കെ.ആര്‍.ജി
ഏതുരീതിയില്‍ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. പണവും, പ്രതാപവും, സുഖലോലുപതയും, ഇന്ദ്രിയ സുഖങ്ങളും മാത്രം ആഗ്രഹിക്കുന്നവര്‍, തീവ്രയത്‌നത്തില്‍ കൂടി അവ നേടണം. അതല്ല, സ്‌നേഹം, സമാധാനം, നിര്‍വൃതി, ഈശ്വരാനുഗ്രഹം, ഇവ കാംക്ഷിക്കുന്നവര്‍, പ്രാര്‍ത്ഥന, ധ്യാനം, പഠനം, മനനം എന്നീ മാര്‍ഗ്ഗങ്ങളില്‍ കൂടി അവ സ്വായത്തമാക്കണം.
ജീവിതരീതി ഏതായാലും, ലക്ഷ്യം ഒന്നുതന്നെ, സന്തോഷ സംപൂര്‍ണ്ണമായ ജീവിതം, പക്ഷേ ഈ സന്തോഷം നമുക്കിന്ന് അപ്രാപ്യമാണ്. കാരണം നമ്മളുടെ മാനസികാവസ്ഥയും, സമീപനവുമാണ്. നാം അഭിമുഖീകരിക്കുന്ന കൊടുംക്രൂരത മാനസിക സംഘര്‍ഷമുളവാക്കുന്നതാണ്.
ഇന്ദ്രിയങ്ങളേയും, മനസ്സിനേയും നിയന്ത്രിച്ചാല്‍ മാത്രമേ ആനന്ദം അഥവാ സ്വര്‍ഗ്ഗീയാനുഭുതി അനുഭവിക്കാന്‍ സാധിക്കൂ. ആത്മനിഷ്ഠവും, വസ്തുനിഷ്ഠവുമായ ജീവിതത്തിന്റെ സമതുലിതാവസ്ഥയില്‍ മാത്രമേ സ്വര്‍ഗ്ഗീയാനുഭൂതി ഉണ്ടാകൂ.
ഭൗതികശാസ്ത്ര പുരോഗതി മനുഷ്യന് സുഖലോലുപത നേടിക്കൊടുത്തിട്ടുണ്ട്. വസ്തുനിഷ്ഠ പുരോഗതിയുടെ പോക്കില്‍ ജീവന്‍ വിസ്്മരിക്കപ്പെടുന്നു. ഫലമോ, പ്രകൃതി അതിന്റെ രീതിയില്‍ പ്രതികരിക്കുന്നു, സമാധാനം ചോര്‍ന്നുപോകുന്നു. ഈ നഷ്ടം മാനവരാശിക്കു താങ്ങാന്‍ കഴിയാത്ത ഒന്നാണ്. സ്വയം നിയന്ത്രണം, മാനസികവികാസം, പരിതസ്ഥിതിബോധം, ഇവ സ്വായത്തമാക്കിയാലെ ഉന്നതവും, അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ സാധിക്കൂ.
ഭൗതീകശാസ്ത്രം പ്രതിപാദിക്കുന്നതില്‍ നിന്നും വിഭിന്നമായ വിജ്ഞാനമേഖലയ്ക്കു കനത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള-സനാതന ധര്‍മ്മം ജീവശാസ്ത്രം -എന്താണ് കാഴ്ച വച്ചിരിക്കുന്നതെന്നു പരിശോധിക്കാം.
