*കെ.പ്രഭാകരന്‍നായര്‍*
ക്രിസ്തുവര്‍ഷം 1875 മാര്‍ച്ചിലാണ് ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ആ സംഭവം ഉണ്ടായത്. ബ്രഹ്മസമാജത്തിന്റെ നേതാവായ കേശബ് ചന്ദ്രനസേനനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു അത്. ഈ കൂടിക്കാഴ്ച ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി. കേശബ് ഉന്നതശീര്‍ഷനായ നേതാവ്. അഗാധപണ്ഡിതന്‍ ഉജ്ജ്വലനായ വാഗ്മി എന്നീ നിലകളില്‍ അന്നു ഭാരതത്തിലും, യൂറോപ്പിലും പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. വിദ്യാവിചക്ഷണരും പുരോഗമനാശയരുമായ ചെറുപ്പക്കാരുടെ ഇടയില്‍നിന്നാണ് അദ്ദേഹം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്.
മഹര്‍ഷി ദേവേന്ദ്രനാഥടാഗോറിന്റെ അനന്തരഗാമിയായി രംഗത്തേക്കു വന്ന അദ്ദേഹം ഭാരതവര്‍ഷീയ ബ്രഹ്മസമാജം സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ഠ്യവും, കര്‍മ്മോന്മുഖതയും ആവേശഭരിതരായ നിരവധി സത്യാന്വേഷികള്‍ക്ക് മാതൃകയായിത്തീര്‍ന്നിരുന്നു. ഇംഗ്ലീഷു വിദ്യാഭ്യാസം സിദ്ധിച്ച നവയുവാക്കളിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര മായാത്തവണ്ണം പതിഞ്ഞിരുന്നു.
കേശബ് ചന്ദ്രസേനന്റെ അസാധാരണമായ കഴിവുകള്‍ പലപ്പോഴും ശ്രീരാമകൃഷ്ണന്റെ ചെവിയിലും എത്തിയിരുന്നു. ഒരിക്കല്‍ പരമഹംസന്‍ ആദിബ്രഹ്മസമാജം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ധ്യനം പൂണ്ടിരുന്ന ബാലന്മാരില്‍ കേശബ് മാത്രമാണ് അദ്ദേഹത്തിന്റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചത്. ആ ബാലനാണ് ഇപ്പോള്‍ ഒരു മഹാവ്യക്തിയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നത്. അപ്രകാരമുള്ള ഒരു വിശിഷ്ടപൂരുഷനെ സന്ദര്‍ശിച്ചു സംസാരിച്ചാല്‍ കൊള്ളാമെന്നു ശ്രീരാമകൃഷ്ണനു തോന്നി. അദ്ദേഹം ഒരുഅനുചരനേയും കൂട്ടി കല്‍ക്കത്തയിലെ ജയഗോപാല്‍ സേനന്റെ ഭവനത്തിലേക്കു യാത്രയായി.
കേശബ് കുറച്ചു സഹപ്രവര്‍ത്തകരുമായി പ്രസ്തുതഭവനത്തില്‍ വിശ്രമിക്കുന്ന അവസരമായിരുന്നു അത്. ഒരു വലിയ ഭക്തന്‍ തന്നെ സന്ദര്‍ശിച്ചു വേദാന്തപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വന്നിട്ടുണ്ടെന്നു കേട്ടു കേശബ് ആഗതനെ ഗൃഹത്തിനുള്ളിലേക്കു സ്വാഗതം ചെയ്തു. പരമഹംസര്‍ ചുവന്ന കരയുള്ള ഒരു ദോത്തി ധരിച്ച് അതിന്റെ ഒരറ്റം ഇടത്തേ ചുമലിനു മീതെ നീട്ടിയിട്ടിരുന്നു. കേശബും കൂട്ടുകാരം പ്രഥമദൃഷ്ടിയില്‍ സാധാരണയില്‍ക്കവിഞ്ഞ യാതൊന്നും ആ മനുഷ്യനില്‍ കണ്ടില്ല. ശ്രീരാമകൃഷ്ണനാകട്ടെ കേശബിനെ നോക്കി സംഭാഷണവും ആരംഭിച്ചു. ‘കേശബ്! താങ്കള്‍ ദൈവത്തെ കണ്ടെന്നു കേട്ടു.
അതിനെക്കുറിച്ചു വിശദമായി അറിയാനാണ് ഞാന്‍ ഇങ്ങോട്ടു വന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖത്തു നിന്നു അവതരിച്ച വാക്കുകള്‍ ശ്രോതാക്കളെ ആവേശം കൊള്ളിച്ചു. കാളിമാതാവിനെപ്പറ്റി സ്വതഃസിദ്ധമായ തന്മയതയോടെ ഒരു ഗാനം ആലപിക്കുകയും അതില്‍ ആവിഷ്ടഹൃദയനായി അദ്ദേഹം സമാധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇത്തരം അവസ്ഥാവിശേഷങ്ങളെപ്പറ്റി അനഭിജ്ഞരായിരുന്ന കേശബിനും കൂട്ടുകാര്‍ക്കും ശ്രീരാമകൃഷ്ണന്റെ അതീന്ദ്രിയാവസ്ഥ ഒരു പുതുമയായിതോന്നിയില്ല. എന്നാല്‍ പരമഹംസരുടെ അനുചരന്‍ ‘ഓം’ മന്ത്രം ചെവിയില്‍ ഉച്ചരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം പൂര്‍വ്വസ്ഥിതി പ്രാപിച്ചതു കണ്ട് അവര്‍ അദ്ഭുതപരതന്ത്രരായി.
