*കെ.പി.ശര്‍മ്മ*
പ്രാര്‍ത്ഥന എന്നുകേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ആദ്യമായി തോന്നുന്നത് ഈശ്വരഭക്തിയെപ്പറ്റിയാണ്. ഞാനിവിടെ പറയാന്‍ പോകുന്നത് അതിനെപറ്റിയത്രേ.
ഈശ്വരന്‍ സര്‍വശക്തനും പ്രാര്‍ത്ഥനകള്‍ കേട്ട് അഭീഷ്ടം സാധിച്ചുതരുന്ന കാരുണ്യശാലിയുമാണെന്നുള്ള ഉറപ്പിന്‍മേലാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനകളെ ഒന്നു വിശകലനംചെയ്തു നോക്കിയാല്‍ അതിന് പലപ്പോഴും രണ്ടു ഭാഗങ്ങള്‍ ഉള്ളതായി കാണാം. അവ സശബ്ദഭാഗവും നിശബ്ദഭാഗവുമാണ്. നാമസങ്കീര്‍ത്തനം മുതലായവയെല്ലാം കഴിഞ്ഞ്, നിശബ്ദമായി മനസ്സുകൊണ്ടുമാത്രം ചിലകാര്യങ്ങള്‍ ഈശ്വരനോട് പറയുന്നതാണ് നിശബ്ദഭാഗം എന്ന് ഞാന്‍ വിവക്ഷിക്കുന്നത്. സാധാരണയായി ഇത് അന്യര്‍ അറിയേണ്ട ആവശ്യമില്ലാത്തതോ അന്യന്‍ അറിയരുതാത്തതോ ആയ കാര്യങ്ങളായിരിക്കും. അവ ആ പ്രാര്‍ത്ഥിക്കുന്ന ആളും ഈശ്വരനും മാത്രം ആറിയാനുള്ളതാണ്. ഇങ്ങനെ ഏറ്റവും രഹസ്യമായി മനസ്സുകൊണ്ടുമാത്രം പ്രാര്‍ത്ഥിക്കുന്നതില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. മനസ്സുകൊണ്ടുമാത്രം പ്രാര്‍ത്ഥിച്ചാലും ഈശ്വരന്‍ അറിയുമെന്നുബോദ്ധ്യമുണ്ടെന്ന്.
ഈ വിധത്തില്‍ സ്വന്തം ആവശ്യങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പലരും ഒരു കാര്യം വിസ്മരിച്ചുകളയുന്നു. അവനവന്‍ പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായവും തങ്ങള്‍ക്കു സാധിച്ചുകിട്ടാന്‍ അര്‍ഹതയുള്ളതുമാണോ എന്ന സംഗതി, ഈശ്വരന്റെ ദൃഷ്ടിയില്‍ എല്ലാവരും തുല്യരാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കുന്ന സംഗതിയുടെ നേരെ എതിരായ കാര്യം മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുന്നു എന്നുവരാം. അപ്പോള്‍ ഏതെങ്കിലും ഒന്ന് സാധിച്ചുകൊടുക്കയും മറ്റത് തള്ളിക്കളയുകയും ചെയ്യാനെ ഈശ്വരനു കഴിയൂ. മറ്റുള്ളവയൊക്കെ എന്തായിരുന്നാലും തന്റെ കാര്യം ഒരു സ്‌പെഷ്യല്‍ കേസായി പരിഗണിച്ച് വേണ്ട ആനുകൂല്യംചെയ്തുതരണമെന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരു സ്‌പെഷ്യല്‍ കേസായി പരിഗണിക്കപ്പെടുവാന്‍ അത് അര്‍ഹതയുള്ളതാണോ എന്നതാണ് പ്രധാനപ്രശ്‌നം. പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങള്‍ തികച്ചും നീതിയുക്തമാണോ എന്നു തീരുമാനിച്ചശേഷം അങ്ങനെയാണെങ്കില്‍ മാത്രം പ്രാര്‍ത്ഥിക്കുക എന്നുവച്ചാല്‍ പലരുടെ പ്രാര്‍ത്ഥനകളും വേണ്ടെന്നുവക്കേണ്ടിവരും.
