ജനാധിപത്യത്തിന്റെ നാലു സ്തംഭങ്ങളില്‍ ഒന്നാണ് ജുഡീഷ്യറി. ജനാധിപത്യത്തെ മാനിക്കുന്നവര്‍ ജുഡീഷ്യറിയേയും മാനിക്കാന്‍ തയാറാകണം. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ജനങ്ങള്‍ സാമാന്യമായി മനസ്സിലാക്കിയിട്ടുള്ളത്.
എന്നാല്‍ അടുത്തകാലത്തായി വിവിധകേസുകള്‍ സംബന്ധിച്ച് സി.പി.എമ്മിന്റെ സമുന്നതരായ നേതാക്കള്‍ ജുഡീഷ്യറിയോടും ജനാധിപത്യവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളി യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കു നേരെയാണ്. ഇവരുടെ അഹന്ത നിറഞ്ഞ പ്രസ്താവനകളും ശരീരഭാഷയും മറ്റും ആ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ നിയമവ്യവസ്ഥ കൈയിലെടുക്കുന്നതിനും കോടതിക്കുനേരെപോലും ആക്രമണം നടത്തുന്നതിനും പ്രചോദനം നല്‍കുന്നു.
ടി.പി.ചന്ദ്രശേഖര്‍ വധത്തെതുടര്‍ന്ന് സി.പി.എമ്മിന്റെ താഴെത്തട്ടില്‍നിന്നുള്ള നേതാക്കള്‍ പിടിയിലാവുകയും ഗൂഢാലോചനയേയും കൃത്യം നടത്താന്‍ വാക്കു നല്‍കുകയും ചെയ്തത് സംബന്ധിച്ച് ഉന്നത നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്തതോടെയാണ് വിറളിപിടിച്ച സി.പി.എം.നേതൃത്വം ജനാധിപത്യത്തെ തെരുവില്‍ നേരിടാന്‍ തയാറാകുകയും നിയമവ്യവസ്ഥയെ താറടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുതുടങ്ങിയത്. ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനം കേസുകളെ നേരിടേണ്ടത് കോടതികളിലൂടെയാണ്.
നിയമവും നിയമവ്യവസ്ഥയും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. അത് അംഗീകരിക്കുവാനും അനുസരിക്കുവാനും ഓരോ പൗരനും ബാദ്ധ്യതയുണ്ട്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങും. ഒരാള്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് കോടതിയിലൂടെയാണ്. അതിനുപകരം പാര്‍ട്ടിയിലെ സാധാരണക്കാരെ തെരുവിലിറക്കിവിട്ട് കോടതിക്കുനേരെ ആക്രമണം നടത്തിക്കൊണ്ട് കേസില്‍നിന്ന് രക്ഷപ്പെടാം എന്നുള്ളവിചാരം മൗഢ്യമാണ്.
ഫസല്‍വധക്കേസില്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് സി.ബി.ഐ അന്വേഷണത്തിലൂടെ തെളിഞ്ഞ കാരായി രാജനും കാരായി ചന്ദ്രശേഖരനും അന്വേഷണ ഏജന്‍സിക്കുമുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കുറ്റക്കാരാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത്. ഇതിലൂടെ അദ്ദേഹം സ്വയം പരിഹാസ്യനായി എന്നു മാത്രമല്ല സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയുടെ അഹന്തയുടെ മുഖമാണ് വെളിപ്പെട്ടത്.
എന്നാല്‍ ഒടുവില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം സി.ബി.ഐ ആരംഭിക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഇരുവരും കോടതിക്കുമുന്നില്‍ ഹാജരാകുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ടി.പി.ചന്ദ്രശേഖരന്‍വധക്കേസില്‍ കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍. തലശ്ശേരി കോടതിക്കുമുന്നില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഒരു ജനാധിപത്യപ്രസ്ഥാനത്തിനും ഭൂഷണമല്ല. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ആദ്യ ദിനങ്ങളില്‍തന്നെ പി.മോഹനന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവിനായി അന്വേഷണസംഘം കാത്തിരിക്കുകയായിരുന്നു.
ടി.പികുഞ്ഞനന്തനെ അറസ്റ്റുചെയ്തതോടെയാണ് മോഹനന്റെ പങ്ക് സംശയരഹിതമായി പോലീസിന് ബോദ്ധ്യമായതും അറസ്റ്റിലേക്കു നീങ്ങിയതും. എന്നാല്‍ മോഹനനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അറസ്റ്റുചെയ്തു എന്നു പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎമ്മിന്റെ പാഴ്‌വേല ആ പാര്‍ട്ടിയെ കൂടുതല്‍ അപഹാസ്യമാക്കിമാറ്റി എന്നതാണ് യാഥാര്‍ത്ഥ്യം.
അന്വേഷണം ശരിയായദിശയില്‍ മുന്നോട്ടു നീങ്ങിയാല്‍ മോഹനന്റെ പിന്നാലെ ഒരുപക്ഷേ പിടിയിലാകുന്നത് സംസ്ഥാനതലംവരെയുള്ള നേതാക്കളാകാം എന്ന പരിഭ്രാന്തിയാണ് പാര്‍ട്ടിപ്രവര്‍ത്തകരെ തെരുവിലിറക്കുന്നതിന് പിന്നിലെ കുത്സിതബുദ്ധി. ഉപ്പുതിന്നവര്‍ വെള്ളംകുടിക്കും എന്നത് പ്രകൃതിനിയമമാണ്. അത് ഇന്നല്ലെങ്കില്‍ നാളെ നടന്നേതീരൂ.
സി.പി.എം ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്ന അവസ്ഥ ഇതാണ്. രാഷ്ട്രീയ പ്രതിയോഗികളെ മര്‍ദ്ദിച്ചും കൊന്നും ജീവച്ഛവങ്ങളാക്കിയും സി.പി.എമ്മിന് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ല. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ കണ്ണും കാതും തുറന്നുവച്ചുകൊണ്ട് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാക്കും പ്രവര്‍ത്തിയുമൊക്കെ ജനങ്ങളിലേക്ക് സദാ എത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇനിയും ഇരുമ്പുമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് സ്റ്റാലിനിസ്റ്റ് ശൈലിയില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്താമെന്ന വ്യാമോഹം നേതൃത്വത്തിനുണ്ടെങ്കില്‍ അവര്‍ ഇപ്പോഴും ജീവിക്കുന്നത് കഴിഞ്ഞുപോയ നൂറ്റാണ്ടിലാണെന്നേപറയാന്‍ കഴിയൂ.
ജനാധിപത്യ പ്രക്രീയയില്‍ അക്രമത്തിനു സ്ഥാനമില്ല. ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവലാളുകളും യജമാനന്മാരും. ഇതു മനസ്സിലാക്കാന്‍ കഴിയാതെപോയതാണ് മൂന്നരപതിറ്റാണ്ടോളം ബംഗാളില്‍ ഭരണത്തിനു നേതൃത്വം നല്‍കിയിട്ടും ഒടുവില്‍ ദയനീയമായി അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടിവന്നത്.
തെറ്റില്‍നിന്ന് തെറ്റിലേക്കുള്ള യാത്ര നാശത്തിന്റേതാണ്. തെറ്റില്‍നിന്ന് പാഠം പഠിച്ചുകൊണ്ട് ശരിയിലേക്ക് പോകുകയാണ് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടത്. അതിനു സി.പി.എം തയാറാകുകയും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ മുന്നോട്ടുപോകുകയും ചെയ്തില്ലെങ്കില്‍ ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നു മറക്കരുത്.
Discussion about this post