മതം പഠിപ്പിക്കുന്നു, ജീവിതം അനുഭവങ്ങളുടെ പട്ടികയാണെന്ന്. നമുക്കുണ്ടാകുന്ന വിജയപരാജയങ്ങളെ സന്തോഷ സന്താപങ്ങളെ പെരുപ്പിച്ച് കാണിച്ച്, വസ്തുക്കളോടുള്ള ബന്ധം വ്യവഛേദിച്ചു കാണിക്കാന്‍ മുതിരുന്നു. സന്ദര്‍ഭങ്ങളും, വസ്തുക്കളും നമ്മില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കുന്നു എങ്കില്‍, അത് നമ്മളുടെ മനസ്സും, ബുദ്ധിയും അവയിലേക്കു തിരിഞ്ഞിട്ടാണ്. കാരണം മനസ്സാണ് എല്ലാം. ലോകത്തെക്കുറിച്ചുള്ള അറിവ് വ്യക്തികളുടെ മനസ്സിനേയും ബുദ്ധിയേയും ആശ്രയിച്ചാണിരിക്കുന്നത്. ശാസ്ത്രജ്ഞന് ശാസ്ത്രനിബദ്ധമാണ് ഈ ലോകം. ഒരു പ്രേമിക്കു സംഗീതസാന്ദ്രവുമാണ്. യാതനയും, വേദനയും അനുഭവിക്കുന്ന ഒരാള്‍ക്കു ഈ ലോകം ഗല്‍ഗദങ്ങളുടെയും നെടുവീര്‍പ്പുകളുടെയും ഇടമാണ്. വസ്തുക്കള്‍ക്കു മാറ്റമൊന്നും വരുന്നില്ലെങ്കിലും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോരുത്തര്‍ക്കും. കാരണം അനുഭവിക്കുന്നത് വെറും ശരീരംകൊണ്ടല്ല, മനസ്സുകൊണ്ടുകൂടിയാണ്. അതാണ് മതം മനുഷ്യമനസ്സിനെ സമതുലിതാവസ്ഥയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സന്തോഷത്തിലും, സന്താപത്തിലും, നഷ്ടത്തിലും ലാഭത്തിലും സുഖമോ ദുഃഖമോ തോന്നാത്ത ഒരു മാനസിക സമീപനം ജീവിതത്തോടും, ജീവിതാനുഭവങ്ങളോടും സ്വീകരിക്കാന്‍ പ്രാപ്തമാകുന്ന ശാസ്ത്രമാണ് മതം കാഴ്ചവയ്ക്കുന്നത്. ആധുനിക ബുദ്ധിജീവിക്ക് മതം, അര്‍ത്ഥശൂന്യമായ, വിരസമായ മതാനുഷ്ഠാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വെറും ചടങ്ങുകള്‍ മാത്രമായിരിക്കാം. പക്ഷേ ഈ ശാസ്ത്രത്തെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ അറിയാന്‍ ശ്രമിച്ചാല്‍ ഒരു സത്യം ബോധ്യമാകും. ഈ അനുഷ്ഠാനങ്ങളും, അനുശാസനങ്ങളും, നമ്മളുടെ മനസ്സിന് വേണ്ട പരിശീലനം കൊടുക്കാനുളള വ്യായാമങ്ങളും കര്‍മ്മങ്ങളുംമാണെന്ന് മനസ്സിനേയും ശരീരത്തേയും, ജീവനേയും സംബന്ധിക്കുന്ന അര്‍ത്ഥസംപൂര്‍ണ്ണമായ ഒരു ശാസ്ത്രമാണിതെന്ന് ആഴത്തിലേക്കു കടന്നു ചെല്ലുന്നവര്‍ക്കു മനസ്സിലാകും.
സ്വയം അറിയുക എന്നതാണ് മനസ്സിനെ നിയന്ത്രിക്കാനുളള അനുപേക്ഷണീയമായ മാര്‍ഗ്ഗം. സ്വയം പഠിച്ച്, വിമര്‍ശിച്ച്, വിലയിരുത്തി സ്വയം നിരീക്ഷിച്ചാല്‍ മാത്രമേ നല്ല നിലയിലേക്ക് മനസ്സിനെ മാറ്റാന്‍ സാധിക്കൂ.
അനുഭവം മൂന്നടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചാണുണ്ടാവുക. ഋഷിമാര്‍ യുഗങ്ങളില്‍ കൂടി നിശിതമായി, നിഷ്‌കര്‍ഷമായി നടത്തിയ പഠനത്തിനുശേഷം കണ്ടെത്തിയ സത്യമാണിത്. 1.വ്യക്തി 2. വസ്തു 3.വ്യക്തിയും, വസ്തുവും തമ്മിലുള്ള ബന്ധം. ഈ മൂന്നു ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്ലെങ്കില്‍ അനുഭവം ഉണ്ടാവില്ല. ബാഹ്യലോകവുമായി നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നമുക്കുണ്ടാവുന്ന അനുഭവങ്ങളുടെ മാറ്റവും രീതിയും സൂക്ഷ്മാവലോകനംകൊണ്ടേ ഇതു സാദ്ധ്യമാകൂ.
