കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പൊട്ടും പൊടിയും ചാര്‍ത്താന്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ സ്‌മാര്‍ട്ട് സിറ്റി ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. സര്‍ക്കാര്‍ സംരംഭമായ ഇന്‍ഫോ പാര്‍ക്കിന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും കൈവശമുണ്ടായിരുന്ന ഭൂമിയും മറ്റ് സൗകര്യങ്ങളും കൈമാറിക്കൊണ്ട് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ലോകോത്തര ടെക്‌നോളജി പാര്‍ക്ക് പടുത്തുയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ ആരംഭ കാലങ്ങളില്‍ അവകാശപ്പെട്ടിരുന്നത്.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ടീകോമില്‍ 20 ശതമാനം ഓഹരി ഉണ്ടെന്നും പ്രധാനമായും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഇവര്‍ക്ക് ഇന്ത്യാവിരുദ്ധ ഭീകര പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയെപ്പോലെ ഏറെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് ഇത്തരം ഒരു കമ്പനിക്ക് വേരുറപ്പിക്കാന്‍ ഇടം നല്‍കുന്നത് ദേശ സുരക്ഷയെപ്പോലും ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയെങ്കിലും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്‌മാര്‍ട്ട് സിറ്റി വിവാദങ്ങളില്‍ കുരുങ്ങി നിശ്ചലമാകുകയായിരുന്നു.മൂന്നാര്‍, പ്ലാച്ചിമട ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനുള്ളിലും പാര്‍ട്ടിക്കകത്തും ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെയാണ് സ്‌മാര്‍ട്ട് സിറ്റിക്കെതിരെയും ശക്തമായി രംഗത്തു വന്നത്. ടീകോം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും പദ്ധതി പ്രദേശത്ത് ലഭിക്കാവുന്ന സ്വതന്ത്രാവകാശ ഭൂമി വികസിപ്പിച്ച് വില്‍പ്പന നടത്തി ലാഭം കൊയ്യുക മാത്രമാണ് അവരുടെ ഉദ്ദേശമെന്നും വി.എസ.് ആദ്യമേ തന്നെ ആരോപിച്ചിരുന്നു. ഇന്നലെ നിയമസഭയിലും അദ്ദേഹം അതാവര്‍ത്തിച്ചു. എങ്കിലും പദ്ധതി സ്ഥലത്ത് ടീകോമിന് 12 ശതമാനം സ്ഥലം സ്വതന്ത്രാവകാശ ഭൂമിയായി നല്‍കാന്‍ ആരാണ് തീരുമാനിച്ചതെന്നും ഇതിന്റെ നിയമസാധുത ആരാണ് പരിശോധിച്ചതെന്നും സംബന്ധിച്ച ദുരൂഹത തുടരുകയാണ്. സിപിഎമ്മിലെ പല ഉന്നതര്‍ക്കും സ്‌മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്നതില്‍ അകമേ സന്തോഷമുണ്ടെന്നത് രഹസ്യമല്ല. എന്നാല്‍ മുഖ്യമന്ത്രിയും മറ്റു ചില നേതാക്കളും സ്‌മാര്‍ട്ട് സിറ്റിക്കെതിരെ നിലപാടെടുക്കുമ്പോള്‍ അവര്‍ക്ക് പദ്ധതിയെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വരാന്‍ കഴിയുന്നില്ലെന്നതാണ് വാസ്‌തവം.ടീകോമിന് അധോലോകവുമായും ഭീകരരുമായും ബന്ധമുണ്ടെന്ന് ഭാവിയില്‍ തെളിഞ്ഞാല്‍ അത് രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ടാകണം. എന്തു തന്നെയായാലും പദ്ധതിയുടെ കരാറില്‍ വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത് ആരാണെന്നും ഇതിന് പിന്നിലെ താല്‍പ്പര്യമെന്താണെന്നും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ മൂടിവെക്കാനാണ് പക്ഷ-പ്രതിപക്ഷ നേതാക്കളുടെ താല്‍പ്പര്യം.
സ്‌മാര്‍ട്ട് സിറ്റി വിവാദം കത്തിനില്‍ക്കെ, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒന്നല്ല നാല് സ്‌മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞതും ഇവിടെ ശ്രദ്ധേയമാണ്. യുഡിഎഫ് നേതാക്കള്‍ക്കും സ്‌മാര്‍ട്ട് സിറ്റിക്ക് പിന്നില്‍ നിക്ഷിപ്‌ത താല്‍പ്പര്യുമണ്ട് എന്ന് വ്യക്തമാക്കുന്നതാണ് രമേശിന്റെയും മറ്റ് യുഡിഎഫ് നേതാക്കളുടെയും പ്രസ്‌താവനകള്‍. കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനവും ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജനങ്ങളുടെ പണം മുടക്കി നിര്‍മ്മിച്ച ഈ പൊതുസ്വത്തും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ടീകോമിന് വിട്ടുകൊടുക്കും. ഇതുവഴി ടീകോമിന് ഉണ്ടാകുന്ന ലാഭത്തില്‍ ഒരു പങ്ക് ഇപ്പോള്‍ തന്നെ പല രാഷ്‌ട്രീയ നേതാക്കളും ലക്ഷ്യം വെച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.
ചില സംസ്ഥാനങ്ങളില്‍ സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും കേരളത്തില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ഇതുവരെയും നിയമങ്ങളോ ചട്ടങ്ങളോ രൂപീകരിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌മാര്‍ട്ട് സിറ്റി പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിച്ചാല്‍ അവിടുത്തെ ഭൂമി കൈമാറ്റങ്ങള്‍ക്കും മറ്റും തടസ്സം നേരിടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുകൊണ്ടു തന്നെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഭൂമി കൈക്കലാക്കാനും അത് കൈമാറി ലാഭമെടുക്കാനും ടീകോം ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. ഈ ഗൂഢനീക്കം നടപ്പാകണമെങ്കില്‍ തന്നെ റവന്യു വകുപ്പിന്റെ വഴിവിട്ട സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
കൊച്ചിയില്‍ നിന്നും പിന്‍വാങ്ങുന്നതില്‍ ടീകോം കാണിക്കുന്ന വൈമനസ്യത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെയും മതഭീകര പ്രസ്ഥാനങ്ങളുടെയും താല്‍പ്പര്യങ്ങളും ഉണ്ടെന്ന് സൂചനയുണ്ട്. കൊച്ചിയെ ഇന്ത്യാവിരുദ്ധ ഭീകര പ്രസ്ഥാനത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായി വളര്‍ത്തുകയും അതിന്റെ നിയന്ത്രണ കേന്ദ്രം സ്‌മാര്‍ട്ട് സിറ്റിക്കുള്ളില്‍ സ്ഥാപിക്കുകയുമാണ് അവരുടെ ലക്ഷ്യമത്രെ. രാഷ്‌ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൈയിലെടുത്തുകൊണ്ട് വ്യവസായ വികസനത്തിന്റെ പേരില്‍ കടന്നു കയറുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇതിനേക്കാള്‍ വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടെന്നിരിക്കെ സ്ഥാപിത താല്‍പ്പര്യത്തിന്റെ പേരില്‍ ടീകോം ഉള്‍പ്പെടെയുള്ളവരെ മാടി വിളിക്കുന്ന ദേശ ദ്രോഹികളെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് മാധ്യമങ്ങളുടെയും കടമയാണ്.
Discussion about this post