*കെ.വി.മേനോന്‍*
സപ്താശ്വരഥനായ ആദിത്യദേവന്‍ ഉദിക്കുന്നു. 30 നാഴികയാകുമ്പോള്‍ അംബുധിയില്‍ മറയുന്നു. ഇങ്ങനെ ദിനരാത്രങ്ങള്‍ നീങ്ങുന്നതോടൊപ്പം മനുഷ്യന്‍ മരണപ്പുരയുടെ കവാടത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. ലൗകികകുതികിയായ മനുഷ്യന്‍ ഇതറിയുന്നില്ല. ആദിത്യനുക്കുന്നതിനുമുമ്പ് ഉണര്‍ന്നെഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നവരുണ്ട്. ആദിത്യോദയത്തിനുമുമ്പ് ഉണര്‍ന്നെഴുന്നേല്ക്കണമെന്ന നിര്‍ബ്ബന്ധമുള്ളവരുണ്ട്. ഉദയം കഴിഞ്ഞും പുതച്ചുമൂടിയുറങ്ങുന്ന പോത്തിന്റെ സ്വഭാവത്തിലുളള മനുഷ്യരൂപികളുമുണ്ട്. ഇവരുടെ ഓരോരുത്തരുടേയും ഉദ്ദേശം ഓരോന്നാണ്. അതിരാവിലെ ജോലിക്കുപോകേണ്ടവര്‍ കാണും. വെളുപ്പിനെ ഉണര്‍ന്നു ദിനകൃത്യങ്ങള്‍പൂര്‍ത്തിയാക്കുന്നത് ആരോഗ്യകരമാണെന്നു കരുതുന്നവര്‍ കാണാം. വെളുപ്പിന് ഈശ്വരഭജനം നടത്തുക നിര്‍ബ്ബന്ധമായി കരുതിയിട്ടുള്ളവര്‍ കാണും. ‘പ്രാതഃസ്‌നാനം ബുദ്ധിവിശേഷം’ എന്നു കരുതുന്നവരും കാണും. ഓരോരുത്തര്‍ തന്റെ ഹിതാനുസരണം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്നല്ലാതെ ഇതെന്തിനുവേണ്ടിയെന്ന് ആരെയും ബോദ്ധ്യപ്പെടുത്താറില്ല. അവരവരെ ബോദ്ധ്യപ്പെടുത്തിച്ചെയ്യുന്നു. അവരവരെ എന്നു പറഞ്ഞാല്‍ ആരെ, അതിനു ‘മനസ്സാക്ഷി’ എന്നായിരിക്കും മറുപടി. എന്തുപറയുമ്പോഴും അവരവരുടെ മനഃസാക്ഷിയെ നിലനിര്‍ത്തിയാല്‍ മതിയെന്നു പറയുന്നത് സാധാരണമാണ്. മനസാക്ഷി എന്നു പറഞ്ഞാല്‍ എന്താണ്. അത് അറിയണമെങ്കില്‍ സ്വല്പം ശ്രമിക്കയും ശ്രദ്ധിക്കുകയും ചെയ്‌തേ അറിയാന്‍ പറ്റുകയുള്ളൂ. നമ്മില്‍ ഓരോരുത്തരും ഒരു പ്രവൃത്തിചെയ്യാന്‍ ആരംഭിക്കുമ്പോള്‍ നാം അറിയാതെ പെട്ടെന്ന് ഉള്ളില്‍നിന്നും ഒരഭിപ്രായം ഉണ്ടാകുന്നില്ല. ആ പ്രചോദനം ഉണ്ടാകാതെ നഷ്ടപ്പെടുന്നു. ദൈവാധീനം അവയില്‍നിന്നും മായുന്നു എന്നു സാരം, അതിനെ അനുസരിക്കുന്നു എന്നുവന്നാല്‍ അത് സദാ നമ്മില്‍ പ്രകാശിച്ചുകൊണ്ടുമിരിക്കും. അവനുണ്ടാകുന്ന അനുഭവങ്ങളും നന്മയേറിയതായിരിക്കും. അതിനെ ലോകം ദൈവാധീനമെന്നു വിധിയെഴുതുകയും ചെയ്യും.
