മൃഡാനന്ദസ്വാമി
‘ഭാരതത്തിന്റെ ജീവിതശക്തി മതത്തിലാണ്. പൂര്‍വ്വികരില്‍നിന്ന് കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളംകാലം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാനാവില്ല. കഴിഞ്ഞ കാലങ്ങളിലേക്ക് സദാ കണ്ണോടിക്കുന്നവരെ ഇന്ന് എല്ലാവരും കുറ്റപ്പെടുത്തുകയാണ്. ഭാരതത്തിന്റെ ദുരിതങ്ങളുടെയെല്ലാം കാരണം ഇത്രയേറെ നടക്കുന്ന പിന്‍നോട്ടമാണെന്ന് പറയുന്നു. നേരെ മറിച്ച്, ഇതിന്നു വിപരീതമാണ് ശരിയെന്നത്രെ എനിക്കു തോന്നുന്നത്. ഭൂതകാലത്തെ മറന്നിരുന്നപ്പോള്‍ ഹിന്ദുജനത മോഹത്തില്‍ മുഴുകുകയാണ് ചെയ്തത്. ഭൂതകാലത്തേക്കു കണ്ണോടുന്ന ഇന്ന്, ഇതാ, എമ്പാടും ജീവിതം പുതുതായി ആവിഷ്‌കരിക്കപ്പെടുന്നു. പ്രസ്തുതമായ ഭൂതകാലത്തില്‍നിന്നാണ് ഭാവി രൂപപ്പെടുത്തേണ്ടത്; ഭൂതമാണ് ഭാവിയാവുക”.
(വിവേകാനന്ദസാഹിത്യസര്‍വ്വസ്വം 356)
ഭാരതം ഇന്ന് സ്വാര്‍ത്ഥതാത്പര്യങ്ങളില്‍ പടുത്തുയര്‍ത്തിയ അനേകം സംഘങ്ങളുടേയും സമുദായങ്ങളുടേയും സംഘടനകളുടേയും ഹ്രസ്വവീക്ഷണത്തില്‍ നിന്ന് ഉണ്ടാകുന്ന സംഘട്ടനങ്ങള്‍കൊണ്ട് ഛിന്നഭിന്നമായിതീരുന്ന ദൃശ്യം ഏതു ദേശസ്‌നേഹിയുടേയും ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദേശങ്ങളില്‍നിന്നുള്ള മതങ്ങളുടേയും ആശയങ്ങളുടേയും ആദര്‍ശങ്ങളുടേയും തള്ളിക്കയറ്റം ഭാരതത്തെ ആകെ തളര്‍ത്തിയപോലെ തോന്നുന്നു.
ഭാരതീയരുടെ വിശാലമായ ആദ്ധ്യാത്മിക വീക്ഷണത്തില്‍ ഏതൊന്നിനും തഴച്ചുവളരുവാനുള്ള സൗകര്യവും സന്ദര്‍ഭവും ഇവിടെ ഉണ്ടുതാനും. ഒരുകാലത്ത് വൈദേശികാക്രമണത്തെയും വൈദേശികഭരണത്തെയും ഭാരതത്തിന്റെ ഈ ദുര്‍ദ്ദശയ്ക്കു കാരണമായി നാം പറഞ്ഞിരുന്നു. അന്ന് ഭാരതത്തിന്റെ തനതായ വ്യക്തിത്വത്തെ നിലനിര്‍ത്തുന്ന ആദ്ധ്യാത്മിക ചിന്താഗതിയെയും അതിലധിഷ്ഠിതമായ ഹിന്ദുമതത്തേയും ആര്‍ഷസംസ്‌കാരത്തെത്തന്നെയും സമൂലം നശിപ്പിക്കുവാനുള്ള സംഘടിതമായ പരിശ്രമം നടന്നിരുന്നുവെന്നുള്ളതു ശരിതന്നെ. പക്ഷേ, ഇന്ന് ബാഹ്യമായി വൈദേശികമായ ആക്രമണമോ ഭരണമോ ഇവിടെയില്ല. ഭാരതപാരമ്പര്യത്തിനു യോജിച്ച തരത്തിലുള്ള നിരായുധമായ സത്യാഗ്രഹസമരത്തിലൂടെ അവയില്‍നിന്നു രക്ഷപ്പെടുവാന്‍ ഭാരതീയര്‍ക്കു സാധിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭാരതത്തിന്റെ ദുര്‍ദശ ശമിച്ചില്ലെന്നു മാത്രമല്ല, അതു കുറെ വര്‍ദ്ധിക്കുകകൂടിചെയ്തു. ഒരു ഏകീകൃതമായ ഭാരതം പൂര്‍വ്വകാല മഹിമയോടെ ഉയര്‍ന്നുവരുമെന്നും ശാന്തവും സംതൃപ്തവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ പ്രകാശം കൊടുക്കുവാന്‍ അതു പര്യാപ്തമാകുമെന്നും സ്വപ്നം കണ്ടിരുന്നവരെല്ലാം ഇന്നു നിരാശരായിരിക്കയാണ്.
