ശ്രീദേവി ആര്‍.തമ്പി
ധര്‍മ്മസംപുഷ്‌ടമായ, കര്‍മ്മനിരതയും വാല്‍സല്യപൂര്‍ണ്ണമായ സ്‌നേഹവും അറിവിന് തിലകം ചാര്‍ത്തുന്ന വാക്‌ചാതുരിയുമുള്ള ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ വാക്കുകള്‍ കൊണ്ട് സ്‌മരിക്കാനൊരുങ്ങുന്നത് തികഞ്ഞ മൗഢ്യം. ആ മഹാസാഗരത്തിന്റെ തീരത്തിരുന്ന് ഗംഭീരതയുടെയും അനന്തതയുടെയും സൗന്ദര്യം നുകരാനും തിരത്തലോടലുകളുടെ വാല്‍സല്യമനുഭവിക്കാനും അലചൊലികള്‍ പകരുന്ന ധര്‍മ്മ-കര്‍മ്മ പാഠങ്ങള്‍ ഹൃദിസ്ഥമാക്കാനും അവസരം ലഭിച്ചവര്‍ പുണ്യാത്മാക്കള്‍. ആ ക്രാന്തദര്‍ശിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും തിരിച്ചറിഞ്ഞ് അവ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ ആവുംവിധം പ്രവര്‍ത്തിക്കേണ്ടത് സനാതനധര്‍മ്മ വിശ്വാസികളായ ഓരോ ഹിന്ദുവിന്റെയും യുഗധര്‍മ്മം. സ്‌നേഹത്താല്‍ പ്രബുദ്ധവും ധര്‍മ്മത്താല്‍ നിയന്ത്രിതവുമായ ആ ശ്രേഷ്‌ഠ ജീവിതം എന്നും ലോകത്തിന് മാതൃകയായിരിക്കും.
“ആചാര്യോ വേദസമ്പന്നോ
ഗുരുഭക്തോ വിമത്‌സരഃ
മന്ത്രജ്ഞോ മന്ത്രഭക്തിശ്ച
സദാ മന്ത്രാര്‍ത്ഥദഃശുചി
ഗുരുഭക്തി സമായുക്തോ
പുരാണജ്ഞോ വിശേഷതഃ
ഏവം ലക്ഷണസമ്പന്നോ
ഗുരുരിത്യാദിധീയതേ”
എന്ന ആചാര്യ നിര്‍വ്വചനം പൂര്‍ണ്ണയോജ്യമാകുന്ന അത്യപൂര്‍വ്വം സന്യാസി ശ്രേഷ്‌ഠരില്‍ എന്തുകൊണ്ടും പ്രഥമ ശ്രേണിയില്‍ നില്‍ക്കുന്നു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍. വേദവേദാന്തങ്ങളുടെ ഉള്‍പ്പൊരുളുകള്‍ ഉള്‍ക്കൊണ്ട് ഗുരു ശ്രീനീലകണ്‌ഠഗുരുപാദരിലുള്ള അചഞ്ചല ഭക്തിയോടെ മന്ത്രജ്ഞനും മന്ത്രാര്‍ത്ഥനുമായി പരിലസിക്കുകയും പുരാണേതിഹാസങ്ങളെ യുക്തിയുക്തം അപഗ്രഥിച്ചും അവതരിപ്പിച്ചും “വസുധൈവ കുടുംബകം” എന്ന ആര്‍ഷ സങ്കല്‍പ്പത്തിലധിഷ്‌ഠിതമായി ധര്‍മ്മത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സ്വാമിജി ഹൈന്ദവജനതയുടെ നവോത്ഥാനത്തിന് തനതായ ഒരു ശൈലിതന്നെ വാര്‍ത്തെടുത്തു. ശ്രീശങ്കരനും ശ്രീചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണ ഗുരുവിനും ശേഷം ഹൈന്ദവ നവോത്ഥാനത്തിനായി കര്‍മ്മരംഗത്തിറങ്ങിയ ഏറ്റവും ശക്തനായ ആചാര്യനായിരുന്നു ജഗദ്‌ഗുരു സ്വാമിസത്യാനന്ദ സരസ്വതികള്‍. സംഘടിത മതശക്തികളും