പാണ്ഡവര്‍ക്കും കൗരവര്‍ക്കും തുല്യാവകശാമുള്ള ഭൂമിയില്‍ പാണ്ഡവര്‍ക്കു താമസിക്കാന്‍ ഒരു വീടുപോലും കൗരവര്‍ കൊടുക്കില്ലെന്നു ശഠിച്ചു. ഇരുകൂട്ടരും യുദ്ധത്തിനുതന്നെ തീരുമാനിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ചമ്മട്ടിയും ഏന്തി അര്‍ജ്ജുനന് സാരഥ്യവേല കൈക്കൊണ്ടു. രഥം കുരുക്ഷേത്രത്തില്‍കൊണ്ടു ചെന്നുനിര്‍ത്തി. അര്‍ജ്ജുനന്‍ ചുറ്റുപാടും ഒന്നുനോക്കി. തനിക്കുഗുരുത്വമുള്ള ആളുകളെയാണ് ശത്രുപക്ഷത്തു കാണപ്പെട്ടത് ഇവരെയെല്ലാം കൊന്നിട്ട് രാജ്യവും പ്രതാപവും എല്ലാം എന്തിന് എന്ന ചിന്തയുദിച്ചു. ഇതികര്‍ത്തവ്യതാമൂഢനായി. ആ ചിന്തയുടെ മുമ്പില്‍ ഉണ്ടായ ശ്രീകൃഷ്ണ പരമാത്മാവിന്റെ ഗീതോപദേശം ചിന്ത അടിസ്ഥാനരഹിതമായുള്ള എന്നുള്ള ബോധം അര്‍ജ്ജുനനെ വളര്‍ത്തി. ആ പ്രേരണ അനുസരിച്ച് പ്രവര്‍ത്തിച്ചു, വിജയം വരിച്ചു. ആ ശ്രീകൃഷ്ണ പരമാത്മാവ് നമ്മുടെ ജീവിതമാകുന്ന രഥമോടിക്കുവാന്‍ ചമ്മട്ടിയുമേന്തി നമ്മില്‍ ഓരോരുത്തരിലും തയാറായി നില്‍പ്പുണ്ട്. ഓടിച്ചുകൊണ്ടുമിരിക്കുന്നു. നമ്മുടെ ലോകജീവിതമാകുന്ന ആയോധനത്തില്‍ ചിന്താതാന്തരാകുമ്പോള്‍ ഗീതോപദേശം നമുക്കും തരുന്നുണ്ട്. അതാണ് അന്തകരണപ്രചോദനം. അതിനെ അനുസരിക്കുന്നതിനാണ് വിജയം സിദ്ധിക്കുന്നത്. ആ വിജയത്തെയാണ് ദൈവാധീനം എന്നു വിധിയെഴുതേണ്ടത്. അപ്രാപ്തരെന്നു ലോകം വിധിയെഴുതി പുറന്തള്ളപ്പെട്ടിട്ടുള്ള പ്രഗല്‍ഭരെന്ന് സ്വയവും ലോകവും സമ്മതിച്ചിട്ടുള്ളവര്‍ വിചാരിച്ചാല്‍പോലും സാധിക്കാത്തകാര്യങ്ങള്‍ അപ്രാപ്തന്‍ ഏറ്റവും വിജയകരമായി ചെയ്തു വിജയംനേടിയ അതെ, നേടിക്കൊണ്ടിരിക്കുന്ന പല അനുഭവങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ ഉണ്ട്. അതിന്റെ കാരണത്തെപ്പറ്റി ആരാഞ്ഞാല്‍ എന്തായിരിക്കും മറുപടി? അതവന്റെ ദൈവാധീനമാണെന്നും തന്നെ ആയിരിക്കും മറുപടി. അതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് അവര്‍ അപ്രാപ്തനാകാന്‍ ഒന്നാമത്തെ കാരണം പ്രാപ്തനെന്ന് അഭിമാനിക്കുന്നവരുടെ വാക്ക് അവന്‍ കേള്‍ക്കുകയില്ല. രണ്ട് അവര്‍ എന്തുപറഞ്ഞാലും അവന്റെ തോന്നലിനെ (അന്തഃകരണ പ്രചോദനത്തെ) ആധാരമാക്കിയേ പ്രവര്‍ത്തിക്കൂ. ആ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്നത് വെറുപ്പായിരിക്കും. അവനെ പുറന്തള്ളുന്നു. വേണമെങ്കില്‍ ധിക്കാരിയായും കൊള്ളരുതാത്തവനായും കൂടി അവനെ മുദ്രയടിക്കും. ഈ വിധം നിസ്സഹയാനാകുന്ന