അദ്ദേഹത്തിന്റെ മുഖം ദിവ്യമായ ഒരു പ്രഭാവിശേഷത്താല്‍ ജ്വലിക്കുന്നുണ്ടായിരുന്നു. ആത്മപ്രകാശത്തിന്റെ സ്ഫുരണങ്ങളായി ആ മുഖത്തുനിന്നു പുറപ്പെട്ട വാണികള്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ നേരെ ചെന്നുതറച്ചു. ഒരേ അനന്തമായ ശക്തിയുടെ ആവിഷ്‌ക്കാരഭേദങ്ങളെപ്പറ്റി താഴെപ്പറയുന്ന കഥകളില്‍ വിശദമാക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു.
‘ഒരിക്കല്‍ ഏതാനും കുരുടന്മാര്‍ ഒരു ആനയുടെ അടുക്കല്‍ ചെന്നുചേരാന്‍ ഇടയായി. തങ്ങള്‍ സമീപിച്ചത് ഒരു ആനയെയാണെന്നു മനസ്സിലായപ്പോള്‍ അവര്‍ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വെളിപ്പെടുത്തി. ആനയുടെ കാലില്‍ സ്പര്‍ശിച്ചയാള്‍ ആന തൂണുപോലെയാണെന്നു പറഞ്ഞു. ചെവിതൊട്ടവനാകട്ടെ മുറംപോലെയാണ് ആനയെന്നും അഭിപ്രായപ്പെട്ടു. വയറും, തുമ്പിക്കൈയും സ്പര്‍ശിച്ചവര്‍ വെവ്വേറെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇതേ അനുഭവം ഈശ്വരന്റെ കാര്യത്തിലും സത്യമാണ്. ഓരോരുത്തരും അവരവരുടെ അനുഭവത്തിന്റെ പരിധിയില്‍ ഒതുങ്ങി നിന്നു ഈശ്വരനെപ്പറ്റി സംസാരിക്കുന്നു.
ഒരാള്‍ ഒരു മരച്ചുവട്ടില്‍ വച്ച് ഓന്തിനെ കണ്ടു. മടങ്ങിവന്ന് കൂട്ടുകാരോട് പറഞ്ഞു. ‘ ഞാന്‍ ആ മരത്തിന്റെ ചുവട്ടില്‍ ചുവന്ന മനോഹരമായ ഒരു ഓന്തിനെ കണ്ടു.’ കേട്ടുനിന്നവരില്‍ ഒരുവന്‍ ഇങ്ങനെ വ്യക്തമാക്കി. ‘നിങ്ങള്‍ പറയുന്നതു ശരിയല്ല. കുറച്ചുസമയമേ ആകുന്നുള്ളൂ. ഞാന്‍ അതിനെ കണ്ടിട്ട്. പച്ചനിറത്തിലുള്ള ഓന്തിനെ ഞാന്‍ എന്റെ സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടതാണ്. ‘എനിക്ക് ഓന്തിനെ നല്ലവണ്ണം അറിയാം. നിങ്ങള്‍ രണ്ടുപേര്‍ക്കുംമുമ്പാണ് ഞാന്‍ അതിനെ കണ്ടത്. അതു ചവന്നതുമല്ല; പച്ചയുമല്ല; നീലനിറമുള്ള ഓന്തിനെ ഇതേ കണ്ണുകള്‍കൊണ്ടാണ് ഞാന്‍ കണ്ടത്’ ഇതു മൂന്നാമന്റെ അഭിപ്രായമാണ്. മറ്റു പലരും ഓന്തു മഞ്ഞയാണെന്നും. വെള്ളയാണെന്നും മറ്റും വ്യത്യസ്തമായ വാദങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ന്നു വലിയ ലഹളയായി. അപ്പോഴേക്കും അതിലേ കടന്നുവന്ന ഒരാള്‍ കുഴപ്പമെന്നതാണെന്നു അന്വേഷിച്ചു. സംഗതി മനസ്സിലായപ്പോള്‍ അയാള്‍ പറഞ്ഞു ‘അതേ മരത്തിന്റെ അടുക്കലാണ് ഞാന്‍ താമസിക്കുന്നത്. എനിക്കു ഓന്തിനെ വളരെക്കാലമായി അറിയാം. നിങ്ങള്‍ ഓരോരുത്തരും പറഞ്ഞതുശരിയാണ്. ചിലപ്പോള്‍ അതിന്റെ നിറം പച്ചയായിരിക്കും; ചിലപ്പോള്‍ നീലമായിരിക്കും. ഇങ്ങനെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് ഓന്തിന്റെ നിറത്തിനുള്ളത് നിറമില്ലാത്ത അവസരങ്ങളും ഉണ്ട്’.
ഈശ്വരസ്വരൂപത്തെ അളന്നു വ്യവഛേദിക്കാനുള്ള മനുഷ്യമനസ്സിന്റെ ശ്രമത്തെ ഒരു പഞ്ചസാരക്കുന്നു മുഴുവന്‍ ഒറ്റയടിക്കു വഹിച്ചുകൊണ്ടു പോകാന്‍ ആഗ്രഹിച്ച എറുമ്പിനോടു സാദൃശ്യപ്പെടുത്തികൊണ്ട് ശ്രീരാമകൃഷ്ണന്‍ കളിയാക്കി. ഈശ്വരകൃപയാണ് ഒരുവനെ സാക്ഷാല്‍ക്കാരത്തില്‍ കൊണ്ടെത്തിക്കുന്നതെന്നു അദ്ദേഹം അരുളിച്ചെയ്തു.