വൈദേശിക തത്വശാസ്‌ത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് ഹൈന്ദവജനതയെ ആസൂത്രിതമായി വേട്ടയാടിയപ്പോള്‍ അവരുടെ ദുഷ്‌ടലാക്കുകള്‍ ആരംഭത്തിലേ മനസ്സിലാക്കി അവയ്‌ക്കെതിരെ അതിശക്തമായ മുന്നേറ്റം സംഘടിപ്പിക്കാന്‍ സ്വാമിജി കര്‍മ്മപഥത്തിലിറങ്ങി. ആലസ്യത്തിലുണ്ടാകിടന്ന ഹിന്ദുവിനെ ഉണര്‍ത്തുവാനുള്ള ഭഗീരഥ പ്രയത്‌നത്തിന്റെ നേതൃത്വം സ്വാമിജി ഏറ്റെടുത്തു എന്നു പറയുകയാവും ശരി. ഹിന്ദു നവോത്ഥാനത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്‌ത സ്വാമികളെ വര്‍ഗ്ഗീയവാദിയായും തീവ്രവാദിയായും ചിത്രീകരിക്കാനാണ് പ്രതിലോമശക്തികള്‍ ശ്രമിച്ചത്. ദശാബ്‌ദങ്ങള്‍ക്കു മുമ്പ് സ്വാമിജി ദീര്‍ഘദര്‍ശനം ചെയ്‌ത അരക്ഷിതാവസ്ഥ ഇപ്പോള്‍ ഭാരത്തിലാകെയും കേരളത്തില്‍ വിശേഷിച്ചും സത്യമായി ഭവിച്ചിരിക്കുന്നു. മതതീവ്രവാദത്തിനും ഭീകരതയ്‌ക്കുമെതിരെ സ്വാമിജി ഉപയോഗിച്ച ശക്തമായ വാക്കുകളെ ഹിന്ദുതീവ്രവാദമായി പരിഹസിച്ചവര്‍തന്നെ ഇന്ന് സ്വാമിജി പറഞ്ഞ കാര്യങ്ങള്‍ സ്വന്തം നാവുകൊണ്ടു പറയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
സന്യാസമെന്നാല്‍ സമൂഹത്തില്‍നിന്നകന്ന് ആദ്ധ്യാത്മികതയില്‍ മുഴുകലാണെന്ന മൂഢസങ്കല്‍പ്പത്തെ സ്വജീവിതം തന്നെ ഉപാധിയാക്കി സ്വാമിജി തള്ളിക്കളഞ്ഞു. വിജ്ഞാനത്തെയും ജ്ഞാനത്തെയും, ഭൗതികതയെയും ആദ്ധ്യാത്മികതയെയും സമജ്ഞസമായി സമ്മേളിപ്പിക്കുന്ന അദ്വിതീയമായ ചിന്താപദ്ധതിയാണ് സനാതനധര്‍മ്മമെന്ന് അദ്ദേഹം തെളിയിച്ചു. ധര്‍മ്മത്തില്‍ അധിഷ്‌ഠിതമായ ലോകക്രമം ഒന്നുമാത്രമേ ആത്യന്തികമായി ലോകശാന്തിക്ക് ഉപകരിക്കൂ എന്നും വ്യവസ്ഥാപിത മതശക്തികളും അവയുടെ കുടിലമനസ്ഥിതിക്കനുസരിച്ച് രൂപപ്പെടുന്ന രാഷ്ട്രീയവും ലോകത്തിന് ഭീഷണിയാണെന്നും സ്വാമിജി മുന്നറിയിപ്പുനല്‍കി. എന്റേതുമാത്രം ശരിയെന്നും എനിക്കു ശരിയല്ലാത്തതെല്ലാം തകര്‍ക്കപ്പെടണമെന്നുമുള്ള മതസിദ്ധാന്തങ്ങള്‍ ചെറുപ്രദേശങ്ങള്‍ മുതല്‍ രാജ്യാന്തര രംഗത്തുവരെ നിരന്തരം പ്രശ്‌നങ്ങളും പ്രശ്‌നങ്ങള്‍ക്കുമേല്‍ പ്രശ്‌നങ്ങളുംസൃഷ്‌ടിക്കുമ്പോള്‍ മതങ്ങള്‍ സമാധാനത്തെയാണ് പ്രഘോഷിക്കുന്നതെന്ന് മുറവിളിയിടുന്നതില്‍ അര്‍ത്ഥമില്ലെന്ന് നമുക്കുതന്നെ ബോദ്ധ്യപ്പെടുന്നു.
