പി.കെ.മഹാദേവന്‍പിള്ള
പഞ്ചേന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഉപേക്ഷിച്ച് അന്തര്‍മുഖങ്ങളായി, സങ്കല്പാത്മകമായ മനസ്സിനേയും കൂട്ടി ആത്മാവില്‍ സ്ഥിരമായുറച്ച്, ആത്മാവുമായി ഏകീഭവിക്കുന്ന അവസ്ഥയാണ് പരമമായ സത്യപ്രാപ്തി എന്നതത്രെ. ഉപനിഷത്തുക്കളുടെ ഉല്‍ഘോഷണം. അദ്ധ്യാത്മ സാധനകളുടെ അന്മലക്ഷ്യമായ ആ സത്യം സാക്ഷാത്കരിച്ച ഭക്തിജ്ഞാന വൈരാഗ്യനിഷ്ടരായ ഋഷീശ്വരന്മാരുടെ പാദരേണുക്കളാല്‍ പവിത്രമാണല്ലോ ഭാരതം. സനാതനങ്ങളായ പ്രസ്ഥാനത്രയം അവരുടെ അതീന്ദ്രിയവും, അനുഭവവേദ്യവുമായ ദര്‍ശനസ്തംഭങ്ങളായി വര്‍ത്തിക്കുന്നു. ദേഹാത്മബുദ്ധിയാല്‍ വിഷയീഭവിക്കുന്ന നാനാത്വത്തെ വേദാന്തം സമ്പൂര്‍ണം നിരസിക്കുന്നു. ‘സ്വാനുഭവസ്വരൂപനായി വിളങ്ങുന്ന ആത്മാവിനെ ജഡസമ്പര്‍ക്കംകൊണ്ട് കാണുന്നവന്‍, ആത്മാപഹാരിയായ ചോരനാണ്. അവന്‍ ചെയ്യാത്ത പാപമൊന്നും ഈ ലോകത്തിലില്ല’ എന്ന് മഹാഭാരതവും ചൂണ്ടിക്കാട്ടുന്നു. ജീവികളുടെ സര്‍വദുഃഖങ്ങള്‍ക്കും കാരണം ഈ സ്വരൂപവിസ്മൃതിയാണെന്ന് ശുത്രിയും സ്മൃതിയും എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും ഗുണകര്‍മ്മബദ്ധനായ ജീവന്‍ അധര്‍മ്മത്തെ ധര്‍മ്മമായി തെറ്റിദ്ധരിക്കുന്നു. ഈ ധര്‍മ്മച്യുതിയില്‍ നിന്നും ലോകത്തെ ത്രാണനം ചെയ്യുന്നവാനാണ പരമാത്മാവിന്റെ സഗുണരൂപത്തിലുള്ള അവതാരം മാത്രമല്ല, സ്വേച്ഛയാ മനുഷ്യരൂപം ധരിച്ച് തന്റെ അവതാര ലീലകളാല്‍ ജീവന്റെ ബന്ധനാവസ്ഥയില്‍ നിന്നുള്ള മോചനമാര്‍ഗ്ഗങ്ങളെ കരുണാപൂര്‍വം അരുളുകയും ചെയ്യുന്നു.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതംത്വങ്മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍.
എന്ന വേദാന്ത സത്യത്തെ പ്രകാശിപ്പിച്ചരുളിയ ശ്രീരാമചന്ദ്രന്‍ തന്നില്‍ പരമപ്രേമം പുലര്‍ത്തുന്ന ഭക്തന്മാരോട് അരുളുന്നു. ‘ഞാനവിടുത്തെ ദാസന്‍, എന്നിങ്ങനെ ഒരു പ്രവശ്യം പറഞ്ഞ് ശരണമിരിക്കുന്നവന് ഞാന്‍ സര്‍വഭൂതങ്ങളില്‍നിന്നും നിവൃത്തിയെ കൊടുക്കും. ഇതെന്റെ വ്രതമാണ്.
സ്വാത്മാഭിരാമായ നിര്‍ഗുണായത്രിഗു-
ണാത്മനേ സീതാഭിരാമായ തേ നമ:
എന്നതാണല്ലോ ചിത്തശുദ്ധി നേടിയ ഭക്തന്റെ പ്രാര്‍ത്ഥനയും.