ഏകീകരിച്ച് സുദൃഢമാകുന്നതിന്നുപകരം ശിഥിലീകരിച്ചു ദുര്‍ബ്ബലമാകുന്ന പ്രക്രിയയാണ് ഇന്ന് എവിടേയും കാണുന്നത്. ഉദ്ഗ്രഥനത്തിന്നു പകരം അപഗ്രഥനം. അഖണ്ഡഭാരതത്തെ ഖണ്ഡമാക്കണമെന്നു നിര്‍ബ്ബന്ധിച്ചവര്‍ക്ക് അവരുടെ ഭാഗം കൊടുത്തതോടുകൂടി ബാക്കി ഭാഗമെങ്കിലും അഖണ്ഡമായി നില്ക്കുമെന്നു കരുതി. പിന്നെയും വിഘടനവാദികള്‍ വളര്‍ന്നുവന്ന് ഇന്നു ഭാരതം മുഴുവന്‍ തുണ്ടുതുണ്ടായി വിഭജിക്കണമെന്ന വാദത്തിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഭാരതത്തിന്റെ സമഗ്രമായ ദേശീയതയ്ക്ക് വലിയൊരു ഭീഷണിയാണിത്.
ഭാരതത്തിന്റെ ദേശീയധാരയില്‍നിന്ന് അകന്നുപോകാനുള്ള ഈ പ്രവണതയ്ക്ക് എന്താണ് കാരണം? ഓരോരുത്തര്‍ക്കും അവരവരുടെ മതത്തിന്റേയും ജാതിയുടേയും കാര്യമല്ലാതെ വിശാലമായ ഒരുവീക്ഷണഗതിതന്നെ ഇല്ലാതായിരിക്കുന്നു. പഞ്ചാബിലേയ്ക്കും ആസ്സാമിലേക്കും ഒന്നുംപോകാതെ കേരളത്തിലെ സ്ഥിതിതന്നെ എടുത്തുനോക്കിയാല്‍ മതി. ഓരോ ജാതിക്കാര്‍ക്കും പ്രത്യേകസംഘടനയുണ്ട്. മതങ്ങളുടെ കാര്യം പറയുകയും വേണ്ട. ഭരണതലത്തിലും മറ്റ് അധികാരസ്ഥാനങ്ങളിലും കയറിക്കൂടി സ്വന്തം കാര്യങ്ങള്‍ നേടാനുള്ള വെമ്പലാണ് എവിടെയും. ഓരോ മതക്കാര്‍ക്കും പ്രത്യേക ജില്ലകള്‍തന്നെ വേണം. സ്വന്തം നിലനില്പിന്നുവേണ്ടി, രാജ്യത്തിന്റെ പൊതുവായ നന്മയേയോ ഭാവിയെപ്പറ്റിയോ ആലോചിക്കാതെ ന്യായ്യാന്യായ്യതകള്‍ നോക്കാതെ, അങ്ങനെയുള്ളവരുടെ ഏതാവശ്യങ്ങളും അനവദിച്ചുകൊടുക്കുന്ന ഭരണകൂടങ്ങളാണ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമെല്ലാം ഇന്നുള്ളത്. ദേശീയോദ്ഗ്രഥനത്തെ തുരങ്കം വെയ്ക്കുന്ന ഈ പ്രവണതയ്‌ക്കെങ്ങനെ പരിഹാരം കാണാം എന്നുള്ളതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ട ഒരു സമയമാണ് ഇത്.
നമ്മുടെ ഭരണഘടനയില്‍ ഭാരതത്തെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചതിനേയും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകാനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചതിനേയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഈ വിഘടനപ്രസ്ഥാനങ്ങള്‍ പ്രധാനമായി ഇവിടെ വളര്‍ന്നുവരുന്നത്. രാഷ്ട്രീയത്തിന്റെ തണലില്‍ അവര്‍ക്കു എല്ലാ സംരക്ഷണങ്ങളും ലഭിക്കുകയും ചെയ്യുന്നു. ജാതിയുടേയും മതത്തിന്റെയും പേരിലുള്ള ഈ ചേരിതിരിവുകള്‍ ഇന്ന് പല സംഘട്ടനങ്ങള്‍ക്കും കാരണമായിത്തീരുന്നു. വര്‍ഗ്ഗീയതയുടെ വിളയാട്ടം കണ്ട് ദേശസ്‌നേഹികള്‍ അമ്പരന്നു നില്ക്കുന്നു. ഭാരതത്തെ മാതൃഭൂമിയായെണ്ണുവാനോ, ഭാരതത്തിന്റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും അലിഞ്ഞുചേരുവാനോ സന്നദ്ധരല്ലാത്ത, ഭാരതത്തിന്റെ ദേശീയഗാനത്തേയും പതാകയേയും അവഹേളിക്കുവാന്‍പോലും മടികാണിക്കാത്ത ജനസമുദായം ഭാരതത്തിലുണ്ടാകുന്നത് സ്വതന്ത്രഭാരതത്തിന്റെ നയപരിപാടികളിലുള്ള പാളിച്ചയെയാണ് കാണിക്കുന്നത്.
ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ഒന്നാമതായി ഭരണം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും, അടുത്ത തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനും വേണ്ടിയുള്ളതല്ലെന്നും ജനങ്ങളെ സേവിക്കുവാനും രാഷ്ട്രത്തിന്നു നന്മചെയ്യുവാനും, വേണ്ടിയുള്ളതാണെന്നും വിശ്വസിക്കുന്ന ഒരു ഭരണകൂടം ഇവിടെ ഉണ്ടാകണം; ദേശീയ ബോധത്തേയും സ്വരാജ്യസ്‌നേഹത്തേയും വളര്‍ത്തിയെടുക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതി ഇവിടെ ആവിഷ്‌കരിക്കണം; ത്യാഗത്തിലും സേവനത്തിലും അടിയുറച്ച ഭാരതീയസംസ്‌കാരത്തിലഭിമാനം കൊള്ളുന്ന ഒരു തലമുറയ്ക്കു നാം രൂപം നല്‍കണം; പരസ്പര സ്‌നേഹത്തിലും സഹിഷ്ണുതയിലും സമഭാവനയിലും വളര്‍ന്നുവരേണ്ടുന്ന മതങ്ങള്‍ തമ്മില്‍, മതതത്ത്വങ്ങളില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള സൗഹാര്‍ദ്ദഭാവം വളര്‍ത്തിയെടുക്കണം. ബഹുജനഹിതത്തിനും ബഹുജനസുഖത്തിന്നും വേണ്ടി സ്വാര്‍ത്ഥചിന്ത വെടിഞ്ഞ് പരാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ജനതയ്ക്കുമാത്രമേ ഭാരതത്തെ ഭാരമായി നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ദേശീയോദ്ഗ്രഥനം സാധിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള ഒരു പരിചിന്തനമാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.