ലോകത്തിലെ മഹാസംസ്‌കാരങ്ങളെ പലതും തൂത്തെറിഞ്ഞ് മതാധിഷ്‌ഠിത സമൂഹങ്ങളെ കെട്ടിപ്പെടുക്കുന്നതില്‍ വ്യവസ്ഥാപിത മതങ്ങള്‍ ഒരു മടിയും കാട്ടിയിട്ടില്ല. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മായന്‍ സംസ്‌കൃതി മുതല്‍ യൂറോപ്പിലും പശ്ചിമേഷ്യയിലും തെക്കുകിഴക്കനേഷ്യയിലും ഓസ്‌ട്രേലിയയിലുമെല്ലാം സംഭവിച്ചത് മറിച്ചല്ല. ഭാരതത്തിന്റെ തനതു സംസ്‌കാരത്തെ തച്ചുതകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഈ സാംസ്‌കാരിക-രാഷ്‌ട്രീയ അധിനിവേശത്തിന്റെ തുടര്‍ച്ചയാണ്. ഇതിനായി സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ-വാണിജ്യ രംഗങ്ങളെയെല്ലാം അക്കൂട്ടര്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്നു. സംഘടിതമായ മതപരിവര്‍ത്തനം, രാഷ്‌ട്രീയത്തിലും ഭരണയന്ത്രത്തിന്റെ സുപ്രധാന സ്ഥാനങ്ങളിലും സ്വാധീനമുറപ്പിച്ചുകൊണ്ടു നടത്തുന്ന ഗൂഢനീക്കങ്ങള്‍, മനുഷ്യാവകാശത്തിന്റെയും പിന്നാക്ക ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും പേരില്‍ ജനങ്ങളെ സംഘടിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്‌ടിക്കല്‍, വിഘടനവാദികള്‍ക്കും ദേശദ്രോഹ ശക്തികള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കല്‍, വാണിജ്യ-സാമ്പത്തിക മേഖലയെ കൈപ്പിടിയിലാക്കി ഭൂമി, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഹിന്ദുവിന്റെ ധനശേഷി നശിപ്പിക്കല്‍, കള്ളപ്പണമൊഴുക്കി രാഷ്‌ട്രത്തെയും ഹൈന്ദവപ്രസ്ഥാനങ്ങളെയും തകര്‍ക്കല്‍ എന്നിവയെല്ലാം അധിനിവേശത്തിനായി ഇവര്‍ തയ്യാറാക്കിയിരിക്കുന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു കാശ്‌മീരും ഇവരുടെ തന്ത്രങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. കരുതിയിരുന്നില്ലെങ്കില്‍ കേരളം കാശ്‌മീരിനു സമമാകാന്‍ ഇനി അധിക നാളുകള്‍ വേണ്ട. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ക്രമേണ സംഘടിത മതശക്തികളുടെ ശക്തികേന്ദ്രങ്ങളാകുന്നത് നിസ്സാരമായി കാണേണ്ടതില്ല.
സേവനത്തിന്റെയും കാരുണ്യത്തിന്റെയും പേരില്‍ വഞ്ചനയും അധര്‍മ്മവും പ്രവര്‍ത്തിക്കുന്നവരോട് സ്വാമിജി എന്നും മുഖംതിരിച്ചിട്ടേയുള്ളൂ. ഭൗതികമായ മുന്നേറ്റങ്ങള്‍ക്കായി അത്തരം മാര്‍ഗ്ഗങ്ങള്‍ അല്‍പ്പമെങ്കിലും അവലംബിച്ചിരുന്നെങ്കില്‍ സ്വാമിജിക്കും ശ്രീരാമദാസ ആശ്രമത്തിനും എത്രമാത്രം ഭൗതികനേട്ടങ്ങള്‍ ഉണ്ടാക്കാമായിരുന്നു. അത്തരം കപട പുരോഗതി സ്വാമിജി ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നില്ല. ഭാരതീയ പാരമ്പര്യവും ഹിന്ദുമതവും അനുഭവിക്കുന്ന കഷ്‌ടതകളെ ദുരീകരിക്കാന്‍ സ്വാമിജി മുന്നിട്ടിറങ്ങി. പൊതുമധ്യത്തില്‍ ജനകീയതയും സേവനവും കാരുണ്യവും വിപ്ലവവും പ്രസംഗിച്ചശേഷം നേരേമറിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക-രാഷ്‌ട്രീയ-സാമുദായിക നേതൃത്വത്തിന്റെ വികലതകള്‍ തുറന്നുകാട്ടി. അതിക്രമത്തിനും അപഹാസത്തിനും അവഗണനയ്‌ക്കും എതിരെ ശക്തമായി പ്രതികരിക്കാന്‍ ഹിന്ദുസമൂഹത്തിന് കരുത്തുറ്റ നേതൃത്വം നല്‍കി.
