഒരു ഭാഗത്ത് ഇല്ലെങ്കില്‍ കോവണിപ്പടിയുടെ താഴെ ഭഗവാന് വേണ്ടി എങ്ങനെയാണ് നല്ല സ്ഥലം മിനക്കെടുത്തുന്നത്? എല്ലാം എല്ലാം നല്‍കി അനുഗ്രഹിച്ച ആ ഭയാമയനെ നിങ്ങള്‍ ഇങ്ങനെ അവഗണിക്കുന്നത് ധര്‍മ്മമല്ല. ദൈവം എന്നിട്ടും നിങ്ങളെ അനുഗ്രഹിക്കുന്നു. ഇനി പ്രാര്‍ത്ഥന ആകാം.
കുളിച്ച് ശുദ്ധിയായി, ശുദ്ധമായ ഒരു സ്ഥലത്ത് ഇരുന്ന് മനസ്സില്‍ നിന്ന് ഉതിരുന്ന രണ്ടു വാക്കെങ്കിലും ഉച്ഛരിച്ച് ഭഗവാനെ ധ്യാനിക്കുക. പൂക്കളോ ഹാരങ്ങളോപോലും വേണമെന്നില്ല. പക്ഷെ ആ ഒരു നിമിഷം നിങ്ങള്‍ സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക. ‘ഞാന്‍ ആരുമല്ല, ഒന്നും ചെയ്യാന്‍ കരുത്തനുമല്ല, എല്ലാം അങ്ങയുടെ മഹിമ-ഇനിയും എല്ലാം അങ്ങയുടെ ഇഷ്ടം, ഞാന്‍ ഒന്നും യാചിക്കുന്നില്ല-എല്ലാം അറിയുന്ന അങ്ങ് എന്റെ ദു:ഖവും സുഖവും അറിയുന്നുണ്ടല്ലോ. അങ്ങയുടെ ഇഷ്ടം നടക്കട്ടെ!’ ഇത്രയും ആയിരിക്കട്ടെ നിങ്ങളുടെ പ്രാര്‍ത്ഥനയുടെ പൊരുള്‍. അപ്പോള്‍ ഏതു വലിയവനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യനും തീരെ ചെറുതായിതീരുന്നു. അഹം അവിടെ നഷ്ടപ്പെടുന്നു. പിന്നെ എന്തൊരു ശാന്തിയാണ്. നിങ്ങളുടെ ഏതു ദു:ഖത്തിലും ഈശ്വരന്‍ നിങ്ങളെ കൈവിടില്ല. പരീക്ഷണങ്ങള്‍ പലതും തരണംചെയ്യേണ്ടിവന്നേക്കാം. പക്ഷേ വിജയം നിങ്ങളുടേതുതന്നെ ഉറച്ചുവിശ്വസിച്ചുകൊള്ളുക. വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. എല്ലാം ദൈവത്തിനു ആര്‍പ്പിക്കുന്ന നിങ്ങള്‍ക്ക് ഭാരംകൂറഞ്ഞതായി തോന്നും. ജീവിതത്തിന്റെ പിരിമുറക്കത്തിനു അയവുവന്നതായി തോന്നും. ശാന്തിയും സമാധാനവുമില്ലാതെ ഓടിത്തളരുന്ന മനുഷ്യന് പ്രാര്‍ത്ഥനമാത്രമേ കരണീയമായിട്ടുള്ളൂ. നമ്മുടെ ഗൃഹങ്ങളിലൊക്കെ പ്രാര്‍ത്ഥനയ്ക്കും ഭജനയ്ക്കും സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ ഗൃഹങ്ങള്‍ ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. അന്യ സംസ്‌കാരങ്ങള്‍ അനാവശ്യമായി സ്വീകരിച്ച് ആനയിച്ച് ഗൃഹാന്തരീക്ഷത്തിന്റെ പരിശുദ്ധിയും ശാന്തിയും നമുക്ക് നഷ്ടപ്പെട്ടുപോയി. സന്ധ്യാനാമങ്ങള്‍ കേള്‍ക്കുന്ന നാമജപത്തിന്റെ സ്ഥാനത്ത് ടി.വിയിലൂടെയുള്ള അട്ടഹാസങ്ങളും കോപ്രായങ്ങളുമാണിന്ന്. നമ്മുടെ കുട്ടികളെ നിങ്ങള്‍ ഈശ്വരമഹിമയെപ്പറ്റി ബോധവാന്മാരാക്കൂ. എത്ര മഹത്തായ വിദ്യാഭ്യാസം നേടിയാലും അവര്‍ ഈശ്വരനെ അറിയുന്നില്ലെങ്കില്‍ അവര്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്ന വാക്യം മനസ്സിലാക്കി സ്വന്തം ഗൃഹങ്ങളെ ക്ഷേത്രങ്ങളെപോലെ പരിശുദ്ധമാക്കൂ. എല്ലാ അശാന്തിക്കും സമാധാനം ഇവിടെ നിങ്ങള്‍ക്കു ലഭിക്കും. പ്രാര്‍ത്ഥന-അതു നിങ്ങളുടെ ഊന്നുവടിയാണ്. നിത്യവും പ്രാര്‍ത്ഥിക്കുക! മനശ്ശാന്തി കൈവരിക്കുക! വിശേഷിച്ചു കലിയുഗത്തില്‍ കീര്‍ത്തനത്തിനും കീര്‍ത്തനശ്രവണത്തിനും പ്രത്യേകമാഹാത്മ്യമുണ്ടെന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തില്‍ ഭക്തി തുളിമ്പിനില്‍ക്കുന്ന ഒരുവന്‍ നല്‍കുന്ന വെറും അശുദ്ധജലംപോലും അവിടുത്തേക്ക് പ്രിയമെന്നല്ലേ ശ്രീരാമദേവന്‍ പറഞ്ഞത്. ശബരിയടെ ഉച്ഛിഷ്ടംപോലും അമൃതുപോലെ അവിടുന്നു ഭൂജിച്ചില്ലേ?!. സാക്ഷാല്‍ ഭക്തന്മാര്‍ക്ക് കൈമുതല്‍ ഭക്തിയും കരുണയും നിറഞ്ഞ മനസ്സുമാത്രം. ‘ഭക്തനു നന്നായി പ്രകാശിക്കും ആത്മാവിതു’ സിദ്ധിയും സാധനയും സാധാരണക്കാരന് അപ്രാപ്യമായിരിക്കാം. വേണമെന്നില്ല. തപോധനന്മാരായ ആചാര്യന്മാരുമായുള്ള സത്സംഗം നിങ്ങളെ ഈശ്വരനില്‍ അടുപ്പിക്കുന്നു. ആര്‍ഷഭാരതത്തില്‍ ജനിച്ച നമുക്ക് മാര്‍ഗ്ഗദര്‍ശകരായി അനേകമനേകം ആചാര്യന്മാര്‍ ഉണ്ടായിട്ടില്ലേ?. ഭക്തിക്കും മുക്തിക്കും പിന്നെ എന്തുവേണം. അവരുടെ വചനങ്ങള്‍ ശ്രവിക്കുക. സത്സംഗം തേടുക. അവരെ പൂജിക്കുക. കൈവല്യം കൈവരിക്കുക.
Discussion about this post