ഭാരതത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി വിവേകാനന്ദസ്വാമികള്‍ വിലയിരുത്തുന്നതിങ്ങനെയാണ്: മറ്റേതു നാട്ടിലേതിനേക്കാളും കൂടുതല്‍ ജടിലവും ഗുരുതരവുമാണ് ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍, ജാതി, മതം, ഭാഷ, ഭരണകൂടം, ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്നതാണ് ഒരു ജനത. ഓരോ മനുഷ്യവംശത്തേയും വെവ്വേറെ പരീക്ഷിച്ചാല്‍ കാണുന്നത്, ലോകജനതകളുടെ ആഭ്യന്തരഘടകങ്ങള്‍ ഈ രാജ്യത്തെയപേക്ഷിച്ച് വളരെ വിരളമാണെന്നത്രെ. ഇവിടെ ആര്യന്മാരും ദ്രാവിഡന്മാരും ടാര്‍ടാര്‍വര്‍ഗ്ഗവും മുകിലരും യൂറോപ്യന്മാരും – ലോകജനതകളാകെത്തന്നെ – വന്നുകൂടി, താന്താങ്ങളുടെ മതം ഈ നാട്ടിലേക്ക് എടുത്തൊഴുക്കിയിരിക്കുകയാണെന്നു തോന്നും. ഭാഷകളുടെ അത്യത്ഭുതകരമായ സംഘാതമാണ് ഇവിടെയുള്ളത്; യൂറോപ്പിലും പൗരസ്ത്യദേശങ്ങളിലുമുള്ള ജാതികള്‍ക്കു തമ്മിലുള്ള ഭേദത്തേക്കാള്‍ വലിയ ഭേദമാണ് ഭാരതത്തിലുള്ള രണ്ടു വംശ്യര്‍ക്കു തമ്മില്‍, അവരവരുടെ ആചാര്യമര്യാദകളെ സംബന്ധിച്ച് നിലവിലുള്ളത്.”
ഈ വിഭിന്നതകളുടെയെല്ലാം അടിയിലും ഭാരതത്തെ ഒന്നിച്ചുചേര്‍ത്തുനിര്‍ത്തിയിരുന്ന ഒരു അടിസ്ഥാനമുണ്ടായിരുന്നു എന്നുള്ളതാണ് ഭാരതത്തിന്റെ പ്രത്യേകത. ആ ദേശിയമനോഭാവത്തെ നിലനിര്‍ത്തിയിരുന്നത്. വിവേകാനന്ദ സ്വാമികള്‍ പറയുന്നതുപോലെ, നമ്മുടെ പാവനപാരമ്പര്യങ്ങളാണ്, മതമാണ്. നമുക്ക് അതൊന്ന് മാത്രമാണ് പൊതുവിലുള്ള അടിസ്ഥാനം. അതിന്മേലാണ് നമുക്ക് ഇനിയും പടുത്തുകെട്ടേണ്ടത്. സ്വാമിജി മതമെന്നു പറയുമ്പോള്‍ ഇന്നു നാം മതമെന്നു തെറ്റിദ്ധരിക്കുന്ന ആചാരാനുഷ്ഠാനങ്ങളല്ല എന്നു പ്രത്യേകമോര്‍ക്കണം. പലരും അത് ഹിന്ദുമതമാണെന്നു തെറ്റിദ്ധരിക്കുന്ന ആചാരനുഷ്ഠാനങ്ങല്ല എന്നു പ്രത്യേകമോര്‍ക്കണം. പലരും അത് ഹിന്ദു മതമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് ശരിയല്ല. എല്ലാ മതങ്ങളുടെയും അടിസഥാനതത്വമായി നില്ക്കുന്ന ആദ്ധ്യാത്മികതയെയാണ് സ്വാമിജി അവിടെ നിര്‍ദ്ദേശിക്കുന്നത്.
”മനുഷ്യന്റെ മനസ്സിന്ന് കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളില്‍വെച്ച് ഏറ്റവും മഹത്തും ഉത്കൃഷ്ടവും ഉദാത്തവുമായ ഒന്നാണ് ലോകപുരോഗതിക്കു ഭാരതം ചെയ്തിട്ടുള്ള സംഭാവന-ഭാരതീയ ദര്‍ശനവും ആദ്ധ്യാത്മികതയും”