കൊട്ടിയൂര്‍ ദേവസ്വം ഭൂമിയില്‍ കുരിശുനാട്ടി പ്രദേശം കയ്യേറാനുള്ള ക്രിസ്‌ത്യന്‍ ഗൂഢനീക്കത്തിനെതിരെ പോരാടി കൊണ്ടാരംഭിച്ച ആ പ്രചണ്ഡമായ സാമൂഹിക യജ്ഞം മഹാസമാധിവരെയും അനുസ്യൂതം തുടര്‍ന്നു. ഹിന്ദുസന്യാസിയെന്ന നിലയില്‍ ഹിന്ദുമതത്തിനുവേണ്ടി ശക്തമായി വാദിക്കുമ്പോഴും “മതം മനുഷ്യത്വത്തെ മറികടക്കരുതെന്നും” “കഷ്‌ടപ്പെടുന്നവന് മതമില്ലെന്നും” സ്വാമിജി നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മതത്തെയല്ല മതത്തിന്റെ പേരില്‍ മതമേലാളന്മാരും രാഷ്‌ട്രീയക്കാരും മതതീവ്രവാദികളും കാട്ടിക്കൂട്ടുന്ന വിക്രിയകളെയാണ് സ്വാമിജി എന്നും എതിര്‍ത്തത്. അനാഥാലയങ്ങളുടെയും യത്തീംഖാനകളുടെയും മറ്റും മറവില്‍ നടക്കുന്ന കൊടുംക്രൂരതകളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റ് മുതലെടുപ്പുകളും സ്വാമിജിയെ എന്നും മദിച്ചിരുന്നു. “അനാഥാലയങ്ങളല്ല അനാഥരില്ലാത്ത സമൂഹക്രമമാണ് നമുക്കാവശ്യം” എന്ന് സ്വാമിജിയെ കൊണ്ടു പറയിച്ചത് ഈ ദുഃസ്ഥിതിയാണ്.
ലഹരിയോടുള്ള അത്യാസക്തി വെടിയാന്‍ സ്വാമികള്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. മദ്യ വര്‍ജ്ജനത്തിനും മദ്യാസക്തി നിര്‍മ്മാര്‍ജ്ജനത്തിനുമായി സ്വാമിജി മുന്നിട്ടിറങ്ങി. ജനകീയ കൂട്ടായ്‌മയിലൂടെ സാമ്പത്തിക-സാമൂഹിക പുരോഗതി’ എന്ന ലക്ഷ്യത്തോടെ ശ്രീരാമദാസമിഷന്റെ നേതൃത്വത്തില്‍ സ്വാമിജി മുന്‍കൈ എടുത്തു രൂപീകരിച്ച `കുടുംബയോഗങ്ങള്‍’ കുടുംബശ്രീ ഉള്‍പ്പെടെയുള്ള സമാനമായ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുന്നതിന് എത്രയോ മുമ്പുതന്നെ പ്രവര്‍ത്തിച്ചുവന്നിരുന്നു. ശബരിമലയിലെ തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സ്വാമിജി മുന്‍കയ്യെടുത്തു തയ്യാറാക്കിയ `ഹരിവരാസരം പ്രോജക്‌ട്’ എന്ന സമഗ്രപദ്ധതി എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാരിനു കൈമാറിയെങ്കിലും ആ പദ്ധതിയെ ഹൈജാക്ക് ചെയ്‌ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ ചോര്‍ത്താനുള്ള ശ്രമം വിജയം കണ്ടിരിക്കുകയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ എക്കോ സ്‌മാര്‍ട്ട് എന്ന കമ്പനി കോടികള്‍ കൈപ്പറ്റിക്കൊണ്ട് തയ്യാറാക്കിയ പദ്ധതി ഹരിവരാസരം പ്രോജക്‌ടിന്റെ ശുദ്ധമായ അനുകരണം മാത്രമാണെന്നതാണ് വസ്‌തുത. ലോകമാകെയുള്ള ഹിന്ദുക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാനും ഹിന്ദുവിന്റെ ആഗോളപ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും ഉദ്ദേശിച്ച് സ്വാമിജി വിഭാവനം ചെയ്‌ത ലോകഹിന്ദു പാര്‍ലമെന്റ്, ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഹിന്ദൂസ് തുടങ്ങി നിരവധി കര്‍മ്മപദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കപ്പെടേണ്ടതുണ്ട്. അദ്ദേഹം തുടക്കം കുറിച്ച പല പദ്ധതികള്‍ക്കും ഇന്നും ബാലാരിഷ്‌ടതകള്‍ കൈവിട്ടിട്ടില്ല. ഇവയൊക്കെ പ്രവര്‍ത്തിപഥത്തിലെത്തിക്കാനുള്ള കടമ ഹിന്ദുസമൂഹത്തിനുണ്ട്.
നിറഞ്ഞ പുഞ്ചിരിയും തികഞ്ഞ വാത്സല്യവും കൊണ്ട് മനസ്സിന്റെ മണിച്ചെപ്പില്‍ നൂറുനൂറു മണിമുത്തുകള്‍ നിറച്ച സ്വാമിജിയുടെ ഭൗതികമായ സാന്നിധ്യം ഇന്നില്ലെങ്കിലും ആ ആത്മചൈതന്യത്തെ മനസ്സില്‍ പ്രതിഷ്‌ഠിച്ച് നമുക്ക് പാദപൂജ ചെയ്യാം. സ്വാമിജിയുടെ ആശയാഭിലാഷങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാം. അര്‍പ്പണഭാവത്തോടെയുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രേയസ്സിന് പൊട്ടുംപൊടിയും ചാര്‍ത്തട്ടെ.
Discussion about this post