പാര്‍ത്ഥിക്കേണ്ട ആവശ്യം വരുന്നത് – അഥവാ പ്രാര്‍ത്ഥിക്കാന്‍ ഒരുമ്പെടുന്നത് എപ്പോഴാണെന്നുകൂടി ഇവിടെ ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിലെ അഭിലാഷങ്ങള്‍ മുറയ്ക്ക് സാധിച്ചുകൊണ്ടിരിക്കുകയും കാര്യങ്ങളെല്ലാം അവനവന്റെ പ്ലാന്‍പോലെ നടന്നുകൊണ്ടിരിക്കുയും ചെയ്യുകയാണെങ്കില്‍ അങ്ങനെയുള്ളവര്‍ സാധാരണയായി പ്രാര്‍ത്തിക്കുകയെല്ലെന്നുള്ളതാണ് വാസ്തവം. പാര്‍ത്ഥനയുടെ ആവശ്യം അപ്പോള്‍ അയാള്‍ കാണുന്നില്ല. ഇതിനു വല്ല തടസ്സവും നേരിടുകയോ കൂടുതലായി എന്തെങ്കിലും സാധിക്കേണ്ടിവരുകയോ ചെയ്യുകയാണെങ്കില്‍ (അപ്പോഴും സ്വന്തം കഴിവുകള്‍ പ്രയോഗിച്ചു നോക്കും. അതുകൊണ്ടും ഫലമില്ലാതവന്നാല്‍) പ്രാര്‍ത്ഥിക്കും. പ്രതിബന്ധങ്ങളെ എല്ലാം തട്ടിനീക്കാനും ജീവിതം സുഗമവും സുഖകരവുമാക്കിത്തീര്‍ക്കാനും വേണ്ട ചുറ്റുപാടുകള്‍ എല്ലാം മുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുമുണ്ട്. അവനവന്റെ കഴിവും അന്യരുടെ മേലുള്ള സ്വാധീനശക്തിയും യന്ത്രങ്ങള്‍ മുതലായ ഉപകരണങ്ങളുടെ സഹായവും മറ്റുംകൊണ്ടാണ് ഇവയൊക്കെ കൈവരുത്തുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും സാധിക്കാത്തകാര്യങ്ങള്‍ നേരിടുന്ന ചില സന്ദര്‍ഭങ്ങള്‍ വരാം. അപ്പോഴായിരിക്കും പ്രാര്‍ത്ഥിക്കാന്‍ ഒരുമ്പെടുക.
പ്രാര്‍ത്ഥനകൊണ്ട് ഹൃദയം സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് അഭിജ്ഞന്മാര്‍ പറയുന്നു. ഹൃദയം ശുദ്ധീകരിക്കപ്പെടുക എന്നത് ഒരു ചെറിയകാര്യമല്ല. ഹൃദയത്തെ ശുദ്ധീകരിക്കണമെന്ന പ്രാര്‍ത്ഥന ഏറ്റവും മഹത്തരമാണ്. ആര്‍ഷഭാരതത്തിന്റെ കാതലായ ആശയങ്ങളില്‍ ഒന്നാണ്. ഋഷീശ്വരന്മാരുടെ പ്രാര്‍ത്ഥനയും ഇതായിരുന്നു. സുപ്രസിദ്ധവും ദിവ്യവുമായ ഗായത്രീമന്ത്രം തന്നെ ഈ പ്രാര്‍ത്ഥനയെ ആണ് ഉള്‍ക്കൊള്ളുന്നത്. മാലിന്യങ്ങള്‍ എല്ലാംപോയി ഹൃദയം അഛസ്ഫടികംപോലെ പരിശുദ്ധമായിത്തീര്‍ന്നാല്‍ ഈശ്വരചൈതന്യം അതില്‍ തെളിയും. ആ ആളിന് ആവാച്യമായ ശക്തിയും ഐശ്വര്യവും എല്ലാം തനിയെ ഉണ്ടായിക്കൊള്ളും. പക്ഷെ അകറ്റിക്കളയേണ്ട ഈ മാലിന്യങ്ങള്‍ എന്തൊക്കെയാണ്, കാമം, ക്രോധം, അഹങ്കാരം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ഒരു നീണ്ട പട്ടികയാണത്. ഇവയെല്ലാംതന്നെ നിലനില്‍ക്കുകയില്ല. പക്ഷെ ഓരോ മനുഷ്യനും അവനവനോളം തന്നെയോ അതില്‍ കൂടുതലായോ പഴക്കം ചെന്ന സ്വാര്‍ത്ഥതിയലാണ് ജീവിക്കുന്നത്. ശിശുവായിരിക്കുമ്പോള്‍ എന്തെങ്കിലും ശാഠ്യംപിടച്ചു കരഞ്ഞാല്‍, ‘ദാ, ചേട്ടനു കൊടുക്കേണ്ട കുഞ്ഞിനു മാത്രമേ തരൂ’ എന്നോ, ‘ ചേട്ടനു നല്ല അടികൊടുക്കാം’ കുഞ്ഞുമോന്‍ കരയണ്ട എന്നോ മറ്റോ സമാധാനിപ്പിക്കുവാന്‍ വേണ്ടി മാതാവു പറയുന്ന വാക്കുകളില്‍കൂടി ഈ സ്വാര്‍ത്ഥത ഉള്ളില്‍ കടന്നുകൂടുന്നു. ആ പ്രായംമുതല്‍ തുടര്‍ച്ചയായി ലഭിക്കുന്ന പ്രേരണകളും അനുഭവങ്ങളും സ്വാര്‍ത്ഥതയ്ക്കു വേണ്ടുവോളം വളം നല്‍കുന്നു. ഇവ മുന്‍ജന്മാന്തരങ്ങളിലെ കര്‍മ്മവാസനകളോടുകൂടി ചേരുമ്പോള്‍ ഒരു മനുഷ്യനിലുള്ള സ്വാര്‍ത്ഥ അവനേക്കാള്‍ ശക്തിയും ആയുസ്സും ഉള്ളതായിതീരുന്നു. അതങ്ങനെയാണെങ്കില്‍, അതിനെ തുടച്ചുനീക്കുക എത്രമാത്രം പ്രയാസമുള്ളതാണെന്് പ്രത്യേകം പറയണമെന്നില്ല. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവു നിര്‍ത്തി, അന്യര്‍ക്കു ശ്രേയസ്സു വരുത്തണമെന്നും മാത്രം പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? എങ്കില്‍ അതൊരു നേട്ടമായിരിക്കും. ‘എനിക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം’ എന്നും മറ്റും പറയുന്ന ഒരു വിഭാഗം ആള്‍ക്കാരുണ്ട്. ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുക എന്ന ഈ സമ്പ്രദായത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് നിസ്വാര്‍ത്ഥതയുടെ തത്വമാണ്.
