ഭാരതത്തിലുടനീളം ആഷാഡമാസത്തിലെ പൗര്‍ണ്ണിദിനമാണ് ഗുരുപൂര്‍ണ്ണിമ(വ്യാസപൂര്‍ണ്ണിമ) ദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. ഗുരൂപൂര്‍ണ്ണിമയോടനുബന്ധിച്ച് മന്ത്രദീക്ഷ നല്‍കുന്ന ചടങ്ങുകളും ഉണ്ടാകും.
ഭാരതസംസ്‌കാരത്തിന്റെ ആധാരശില ഗുരുത്വമാണ്. മനുഷ്യമനസ്സിലെ കാലുഷ്യങ്ങള്‍ ദൂരീകരിച്ച് മനുഷ്യനെ ദേവത്വത്തിലേക്കും അതിനുമപ്പുറം ഈശ്വരപദവിയിലേക്കും ബ്രഹ്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന മഹാനുഗ്രഹമാണ് ഗുരുത്വം. പരമാത്മാവില്‍ നിന്ന് ആരംഭിക്കുന്ന ഗുരുപരമ്പര ഇന്നും ഭാരതത്തില്‍ അഖണ്ഡമായിത്തന്നെ തുടരുന്നു. ഗുരുപരമ്പരയുടെ ശാശ്വത പ്രാതിനിധ്യമായി സത്യവതീപുത്രനായ ഭഗവാന്‍ വേദവ്യാസന്‍ വിരാജിക്കുന്നു. ലോകത്തുമുഴുവന്‍ ഐശ്വര്യവും ശ്രേയസും ശാന്തിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ഗുരുപരമ്പര പകര്‍ന്നുതന്ന അഹിംസാത്മകമായ ജീവിതപദ്ധതിയാണ് എക്കാലത്തെയും കലാപങ്ങള്‍ക്കുള്ള ശാശ്വതപരിഹാരം. ഈ മഹാസന്ദേശം ഉള്‍ക്കൊള്ളുവാനും പ്രയോഗപഥത്തില്‍ കൊണ്ടുവരാനുമാണ് ഗുരുപരമ്പരസ്മരണയോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഗുരുപൂര്‍ണ്ണിമ ആചരിക്കപ്പെടുന്നത്.
Discussion about this post