ഈ മനുഷ്യന്‍ വാസ്തവത്തില്‍ ഈശ്വരദര്‍ശനം ലഭിച്ച ആളാണെന്ന് കേശബിനു ബോധ്യമാകത്തക്കവിധത്തില്‍ ഏതോ ചില ലക്ഷ്യങ്ങള്‍ ഈ മാതിരിയുള്ള സംസാരത്തില്‍ അന്തര്‍ലീനമായിരുന്നു. എന്തു ചെയ്യേണ്ടുവെന്നറിയാതെ കുഴങ്ങിയ ബ്രഹ്മസമാജത്തിന്റെ സമുന്നത പ്രവാചകന്‍ ഈശ്വര സാക്ഷാല്‍ക്കാരം കൈവന്ന ഈ യോഗിയുടെ മുമ്പില്‍ കേവലം ഒരു ബാലന്റെ മട്ടായിത്തീര്‍ന്നു.
കേശബ് വളരെ ആദരവോടെ അദ്ദേഹത്തിന്റെ മൊഴില്‍ ശ്രദ്ധിച്ചു. തന്റെ ഹൃദയകവാടം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടിയ ഗുരുവിന്റെ ഓരോ വാക്കിനും വസിക്കാനുള്ള ശാശ്വതമായ ഇടം അവിടെ ഉണ്ടായിരുന്നു. സംഭാഷണത്തിന്റെ ഒടുവില്‍ പരമഹംസര്‍ കേശബിനോട് പറഞ്ഞു ‘കേശബ്! നിങ്ങളുടെ വാല് പൊയ്ക്കഴിഞ്ഞിരിക്കുന്നു’ ശ്രോതാക്കള്‍ താന്‍ പറഞ്ഞതു മനസ്സിലാക്കുന്നിലെന്നു കണ്ട് അദ്ദേഹം ഇങ്ങനെ വശദീകരിച്ചു.
‘നിങ്ങള്‍ വാല്‍മാക്രികളെ കണ്ടിരിക്കുമല്ലോ. വാല്‍ നിലനില്ക്കുന്നിടത്തോളംകാലം അവയ്ക്കു വെള്ളത്തില്‍തന്നെ കഴിച്ചുകൂട്ടണം. അതു പൊയ്ക്കഴിഞ്ഞാല്‍ വെള്ളത്തിലോ കരയിലോ ഇഷ്ടംപോലെ അവയ്ക്കു വസിക്കാം. ഇങ്ങനെ തന്നെ അജ്ഞാനമാകുന്ന വാല്‍ അവശേഷിക്കുന്നിടത്തോളം കാലം മനുഷ്യന്‍ പ്രാപഞ്ചികമായ കുടുക്കുകളില്‍ പെട്ടു വലഞ്ഞേതീരൂ. അജ്ഞാനം മാറിക്കിട്ടിയാല്‍ അവനു ദൈവത്തിലോ ഈ ലോകത്തിലോ ജീവിക്കാം. നിങ്ങളുടെ മനസ്സ് ഇപ്പോള്‍ അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷത്തിലാണ്. നിങ്ങള്‍ക്കു ഈ ലോകത്തില്‍ വസിച്ചുകൊണ്ടുതന്നെ ദിവ്യമായ ആനന്ദം അനുഭവപ്പെടുത്താം.
ഉണര്‍വിന്റേയും, ഉന്മേഷത്തിന്റേയും നവീനമായ ലോകത്തിലേക്കും പറന്നുപോയ ശ്രോതാക്കളുടെ ഹൃദയങ്ങള്‍ അല്പസമയത്തേകും മൗനത്തിന്റെ ശാന്തഗംഭീരമായ ഭാഷയില്‍ പരസ്പരം ആശയങ്ങള്‍ കൈമാറി. അനുഭവൈകവേദ്യമായ ഒരു നിമിഷങ്ങള്‍ അപ്പോഴേക്കും ഭാവനയുടേതായ മണ്ഡലത്തില്‍ മാത്രം അവശേഷിച്ചിരുന്നു. ശ്രീരാമകൃഷ്ണന്‍ കേശബിനേയും അനുയായികളേയും ആശീര്‍വദിച്ചുകൊണ്ട് ദക്ഷിണേശ്വരത്തെ ലക്ഷ്യമാക്കി നടന്നു തുടങ്ങുകയും ചെയ്തു.
ശ്രീരാമകൃഷ്ണന്റെ വ്യക്തിത്വം കേശബിനെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ആ മഹാത്മാവിനപ്പറ്റി കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിനു കൗതുകം തോന്നി. കുറേ അനുചരന്മാരെ അദ്ദേഹം ദക്ഷിണേശ്വരത്തേക്കു പറഞ്ഞയച്ചു. ശ്രീരാമകൃഷ്ണന്റെ ദിവ്യമായ ചേഷ്ടകള്‍ ശ്രദ്ധിച്ചശേഷം മടങ്ങിവന്ന് അവര്‍ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അതിനുശേഷം സഹപ്രവര്‍ത്തകരുമായി കൂടെകൂടെ ശ്രീരാമകൃഷ്ണനെ സന്ദര്‍ശിക്കലും ആദ്ധ്യാത്മികവിഷയങ്ങളെ അധികരിച്ച് നീണ്ടനീണ്ട മണിക്കൂറുകള്‍ ചര്‍ച്ചചെയ്യലും അദ്ദേഹത്തിന്റെ ഒരു പതിവായിത്തീര്‍ന്നു.
