ലഖ്‌നോ: ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തര്‍ക്ക ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിച്ചു. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് എതിരായി നിര്‍മിച്ചതിനാല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയില്‍ കോടതി വ്യക്തമാക്കി. കോടതി പരിഗണിച്ച അഞ്ച് ഹരജികളില്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്നും കോടതി വിധിച്ചു. പള്ളി നിന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശത്തില്‍ മൂന്ന് ജഡ്ജിമാരും ഏകോപിക്കുകയും ചെയ്തു.
തകര്‍ത്ത ബാബരി പള്ളിയുടെ താഴികക്കുടങ്ങള്‍ക്ക് താഴെയുള്ള തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമായിരുന്നെന്നും ശ്രീരാമന്റെ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള കാര്യത്തില്‍ ജസ്റ്റിസുമാരായ സുധീര്‍ അഗര്‍വാളും ഡി.വി. ശര്‍മയും യോജിച്ചു. ബാബര്‍ പള്ളി പണിതത് എന്നാണെന്ന് തീര്‍ച്ചയില്ലെന്ന് വ്യക്തമാക്കുന്ന വിധിയില്‍ ഏതായാലും നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന വാദത്തിലും ഒന്നിച്ച ഇരുവരും ഇത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും പ്രഖ്യാപിച്ചു. ഹൈകോടതി സ്‌റ്റേ ചെയ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇതിനുള്ള തെളിവായും അവര്‍ ഉന്നയിച്ചു.
തര്‍ക്കഭൂമി തുല്യമായി വീതിച്ച് മൂന്നിലൊരു വിഹിതം വീതം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സന്യാസി സംഘമായ നിര്‍മോഹി അഖാര ട്രസ്റ്റിനും നല്‍കണമെന്ന് വ്യക്തമാക്കിയ വിധി മൂന്ന് കൂട്ടരും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാകാത്ത തരത്തില്‍ തങ്ങളുടെ ഭൂമി മതില്‍ കെട്ടി വേര്‍തിരിക്കണമെന്നും മൂന്ന് ഭാഗങ്ങളില്‍ നിന്ന് പ്രവേശന കവാടം നിര്‍മിക്കണമെന്നും നിര്‍ദേശിച്ചു. ഹിന്ദുക്കള്‍ക്കും നിര്‍മോഹി അഖാരക്കും നല്‍കുന്ന ഭൂമികളില്‍ ക്ഷേത്രങ്ങളും മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ പള്ളിയും നിര്‍മിക്കണം. ഭൂമിയുടെ കാര്യത്തില്‍ കക്ഷികള്‍ തമ്മില്‍ നീക്കുപോക്കുകള്‍ ആകാമെന്നും എന്നാല്‍, ഏതെങ്കിലും വിഭാഗത്തിന് നഷ്ടപ്പെടുന്നതിന് തുല്യമായ സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ഭൂമിയില്‍ നിന്ന് നല്‍കിയാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായഭിന്നതകള്‍ പ്രതിഫലിപ്പിച്ച വിധി പ്രസ്താവം മൂന്നും വെവ്വേറെ പുറത്തുവിട്ടാണ് രാജ്യം കാത്തുനിന്ന സങ്കീര്‍ണമായ വിധിപ്രസ്താവം വന്നത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് ഡി.വി. ശര്‍മ സുന്നി വഖഫ്‌ബോര്‍ഡിന്റെയും നിര്‍മോഹി അഖാരയുടെയും ഹരജികള്‍ തള്ളണമെന്നാണ് വിധിച്ചത്. രാമക്ഷേത്രം തകര്‍ത്താണ് പള്ളിപണിതതെന്നും അതിനാല്‍ ആ സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നും സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ തര്‍ക്ക ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും നിര്‍മോഹി അഖാരക്കും തുല്യമായി വീതിക്കണമെന്നും ആവശ്യപ്പെട്ടു. ബാബര്‍ അല്ല ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്ന വാദവും അഗര്‍വാള്‍ ഉന്നയിച്ചു. എന്നാല്‍, ഇവരുടെ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് സിബ്ഗത്തുല്ലാ ഖാന്‍ രാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് പള്ളി പണിതതെന്ന വാദം അസംബന്ധമാണെന്നും അതേസമയം പള്ളി പൊളിച്ച സ്ഥാനത്തുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ആരാധന തുടരുന്നതിനാല്‍ ആ ഭാഗം അവര്‍ക്ക് വിട്ടുകൊടുക്കണമെന്നും വിധിച്ചു. ബാബര്‍ നിര്‍മിച്ചതാണ് പള്ളിയെന്നും അത് ക്ഷേത്രം തകര്‍ത്താണെന്ന് തെളിയിക്കാന്‍ മറ്റു രണ്ടു കക്ഷികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. മൂന്നിലൊരു ഭാഗം തങ്ങള്‍ക്ക് നല്‍കാമെന്ന ഫോര്‍മുല സ്വീകാര്യമല്ലെന്ന് ബോര്‍ഡ് അഭിഭാഷകന്‍ സഫരിയാബ് ജീലാനി വാര്‍ത്തലേഖകരോട് പറഞ്ഞു. ഭൂമി വെറുതെ വിട്ടുകൊടുക്കില്ല. എന്നാല്‍, ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നിര്‍ദേശം വന്നാല്‍ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി എന്തുതീരുമാനിച്ചാലും അംഗീകരിക്കും. ‘രാംജന്മഭൂമി’ മൂന്നായി ഭാഗിക്കാനുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേസിലെ കക്ഷിയായ അഖില്‍ ഭാരത് ഹിന്ദു മഹാസഭ.രാംജന്മഭൂമിക്കായുള്ള തങ്ങളുടെ പോരാട്ടത്തെ കോടതി ഏകകണ്ഠമായി അംഗീകരിച്ചെങ്കിലും സ്ഥലത്തിന്റെ മൂന്നിലൊന്ന് സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഭയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ കമലേഷ് തിവാരി പറഞ്ഞു.
