എസ്.എല്‍.സന്തോഷ് കുമാര്‍
ഭൗതികസുഖങ്ങളില്‍ മതിമയങ്ങി മനുഷ്യ ജീവിതത്തിന്റെ പരമവും പാവനവുമായ ലക്ഷ്യം അറിയാതെ മൃഗീയജീവിതം നയിക്കുന്ന സമൂഹത്തെയാണ് നമുക്കിന്ന് കാണാന്‍ കഴിയുക. സുഖം കണ്ടെത്താന്‍ സമ്പത്തിനുവേണ്ടി പരക്കം പായുന്ന മനുഷ്യര്‍, എന്തധര്‍മ്മവും കാണിക്കാന്‍ ലേശവും അറപ്പില്ലാത്തവരാണവര്‍. സുഖമാണ് അവര്‍ക്കാവശ്യം. അതിനായി കള്ളനോട്ടടിയും കള്ളക്കടത്തും നടത്തുന്നവരുണ്ട്. കൊള്ളയും കൊലപാതകവും തൊഴിലാക്കിയവരുമുണ്ട്. പഞ്ചനക്ഷത്രഹോട്ടലുകളും മണിമാളികകളും പടുത്തുയര്‍ത്തുന്നവരും കുറവല്ല. എല്ലാമെല്ലാം സുഖത്തിനുവേണ്ടി മാത്രം.
രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടും ഒട്ടും വ്യത്യസ്ഥമല്ല. തങ്ങളുടെ മതപരവും പ്രത്യയശാസ്ത്രപരവും ആയ വിശ്വാസപ്രമാണങ്ങള്‍ കാത്തുസൂക്ഷിക്കുകയും അവ ഇതരരാജ്യങ്ങളില്‍ നാനാമാര്‍ഗങ്ങളിലൂടെയും വേണം. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ആക്രമിച്ച് കീഴടക്കുകയും ചെയ്യേണ്ടതായുണ്ട്. അതും രാഷ്ട്രത്തിന്റെ സുഖത്തിനുവേണ്ടി അതിനായി ഹൈഡ്രജന്‍ബോബും, ആറ്റം ബോബും മറ്റ് ആധുനികയുദ്ധസാമഗ്രികളും സംഭരിച്ചു കുന്നുകൂട്ടുന്നതില്‍ സദാപി ജാഗ്രതപുലര്‍ത്തുന്ന രാജ്യങ്ങളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ ആഗ്രഹിക്കുന്ന സുഖം കൈവരിക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. സുഖത്തിനുവേണ്ടി കെട്ടിപ്പടുക്കുന്നവയെല്ലാം ധാര്‍മ്മികതയുടെ ശവക്കുഴിതോണ്ടാനല്ലാതെ ശാശ്വതമായ ശാന്തിക്ക് പ്രയോജനപ്പെടുന്നതായിക്കാണാന്‍ കഴിയുന്നില്ല. വ്യക്തിയുടെ കാര്യത്തിലായാലും രാഷ്ട്രത്തിന്റെ കാര്യത്തിലായാലും സമ്പാദ്യംകൊണ്ട് നേടിയെടുക്കുന്നസുഖം സമ്പത്ത് നഷ്ടപ്പെടുമ്പോള്‍ നശിക്കുന്നതായിക്കാണാം. അപ്പോള്‍പിന്നെ നശിക്കാത്തസുഖം കൈവരിക്കാന്‍ എങ്ങനെ കഴിയും? ഈ ചോദ്യത്തിന്റെ മുന്നിലാണ് ഭൗതികശാസ്ത്രം മുട്ടുകുത്തുന്നത്. ഭാരതീയാചാര്യന്മാര്‍ക്കല്ലാതെ ആര്‍ക്കുംതന്നെ ഇതിനു മറുപടിപറയാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ശാശ്വതമായ സുഖം കൈവരിക്കുവാന്‍ ത്യാഗത്തിനുള്ള സ്ഥാനം ആചാര്യന്മാര്‍ നമുക്ക് കാട്ടിത്തരുന്നത്. അങ്ങനെ ത്യാഗം മാര്‍ഗ്ഗമായി സ്വീകരിച്ച് കണ്ടെത്തുന്ന ശാശ്വതസുഖത്തെയാണ് ആനന്ദം എന്ന് വിവക്ഷിച്ചിരിക്കുന്നത്. സുഖവും ആനന്ദവും ഒന്നല്ല. സുഖം ഭൗതികവസ്തുക്കളെ മാത്രം ആസ്പദമാക്കിയുള്ള നൈമിഷികമായ അനുഭവമാണ്. എന്നാല്‍ ആനന്ദം അദ്ധ്യാത്മമണ്ഡലത്തിലെ അനുഭൂതി വിശേഷമാണ് ഇത് ത്യാഗത്തിലൂടെ ആര്‍ജ്ജിക്കേണ്ടതാണ്.