എന്ന് സ്വാമിജി നിര്‍ദ്ദേശിക്കുന്ന ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെ ദേശീയതയ്ക്കടിസ്ഥാനമായിട്ടുള്ളത്. ഭാരതത്തിന്റെ ദേശീയ ഭാഷയെന്നു പറയാവുന്ന സംസ്‌കൃതവും ഇവിടെയുള്ള ദേശീയൈക്യത്തിനു സഹായകമായിരുന്നു. ആസേതുഹിമാചലം എല്ലാ ദേശങ്ങളിലും അമരഭാരതിക്കുണ്ടായിരുന്ന പ്രചാരമാണ്, സംസ്‌കൃത സാഹിത്യത്തെ ഇത്രയും വിപുലമാക്കിത്തീര്‍ത്തത്. ഭാരതത്തെ ലോകസമാരാധ്യമാക്കിത്തീര്‍ത്ത ആര്‍ഷസംസ്‌കാരത്തിന്റെ ആകരവും അതാണല്ലോ. ഒരു വിദേശീയഭരണം സ്വന്തം ഭരണസൗകര്യത്തെ മാത്രം ലക്ഷ്യമാക്കി വിദ്യാഭ്യാസഭാഷയാക്കി വളര്‍ത്തിയെടുത്ത വിദേശഭാഷ ഭാരതീയരുടെ ഹൃദയങ്ങളില്‍ ദേശീയബോധം നശിപ്പിക്കുവാനും പാശ്ചാത്യാനുകരണഭ്രമം വര്‍ദ്ധിപ്പിക്കുവാനും കാരണമായിത്തീര്‍ന്നു. വിദ്യാഭ്യാസകാലത്താണ് മനുഷ്യന്റെ ജീവിതം രൂപവത്കരിക്കപ്പെടുന്നത്. സ്വന്തം സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം വളര്‍ത്തിയെടുക്കുവാന്‍ വിദ്യാഭ്യാസം സഹായിക്കുന്നില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിന് സഹായകമാകുകയില്ല. അതുകൊണ്ട് വിദ്യാഭ്യാസപാഠ്യപദ്ധതിയില്‍ സമുചിതമായ മാറ്റം വരുത്തേണ്ടത് ആവശ്യമായിരിക്കുന്നു അതില്‍ ദേശീയോദ്ഗ്രഥനത്തിന് ഏറ്റവും സഹായകമായിത്തീരുന്ന സംസ്‌കൃതഭാഷാപ്രചാരണത്തിന്നു കൊടുക്കേണ്ടുന്ന പ്രാമുഖ്യത്തെ നാമൊരിക്കലും വിസ്മരിച്ചുകൂടാ.
പിന്നീട് പ്രധാനമായി ശ്രദ്ധിക്കേണ്ടത് മതസഹിഷ്ണുതയിലാണ്. മതങ്ങളെല്ലാം പരിപൂര്‍ണ്ണതയ്ക്കുള്ള മാര്‍ഗ്ഗങ്ങളാണെന്ന ബോധത്തോടെ എല്ലാ മതാനുയായികളും സഹിഷ്ണുതാഭാവം പുലര്‍ത്തേണ്ടതാവശ്യമാണ്. അധികാരമോഹവും സ്വാര്‍ത്ഥലാഭേച്ഛയും വെടിഞ്ഞ് വിശാലമായ ഭാവത്തില്‍ മതാചാര്യന്മാരുടെ ഉപദേശങ്ങള്‍ നം മനസ്സിലാക്കണം. മറ്റു മതങ്ങളെ നശിപ്പിച്ച് സ്വന്തം മതം വളര്‍ത്തണമെന്ന സങ്കുചിതമനോഭാവമാണ് മതകലഹങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെയ്ക്കുന്നത്. ‘ജീവിക്കുക, ജീവിക്കുവാനനുവദിക്കുക’ എന്ന നിയമമനുസരിച്ച് എല്ലാ മതങ്ങളും പരിമതസഹിഷ്ണുതയോടെ പരിപൂര്‍ണ്ണത പ്രാപിക്കാന്‍ ശ്രമിക്കണമെന്നാണ് ഉപദേശിക്കുന്നത്. ആദ്ധ്യാത്മികലക്ഷ്യം വിട്ടു ഭൗതിക ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് കലഹങ്ങളുണ്ടാകുന്നത്. അതുകൊണ്ട് മതാചാര്യന്മാരുപദേശിച്ച ആദ്ധ്യാത്മിക ലക്ഷ്യത്തെ മുന്‍നിര്‍ത്തി സഹിഷ്ണുത എല്ലാ മതാനുയായികളും ഒരുപോലെ പാലിക്കേണ്ട ഒരു ആദര്‍ശമാണെന്ന ബോധം തങ്ങളുടെ അനുയായികളിലുണ്ടാക്കിത്തീര്‍ക്കുവാന്‍ എല്ലാമതാചാര്യന്മാരും ശ്രമിക്കുമ്പോള്‍ മാത്രമെ ഭാരതത്തില്‍ ദേശീയോദ്ഗ്രഥനം വിജയപ്രദമായി നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ. മതപ്രചരണത്തിലല്ല് മതാനുഷ്ഠാനത്തിലാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.