പ്രാര്‍ത്ഥനകൊണ്ട് ഹൃദയം പരിശുദ്ധമാക്കുക എന്നതില്‍ കവിഞ്ഞ ചില നേട്ടങ്ങളുണ്ട്. നിരന്തരമായി ഏതില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നുവോ അതായിത്തീരുക അതിന്റെ നന്മയോ തിന്മയോ സ്വയം ഉള്‍ക്കൊള്ളുക. എന്നത് മനുഷ്യജന്മത്തിന്റെ സ്വഭാവവിശേഷമാണ്. സദ്‌വിചാരങ്ങള്‍ ഉണ്ടായിരിക്കണം, സജ്ജനസഹരണം വേണം എന്നും മറ്റുമുള്ള ഉപദേശങ്ങളുടെ ആന്തരോദ്ദേശം മനസ്സ് നന്മയും സദ്‌വിചാരങ്ങളും ഉള്‍ക്കൊള്ളുന്നതായിത്തീരണമെന്നത്രേ, സ്വാര്‍ത്ഥത പരദ്രോഹം മുതലായ കാര്യങ്ങളില്‍ തുടര്‍ച്ചയായി വ്യാപരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ മനസ്സ് സ്വയം ആവക തിന്മകളുടെ രൂപം പ്രാപിച്ചേതീരു, അന്യനോടു വിദ്വേഷം വര്‍ദ്ധിച്ചുപ്പോള്‍ ഒരാള്‍ ‘പോടാപട്ടീ’ എന്ന് മറ്റൊരാളെ വിളിക്കുന്നു എന്നിരിക്കട്ടെ. ആ സമയം ആ വിളിച്ച ആളിന്റെ മനസ്സ് സ്വയം ഒരു പട്ടിയായിത്തീര്‍ന്നതിനുശേഷമാണ് അന്യനെ അങ്ങനെവിളിക്കുവാന്‍ സാധിക്കുക. നന്മയുടെ കാര്യത്തിലും ഇതുപോലെയാണ്. സര്‍വ്വശക്തനും കാരുണ്യശാലിയും സര്‍വ്വാന്തര്യാമിയും ഇങ്ങനെ അനേകം ഗുണവിശേഷങ്ങള്‍ ഈശ്വരനില്‍ സങ്കല്പിച്ച്, ആ ഈശ്വരനോട് എന്തെങ്കിലും പ്രാര്‍ത്ഥിക്കുമ്പോള്‍, സങ്കല്പിക്കപ്പെടുന്ന ആ ഗുണവിശേഷങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ആളിന്റെ മനസ്സിനും ഉണ്ടായിത്തീരും. ഇത് നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുംതോറും അതിന് ആഴവും ശക്തിയും വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങനെ, ക്രമേണ ആ ഗുണവിശേഷമുള്ള ആത്മാവായിത്തീരുക. അതായത് ഈശ്വരനായിത്തീരുക. എന്ന പരമലക്ഷ്യത്തിലേക്ക് അടുക്കുവാനുളള ചുവട്ടടികളായി വേണം നാം പ്രാര്‍ത്ഥനയെ കരുതുവാന്‍. പക്ഷെ പ്രാര്‍ത്ഥന അന്യചിന്ത കൂടാതെയും ഏകാഗ്രമായും ആയിരിക്കണമെന്നുളളത് അത്യാവശ്യമാണ്. നിത്യവുമുള്ള ഒരു ചടങ്ങ് നിറവേറ്റുന്ന മട്ടിലോ കച്ചവടക്കാര്യമോ അന്നു ചെയ്യേണ്ട പരിപാടികളുടെ കാര്യമോ ചിന്തിച്ചുകൊണ്ട് പ്രാര്‍ത്ഥനയുടെ വാചകങ്ങള്‍ പെട്ടെന്നു ഉരുവിടുന്ന സമ്പ്രദായത്തിലോ പ്രാര്‍ത്ഥച്ചതുകൊണ്ട് വലിയ പ്രയോജനമൊന്നും കിട്ടാന്‍മാര്‍ഗ്ഗമില്ല. അത് അത്രയും സമയം പാഴാക്കലായിരിക്കുമെന്നേ ഉള്ളൂ.