പരമഹംസന്‍ അവസരം കിട്ടുമ്പോഴെല്ലാം കേശബിനേയും സന്ദര്‍ശിച്ചിരുന്നു. ബ്രഹ്മസമാജത്തിന്റെ വാര്‍ഷികച്ചടങ്ങുകള്‍ ആരംഭിക്കുന്ന വേളകളില്‍ കേശബ് തന്റെ പാര്‍ട്ടിയുമായി ദക്ഷിണേശ്വരത്തേക്കു പോകുകയോ ഗുരുവിനെ സമാജത്തിലേക്കു ക്ഷണിക്കുകയോ ചെയ്തിരുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു സ്‌പെഷ്യല്‍ ബോട്ടില്‍ ദക്ഷിണേശ്വരത്തുചെന്നു അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരികയായിരുന്നു അവര്‍ ചെയ്തിരുന്നത് .
പാശ്ചാത്യസംസ്‌കാരത്തിന്റെ പ്രഭാവം കേശബ് ചന്ദ്രസേനനില്‍ പതിഞ്ഞിരുന്നെങ്കിലും ഈശ്വരന്റെ പേരില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹത്തിനോ ഭക്തിക്കോ അതു വിലങ്ങുതടിയായി തീര്‍ന്നിരുന്നില്ല. ശ്രീരാമകൃഷ്ണനോടുള്ള അടുപ്പം മൂലം വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ അദ്ദേഹത്തിനു തുറന്നുകിട്ടി ഈ വിജ്ഞാനം മാതൃരാജ്യവാസികളായ പരസഹസ്രം സഹോദര്‍ക്കുകൂടി പകര്‍ന്നു കൊടുക്കാനുള്ള അകമഴിഞ്ഞ അഭിവാഞ്ചയ്ക്ക് അദ്ദേഹം വിധേയനായി.
അതിന്റെ ഫലമായി ഫ്ലാറ്റുഫാറങ്ങളില്‍ നിന്നുകൊണ്ട് ആശയുടേയും മരുത്തിന്റേയും ഭാഷയില്‍ അദ്ദേഹം അതു വ്യാഖ്യാനിച്ചു കാണിക്കുകയും വര്‍ത്തമാനപത്രങ്ങളുടെ പേജുകളില്‍ അതിനു സജീവമായ ചിത്രീകരണം നല്‍കുകയും ചെയ്തു. ഒരു ദിവസം ദക്ഷിണേശ്വത്തുവച്ച് ബ്രഹ്മവും അതിന്റെ ആശ്ചര്യകരമായ ശക്തിയും വിഭിന്നകോണുകളില്‍നിന്ന് വീക്ഷിക്കപ്പെടുന്ന ഒരേ വസ്തുതയാണെന്നു ശ്രീരാമകൃഷ്ണന്‍ കേശബിന് വിശദീകരിച്ചുകൊടുത്തു.
അഗ്നിയും അതിന്റെ ദാഹകസ്വഭാവവും പോലെ രണ്ടും സത്യമാണ്. ഇതു കശബിനു മനസ്സിലായി. പിന്നീട് ദൈവവും ഉപാസകനും വേദഗ്രന്ഥങ്ങളില്‍ ചിത്രീകരിച്ചുകാണുന്ന ദൈവത്തിന്റെ വാണികളും ഒരേ സത്തയാണെന്നു പറഞ്ഞതും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ ആത്മവിദ്യ ഉപദേശിക്കുന്ന ഗുരുവും ദൈവവും ഉപാസകനും ഒന്നാണെന്നു കല്പിച്ചപ്പോള്‍ അതു ധരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മനസ്സിനെ അത്രത്തോളം ഉയര്‍ന്ന ചിന്തകളില്‍ വ്യാപരിപ്പിച്ചു ബുദ്ധിമുട്ടിക്കണമെന്ന് ശ്രീരാമകൃഷ്ണന് ഉദ്ദേശമുണ്ടായിരുന്നില്ല. ആകയാല്‍ ആ വിഷയത്തെപ്പറ്റി കൂടുതലൊന്നും അന്ന് അദ്ദേഹം പറഞ്ഞില്ല.
പരമഹംസരോടുള്ള ആഭിമുഖ്യം മൂലം കേശബ് കാലക്രമത്തില്‍ വേദന്തമതത്തിന്റെ ആഴമേറിയ തലങ്ങളിലേകു ഇറങ്ങിച്ചെന്നു. സകലതിനും ആധാരമായ നിത്യസത്യത്തെ സാക്ഷാല്‍ക്കരിക്കുന്നതിലേക്ക് ഉതകുന്ന അനുഷ്ഠാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
കേശബിനു ശ്രീരാമകൃഷ്ണന്റെ പേരില്‍ ഉണ്ടായിരുന്ന അദരവ് കളങ്കമറ്റതായിയരുന്നു. അദ്ദേഹം ദക്ഷിണേശ്വരം സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഫലങ്ങളോ മറ്റോ ഉപഹാരമായി കൊണ്ടുപോകുകയും അവ ബഹുമാനപൂര്‍വ്വം ഗുരുവിന്റെ ചരണങ്ങളില്‍ അര്‍പ്പിച്ച് ഒരു വിനീതശിഷ്യനെന്നോണം നിലത്തിരുന്നു അമൃതം തുളുമ്പുന്ന വാണികള്‍ മതിയാവോളം ആസ്വദിക്കുകയും ചെയ്തുവന്നിരുന്നു. ഒരു ദിവസം ശ്രീരാമകൃഷ്ണന്‍ കേശബിനെ നോക്കിക്കൊണ്ട് തമാശയായി ഇങ്ങനെ പറഞ്ഞു.
