*പി.എസ്.*
തനിക്കില്ലാത്ത യോഗ്യത മറ്റൊരാളില്‍ കാണുമ്പോഴാണ് സാധാരണ അസൂയ ഉണ്ടായിത്തീരുന്നത്. നിര്‍ദ്ധനന് ധനികന്റെ പേരിലും കള്ളന് സത്യവാന്റെ പേരിലും അജ്ഞാനികള്‍ക്ക് ജ്ഞാനികളുടെ പേരിലും അങ്ങിനെ തന്നെക്കാള്‍ യോഗ്യതയുള്ളവരെക്കാണുമ്പോള്‍ മിക്കവര്‍ക്കും, അസൂയ ഉണ്ടാകുന്നു. യോഗ്യത ഉള്ള ചിലര്‍ക്കും അവരെപ്പോലെ മറ്റുള്ളവരും ആയിത്തീരുമ്പോഴും, ആവാന്‍ ശ്രമിക്കുമ്പോഴും ഈ ദുര്‍വിചാരം മനസ്സില്‍ കടന്നുകൂടുന്നു. തന്റെ കുഞ്ഞുങ്ങളെ സുഖമായി വളര്‍ത്താന്‍ വേണ്ടി താന്‍ വളരെ അദ്ധ്വാനിച്ച് കുറച്ച് സ്ഥലം വാങ്ങി വീടും പണിയിച്ച് നല്ല നിലയിലായാല്‍ ധാരാളം ഭൂമിയും വലിയ മാളികയും ഉള്ള ചിലര്‍ക്ക് അവന്റെ പേരിലും അസൂയ ജനിക്കുന്നു. അതുകൂടി എനിക്ക് കിട്ടിയില്ലല്ലോ എന്നും ഒരു പക്ഷേ ഇവന്‍ എന്നെപ്പോലെ ആയാല്‍ എന്റെ സമ്പാദ്യത്തിന്റെ പ്രശസ്തി കുറയുമല്ലോ എന്ന ഭയവുമാണ് അത്തരക്കാരെ അസൂയാലുക്കളാക്കുന്നത്.
മറ്റുള്ളവരില്‍ കാണുന്ന സദ്ഗുണങ്ങളെ തനിക്കു അംഗീകരിക്കാനും ആചരിക്കാനും വിഷമമായിരിക്കുമ്പോള്‍ അവരില്‍ അസൂയപ്പെടുകയും അവരെ നിന്ദിക്കുകയും ചെയ്യുന്നു. ഈശ്വര സ്മരണയോടും സത്യസന്ധതയോടും ജീവിക്കുന്ന ഒരാളെ കാണുമ്പോള്‍ ‘ഓ ഒരു ദൈവഭക്തന്‍ സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ട് പാസ്‌പോര്‍ട്ടുമായി നടക്കുന്ന ഒരു ഹരിശ്ചന്ദ്രന്‍’ എന്നും മറ്റും പറഞ്ഞ് പരിഹസിച്ച് അസൂയ കാണിക്കുന്നവരെയും നമുക്ക് കാണാം.
ചില ആളുകള്‍ മറ്റുള്ളവരുടെ സത്ഗുണങ്ങളെയും യോഗ്യതകളെയും നശിപ്പിക്കാന്‍ വേണ്ടി എന്തുകടുംകൈയും പ്രവര്‍ത്തിക്കും. ഒരാള്‍ വല്ലവിധത്തിലും അഭിവൃത്തിപ്പെടുന്നുവെങ്കില്‍ അയാളെ നീചപ്രവര്‍ത്തിയിലൂടെ നശിപ്പിക്കാന്‍വരെ അസൂയ നിമിത്തം മനുഷ്യര്‍ ഒരുങ്ങുന്നു. തന്റെ വീടുപട്ടിണിയായാലും അതിനുപരിഹാരം കാണാതെ അഭിവൃദ്ധിപ്പെടുന്നവരുടെ നേരെ അസൂയ കാട്ടി അവരെ നശിപ്പിക്കാന്‍ സദാ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. സത്യസന്ധന്മാരെ കള്ളന്മാരെന്നും സദാ ദുഷിക്കുന്നതിലും ഇക്കൂട്ടര്‍ക്ക് മടിയില്ല. സജ്ജനങ്ങളെപ്പോലെ അഭിവൃദ്ധിപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് അവരുടെ ഉന്നതിയില്‍ അസൂയ തോന്നി സ്വയം നശിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗമിക്കാന്‍ കഴിയില്ല.
മറ്റുള്ളവരുടെ അഭിവൃദ്ധിയില്‍ അസൂയപ്പെടുന്ന സമയംകൊണ്ട് സ്വന്തം ന്യൂനതകളെ ചിന്തിച്ചറിഞ്ഞ് അതിനെ ത്യജിക്കുകയും പകരം സത്ഗുണങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും വിലയേറിയ സമയം ഈശ്വരസ്മരണക്കായി വിനിയോഗിക്കുകയും വേണം. മറ്റൊരാളില്‍ യോഗ്യതകാണുമ്പോള്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി മാനിക്കുകയും വന്ദിക്കുകയും അതുപോലെ നമ്മളും ആയിത്തീരാന്‍ യത്‌നിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം. ധനികന്മാര്‍ ദരിദ്രര്‍ക്ക് അഭയം നല്‍കി തങ്ങളെപ്പോലെ അഭിവൃദ്ധിയും ജീവിതസൗകര്യവും അവര്‍ക്കും ഉണ്ടായിത്തീരാന്‍ പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യണം. ഈശ്വരസ്മരണക്കും സഹജീവി സ്‌നേഹത്തിനും അത്യന്താപേക്ഷിതമായ മനഃശുദ്ധിക്ക് വിഘാതമായിത്തീരുന്ന ഒരു പ്രധാന ദോഷമാണ് അസൂയ.
Discussion about this post