പ്രാര്‍ത്ഥനയോടൊപ്പം പലരും നേര്‍ച്ചകള്‍ (വഴിപാടുകള്‍) നടത്താറുണ്ട്. വഴിപാടുകളെപ്പറ്റി ദൈവത്തിനു കൈക്കൂലി കൊടുക്കുക എന്നു വിശേഷിപ്പിച്ച് പലരും പുച്ഛിച്ചു പറയുന്നതും കേള്‍ക്കാം. വഴിപാടുകള്‍ കഴിക്കുക എന്നതിലടങ്ങിയിരിക്കുന്ന തത്വം എന്തെന്നു മനസ്സിലാക്കാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും ഇപ്രകാരം അഭിപ്രായങ്ങള്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ പരിഗണന അര്‍ഹിക്കുന്നതേ ഇല്ല. എന്നാല്‍ ഇതില്‍ ശ്രദ്ധേയമായ മറ്റൊരു സംഗതിയുള്ളത്. വഴിപാടുകളുടെ ആന്തരതത്വം എന്തെന്ന് അതു നടത്തുന്നവര്‍ക്കും അറിവില്ലെന്നുള്ളതാണ്. പക്ഷെ അവര്‍ അത് അറിഞ്ഞിരിക്കണമെന്നില്ല. താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ഭയപ്പെടുകയും ആശ്രയിക്കുകയും പരിഭവിക്കുകയും വിഷമങ്ങള്‍ പറയുകയും ഇങ്ങനെ തനിക്ക് ഏതു സംഗതിയിലും അവലംബമാക്കാനുള്ള സ്ഥാനം അഥവാ ശക്തി എന്ന നിലയില്‍ കരുതപ്പെടുന്ന ഈശ്വരന് തന്റെ കഴിവിനൊത്തവിധം ആത്മസമര്‍പ്പണബുദ്ധിയോടെ എന്തെങ്കിലും സമര്‍പ്പിച്ച് സ്വയം കൃതാര്‍ത്ഥതയടയുക എന്ന രീതിയിലായിരിക്കണം വഴിപാടികള്‍ നടത്തുക. നാം എന്തെങ്കിലും കൊടുത്തിട്ട് അതുകൊണ്ട് ഈശ്വരന് ഒന്നും സാധിക്കാനില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ‘ആത്മസമര്‍പ്പണബുദ്ധിയോടെ എന്റെ ഭക്തന്‍ എനിക്കു തരുന്ന ഒരു തുളസീദളംപോലും എനിക്കേറ്റവും വലിയതാണ്. ‘ എന്ന് ഭഗവാന്‍ അരുളിച്ചെയ്തതിന്റെ പൊരുള്‍ ഇതല്ലെങ്കില്‍ പിന്നെ എന്താണ്?
ഒരു വിദ്യാര്‍ത്ഥി അയാള്‍ ഏറ്റവും ബഹുമാനിക്കുന്ന അദ്ധ്യാപകന്‍ എപ്പോഴും സമീപത്തുണ്ടെന്നുവന്നാല്‍ വളരെ അച്ചടക്കവും മര്യാദയും വിനയവും കാണിച്ചുകൊണ്ടിരിക്കും. തന്റെ വിധികര്‍ത്താവായ മേലുദ്യോഗസന്ഥന്‍ സമീപത്തിരിക്കുമ്പോള്‍ ഒരാള്‍ ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും പ്രകടിപ്പിക്കും. എന്നാല്‍ ആ അദ്ധ്യാപകന്റെയും മേലുദ്യോഗസ്ഥന്റെയും വിധികര്‍ത്താവായ ഈശ്വരന്‍ എപ്പോഴും തന്റെ കൂടെയുണ്ടെന്ന് അറിയുന്ന ഒരാള്‍ക്ക് എങ്ങനെയാണ് അല്പമെങ്കിലും തിന്മ ചെയ്യാന്‍ തോന്നുക? പക്ഷെ അവിടെയാണ് ‘ഭഗവാന്റെ മായാവിലാസം’ എന്ന് പുരാണങ്ങളില്‍ പറയുന്ന പ്രവര്‍ത്തനം നാം കാണുന്നത്. ഈശ്വരന്‍ തന്റെകൂടെ ഇല്ലെന്നോ ഉണ്ടെങ്കിലും സാരമില്ലെന്നോ, ഈശ്വരന്‍തന്നെ ഇല്ലെന്നോ പലരും വിചാരിച്ചു കളയുന്നു. പക്ഷെ അപരിഹാര്യമായ ഒരു അടിയന്തിരഘട്ടം ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി. അതുവരെ വിസ്തരിക്കപ്പെട്ടിരുന്ന ഈശ്വരനെ അവര്‍ വിളിച്ചു എന്നു വരാം.