‘കേശബേ! നിങ്ങള്‍ സ്വതഃസിദ്ധമായ വാചാലതകൊണ്ട് ജനങ്ങളെ രസിപ്പിക്കുന്നു. ഞാനും അപ്രകാരം എന്തെങ്കിലും നിങ്ങളുടെ മുഖത്തുനിന്നു കേള്‍ക്കട്ടെ’
ഇതിനു മറുപടിയായി കേശബ് വിനയപൂര്‍വ്വം അറിയിച്ചു. ‘ഞാന്‍ കൊല്ലന്റെ ആലയില്‍ സൂചിവില്ക്കാന്‍ പോകുകയില്ല. അങ്ങയുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിക്കുകകായിരിക്കും ഏറെ നല്ലത്. ഫഌറ്റുഫാറങ്ങളില്‍നിന്ന് ഞാന്‍ വിളംബരം ചെയ്യുന്നത് അങ്ങയുടെ വാക്കുകളാണ്. അവ ജനങ്ങള്‍ അത്രത്തോളം ആസ്വദിക്കുകയും ചെയ്യുന്നു’.
1878-ാമാണ്ട് കേശബ് തന്റെ മകളെ കൂച്ച് ബീഹാറിലെ മഹാരാജാവിനു വിവാഹം കഴിച്ചുകൊടുത്തു. ബ്രഹ്മസമാജത്തിന്റെ നിയമസംഹിതയില്‍ താന്‍ രേഖപ്പെടുത്തിയിരുന്നപ്രകാരം വിവാഹസമയത്ത് കുട്ടിക്കു പതിനാലു വയസ്സു തികഞ്ഞിരുന്നില്ല. ഈ സംഭവം സമാജത്തില്‍ കോളിളക്കം സൃഷ്ടിച്ചു. ഒരു വിഭാഗം ജനങ്ങള്‍ അതില്‍നിന്നും തെറ്റിപ്പിരിഞ്ഞു.
അവര്‍ സാധാരണ ബ്രഹ്മസമാജം എന്നൊരു പേരില്‍ പുതിയൊരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. ഈ തെറ്റിപ്പിരിയല്‍ മൂലം ശ്രീരാമകൃഷ്ണന് വളരെ ഖേദമുണ്ടായി. ആ സംഭവത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘ജനനവും മരണവും വിവാഹവും ഈശ്വരമതത്തെ ആശ്രയിച്ചിരിക്കുന്ന സംഗതികളാണ്. വിവാഹത്തെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പേരില്‍ അബദ്ധമാണ് കേശബ് പ്രവര്‍ത്തിച്ചത്.
ശ്രീരാമകൃഷ്ണന്‍ കേള്‍ക്കവേ ആരെങ്കിലും വിവാഹത്തിന്റെ പേരില്‍ കേശബിനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം അയാളെ തടഞ്ഞുകൊണ്ട് പറയുമായിരുന്നു. ‘എന്താണിതില്‍ അത്ര വളരെ തെറ്റുകാണുന്നത്, കേശബ് ഒരു ഗ്രഹസ്ഥനാണ്. മകളെ വിവാഹംചെയ്തുകൊടുത്തതുമൂലം മതത്തെ ഉപദ്രവിക്കാതെതന്നെ ഒരു പിതാവിന്റെ ചുമതല അദ്ദേഹം നിറവേറ്റിയെന്നേയുള്ളൂ. ഈ പരിതഃസ്ഥിതിയില്‍ കേശബിനു കൈവന്നിരുന്ന ഭൗതികമായ സ്ഥാനമാനങ്ങള്‍ക്ക് അല്പം ഉടവുതട്ടിയെങ്കിലും അദ്ദേഹം അത് കൂട്ടാക്കിയില്ല.
മനസ്സിനെ അന്തര്‍മുഖമാക്കി ആത്മസാക്ഷാല്‍ക്കാരത്തിലേക്ക് കൂടുതല്‍ യത്‌നങ്ങള്‍ അദ്ദേഹം ചെയ്തുപോന്നു. ശ്രീരമകൃഷ്ണന്റെ സാന്നിദ്ധ്യം ആദ്ധ്യാത്മികവിഷയങ്ങളില്‍ വളരെ മുന്നേറുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ഹോമം, മുണ്ഡനം. കാവിയണിയല്‍ എന്നിങ്ങനെയുള്ള ബാഹ്യമായ ഉപാധികളുടെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. അവയില്‍ ചിലവ ദൈനംദിനജീവിതത്തിലേക്കു പകര്‍ത്തുകയും ചെയ്തു.
ശ്രീ ബുദ്ധന്‍, ക്രിസ്തു, ചൈതന്യന്‍ മുതലായ മഹാത്മാക്കള്‍ എന്നെന്നും ആദ്ധ്യാത്മികഭാവത്തില്‍ത്തന്നെ സ്ഥിതിചെയ്തിരുന്നുവെന്നും, അവരെല്ലാം ശാശ്വതമായ പൊരുളിന്റെ ഓരോരോ വശങ്ങളെ പ്രതിനിധീകരിച്ചിരുന്നുവെന്നും അദ്ദേഹം കണ്ടെത്തി. കൂടാതെ ഒരേ ആദ്ധ്യാത്മികപ്രവാഹത്തില്‍ ചെന്നുചേരുന്ന വിഭിന്നശ്രോതസ്സുകളാണ് അവരെന്നു ധരിക്കുകയും, അവരുടെ മാതൃകകള്‍ സ്വായത്തമാക്കാന്‍ അദ്ദേഹം അഭിലഷിക്കുയും ചെയ്തു.