അവന് നന്മയുണ്ടാകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന ഈര്‍ഷ്യയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് അത് അവന്റെ മിടുക്കൊന്നുമില്ല ദൈവാധീനമാണെന്ന് സമാധാനിക്കുന്നു. നമ്മുടെ ഒരു സംരംഭത്തെ മുന്നോട്ടു നയിക്കുന്നതിന് നാം ഒരുങ്ങുമ്പോള്‍ നമ്മെ ചുറ്റിക്കൂടുന്നവരില്‍നിന്നും അഥവാ നമ്മോടൊപ്പം സഹകരിക്കേണ്ടവരില്‍നിന്നും എന്തെല്ലാം അഭിപ്രായം ഉണ്ടായാലും നാം അതിനായി ആരംഭിച്ചപ്പോഴുണ്ടായ ‘ തോന്നല്‍’ (പ്രചോദനം) എന്തോ അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയവും കഴിവും ഉണ്ടാകുമ്പോള്‍ ദൈവാധീനവും നമ്മുടെകൂടെ ഉണ്ടായിരിക്കും. ആ ദൈവാധീനത്തെ ജയിക്കുവാന്‍ ആരാലും സാധ്യമല്ല. നമ്മുടെ ജീവിതാടിസ്ഥാനത്തെ തകിടംമറിക്കുവാനുള്ള അധികാരശക്തി കേന്ദ്രീകരിച്ചിരിക്കുന്നവര്‍പോലും വെറുക്കപ്പെട്ടേക്കാം. അവിടെല്ലാം അടിപതറാതെ നമ്മുടെ തോന്നലിനെ ആദരിക്കുക നാം ദൈവാധീനം ഉള്ളവരാകുമ്പോള്‍ ഉയര്‍ക്കപ്പെട്ടവര്‍ അടുത്തുകൊള്ളും. അവരില്‍നിന്നും വെറുക്കപ്പെട്ടവേളകളില്‍ എന്തെങ്കിലും തിക്തങ്ങളായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കാറ്റില്‍ മലര്‍പൊടിപോലെ മാഞ്ഞുപോകും. എന്തുവന്നാലും കൂടസ്ഥനില്‍ അനുസരിക്കുകയാണ്. നമുക്ക് ഏതിനെക്കാളും വലുതും ദൈവാധീനമാണെന്ന് ഉറയ്ക്കണം. ആജ്ഞാശക്തിയും പ്രതാപപ്രൗഡികളും ധനമദവുമെല്ലാം നശ്വരമാണെന്നും അനശ്വരമായിട്ടുള്ളത് ദൈവാധീനമാണെന്നും ആ വിധപരീക്ഷണഘട്ടങ്ങളിലെല്ലാം ഓര്‍മ്മയുണ്ടായിരിക്കണം. ഈ ലോകത്ത് കാണുന്ന പ്രൗഡിക്കും പ്രതാപത്തിനും വേണ്ടിയല്ല നാം പ്രവര്‍ത്തിക്കേണ്ടത്. ദൈവാധീനത്തിനുവേണ്ടിയാണെന്ന് ഓരോ സംരംഭത്തിലും ഓര്‍മ്മയുണ്ടായിരിക്കണം.
നെഹ്‌റുവിന്റെ പിന്‍ഗാമി ആര്? ഇതൊരു ചോദ്യചിഹ്നമായിരുന്നു. നെഹ്‌റു ഇഹലോകവാസം വെടിയുന്നതിന് ഏതാനും നാള്‍മുമ്പ് വകുപ്പില്ലാമന്ത്രിയായ ശ്രീ ശാസ്ത്രി നെഹ്‌റുജിയുടെ മുമ്പില്‍ചെന്നു ചോദിച്ചു ‘ഞാന്‍ ചെയ്യേണ്ട ജോലി എന്താണ് ? ‘ എന്ന്. പെട്ടെന്ന് ഉണ്ടായ മറുപടി ‘എന്റെ ജോലി ചെയ്തുകൊള്ളൂ’ എന്നായിരുന്നു. നെഹ്‌റുജിയുടെ അന്തഃകരണപ്രചോദനമാണ് അറിയാതെ പുറപ്പെട്ടത്. അത് എങ്ങനെ പര്യവസാനിച്ചു. ശ്രീ ശാസ്ത്രി പ്രധാനമന്ത്രിയായി ചാര്‍ജ്ജെടുത്തതിനുശേഷം ആദ്യത്തെ പ്രസ്താവനയില്‍ ഊന്നി പ്രസ്താവിച്ചതെന്താണ് ‘തോന്നല്‍’ അനുസരിച്ച് എല്ലാം ചെയ്യുന്നതാണ് എന്നാണ്. സാധാരണ പറയുള്ളത് ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കും എന്നുമറ്റുമാണ്. ഒരു ഓഫീസര്‍ തന്നെ മേശമേല്‍ വന്ന ഫയല്‍ ഓരോന്നായി പരിശോധിച്ച് വരെ ഒരു ഫയല്‍ നോക്കിയപ്പോള്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ മറ്റൊരാളെ വീഴ്ചക്കാരനാക്കി ആ താണ ഉദ്യോഗസ്ഥന് ഫയല്‍ നിശ്ചയിച്ച് ഉത്തരവയക്കാന്‍ ഗുമസ്തന്‍ നോട്ടിട്ടിരിക്കുകയാണ്. അതില്‍ ഓഫിസര്‍ എന്താണ് ഉത്തരവിട്ടത്. വീഴ്ചക്കാരനാക്കി പിഴക്കര്‍ഹനാക്കിയ ആളിന് വീഴ്ച സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഒന്നുംതന്നെ ഫയലില്‍ കാണുന്നില്ല. അപ്പോള്‍ പിഴയ്ക്കര്‍ഹനാരാണ്? പിഴ നിശ്ചയിക്കാനുള്ള അധികാരം ദൈവദത്തമാണ്. അത് ദുര്‍വിനിയോഗം ചെയ്യാന്‍ പാടില്ലെന്ന് ധരിക്കണം. ഇത് ഓഫീസറുടെ നീതിനിഷ്ടയായി വ്യാഖ്യാനിക്കാനെങ്കിലും ആലോചിച്ചാല്‍ പെട്ടെന്ന് ഉണ്ടായ തോന്നല്‍ അതേപടി പകര്‍ത്തിയതാണെന്ന് സ്പഷ്ടമാക്കുന്നതാണ്.
ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ ഒഴിവുവേളകളിലെല്ലാം തന്റെ മാതാവിന്റെ താമസ സ്ഥലത്തേക്കു പോവുക പതിവായിരുന്നു. ഒരു പ്രാവശ്യം പോകുന്നില്ലെന്ന് തീരുമാനിച്ച് വിശ്രമമെടുക്കാന്‍ ഉറച്ചു. ഒഴിവുദിവസം രാവിലെ ദിനകൃത്യങ്ങളെല്ലാം കഴിഞ്ഞ് രാവിലത്തെ ഭക്ഷണം കഴിച്ച് എന്തൊക്കെയോ വായിച്ചുകൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിനു ഒരുമണിക്കൂറിനു മുമ്പ് അവന് പെട്ടെന്ന് ഒരു തോന്നല്‍ ഉണ്ടായി അമ്മയുടെ അടുത്തേക്ക് ഉടനെ പോകണമെന്ന്. അവന്‍ പെട്ടെന്ന് എണീറ്റ് പോകാന്‍ ഒരുക്കമായി. സഹോദരങ്ങളും മറ്റും ഇനി ഭക്ഷണം കഴിഞ്ഞ് പോകാം ഇത്രയും സമയമായില്ലേ ഇത്തവണപോകുന്നില്ല എന്നല്ലേപറഞ്ഞിരുന്നത്. എന്നെല്ലാം ശക്തിയായി തടഞ്ഞു. ഇതിനെയെല്ലാം അവഗണിച്ച് അവന്‍ അമ്മ താമസിക്കുന്ന സ്ഥലത്തെത്തി. ആ വീട്ടില്‍ കയറിയപ്പോള്‍ കണ്ട കാഴ്ചയെന്താണ്? തന്റെ മാതാവ് ഉടല്‍ പകുതി മുറിക്കകത്തും പകുതി വരാന്തയിലുമായി ബോധരഹിതയായി കിടക്കുന്നു. സമീപത്തെങ്ങും ആരുമില്ല. ഉടന്‍തന്നെ അവന്‍ ബോധരഹിതനായ തന്റെ മാതാവിനെ എടുത്തു നേരെ കിടത്തി മുഖത്തു വെള്ളമെല്ലാം തളിച്ചു. അടുത്തവീട്ടുകാരെ വിളിച്ചുവരുത്തി വൈദ്യന് ആളയച്ചു. വേണ്ട ശുശ്രൂഷകള്‍ നടത്തി. ആ മാതാവ് ഒരു ചരമസന്ധ്യയെ തരണംചെയ്ത് എഴുന്നേറ്റു സുഖംപ്രാപിച്ചു. ഒരു മകന്‍ അമ്മയോട് അനുഷ്ഠിക്കേണ്ട കടമ നിറവേറ്റി ദൈവാധീനം സിദ്ധിച്ചു.