തികഞ്ഞ ഈശ്വരഭക്തിയുള്ളവര്‍ക്കുപോലും ന്യായാന്യാങ്ങളെയും അഭിമാനത്തെയും സ്ഥലകാലസന്ദര്‍ഭങ്ങളെയും ഒന്നും ചിന്തിക്കാന്‍ സാധിക്കാതെ ചില അടിയന്തിരഘട്ടങ്ങളുണ്ടാവും. രക്ഷിക്കാന്‍ ഈശ്വരന്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയില്‍ മനസ്സും ബുദ്ധിയും ശ്രദ്ധയും എല്ലാം ആ ഒരേ ലക്ഷ്യത്തിലേക്കുമാത്രം തിരിയുന്നു. ചിന്തകള്‍ക്ക് ആ മണ്ഡലത്തില്‍ പ്രവേശനമില്ല. അവനവനേത്തന്നെ മറന്നുപോകുന്നു. ‘എന്റെ ഈശ്വരാ രക്ഷിക്കണേ? രക്ഷിക്കണേ! എന്ന ഒരൊറ്റ ശബ്ദം മാത്രം. ആ വിളി നിഷ്ഫലമാവുകയില്ല. ഈശ്വരഭക്തി അവിടെ പ്രത്യക്ഷമായേ കഴിയൂ. അപ്പോഴത് ഒരു പ്രാര്‍ത്ഥനയല്ല. ഒരു നിലവിളിയാണ്. നിലവിളിയേക്കാള്‍ ഉപരിയാണ്. അനങ്ങാത്ത ഒരു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ ചെയ്യുന്ന കഠിന പരിശ്രമത്തേക്കാള്‍ തീവ്രമാണ്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന ഒരാള്‍ക്ക് എവിടെയെങ്കിലും പിടികിട്ടുമ്പോള്‍ ആ പിടിമുറുക്കുന്നതുപോലെയാണ്.
കൗരവസദസ്സില്‍വച്ച് പാഞ്ചാലി ഇങ്ങനെ നിലവിളിച്ചു. ഭഗവാന്‍ മാത്രമേ തന്നെ രക്ഷിക്കാനുള്ളൂ എന്ന് അവള്‍കണ്ടു. ഭഗവാനെ വിളിച്ച ഉച്ചത്തില്‍, തൊണ്ടപൊട്ടിപ്പോകുമാറ് ഉറക്കെ വിളിച്ചു. പ്രപഞ്ചത്തിന്റെ ഏതു കോണിലും മുഴങ്ങാന്‍ തക്കവിധം എല്ലാം മറന്ന് അവള്‍ വിളിച്ചു. ‘ കൃഷ്ണാ! കൃഷ്ണാ! രക്ഷിക്കണേ! ‘
പ്രഹഌദനും ഇങ്ങനെ വിളിച്ചിട്ടുണ്ട്. സ്വന്തം പിതാവ് ശത്രുവായിത്തീര്‍ന്നപ്പോള്‍ രക്ഷിക്കാന്‍ ആരുമില്ലെന്നു കണ്ടപ്പോള്‍, ഉറക്കെ വാവിട്ടു വിളിച്ചു. തന്റെ എല്ലാം എല്ലാമായ ഭഗവാനെ വിളിച്ചു. ‘എന്റെ നാരായണ! രക്ഷിക്കണേ !’
വേറെയും പലര്‍ ഇങ്ങനെ വിളിച്ചിട്ടുണ്ട്. അതുകേട്ടു അടങ്ങിയിരിക്കാന്‍ നിവൃത്തിയില്ലാതെ അവിടെയെല്ലാം ഈശ്വരന്‍ ഓടി എത്തിയിട്ടുമുണ്ട്.
പക്ഷെ നിത്യജീവിതത്തില്‍ ഇതുപോലെയുള്ള അടിയന്തിരഘട്ടങ്ങളുണ്ടാകുക സാധാരണമല്ല. ഉണ്ടായാല്‍ ആരും വിളിച്ചുപോകും. വിളിച്ചാല്‍ ഈശ്വരന്‍ വരികയും ചെയ്യും.
Discussion about this post