മനുഷ്യരാശിയുടെ ആത്യന്തികമായ ലക്ഷ്യപ്രാപ്തിയ്ക്കും, സര്‍വതോമുഖമായ ഉല്‍ക്കര്‍ഷത്തിനും ഉതകത്താവിധത്തില്‍ ഭൗതികവും ആദ്ധ്യാത്മികവുമായ സിദ്ധാന്തങ്ങളെ സമജ്ഞസമാക്കി സമന്വയിപ്പിച്ചുനിര്‍ത്തി പരമമായ പദവിക്ക് അടിത്തറ ബലവത്താക്കിയിരിക്കുന്ന ഒരു ഉദാത്തമായ സങ്കല്പമാണ് ത്യാഗം.
ത്യാഗം എന്നതിന് വളരെ ബൃഹത്തായ അര്‍ത്ഥമാണുള്ളത്. ഭൗതികമായ എന്തിനെയെങ്കിലും ഉപേക്ഷിക്കുക എന്നതിനര്‍ത്ഥമില്ല. എനിക്ക് ആവശ്യമില്ലാത്തതോ, ഇഷ്ടമില്ലാത്തതോ ആയ ഏതെങ്കിലും വസ്തുവിനെ പരിത്യജിക്കുന്നതിലൂടെ ഒരാള്‍ ചെയ്യുന്നത് ത്യാഗമാണെന്ന് സമ്മതിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ പിന്നെ യഥാര്‍ത്ഥത്യാഗം എന്താണ്? സത്യധര്‍മ്മാദികള്‍ക്കുവേണ്ടി സ്വാര്‍ത്ഥമായ ഏത് താല്പര്യങ്ങളെയും ബലിയര്‍പ്പിക്കുവാന്‍ സദാപി സന്നദ്ധതയുള്ള ഒരുവന്റെ മാനസികഭാവത്തില്‍ നിന്നുണ്ടാകുന്ന മഹനീയകര്‍മ്മമാണ് ത്യാഗം. എന്ന് മനസ്സിലാക്കണം. സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലും നിരാകരിക്കുന്ന കാര്യത്തിലും സൂക്ഷിക്കാന്‍ കഴിയും. ഉപേക്ഷിക്കുന്നതും, സ്വീകരിക്കാന്‍ അഥവാ സമ്പാദിക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരുവന്‍ ധര്‍മ്മത്തിനുവേണ്ടി സ്വീകരിക്കുന്നതും ത്യാഗമാണ്. രണ്ടുപേരും സ്വന്തം താല്പര്യത്തെ ധര്‍മ്മത്തിനുവേണ്ടി ബലി കഴിക്കുന്നതായി കാണാം. ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ത്യാഗം ദൃശ്യമാകുന്നത്. ഇതുതന്നെയാണ് രാമായണത്തില്‍ രാമനിലൂടെയും നമുക്ക് കാണാന്‍ കഴിയുന്നതും. രാജാവാകേണ്ടിയിരുന്ന ശ്രീരമാന്‍ അച്ഛന്റെ സത്യം പാലിക്കുവാനും തന്റെ ധര്‍മ്മം നിര്‍വഹിക്കുവാനും വേണ്ടി രാജപദവിയും രാജ്യവും ഉപേക്ഷിക്കുന്നു. ഇവിടെ രാമന്റെ ത്യാഗം നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും. എന്നാല്‍ രാജ്യം ആഗ്രഹിക്കാത്ത ഭരതന്‍ രാമനെ രാജാവായിക്കാണണമെന്നാഗ്രഹിച്ചപ്പോള്‍ രാജ്യം സ്വീകരിച്ചു ധര്‍മ്മത്തിനുവേണ്ടി നമുക്ക് കാട്ടിത്തന്ന ത്യാഗം നാം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരിടത്ത് രാജ്യം ഉപേക്ഷിച്ചുകൊണ്ട് ശ്രീരാമന്‍ ത്യാഗം കാഴ്ചവച്ചപ്പോള്‍ അതേ രാജ്യം സ്വീകരിച്ചുകൊണ്ട് ഭരതന്‍ ത്യാഗത്തിന്റെ മറ്റൊരദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു. രണ്ടുകര്‍മ്മങ്ങളും ധര്‍മ്മത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതായതുകൊണ്ടാണ് അവ ത്യാഗമായി മാറിയത്.