ഒരു നിശ്ചിതകാലത്തേക്കു ധ്യാനനിബന്ധമായ മനസ്സിനെ ആ മാതൃകകളില്‍ അദ്ദേഹം നിയമിച്ചു. ശ്രീരാമകൃഷ്ണനും തുടക്കത്തില്‍ ഇമ്മാതിരിയുള്ള അവസ്ഥാവിശേഷങ്ങള്‍ തരണം ചെയ്താണ് സാക്ഷാല്‍ക്കാരത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതെന്ന വസ്തുത കേശബിന്റെ ഈ മനഃപരിവര്‍ത്തനത്തെ സാധൂകരിക്കുകയുണ്ടായി.
ഓരോ മതവും ഈശ്വരനിലേക്കു നയിക്കുന്ന പ്രത്യേക മാര്‍ഗ്ഗമാണെന്നുള്ള ശ്രീരാമകൃഷ്ണന്റെ സാര്‍വലൗകികമായ സിദ്ധാന്തത്തെ സ്വാംശീകരിക്കുന്നതിന് രണ്ടുവര്‍ഷത്തോളം കേശബ് യത്‌നിക്കുകയും അനന്തരം അതേപ്പറ്റിയുള്ള തന്റെ നിഗമനം നവവിധാനം എന്ന പേരില്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ക്രമേണ ശ്രീരാമകൃഷ്ണന്റെ പേരില്‍ അദ്ദേഹത്തിനു തോന്നിയിരുന്ന സ്‌നേഹവും വിശ്വാസവും വാക്കുകളുടെ പരിധിയേയും അതിക്രമിക്കുന്ന ഘട്ടത്തിലെത്തി.
സമാജസംബന്ധമായപ്രവര്‍ത്തനങ്ങളില്‍ താന്‍ മുഴുകിയരിക്കുന്ന വേളകളിലാണ് ശ്രീരാമകൃഷ്ണന്‍ ബ്രഹ്മസമാജത്തിലേക്കു കടന്നു ചെന്നിരുന്നെങ്കില്‍ ഉടനേ കേശബ് ഫഌറ്റുഫോറത്തില്‍നിന്ന് ഇറങ്ങി അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. അങ്ങനെ, യാതൊരു വിധമായ ശക്തിക്കും ബാധിക്കാന്‍ വയ്യാത്തവിധം ഉറച്ചതായിരുന്നു അവര്‍ തമ്മിലുള്ള സ്‌നേഹബന്ധം. പരിതഃസ്ഥിതകള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയും തക്കതായ കാരണം വരുമ്പോള്‍ ആകപ്പാടെ മാറുകയും ചെയ്യുന്ന സ്‌നേഹം സ്‌നേഹമല്ലെന്നു ക്ഷേസ്പീയര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
കേശബ് ഒരവസരത്തില്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വച്ച് താന്‍ കിടക്കുകയോ, പഠിക്കുകയോ, ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നസ്ഥലങ്ങള്‍ ശ്രീരാമകൃഷ്ണനു കാട്ടിക്കൊടുത്തു. എപ്പോഴും തന്റെ മനസ്സില്‍ ശുഭകരമായ വിചാരങ്ങള്‍ മാത്രം ഉണര്‍ത്തക്കവിധം പാദസ്പര്‍ശത്താല്‍ അവയെ അനുഗ്രഹിക്കാന്‍ അദ്ദേഹത്തോടു അപേക്ഷിക്കുകയും ചെയ്തു.
കേശബ്, പരമഹംസരെ സ്വന്തം പൂജാമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി നിര്‍മ്മലമായപൂക്കള്‍കൊണ്ടു അദ്ദേഹത്തെ പൂജിച്ചതായും പറഞ്ഞുവരുന്നു. എന്നാല്‍ ശ്രീരാമകൃഷ്ണന്റെ ആദര്‍ശങ്ങള്‍ മുഴുവനും ഉള്‍ക്കൊള്ളുന്നതിനു അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസംഗിച്ച ‘ധനവിധാനം’ ഒരു പ്രത്യേക മതത്തെ മാത്രം ആശ്ലേഷിക്കുന്നതായിരുന്നില്ല. പല മതങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട തത്ത്വങ്ങളുടെ ഒരു സമാഹാരമായിരുന്നു അത്. ശ്രീരാമകൃഷ്ണന്‍ ഒരു മതത്തേയും ദ്വേഷിച്ചിരുന്നില്ലെന്ന കാര്യവും ഇവിടെ പ്രസ്താവയോഗ്യമാണ്. മാത്രമല്ല, ഓരോ വ്യക്തിയും അവനവന്റെ മതത്തെ അതെന്തായാലും വേണ്ടില്ല ആത്മാര്‍ത്ഥതയും, വിശ്വാസവും കലര്‍ന്ന മനോഭാവത്തോടെ പിന്തുടരണമെന്നായിരുന്നു ആമഹാത്മാവിന്റെ അഭിപ്രായം. കേശബിനു പറമേ സാധാരണ ബ്രഹ്മസമാജത്തിലെ ആളുകളും പരമഹംസരുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നു. അവരില്‍ എല്ലാ വിഭാഗക്കാരും തങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളില്‍ ആ മഹദ് വ്യക്തിയുടെ സാന്നിദ്ധ്യം ഇഷ്ടപ്പെടുകയും തങ്ങളുടെ കൂട്ടത്തില്‍ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുകയും ചെയ്തിരുന്നു.
