എന്‍.ബി.രമേശന്‍
പച്ചപരവതാനി വിരിച്ചതുപോലെ ഇളംപുല്ലുകള്‍ കിളിര്‍ത്തുനില്ക്കുന്ന മൈതാനപ്പരപ്പുകളില്‍ക്കൂടി, ഫലസമൃദ്ധിയുള്ള വൃന്ദാവനപരിസരങ്ങളില്‍ക്കൂടി, ശ്രീകൃഷ്ണന്‍ ഗോപാലബാലകരുമൊത്ത് കാലികളെമേച്ച് ബഹുദൂരം സഞ്ചരിച്ചു. കന്നുകാലിക്കൂട്ടങ്ങള്‍ പുല്ലുതിന്ന് തൃപ്തരായപ്പോഴേക്കും ഗോപാലബാലകര്‍ വിശപ്പുകൊണ്ട് തളര്‍ന്നുകഴിഞ്ഞ് ഇരുന്നുപോയി.
അവര്‍ കൃഷ്ണനോട് പറഞ്ഞു:- കൃഷ്ണാ വേഗം ഇതിനൊരു പോംവഴി കണ്ടില്ലെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ മരിച്ചുപോകും.
കൃഷ്ണന്‍ പറഞ്ഞു:- ‘നിങ്ങള്‍ വിഷമിക്കേണ്ട. ഇവിടെ അടുത്തൊരു ബ്രാഹ്മണന്‍ ദേവപ്രീതിയ്ക്കായി യാഗംകഴിച്ചുകൊണ്ടിരുപ്പുണ്ട്. നിങ്ങള്‍ ആ യാഗശാലയില്‍ ചെന്ന് അവരോട് വിവരം പറയുക. ഞാന്‍ ഇവിടെ ഇരിക്കുന്നതായും പറയുക.
അതു കേള്‍ക്കാത്ത താമസം ക്ഷുത്തു ശമിപ്പിപ്പാനുള്ള അത്യാഗ്രഹത്തോടുകൂടി കുറേപേര്‍ യാഗശാലയിലേക്കു പാഞ്ഞുചെന്നു. ക്ഷീണംമൂലം അനങ്ങാന്‍ കഴിയാതെ കുറേപേര്‍ കൃഷ്ണനോടൊത്ത് അവിടെത്തന്നെയിരുന്നു.
അനേകം ബ്രാഹ്മണര്‍ ശ്രദ്ധയോടുകൂടി യജ്ഞം ചെയ്തുകൊണ്ട് ആ യാഗശാലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. പരവശരായ ഗോപാലര്‍ അവരോടു പറഞ്ഞു.:-
‘ഗുരുക്കന്മാരെ, ഞങ്ങള്‍ വിശപ്പും ദാഹവുമൂലം തളര്‍ന്നു വിവശരായിരിക്കുന്നു. വേഗം ഞങ്ങള്‍ക്കെന്തെങ്കിലും ആഹാരം തന്നില്ലെങ്കില്‍ ഞങ്ങള്‍ മരിച്ചുപോകും. ഞങ്ങളോടൊത്തുണ്ടായിരുന്ന കൃഷ്ണനോട് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നിങ്ങള്‍ തന്നയ്ക്കുന്ന ആഹാരവും കാത്ത് മറ്റു കൂട്ടുകാരോട1പ്പം അവന്‍ ഇതാ അവിടെ വിശ്രമിക്കുന്നു.
യജ്ഞത്തില്‍ നിഷ്ഠയോടുകൂടിയിരുന്ന ബ്രഹ്മണരില്‍ പലരും അവരുടെ വാക്ക് കേട്ടതായിപ്പോലും ഭാവിച്ചില്ല തങ്ങളുടെ യജ്ഞത്തിനു ഭംഗമുണ്ടാക്കാന്‍ വന്നവര്‍ ആരെന്ന ഭാവത്തില്‍ ചിലര്‍ ഗൗരവത്തോടെ അവരുടെ നേരെനോക്കി. പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന അവരെ കണ്ട് പുച്ഛരസത്തില്‍ മുഖം തിരിച്ച് വീണ്ടും യാഗത്തില്‍ മുഴുകി.
ആഗ്രഹത്തോടെ കാത്തുനിന്നിരുന്ന ഗോപാലരുടെ മുഖം വാടി. നിരാശയോടെ അവര്‍ തിരിച്ചുപോന്നു. നടന്നവിവരം അവര്‍ കൃഷ്ണനോട് പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു:-
‘ഞാനതു പ്രതീക്ഷിച്ചതായിരുന്നു’
ഗോപാലര്‍ ചോദിച്ചു:-
‘എങ്കില്‍ പിന്നെ നീ എന്തിനാണ് ഞങ്ങളെ അങ്ങോട്ട് പറഞ്ഞയച്ചത്. അപമാനിക്കാനോ?