അന്യഭാവമില്ലാത്ത മാനസിക സംസ്‌കാരത്തിന്റെ സേവനസന്നദ്ധതയാണ് ത്യാഗം. നിസ്വാര്‍ത്ഥവും നിഷ്പക്ഷവുമായ വ്യക്തിത്വത്തില്‍ നിന്നു മാത്രമേ ത്യാഗം ഉടലെടുക്കുകയുള്ളൂ. ധര്‍മ്മസ്ഥാപനത്തിനുള്ള ഏകമാര്‍ഗം ത്യാഗമാണ്. ത്യാഗംകൊണ്ട് സമര്‍പ്പിക്കുപ്പെടുന്ന സേവനത്തിന് മാത്രമേ സംശുദ്ധമായ മാനസികഭാവം പ്രദാനം ചെയ്യാന്‍ കഴിയൂ. സേന്ഹത്തെ സേവനമാക്കി മാറ്റി ജീവരാശികള്‍ക്ക് മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന മനുഷ്യന്റെ മാനസിക സംസ്‌കാരമാണ് ത്യാഗം. മനുഷ്യരാശികള്‍ക്ക് മുഴുവന്‍ സുഖം പ്രദാനം ചെയ്യാനുള്ള സ്‌ദേശത്തിന്റെ മുഖമുദ്രയാണിത്. നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം തന്നെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന ഉന്നത തത്വദര്‍ശനങ്ങളുടെ അടിസ്ഥാനസത്തയും മറ്റൊന്നല്ല. ത്യാഗം ഭാരതീയ ആചാര്യന്മാരുടെ ജീവിതവ്രതമാണ് അത്തരത്തിലുള്ള ജീവിതത്തെ രൂപപ്പെടുത്താന്‍ ഉതകുന്നതും ത്യാഗം തന്നെ. ഏതൊരു വ്യക്തിയുടെയും ശ്രേയസ്സിനും പ്രേയസ്സിനും കാരണവും ത്യാഗമല്ലാതെ മറ്റൊന്നല്ല. വ്യക്തികളുടെ കാര്യത്തിലെന്നപോലെ തന്നെ ഏതൊരു രാഷ്ട്രത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കു പിന്നിലും ജനങ്ങളുടെ ത്യാഗം തന്നെയാണുള്ളത്. ഭാരതീയ സംസ്‌കാരത്തെ സനാതന സംസ്‌കാരമാക്കിത്തീര്‍ത്തതും ത്യാഗമാണ്. ത്യാഗം നമ്മെ സ്വാര്‍ത്ഥതയുടെ ശ്വാസം മുട്ടിക്കുന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും സ്വതന്ത്രരാക്കുന്നു. ത്യാഗം സേവനസന്നദ്ധമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നു. സമ്പാദ്യത്തിലൂടെ വളരുക സ്വാര്‍ത്ഥത കുടുംബബന്ധങ്ങളെപ്പോലും താറുമാറാക്കുമ്പോള്‍ ത്യാഗമാകട്ടെ പരസ്പരസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മാറ്റുകൂട്ടുന്നു. ‘പരസുഖമേ സുഖം നിയതം പരദുഃഖം ദുഃഖം‘. ത്യാഗസമ്പൂര്‍ണവും സ്‌നേഹസാന്ദ്രവുമായ ഒരു ജീവിതത്തിന്റെ വീക്ഷണമാണിത്. അന്യന്റെ സുഖദുഃഖങ്ങള്‍ തന്റേതായി കാണുന്ന മഹനീയ സംസ്‌കാരമാണിത്.
നിരുപദ്രവകാരികളായ ജന്തുക്കളെ മുഴുവന്‍ കൊന്നതിന് സ്വന്തം ശരീരത്തിന് തൂക്കവും പുഷ്ടിയും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന മനുഷ്യശരീരങ്ങള്‍ക്കു ത്യാഗത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ അവകാശമില്ല. ജന്തുഹിംസ ഭാരതത്തിന്റെ മീമാംസയല്ല. മാംസം ഭക്ഷിക്കാതെ കണ്ടെത്തിയ മീമാംസയാണത്. മാംസഭോജനം മനുഷ്യന്റെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ആധുനികശാസ്ത്രം പ്രസ്താവിക്കുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളുടെ നീണ്ടപട്ടികയില്‍ നിന്നും മാംസത്തെ മാറ്റി നിര്‍ത്തുന്ന ത്യാഗമെങ്കിലും നാം കാണിക്കണം. ജന്തുക്കളെപ്പോലും സ്വന്തം കുടുംബത്തലെ അംഗങ്ങളായിക്കണ്ട സംസ്‌കാരത്തിന്റെ സന്തതികളാണ് നാമെന്നു പറയാന്‍ ലജ്ജതോന്നുന്നു. പശുവിനെയും പട്ടിയേയും, പക്ഷികളെയും, പൂച്ചചേയും മറ്റും ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ വളര്‍ത്തിയ നമ്മള്‍ അവയുടെ മാംസത്തിന്റെ രുചി ആഗ്രഹിച്ചില്ല. നാം കഴിക്കുന്ന ആഹാരത്തില്‍ ഒരു പങ്ക് അമ്മ മക്കള്‍ക്ക് നല്‍കുന്ന സ്‌നേഹഭാവത്തോടെ നല്കിയാണ് നാം അവയെയൊക്കെ ലാളിച്ചു വളര്‍ത്തിയിരുന്നത്.