ദൈ്വതം, വിശിഷ്ടാദൈ്വതം, അദൈ്വതം എന്നുവേണ്ട എല്ലാ മാര്‍ഗ്ഗങ്ങളില്‍കൂടിയും ഈശ്വരനോട് താദാത്മ്യം പ്രാപിച്ച് പരമാനന്ദസുധ വേണ്ടുവോളം നുകര്‍ന്നു വിശ്വവിശാലനായ ആ മനുഷ്യന്‍, വിഭിന്നമതങ്ങള്‍ അംഗീകരിച്ചുപോന്ന വിഭിന്നവ്യക്തികളെ അവരവരുടെ ആരാധനാസമ്പ്രദായം തന്ന തുടരാന്‍ അനുവദിച്ചു. ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യം അവരില്‍ കുടികൊണ്ടിരുന്ന പരമതാസഹിഷ്ണുതയ്ക്ക വേരറുതിചേര്‍ക്കുകയും, അവരെ പുതിയ മനുഷ്യരായി രൂപപ്പെടുത്തുകയും ചെയ്തു.
മനുഷ്യനില്‍ ലയിച്ചുകിടക്കുന്ന സകലകഴിവുകളും ഈശ്വരാന്വേഷണത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. തന്റെ ഉപദേശം അതിന്റെ വ്യാപകമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തവര്‍ തങ്ങളുടെ കഴിവിന് യോജിച്ചവിധം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും, കാലമാകുമ്പോള്‍ എല്ലാം തനിയേ വന്നുചേര്‍ന്നുകൊള്ളുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ദൈവത്തിന്റെ മാതൃഭാവമെന്ന ആശയം ബ്രഹ്മസമാജത്തിന്റെ സിരകളില്‍ കുത്തിവച്ചത് ശ്രീരാമകൃഷ്ണനാണ്. ക്രമേണ സമാജത്തിലെ അംഗങ്ങള്‍ അദ്ദേഹത്തെപ്പറ്റിയുള്ള സ്തുതികളും മറ്റും പ്രാര്‍ത്ഥനായോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. സര്‍വവും മറന്ന് തദേകശരണരായി ദൈവത്തെ സ്‌നേഹിക്കാന്‍ അവരെ പഠിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹം അവരോടു പറഞ്ഞു. ‘നിങ്ങള്‍ എന്തിനാണ് ഈശ്വരന്റെ മഹിമകളെപ്പറ്റി അത്രത്തോളം വാഴ്ത്തുന്നത്? പിതാവിന്റെ അടുത്തു കഴിയുന്ന മകന്‍ അദ്ദേഹത്തിന്റെ തോട്ടങ്ങള്‍, മന്ദിരങ്ങള്‍, കന്നുകാലികള്‍, കുതിരകള്‍ തുടങ്ങിയ വിസ്തൃതമായ സമ്പത്തുകളെക്കുറിച്ച് ചിന്തിക്കാറുണ്ടോ? നേരെ മറിച്ച് അച്ഛന്റെ സ്‌നേഹം മാത്രമല്ല അവന്‍ കാംക്ഷിക്കുന്നത്. മക്കളെ പുലര്‍ത്തുകയും അവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഒരു പിതാവിന് ചേര്‍ന്നതാണെന്നും അവനറിയാം.
നാമെല്ലാം ദൈവത്തിന്റെ സമാന്തരങ്ങളാണ്. ദൈവം പിതൃസഹജമായ വാത്സല്യത്തോടെ നമ്മെ വീക്ഷിക്കുന്നതില്‍ എന്താണത്ഭുതം? ഒരു യഥാര്‍ത്ഥ ഭക്തന്‍ ഒരിക്കലും ഈ വക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ഈശ്വരന്‍ തനിക്ക് സ്വന്തമാണെന്ന് അവന്‍ കരുതുന്നു. അവന് ഏറ്റവും പ്രിയപ്പെട്ടതും അടുത്തതുമാണ് അദ്ദേഹം. അവന്‍ കരളെരിഞ്ഞു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ‘അവിടുന്ന് എന്റെ അഭിലാഷങ്ങള്‍ക്ക് പൂര്‍ത്തിവരുത്തണമെന്ന് അവിടത്തെ സ്വരൂപം എനിക്കു പ്രത്യക്ഷത്തില്‍ കാണുമാറാകണമേ! ദൈവത്തിന്റെ മഹിമകളില്‍ മുഴുകിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ സ്വന്തമായി കരുതാന്‍ കഴിയുകയില്ല. അദ്ദേഹത്തെ അടുക്കാന്‍പോലും സാദ്ധ്യമല്ല.
അദ്ദേഹത്തിന്റെ മഹത്ത്വമോര്‍ത്ത് നിങ്ങള്‍ ഭയചകിതരാകുകയാണ്! ഈശ്വരനെ ഏറ്റവും അടുത്തതും പ്രിയപ്പെട്ടതുമായി കരുതുവിന്‍. അപ്പോള്‍ മാത്രമേ അദ്ദേഹത്തെ സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങള്‍ ശക്തരാവുകയുള്ളൂ.
ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങള്‍ ദൈവത്തെപ്പറ്റി കൂടുതല്‍ വിശാലവും സുഗ്രാഹ്യവുമായ ആശയങ്ങളിലേക്കു ബ്രഹ്മസമാജത്തിന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചു. സകലതും അറിഞ്ഞെന്നഭാവത്തില്‍ ഒരുത്തനും ദൈവത്തെ ഒരു നിശ്ചിതപരിധിക്കുള്ളില്‍ ഒതുക്കാന്‍ കഴിയുകയില്ല. ദൈവം സാകാരനാണെങ്കില്‍ നിരാകാരനുമാണ്. അദ്ദേഹത്തിനു എത്ര വശങ്ങളുണെന്നു ആരറയുന്നു. ദൈവം നിരാകാരനാണെന്നും അദ്ദേഹത്തെ പ്രതിമയിലോപ്രതിരൂപത്തിലോ സങ്കല്പിച്ച് ആരാധിക്കുന്നത് പാപമാണെന്നും ധരിച്ചിരുന്നവരോട് ശ്രീരാമകൃഷ്ണന്‍ ഇങ്ങനെ പറയുമായിരുന്നു.
‘വെള്ളത്തിനു രൂപം ഇല്ലെന്നതു ശരിയാണ്. എന്നാല്‍ ഉറഞ്ഞു മഞ്ഞാകുമ്പോള്‍ അതിന് വ്യക്തമായ രൂപം കാണുന്നു. ഇപ്രകാരംതന്നെ നിരാകാരമായ ബ്രഹ്മം സാധകന്റെ ഭക്തിയുടെ സ്വാധീനത്തില്‍ പ്പെട്ട വിവിധ രൂപങ്ങളെ പ്രാപിക്കുന്നു. കൃത്രിമമായ ഒരു ആപ്പിള്‍പ്പഴം യഥാര്‍ത്ഥ ആപ്പിളിന്റെ ബോധം ഉളവാക്കുമ്പോള്‍, ഒരു ഫോട്ടോഗ്രാഫ് അഭാവത്തലുള്ള തന്റെ പിതാവിന്റെ രൂപം ഒരുവന്റെ സ്മരണയില്‍ ഉയര്‍ത്തുമ്പോള്‍ പ്രതിമകളും, പ്രതിരൂപങ്ങളും ഈശ്വരന്റെ സാക്ഷാത്തായ ദര്‍ശനം നേടാന്‍ സാധകനെ സഹായിക്കുന്നു.
പ്രതിമോപാസനയുടെ പിന്നില്‍ കുറച്ചു സാര്‍ത്ഥകതയുണ്ടെന്നു ബ്രഹ്മസമാജക്കാര്‍ മനസ്സിലാക്കിത്തുടങ്ങി. മുമ്പ് അവര്‍ അത് പ്രാകൃതസ്വഭാവമുള്ളതായി കരുതിയിരുന്നു. ബ്രഹ്മവും, അതിന്റെ പ്രതിഫലനവും വേര്‍പിരിക്കാനാവാത്ത വസ്തുക്കളാണെന്നു അവര്‍ ധരിച്ചത് ശ്രീരാമകൃഷ്ണന്റെ അടുക്കല്‍നിന്നാണ്. രണ്ടിനും തമ്മില്‍ പരസ്പരം ആശ്രയാശ്രയീഭാവം ഉള്ളതുകൊണ്ട് ഒന്നു മറ്റേതിനെ അര്‍ത്ഥവത്താക്കുന്നു.
ദൈവത്തിനു രൂപം ഇല്ലെന്നുമാത്രം കരുതുന്നവനും ദൈവത്തെ പ്രത്യേകമായ വല്ലപ്രതിമയിലോ ബിംബത്തിലോ ഒതുക്കാന്‍ ശ്രമിക്കുന്നവനും ഒരേ തെറ്റാണ് പറ്റുന്നതെന്ന് അവര്‍ക്ക് ബോദ്ധ്യമായി. പ്രത്യേകസ്വഭാവമുള്ള ദൈവത്തെക്കുറിക്കുന്ന ഏതു സങ്കല്പവും ആ മഹാശക്തിയുടെ ഒരു ഭാവത്തെമാത്രം പ്രതിനിധീകരിക്കുന്നു.
വാസ്തവത്തില്‍ ഈ പ്രപഞ്ചമെങ്ങും നിറഞ്ഞിരിക്കുന്ന ദൈവം സാകാരനാണ്; നിരാകാരനുമാണ്. എന്നാല്‍ സഗുണനുമാണ്. ഈശ്വരനെന്നാണ് അദ്ദേഹം വിളിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും രക്ഷിതാവും, സംഹര്‍ത്താവും അദ്ദേഹം തന്നെ. നിരാകാരവും, നിര്‍ഗുണവും, പ്രകൃത്യതീതമായ ശക്തിയും അതുതന്നെ. സങ്കല്പിക്കാന്‍ കഴിയുന്ന ഏതിനും, നാശമടയുന്ന ഏതിനും ആധാരമാണ് ഈശ്വരന്‍ എന്നു പറയപ്പെടുന്നു. യഥാര്‍ത്ഥമായ പൊരുളിന്റെ ഇപ്രകാരമുള്ള എല്ലാ വശങ്ങളും മനസ്സിലാക്കിയ ഒരുവന്‍ സകല സമ്പ്രദായങ്ങളും, ഉപാധികളും അംഗീകരിക്കുകതന്നെ ചെയ്യും.
Discussion about this post