ഭാരതത്തിന്റെ സനാതനസംസ്‌കാരത്തിന് ചരിത്രത്തില്‍ പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് മനുഷ്യരാശിക്കു മുഴുവന്‍ സൗമ്യത, ഔദാര്യം പരിശുദ്ധി, ശാന്തി, സമാധാനം മുതലായവയ്ക്ക് മാര്‍ഗ്ഗദര്‍ശകമായിരുന്ന മഹത്തായ ഈ ആര്‍ഷസംസ്‌കാരം അയല്‍രാജ്യങ്ങളില്‍കൂടി പ്രകാശം പരത്തിയിരുന്നു. പിന്നീട് കാലചക്രത്തിരച്ചലില്‍ പ്രകൃതിനിയമമനുസരിച്ച് അത് അധഃപതനത്തിന്റെ അടിത്തട്ടിലേയ്ക്കാണ്ടുപോയെങ്കിലും ഒരിക്കലും നശിക്കാതെ ഒളിമങ്ങിയ രത്‌നംപോലെ കിടക്കുകയായിരുന്നു. ആ ഒരു നില ആവശ്യമായിരുന്നുവെന്നാണ് സ്വാമിജി പറയുന്നത്. ”നമ്മുടെ സംസ്‌കാരത്തിന്ന് അധഃപതനവും അപക്ഷയവും നടമാടിയകാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അവയ്ക്കു വലിയ പ്രാധാന്യമൊന്നും നല്‍കുന്നില്ല; നമുക്കെല്ലാം അതറിയാം. ആ വകഘട്ടങ്ങള്‍ ആവശ്യം കൂടിയായിരുന്നു. ഒരു മാമരം മനോജ്ഞവും പക്വവുമായ ഒരു ഫലമുളവാക്കുന്നു. ആ ഫലം നിലത്തു വീഴുന്നു. അവിടെക്കിടന്നു ചീഞ്ഞഴുകുന്നു. അതില്‍നിന്ന് വേരും ഭാവി വൃക്ഷവും കിളരുന്നു. ഒരുപക്ഷേ, ആദ്യത്തേതിലുമധികം കൂറ്റന്‍. നാം ഒരപക്ഷയത്തിലൂടെ കടന്നുപോകുകയാണല്ലോ. ഈ ഘട്ടമാകെ ആവശ്യമാകുന്നു. ഈ അപക്ഷയത്തില്‍ നിന്നാണ് ഭാവിഭാരതം രൂപമെടുക്കുക. അത് കിളര്‍ക്കുകയാണ്. അതിന്റെ ആദ്യദളങ്ങള്‍ വിരിഞ്ഞിരിക്കുന്നു. ഒരു ഊക്കന്‍, കൂറ്റന്‍ മരം, ഒരു ഊര്‍ദ്ധമൂലം, ഇതാ ഇപ്പോഴേ വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നവോത്ഥാനത്തിന്റെ പൊന്‍കതിരുകളെങ്ങും പരക്കുന്നതായി നാമിന്നു കാണുന്നുണ്ടല്ലോ. അതിനെ മറയ്ക്കുവാന്‍ പല കാര്‍മ്മേഘങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും അവയെല്ലാം തട്ടിനീക്കിക്കൊണ്ട് ആ പൊന്‍കതിരുകള്‍ ഉജ്ജ്വലപ്രകാശമായി പ്രസരിക്കുകതന്നെ ചെയ്യും. ഇന്നത്തെ ധര്‍മ്മച്യുതിയും വിഘടനവാദങ്ങളും മറ്റും കണ്ടുനാം പരിഭ്രമിക്കേണ്ടതില്ല.