ഭഗവാന്‍, ശ്രീകൃഷ്ണനായി അവതരിച്ചപ്പോഴും ബുദ്ധജീവികളുടെ അവസ്ഥയെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ഉത്പത്തി, ശോകമോഹങ്ങള്‍, സുഖദഃഖങ്ങള്‍ എന്നിവയോടുകൂടിയ സംസാരം മായാപരിണാമങ്ങള്‍ മാത്രമാണ്, അല്ലാതെ വാസ്തവമല്ല. ജീവികള്‍ക്ക് ബന്ധത്തെയും മോക്ഷത്തെയും ഉണ്ടാക്കുന്ന അവിദ്യയും വിദ്യയും മായാനിര്‍മ്മിതങ്ങളായ എന്റെ ശക്തികളാണെന്നറിഞ്ഞാലും. എന്നില്‍നിന്ന് അന്യനും എന്റെ അംശവുമായ ജീവന് അവിദ്യകൊണ്ട് അനാദിയായ ബന്ധവും വിദ്യകൊണ്ട് മോക്ഷവും സംഭവിക്കുന്നു’. ഈ അവിദ്യാനിവൃത്തിക്കായി ഭഗവാനെ ശരണം പ്രാപിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്. കര്‍മ്മംകൊണ്ടോ, തപസ്സുകൊണ്ടോ ജ്ഞാനവൈരാഗ്യങ്ങള്‍കൊണ്ടോ ലഭിക്കുന്നവയെല്ലാം എന്റെ ഭക്തന് ഭക്തികൊണ്ട് നിഷ്പ്രയാസം ലഭിക്കുന്നു എന്ന് അവിടുന്ന് അരുളുകയും ചെയ്യുന്നു. ‘ അല്ലയോ പത്മനാഭ! ജ്ഞാനികളായ യോഗീശ്വരന്മാര്‍ പോലും തങ്ങളുടെ ഹൃദയത്തില്‍ ധ്യാനിച്ചുപോരുന്നതും സംസാരകൂപത്തില്‍ പതിച്ചവര്‍ക്ക് ഏകാവലംബവുമായ അവിടുത്തെ അടിമലര്‍ ഗൃഹാസക്തരായ ഞങ്ങളുടെ അകക്കാമ്പില്‍ സര്‍വദാ ഉണ്ടാകുമാറാകണേ’ എന്ന ആ ഭക്തന്മാരുടെ പ്രാര്‍ത്ഥന ഏവര്‍ക്കും പ്രചോദനമായി തീരട്ടെ.
പുരുഷസ്ത്രീ ജാതിനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ;
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ലകാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും
എന്നരുളിയ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍, ‘ഭക്തനാം നിനക്കധഃപതനമിനിവരാ’ എന്നനുഗ്രഹിക്കുകയും ചെയ്യുന്നു. ‘നീ എന്നില്‍ തന്നെ ചിത്തത്തെ ഉറപ്പിക്കുക. എന്നില്‍ ഭക്തിയുള്ളവനായിരിക്കുക. എന്നെ ആരാധിക്കുന്നവനായിട്ട് ഭവിക്കുക. എനിക്കായിട്ടുതന്നെ നമസ്‌കാരവും ചെയ്യുക’ എന്നതാണല്ലോ ശ്രീകൃഷ്ണസ്വരൂപത്തില്‍ അവിടുന്നുപദേശിക്കുന്നത്. ഫലമോ, എന്റെ ഭക്തന് നാശമില്ല എന്ന അനുഗ്രഹവും.