പുഞ്ചിരിച്ചുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു:-
‘ആകട്ടെ: നിങ്ങള്‍ അല്പം ക്ഷമിക്കൂ. ആ ബ്രാഹ്മണപത്‌നിമാരുടെ അടുത്തുചെന്ന് നിങ്ങള്‍ വിവരം പറയൂ’
‘ ഓ എന്തിനാണ്? ബ്രാഹ്മണരില്‍നിന്ന് കിട്ടിയ അപമാനം പോരായിരിക്കും. ഇനി അവരുടെ ഭാര്യമാരില്‍നിന്നും വേണമോ? കൃഷ്ണാ വിശന്നു തളര്‍ന്നിരിക്കുന്ന ഞങ്ങളെ എന്തിനാണിങ്ങനെ ഓടിക്കുന്നത്? ഗോപാലന്മാര്‍ ചോദിച്ചു.
‘നിങ്ങള്‍ ചെല്ലൂ. ഇത്തവണ നിരാശയ്ക്കിടവരികയില്ല’ കൃഷ്ണന്‍ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ അവര്‍ നടന്നു. ബ്രാഹ്മണപത്‌നിമാരുടെ സമീപത്തെത്തി പറഞ്ഞു.
‘ഞങ്ങള്‍ വിശന്ന് ദാഹിച്ച് വന്നിരിക്കുകയാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും ആഹാരം തരൂ. ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞുവിട്ടിട്ട് കൃഷ്ണന്‍ അല്പം അകലെയായി ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും തരൂ’
ആ തരുണികള്‍ സംഭ്രമത്തോടെ പിടഞ്ഞെഴുന്നേറ്റുകൊണ്ട് ഉദ്വേഗത്തോടെ അവരോടു ചോദിച്ചു:-
‘എവിടെ!!! അവനെവിടെ! കൃഷ്ണനെവിടെ…!!
‘അവനിതാ അല്പം അകലെയായി ഇരിക്കുന്നു. അമ്മമാര്‍ ഞങ്ങളുടെകൂടെ വന്നാലും. ഞങ്ങള്‍ അവനെ കാണിച്ചുതരാം.’
‘നിങ്ങള്‍ നടന്നുകൊള്ളൂ. ഞങ്ങളിതാ എത്തിക്കഴിഞ്ഞു’.
വിശിഷ്ടങ്ങളായ അന്നപാനീയങ്ങളുമെടുത്തുകൊണ്ട് തിടുക്കത്തില്‍ അവര്‍ ഗോപാലരുടെകൂടെ ഇറങ്ങിത്തിരിച്ചു.
ആഹാരസാധനങ്ങള്‍ കൃഷ്ണന്റെ മുന്‍പില്‍വച്ച് അവര്‍ പറഞ്ഞു:-
‘കൃഷ്ണാ നിങ്ങള്‍ വന്ന വിവരം ഞങ്ങള്‍ അറിഞ്ഞില്ല. ഇതാ ഞങ്ങളുടെ എളിയ ഉപഹാരം സ്വീകരിച്ചാലും’.
ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കൂട്ടുകാര്‍ക്ക് പങ്കുവച്ചുകൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ ആ യുവതികളോട് പറഞ്ഞു.
‘ഭാഗ്യശാലിനികളെ, ഇതാ നിങ്ങളേറ്റവും വലിയ ദേവപൂജ കഴിച്ചിരിക്കുന്നു. വിശന്നു തളര്‍ന്ന നിങ്ങള്‍, ഈശ്വരപ്രീതിയ്ക്കായി യാഗം കഴിയ്ക്കുന്ന ആ ബ്രാഹ്മണരോട് ആഹാരത്തിന് അര്‍ത്ഥിച്ചു. ദേവപൂജാനിരതരായിരുന്ന അവര്‍ ഞങ്ങളുടെ അപേക്ഷ നിരസിച്ചു. വിശന്നു വലഞ്ഞവര്‍ക്കാഹാരംകൊടുക്കുന്നതു ഏറ്റവും വലിയ ദേവപൂജയാണെന്നവര്‍ അറിഞ്ഞില്ല. വിശക്കുന്നവരുടെ നേരെ ദീനന്മാരുടെ നേരെ, അവശന്മാരുടെ നേരെ കണ്ണും കാതും കൊട്ടിയടച്ച് ഈശ്വരപ്രീതിക്കുവേണ്ടി യജ്ഞങ്ങള്‍ കഴിക്കുന്നവര്‍ ഈശ്വരനെ കാണുകയില്ല. ഇതാ ആയിരം യാഗങ്ങളുടെ ഫലം നിങ്ങള്‍ നേടിയിരിക്കുന്നു. നിങ്ങളോടൊപ്പം ഈശ്വരനുണ്ട്. വിശക്കുന്നവരുടെ വിളി കേള്‍ക്കാന്‍, ദീനന്മാരുടെ സങ്കടമകറ്റാന്‍, അവശന്മാര്‍ക്കാശ്വാസം പകരാന്‍ അനുകമ്പയുള്ള നിങ്ങളില്‍ ഈശ്വരന്‍ വസിക്കുന്നു.
Discussion about this post