ഒരായിരം കൊല്ലത്തെ കൊടുങ്കാറ്റുകള്‍ ഏല്പിച്ച പ്രഹരങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഭാരതസംസ്‌കാരമഹാവൃക്ഷം യാതൊരു കോട്ടവും തട്ടാതെ നില്ക്കുന്നുണ്ട്. സ്വാമിജി ചോദിക്കുന്നു, ”ഭാരതം മരിക്കുയ്ക്കയോ? മരിച്ചാല്‍ ലോകത്തിലെ ആധ്യാത്മികതയെല്ലാം കെട്ടടങ്ങും; ധാര്‍മ്മികതയുടെ തികവും കെട്ടടങ്ങും; സുകുമാരഹൃഹയങ്ങള്‍ക്ക് മതത്തോടുള്ള സഹാനുഭൂതിയെല്ലാം കെട്ടടങ്ങും; ആദര്‍ശവാദമെല്ലാം കെട്ടടങ്ങും; പകരം, കാമവും ആര്‍ഭാടവും ദേവനും ദേവിയുമായി വാഴ്ച നടത്തും: പുരോഹിതന്‍ വിത്തുമായിരിക്കും ചടങ്ങുകള്‍ കപടതയും കയ്യൂക്കും മത്സരവുമായിരിക്കും; ഹോമദ്രവ്യം മനുഷ്യാത്മാവും. അങ്ങനെ ഒരു കാര്യ നടക്കുകയേ ഇല്ല”, (വി സാ.സ,111.380)
ഭാരതത്തിലെ ഹൈന്ദവമഹാശക്തി ഉണര്‍ന്നെഴുന്നേറ്റാല്‍ മറ്റൊരു ശക്തിക്കും അതിനെ തടുത്തു നിര്‍ത്തുവാന്‍ സാധിക്കുകയില്ല. സഹിഷ്ണുതയുടെയും ഹൃദയവിശാലതയുടെയും പേരില്‍ എല്ലാം സഹിച്ച് കഴിഞ്ഞിരുന്ന ഹിന്ദുവിനെ ദുര്‍ബ്ബലനാണെന്നു തെറ്റിദ്ധിരിച്ചിരിക്കുകയായിരുന്നു. സ്വാര്‍ത്ഥലാഭേച്ഛയുടെ പേരില്‍ ഹൈന്ദവനവോത്ഥാനത്തിന്റെ മുമ്പില്‍ വിലങ്ങുതടി ഇടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ വ്യാമോഹം നിഷ്ഫലമാണെന്നു കാണുവാന്‍ ഇനി അധികകാലം വേണ്ടിവരികയില്ല. ലോകത്തിന്റെ മുഴുവന്‍ നന്മക്കു വേണ്ടി ഭാരതം ഉണര്‍ന്നെഴുന്നേല്‌ക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ യാഥാര്‍ത്ഥമായ ദേശീയോദ്ഗ്രഥനത്തിന്റെ ഫലം ലോകത്തിനു മുഴുവന്‍ അനുഭവിക്കാറാകും. സ്വാമിജി വീണ്ടും പറയുന്നു: ”ആദ്ധ്യാത്മികമായ പോഷണത്തിനുവേണ്ടി ലോകത്തിലുള്ളവരുടെയെല്ലാം ദൃഷ്ടി ഇപ്പോള്‍ ഈ ഭാരതഭൂമിയിലേക്കു തീരിഞ്ഞിരിക്കുകയാണ്. അവര്‍ക്കൊക്കെ അതു നല്‍കേണ്ടതു ഭാരതമാണ്. മനുഷ്യരാശിക്ക് ഏറ്റവും പറ്റിയ ആദര്‍ശം ഇവിടെമാത്രമേ ഉള്ളൂ. പാശ്ചാത്യ പണ്ഡിതന്മാര്‍ ഈ ആദര്‍ശം മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണ്. സംസ്‌കൃതത്തിലുള്ള സാഹിത്യത്തിലും ദര്‍ശനങ്ങളിലുമത്രെ അതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഈ ആദര്‍ശം യുഗങ്ങളിലൂടെ ഭാരതത്തിന്റെ വിശേഷലക്ഷണമായിരിക്കുകയാണ്”(വി.സാ.സ. 111.34)
ശ്രീനാരയണഗുരുദേവന്‍ പറയുന്നതുപോലെ ഭാരതീയത്വമെന്ന ഒരേ ഒരു ജാതി, ആദ്ധ്യാത്മികതയെന്ന ഒരേ ഒരു മതം, ഭാരതമെന്ന ഒരേ ഒരീശ്വരന്‍ എന്ന മനോഭാവേന വര്‍ത്തിക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടത്തെ മുന്നില്‍ കണ്ടുകൊണ്ട് നമുക്ക് പുരോഗമിക്കാം.
Discussion about this post