പരമപുരുഷനായ ഭഗവാന്റെ അവതാരമഹിമകളെ താത്വകമായി അറിഞ്ഞ്, ഭക്തിയാല്‍ സാക്ഷാത്കാരത്തിന് അനുഗ്രഹം ലഭിച്ച ഭക്തിശ്രേഷ്ഠന്മാരുടെ അലൗകിക മഹത്വങ്ങളെ കണ്ടില്ല എന്നു നടിച്ചുകൊണ്ട്, സ്വയം പണ്ഡിതന്മാരെന്ന് അഭിമാനിക്കുന്ന ചിലര്‍ തങ്ങളുടെ വിലക്ഷണമായ വീക്ഷണത്താല്‍, മായാമനുഷ്യനായി അവതരിച്ച ആ ഭഗവാനെ മനുഷ്യന്റെ നിലയിലേക്ക് താഴ്ത്തുന്ന ഒരു ചിന്താഗതി തുടരുന്നതായി കാണുന്നു. ‘യോഗമായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. അതു ഹേതുവായിട്ടുതന്നെ മോഹത്തെ പ്രാപിച്ചിരിക്കുന്ന ഈ ലോകം എന്നെ ജന്മമില്ലാത്തവനായും സംഗമില്ലാത്തവനായും അറിയുന്നില്ല എന്ന്’ ഭഗവാന്‍ ആദിയില്‍ അരുളിയത് മനുഷ്യബുദ്ധിയുടെ ഈ വികല്പസ്വഭാവത്തെ ദ്യോതിപ്പിക്കുന്നു. മാത്രമല്ല, ‘ത്രിഗുണാത്മികാ പരിണാമങ്ങളായ പ്രപഞ്ച ഭാവങ്ങളില്‍ മോഹിതരാകുന്നതുകൊണ്ട് ജനങ്ങള്‍ ഈ ഗുണങ്ങള്‍ക്കെല്ലാം അതീതനും അനശ്വരനുമായ എന്നെ അറിയുന്നില്ല’ എന്ന കാരണത്തെയും വശദമാക്കുന്നു. ‘ ഈ പ്രപഞ്ചത്തെ നിലനിര്‍ത്തിക്കൊണ്ടുപോരുന്ന സര്‍വാന്തര്യാമിയായ ചൈതന്യമാണ് ഞാന്‍’ എന്നു ഭഗവാന്‍ അരുളിയതിനെയും ഈ അഭിനവപണ്ഡിതന്മാര്‍ ഗ്രിഹിക്കുന്നില്ലെന്നു തോന്നുന്നു. ഭക്തന്മാര്‍ക്കു സംസാരമോചനം നല്‍കുവാന്‍ ഭഗവാനേ കഴിയൂ. ആയതിനാല്‍, പുണ്യങ്ങളായ പുരാണേതിഹാസങ്ങള്‍ ധര്‍മ്മമോക്ഷ പ്രതിപാദകങ്ങളായ ഈശ്വരചരിതങ്ങളായി നിലകൊളളുന്നു. ഇന്നോളം കണ്ടതില്‍ മാനവചരിതങ്ങള്‍ മാനവനോളം ക്ഷണഭംഗുരങ്ങള്‍ മാത്രമാണ് എന്ന് ദുസ്തര്‍ക്കം പ്രത്യേകം ഓര്‍ക്കുന്നത് നന്ന്. ഭഗവത് ചരിതത്തിലോ ഭഗവത്‌നാമത്തിലോ വിശ്വാസമില്ലാതെ കേവലം വിമര്‍ശനബുദ്ധി കൈമുതലായവരെ ഓര്‍ത്തിട്ടുതന്നെയാവണം ഭക്തോത്തമനായ പ്രഹ്ലാദന്‍ പറഞ്ഞത്. ‘ അല്ലയോ ഭഗവാനെ! അങ്ങയുടെ മഹിനാനുകീര്‍ത്തനമാകുന്ന അമൃതത്തില്‍ മഗ്നനായ എനിക്ക്, വൈതരിണിയെ ഭയമില്ല. കഥാമൃതവിമുഖന്മാരായി ക്ഷണികങ്ങളായ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി തലയില്‍ കനത്ത ഭാരവുമേറ്റി നടക്കുന്ന മൂഢന്മാരെ കുറിച്ചാണ് എനിക്ക് സങ്കടം’.
‘ അല്ലയോ രാമ! വേദങ്ങളില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്ന പരബ്രഹ്മം അങ്ങാകുന്നു. അങ്ങ് മനുഷ്യരൂപമെടുത്ത് ഞങ്ങളോടൊപ്പം വാഴുന്നു. അങ്ങും മനുഷ്യനാണെന്ന് ഭാവിക്കുന്നു’, ‘യാതൊരുവന്റെ സ്വാത്മാനുഭവം കാലംകൊണ്ടോ, പ്രപഞ്ചരചനകൊണ്ടോ സ്വയമോ അന്യര്‍മൂലമോ ഗുണപരിണാമംകൊണ്ടോ ഒന്നുകൊണ്ടും നശിക്കുന്നില്ലയോ, രാഗാദികര്‍മ്മങ്ങളോ സുഖദുഃഖങ്ങളോ ഒന്നുകൊണ്ടും ബാധിക്കപ്പെടാത്ത ആത്മജ്ഞാനത്തോടുകൂടിയവനെ, അദ്വിതീയനും സര്‍വേശ്വരനുമായ ശ്രീകൃഷ്ണഭഗവാനെ സാധാരണജനങ്ങളെപ്പോലെ പ്രാണാദിവൃത്തികള്‍കൊണ്ട് മറയ്ക്കപ്പെട്ടവനായി ആളുകള്‍ കരുതുന്നു’. അവതാരമഹത്വങ്ങളെ താത്വികമായി ഗ്രഹിച്ച ഭഗവത് ധര്‍മനിഷ്ഠനും, ഭക്തിസൂത്രങ്ങളെ ലോകത്തിനു പ്രദാനം ചെയ്ത മഹാത്മാവുമായ ശ്രീ നാരദമഹര്‍ഷിയുടെ ഈ വാണികള്‍ എത്രയോ ഉചിതമായിരിക്കുന്നു. അകമോ പുറമോ, മുമ്പോ പിമ്പോ ഇല്ലാത്തവനും, പ്രളയത്തിനു ശേഷവും ഉള്ളവനും, ജഗത്തിനകത്തും പുറത്തും വാഴുന്നവനും, അചിന്ത്യനും അദ്വിതീയനും, നരരൂപധരനായിട്ടുമാണല്ലോ പുരാണങ്ങള്‍ ആ പുരുഷോത്തമനെ വാഴ്ത്തുന്നത്. എന്നിട്ടും അവിവേകികള്‍ സംശയിക്കുന്നുവെങ്കില്‍.