വിധി ഏതെങ്കിലും മതത്തിന്റെ വിജയമോ പരാജയമോ ആയി കാണരുതെന്ന് രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്. രാംലല്ല (താല്‍ക്കാലിക ക്ഷേത്രം)ക്ക് അനുകൂലമായ വിധി മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ശ്രീരാമന്റെ ജന്മഭൂമിയില്‍ വിശാല ക്ഷേത്രം പണിയാന്‍ അവസരമൊരുക്കുന്ന നിര്‍ണായക വിധിയാണ് അലഹബാദ് ഹൈകോടതിയുടേതെന്ന് അയോധ്യാപ്രക്ഷോഭത്തിന്റെ അമരക്കാരനായ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
കോടതിവിധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് ശേഷം എഴുതി തയാറാക്കിയ പ്രസ്താവനയാണ് അദ്വാനി വായിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. നിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കോടതി വിധി തന്നെ ആശ്്ചര്യപ്പെടുത്തുന്നതായി സെയ്യിദ് ശഹാബുദ്ദീന്‍. വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നിര്‍ണയിക്കുകയാണ് കോടതിക്ക് മുമ്പിലുണ്ടായിരുന്ന വിഷയം. എന്നാല്‍ ഏല്‍പിച്ച ഉത്തരവാദിത്തമല്ല നിര്‍വഹിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള ശ്രമമെന്ന പ്രതീതിയാണ് കോടതി വിധി നല്‍കുന്നത്. യഥാര്‍ഥ ഉടമയാരെന്ന് പറയാതെ, നിലവിലെ സ്ഥലം മൂന്നായി പങ്കിടുകയാണ് ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്തിന് പല ഉടമകള്‍ എങ്ങനെയാണ് വരുന്നത്?-അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദിനെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്കൊത്ത പള്ളിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണത്തിലും ശഹാബുദ്ദീന്‍ അത്ഭുതം പ്രകടിപ്പിച്ചു. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനമെന്താണ്? ഒരു അമ്പലം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെങ്കില്‍, ശരിയാണ്, അതൊരു പള്ളിയായി കണക്കാക്കാന്‍ കഴിയില്ല. ക്ഷേത്രം തകര്‍ത്തല്ല മസ്ജിദ് നിര്‍മിച്ചതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
രണ്ടു കൂട്ടര്‍ക്കും ഉടമാവകാശം കല്‍പിച്ചു നല്‍കിയിരിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരു സ്ഥലത്തല്ല പ്രാര്‍ഥന നടത്തുന്നത്. സ്വാഭാവികമായും രണ്ടു സ്ഥലമുണ്ടാകും. മസ്ജിദിന്റെ ഏറ്റവും പ്രധാനപ്പെട്ട, നടുവിലെ താഴികക്കുടത്തിന്റെ ഭാഗം വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞു വെച്ചിരിക്കുന്നത്. അത് എങ്ങനെ സാധ്യമാകും?
മസ്ജിദിന് പുറത്തെ രാം ഛബൂത്രയില്‍ ആരാധന നടത്തിയിരുന്നുവെന്നാണ് കോടതിയും പറയുന്നത്. ഇപ്പോഴത്തെ കോടതി വിധി അന്തിമമല്ല. ഇതിലെ വൈരുദ്ധ്യങ്ങള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടത്. അതിന് ശേഷമാണ് ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള ഔപചാരിക ചര്‍ച്ചകള്‍ നടക്കേണ്ടത്. സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഹൈകോടതി വിധി സ്‌റ്റേ ചെയ്യപ്പെടും. അവിടം മുതല്‍ അന്തിമ വിധി വരുന്നതു വരെയുള്ള സമയത്ത് ഒത്തുതീര്‍പ്പിന്റെ അനൗപചാരിക സംഭാഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സെയ്യിദ് ശഹാബുദ്ദീന്‍ പറഞ്ഞു.
Discussion about this post