കൊല്ലുന്നതിലൂടെ പശുവും മനുഷ്യനും ഒരേ വേദനയാണ് അുഭവിക്കുന്നത്. ജീവിക്കുന്നതും ഒരേ തത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഒരിക്കലും വേദന ഇഷ്ടപ്പെടാത്ത മനുഷ്യന്‍ മറ്റൊന്നിനും വേദന പ്രദാനം ചെയ്യുകയുമരുത്. മറ്റൊരു ജീവന് വേദന ഒഴിവാക്കാന്‍ സ്വയം വേദന ഏറ്റെടുക്കുന്നിടത്താണ് ത്യാഗമുള്ളത്. അതിലാണ് നാം മനുഷ്യത്വത്തെ ദര്‍ശിക്കേണ്ടത്. അങ്ങനെ ചെയ്യാത്തവരാരും മനുഷ്യനെന്ന പദത്തിനോ പദവിക്കോ അര്‍ഹരല്ല. നാം ശ്വസിക്കുമ്പോള്‍പ്പോലും നാമറിയാതെ അനേകം അണുക്കള്‍ നശിക്കുന്നു. ആ അര്‍ത്ഥത്തില്‍ ശ്വോസോച്ഛ്വാസംപോലും ചെയ്യാതെയിരിക്കുന്നവനാണ് യഥാര്‍ത്ഥ ത്യാഗി എന്ന് ശ്രീ ചട്ടമ്പിസ്വാമികള്‍ പ്രസ്താവിച്ചിട്ടുണ്ട്. വിശക്കുന്ന ഒരു പക്ഷിക്കുവേണ്ടി സ്വന്തം ശരീരംപോലും ബലികഴിപ്പിക്കുവാന്‍ സന്നദ്ധനായ രാജാവായിരുന്ന ശിബിയുടെ ത്യാഗം നാം ഓര്‍ക്കുന്നുണ്ടോ?
നമ്മുടെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും അവജ്ഞയോടെ നോക്കുന്നവര്‍ അവയുള്‍ക്കൊള്ളുന്ന ജീവിത ആദര്‍ശങ്ങളുടെ സ്‌നേഹസാന്ദ്രതയും, ജീവകാരുണ്യവും മനസ്സിലാക്കുന്നുണ്ടോ പ്രത്യയശാസ്ത്രപരമോ, മതപരമോ, സാമുദായികമോ ആയ അനല്പമായ സ്വാര്‍ത്ഥവേതാളങ്ങളുടെ പിടിയില്‍ അവരറിഞ്ഞോ അറിയാതെയോ പെട്ടിരിക്കുന്നു. ഈ ദുസ്ഥിതിയില്‍ നിന്നും കരകയറിയില്ലെങ്കില്‍ ആചാര്യന്മാരും മതവും കാട്ടിത്തന്ന അതിമനോജ്ഞമായ ത്യാഗത്തിന്റെ മാര്‍ഗത്തില്‍ ഒന്നെത്തിനോക്കാന്‍ പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിച്ചാല്‍പ്പോലും സാദ്ധ്യമല്ലാതെ വരും.
മാതൃരാജ്യത്തിനും മാതൃസംസ്‌കാരത്തിനും വേണ്ടി സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിച്ച മഹാമനുഷികളാണ് നമ്മുടെ പിതാമഹന്മാര്‍. അവരനുഭവിച്ച ത്യാഗത്തിന്റെ ശീതളച്ഛായയില്‍ നാം ആശ്വാസവും ആനന്ദവും കണ്ടെത്തുമ്പോള്‍ ത്യാഗത്തിന്റെ പ്രാധാന്യത്തെ വിസ്മരിച്ചുകൂടാ. സ്വന്തം ജീവിതത്തെ ഹോമിച്ചുകൊണ്ട് അവരുയര്‍ത്തിപ്പിടിച്ച ത്യാഗത്തിന്റെ സുവര്‍ണപതാക എന്നെന്നും ഈ പൂണ്യഭൂമിയില്‍ പാറിപ്പറക്കണം. വരും തലമുറ അതുകണ്ട് ആനന്ദിക്കട്ടെ. അങ്ങനെ അവരും ആ പതാക പുലര്‍ത്തുന്ന ത്യാഗത്തിന്റെ പുണ്യസന്ദേശം ജീവിതത്തില്‍ പകര്‍ത്തട്ടെ!
Discussion about this post