ധനശേഷിയില്ലാത്ത പിതാവ് സഹായകരണങ്ങള്‍ക്ക് മനസ്ഥിതിയില്ലാത്ത സഹോദരാദിബന്ധുക്കള്‍ സ്വയംപര്യാപ്തമല്ലാത്ത മാതാവ് ഈ തണലില്‍പെട്ട ഒരു മകന്‍ അവന്റെ വിദ്യാഭ്യാസത്തിന് പണം കൂടി വേണ്ടിവന്ന ഘട്ടത്തില്‍ പിതാവിന്റെ വിയോഗം മാതാവ് സ്വന്തം ജീവിതത്തിന് മറ്റൊരു മകനെ ശരണം പ്രാപിച്ചു. നിസ്സഹായനായ അവന്റെ വിദ്യാഭ്യാസം മുടങ്ങി. ആ ബാല്യദശയില്‍ ഒരുനേരത്തെ ആഹാരത്തിനുപോലും അവന്റേതായ പ്രയത്‌നം വേണ്ടിവന്നു. അവന്‍ ഈശ്വരനെ മാത്രം വിളിച്ചുസഹായം അപേക്ഷിച്ചു. ചുരുങ്ങിയ വിദ്യാഭ്യാസം സമ്പാദിക്കാന്‍ വീണ്ടും അവസരം ലഭിച്ചു. അവന്റെ ജീവിതം കഷ്ടിച്ചു പരാശ്രയലേശം കൂടാതെ കഴിയുവാനുള്ള ഒരു ജോലി കിട്ടി. ജോലിയില്‍ പ്രവേശിച്ച സമയം അവന് ഒരു തോന്നല്‍ ഉണ്ടായി. ‘എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ പിന്‍ഗാമികള്‍ക്കുണ്ടാവാന്‍ പാടില്ല’. ആ നിമിഷംമുതല്‍ അവന്‍ അവന്റെ സുഖങ്ങളേയോ ഭാവിയേയോ ലക്ഷ്യമാക്കിയില്ല. തോന്നലിനെ ആദരിച്ചുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു. അവന്റെ പിന്‍ഗാമികള്‍ എല്ലാവരും ആ അടിസ്ഥാനത്തില്‍കൂടി അവനെക്കാള്‍ ഉയര്‍ന്നനിലകളില്‍ അവന്റെ ഉദ്ദേശംപോലെ പരിലസിക്കുന്നു. ചിലര്‍ തിക്തകംപോലെ അവനെ വെറുക്കുന്നുണ്ട്. ചിലര്‍ സ്മരണയോടെ ഹിതവര്‍ത്തിയായി നില്‍ക്കുന്നു. ഇവന്റെ സാന്നിദ്ധ്യം തങ്ങളുടെ അധികാരത്തിലും വശത്തും ബാക്കിയുള്ളവരെ വരുത്തുവാന്‍ വിലങ്ങുതടിയാകണമെന്നുള്ള ഉള്ള തെറ്റിദ്ധാരണയില്‍ ഇവന്റെ നാശത്തെ കാംക്ഷിക്കുന്നു. അവന്‍ തോന്നലിനെ (അന്തഃകരണപ്രലോഭനത്തെ) മാത്രം മാനിച്ച് ബാക്കി പ്രതാപപ്രൗഡികളെ തൃണവല്‍ഗണിച്ച് ദൈവാധീനത്തില്‍കൂടി ലോകയാത്രചെയ്യുന്നു. എന്നാല്‍ തോന്നലിനെ മാനിച്ചതില്‍നിന്നും തന്റെ വരുമാനങ്ങള്‍ക്ക് ലോപമുണ്ട്. ഋണബദ്ധനാണ്. പലരും അബദ്ധനെന്ന് പഴിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്നും തോന്നലിനെ ആശ്രയിച്ചുകൊണ്ടേയിരിക്കുന്നു. അവന്റെ അനുഭവങ്ങള്‍ക്ക് ഒരു ഹാനിയും ഇല്ല എന്താണ് അതിനുകാരണം. ദൈവാധീനം.
തോന്നലിനെ ആദരിക്കുക
ദൈവാധീനം കരഗതം
ദൈവാധീനം ജഗത്‌സര്‍വ്വം
Discussion about this post