മൂഢന്മാര്‍ ഭവത്തത്വമെങ്ങിനെയറിയുന്നു
മൂടിപ്പോകയാല്‍ മഹാമായ തന്‍സമ്മോഹത്താല്‍
എന്നുതന്നെ സമാധാനം, ‘അജ്ഞാനത്താല്‍ വിവേകം മൂടപ്പെട്ടിരിക്കുന്നു. അതു ഹേതുവായിട്ട്, ജീവികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു’എന്നതാണല്ലോ ഭഗവാന്റെ ഗീതാവാണിയും. നേരത്തെ സൂചിപ്പിച്ച മഹാഭാരത സൂക്തങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ വളരെ അര്‍ഥഗര്‍ഭമായിരിക്കുന്നു.
‘ജീവന്‍, തനിക്ക് ഇന്ദ്രീയാദികളുമായി യാതൊരു ബന്ധവുമില്ലെന്നും യഥാര്‍ത്ഥത്തില്‍ ഞാനുമായിട്ടാണ് ബന്ധമെന്നും കാണുന്നവന്‍ മോക്ഷം പ്രാപിക്കുന്നു. എന്നെ പ്രാപിക്കുവാന്‍ ഉതകുന്ന ഈ മനുഷ്യശരീരം ലഭിച്ചിട്ട് എന്നെ ഭജിച്ചാല്‍ തന്നിലിരിക്കുന്ന പരമാത്മസ്വരൂപമായ എന്നെ പ്രാപിക്കാം. ‘ ജ്ഞാനസ്വരൂപനായ ഭഗവാന്റെ ഈ വാണികള്‍ പരമമായ സത്യപ്രാപ്തി എന്ന അദൈ്വത സാക്ഷാത്കാരത്തിനായിക്കൊണ്ട് വര്‍ത്തിക്കുന്നു. മാത്രമല്ല നിന്തിരുവടിയുടെ അസംഖ്യങ്ങളായ അവതാരലീലകളാല്‍ ഭക്തനമാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു, അതുകൊണ്ടാണല്ലോ, ‘ശ്രീരാമനാണ് സമസ്തലോകത്തിനും കാരണം. എനിക്ക് അവിടത്തോട് അചഞ്ചല ഭക്തിയുണ്ടാകുമാറാകട്ടെ. രാമ! അവിടുന്നുതന്നെ എനിക്കാശ്രയം’ എന്നു രാമായണവും, ‘സംസാരത്തില്‍ അകപ്പെട്ട് വലയുന്നവര്‍ക്ക് ഭഗവാന്‍ വാസുദേവനില്‍ ഭക്തി എങ്ങനെയുണ്ടാകുമോ, അതല്ലാതെ മംഗളകരമായ മാര്‍ഗം മറ്റൊന്നില്ല’ എന്ന് ശ്രീമദ് ഭാഗവതവും വേദങ്ങളും, ഉപനിഷത്തുക്കളും വാഴ്ത്തി സ്തുതിക്കുന്ന ആ ഏകനും നിത്യനും അനിര്‍വചനീയനുമായ ഭഗവാനെ സ്മരിച്ചുകൊണ്ട് ഉദ്‌ഘോഷിക്കുന്നത്.
Discussion about this post