ഏതിനേയും നമ്മിലുള്ള നാല് ഉപാധികളില്‍ കൂടിയാണ് നാം സ്വീകരിക്കുന്നത്. ശരീരം, ബുദ്ധി, മനസ്സ്, ചേതന അല്ലെങ്കില്‍ ആത്മചൈതന്യം. അതിസൂക്ഷ്മമായ, ലോലമായ ഈ തലങ്ങള്‍ അനുഭവ സമയത്ത് വളരെപ്പെട്ടെന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഉപരിപ്ലവമായി ദര്‍ശിക്കുന്നവര്‍ക്കു ഇതിന്റെ ഏകകാലപ്രയോഗം മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. ഒരുദാഹരണംകൊണ്ട് കൂടുതല്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം. സ്‌നേഹിതന്‍ നിങ്ങള്‍ക്കു ഒരാപ്പിള്‍ തരുന്നു. നിങ്ങളിലുള്ള ശരീരം അതിനെ അനുഭവിക്കാന്‍ മുതിരുന്നു. കണ്ണുകള്‍ അതിന്റെ ആകൃതിയും, നിറവും മാത്രം ആസ്വദിക്കാന്‍ ശ്രമിക്കുന്നു. തൊലി സ്പര്‍ശന സുഖം തേടുന്നു. മൂക്കിന് അതിന്റെ മണം മാത്രം മതി. നാക്കല്‍ വെള്ളമൂറുകയും ചെയ്യുന്നു. പക്ഷേ മനസ്സ് പറയും വിശപ്പും ദാഹവും ഇല്ലാത്തതുകൊണ്ട് കുറച്ച് കഴിഞ്ഞ് തിന്നാല്‍ മതിയെന്ന്. ബുദ്ധി ഉപദേശിക്കും, മധുരം പ്രമേഹത്തിന് എതിരാണെന്ന്. നിങ്ങളിലുള്ള ആത്മചൈതന്യം പറയും സ്വീകരിക്കേണ്ട. ആ വ്യക്തിയോട് കടപ്പെടേണ്ടിവരും എന്ന്. അങ്ങനെ ഓരോ നിമിഷത്തിലും നമ്മുടെ അനുഭവങ്ങള്‍, നാലു തരത്തിലുള്ള പ്രവര്‍ത്തന ക്രമങ്ങള്‍ക്കു വിധേയമായി, അനുഭവത്തിന്റെ കൃത്രിമവും, സങ്കരവുമായ പ്രയോജനം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കും, ഈ നാലു തലങ്ങളും പരസ്പരം അപരിചിതരെപ്പോലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വന്ന്, ഓരോന്നും ജീവിതത്തിന്റെ ഓരോ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു വസ്തുവിനെ അല്ലെങ്കില്‍ അനുഭവത്തെ ആസ്വദിക്കാന്‍ ശ്രമിക്കും. അപ്പോള്‍, തര്‍ക്കമില്ല, ഒരു വാസനയെ സംതൃപ്തിപ്പെടുത്തുന്നത് മറ്റ് മൂന്നു ഘടകങ്ങളെ, അസംതൃപ്തിപ്പെടുത്തും.
പരിപൂര്‍ണ്ണമായ സന്തോഷവും സമാധാനവും, സംതൃപ്തിയും നേടാനുള്ള മനുഷ്യന്റെ അദമ്യമായ അഭിലാഷം അവനിലുള്ള വിഭിന്ന രൂചിയും, ആസ്വാദനപ്രവണതയും ഉന്മൂലനം ചെയ്യും. അങ്ങനെ അവന്‍ നിരാശനും, നിഷേധിയും, പരിഭ്രാന്തനും, അസംതൃപ്തനും ആകാന്‍ അവന്റെ അന്തര്‍മണ്ഡലം പ്രേരിപ്പിക്കും.
ഭൗതികവാദികളുടെ നോട്ടത്തില്‍ ശരീരത്തിനും, മനസ്സിനും, ബുദ്ധിക്കും, സംതൃപ്തിയും, സന്തോഷവും നല്‍കുന്ന സാധന സാമഗ്രികള്‍ കൂടുതല്‍ കൂടുതല്‍ നേടിക്കൊടുത്താല്‍ ഒരാള്‍ ആത്മനിര്‍വൃതി നേടിക്കൊള്ളുമെന്നാണ്. പക്ഷേ മുന്‍പു പറഞ്ഞതുപോലെ സ്വരൂപിക്കുന്നതിലും, ചെലവാക്കുന്നതിലും, വീണ്ടും ആര്‍ജ്ജിക്കുന്നതിലും ഉണ്ടാകുന്ന ആനന്ദം വ്യക്തിത്വത്തിന്റെ മൂന്നിലൊന്നിനെപ്പോലും സംതൃപ്തമാക്കില്ല. അത്തരം അസംതൃപ്തിയെയാണു ‘സംസാരം’ എന്ന് പറയുന്നത്.
