
ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വാതകദുരന്തത്തിലെ ജീവിച്ചിരിക്കുന്ന ഇരകള്‍ക്കു തിരിച്ചടിയായി യുഎസിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനെയും കമ്പനിയുടെ മുന്‍ ചെയര്‍മാനായ വാറന്‍ ആന്‍ഡേഴ്സണെയും കുറ്റവിമുക്തമാക്കി മന്‍ഹാട്ടന്‍ ജില്ലാ കോടതി വിധി പുറപ്പെടുവിച്ചു. പരിസ്ഥിതി മലിനീകരണത്തിന് നഷ്ടപരിഹാരം നല്കാന്‍ യുഎസ് കമ്പനിക്കും അതിന്റെ മുന്‍ മേധാവിക്കും ബാധ്യതയില്ലെന്ന് ജഡ്ജി ജോണ്‍ എഫ്. കീനന്‍ ഉത്തരവില്‍ പറഞ്ഞു.
ദുരന്തമുണ്ടാക്കിയ രാസപദാര്‍ഥങ്ങള്‍ കമ്പനിസ്ഥലത്തു നശിപ്പിച്ചപ്പോള്‍ ചുറ്റുമുള്ള പ്രദേശത്തെ വെള്ളവും മണ്ണും മലിനമായെന്ന് ആരോപിച്ച് ഭോപ്പാല്‍ സ്വദേശി ജാന്‍കിബായ് സാഹു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി തള്ളിയത്. നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത മധ്യപ്രദേശ് സര്‍ക്കാരിനാണെന്നും ജഡ്ജി പറഞ്ഞു.
1984ല്‍ മീതൈല്‍ ഐസോസൈനേറ്റ് വിഷവാതകം ചോര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യുണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ മാതൃകമ്പനിയായിരുന്നു യുഎസിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍. 1994ല്‍ യുഎസ് കമ്പനി അതിന്റെ ഓഹരികള്‍ ഇന്ത്യന്‍ കമ്പനിക്കു വിറ്റു. എവറെഡി എന്നു പേരുമാറ്റിയ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ്, ഭോപ്പാലിലെ സൈറ്റില്‍ത്തന്നെ പ്രവര്‍ത്തനം തുടര്‍ന്നു.
1998ല്‍ എവറെഡിയുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ കമ്പനി നിലനിന്നിരുന്ന സ്ഥലം എല്ലാവിധ ഉത്തരവാദിത്വങ്ങളുമടക്കം ഏറ്റെടുത്തു. അതിനാല്‍ നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത മധ്യപ്രദേശ് സര്‍ക്കാരിനാണെന്ന് ജഡ്ജി പറഞ്ഞു.
ദുരന്തത്തിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങിയാണ് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ തങ്ങളുടെ പ്ളാന്റില്‍ ശുചീകരണം നടത്തിയത്. മാലിന്യം കമ്പനി സ്ഥലത്തു നശിപ്പിച്ചപ്പോള്‍ വിഷപദാര്‍ഥങ്ങള്‍ ഭൂമിയിലേക്കിറങ്ങി മണ്ണും വെള്ളവും വിഷമയമായെന്നും ഇതു ജനങ്ങള്‍ക്കു ഹാനികരമായെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതിന് യുഎസിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനില്‍നിന്ന് ഇന്ത്യന്‍ കമ്പനി അനുമതി തേടിയതിനു തെളിവില്ലെന്നു കോടതി വിധിച്ചു. യുഎസ് കമ്പനിക്കുവേണ്ടി ഇന്ത്യന്‍ കമ്പനി കീടനാശിനികള്‍ ഉണ്ടാക്കിയതിനും തെളിവില്ലെന്നു ഉത്തരവില്‍ പറയുന്നു.
Discussion about this post