ആന്തരികമായ വ്യക്തിത്വത്തെ ആഴത്തില്‍ സംതൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത ഒരാനന്ദവും ശാശ്വതമായ ആനന്ദമല്ല എന്ന പരമസത്യം നമ്മളുടെ ആചാര്യന്മാര്‍ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. മഹത്‌വ്യക്തികള്‍ അവരുടെ ജീവിതത്തില്‍ക്കൂടി സ്പഷ്ടമാക്കിയ ഒരു സംഗതി, പരിതസ്ഥിതിയുടെ ഗതിവിഗതികളെ വിസ്മരിച്ച് നമ്മള്‍ സ്വയം നിയന്ത്രണം ശീലിച്ചും പാലിച്ചും അതില്‍ നിന്നും ഉല്‍ഭൂതമാകുന്ന സന്തോഷം ആസ്വദിക്കണമെന്നാണ്. മഹാത്മാഗാന്ധി നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങിയപ്പോഴും റാം, റാം എന്ന മന്ത്രം ജപിച്ച ധീരമായ കഥ നമുക്കു മറക്കാന്‍ പറ്റുമോ? ലോകാരാധ്യരായ മഹല്‍ വ്യക്തികള്‍ പരിതസ്ഥിതിയുടെ അധിപന്മാരും, നിയന്ത്രകരും, വികാര വിചാരങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തരും ആയിരുന്നു എന്നത് ഒരു വലിയ സത്യമാണ്. ഈ കഴിവുകള്‍ നേടാന്‍ നാം പ്രാപ്തരായാല്‍ നമ്മള്‍ ഓരോരുത്തരും ലോകനിയന്ത്രാക്കളാകാന്‍ കെല്‍പ്പുള്ളവരായിത്തീരും. എന്നാണ് നമ്മുടെ മതഗ്രന്ഥങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
മതോപദേശങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറല്ല. ആനന്ദം നമ്മുടെ നൈസര്‍ഗികതയും, സ്വയം നിയന്ത്രണം പാരമ്പര്യവുമാണെങ്കില്‍ എന്തുകൊണ്ട് നാം അസംതൃപ്തരും, ദുഃഖിതരുമാകുന്നു? ഉത്തരം വ്യക്തമാണ്. ബാഹ്യലോകത്തക്കുറിച്ചോ, ആന്തരികമായി നാം നമ്മെ തന്നെ അറിഞ്ഞോ അല്ല ജീവിക്കുന്നത്. ലോകത്തെമാത്രം അറിയാന്‍ ശ്രമിക്കാതെ അതുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും, വസ്തുനിഷ്ഠമായി മാത്രം ലോകത്തെ കാണാതെ, അവനവനില്‍കൂടി ലോകത്തെ വിലയിരുത്തുവാനുമാണ് മതം സിദ്ധാന്തിക്കുന്നത്.
ഒരു വ്യക്തിക്കു എല്ലാം അനുഭവിക്കാം. ഒരു വിലക്കുമില്ല. പക്ഷേ ആഹാരം നാം ഭക്ഷിക്കണം. ഒരിക്കലും ആഹാരം നമ്മെ ഭക്ഷിക്കാന്‍ ഇടയാക്കരുത്. അങ്ങനെ സ്വയം നിയന്ത്രണം ശീലിച്ച് പടിപ്പടിയായി മഹത്വത്തിലേക്കുയരണം.
വ്യക്തിയുടെ ജീവശക്തി ബാഹ്യലോകത്തിലേക്കു പ്രവഹിക്കുന്നത് സംപൂര്‍ണ്ണമായ, അനുഭൂതിദായകമായ ജീവിതം സംഗീത സാന്ദ്രമായി പ്രകാശിക്കുമ്പോള്‍ മാത്രമാണ്. അവരെ നാം സ്വഭാവശുദ്ധിയുള്ളവരായി മാനിക്കുന്നു അങ്ങനെ സ്വഭാവം മെച്ചപ്പെടുത്തി വരുമ്പോള്‍ ജീവിതം ഒരു സുന്ദരവും മധുരവുമായിത്തീരും. ചിന്തയും, പ്രവര്‍ത്തിയും, കൂടുതല്‍ നിര്‍മ്മലമായിത്തീരും.
ദൈവവും, പിശാചും, പാണ്ഡവരും, കൗരവരും എല്ലാവരിലും അവിരാമം പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ സകല കര്‍മ്മങ്ങളും നിഷ്‌കര്‍ഷിക്കുന്നത് അന്തിമമായ വിജയം നന്മയ്ക്കാണെന്നാണ്. കാരണം അര്‍ജ്ജുനന് ശ്രീകൃഷ്ണനെയാണല്ലോ സാരഥിയായി കട്ടിയത്.
Discussion about this post