ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിടെന്നിലില്‍ വീണ്ടും വിവാദം. ടീമിന്റെ ലണ്ടന്‍യാത്രയാണ് വിവാദത്തിലായത്. സാനിയ മിര്‍സയുടെ അമ്മ മകളുടെ മാനേജരുടെ വേഷത്തില്‍ ലണ്ടനിലേയ്ക്ക് യാത്ര ചെയ്യുന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ജൂലായ് ഒന്നിനാണ് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ രണ്ടംഗ വനിതാ ടെന്നിസ് ടീമിന്റെ മാനേജരായി സാനിയയുടെ അമ്മ നസീമ മിര്‍സയെ നിയമിച്ചത്. ഫെഡറേഷന്‍ കപ്പിലും ഏഷ്യന്‍ ഗെയിംസിലും നസീമ മാനേജരായി ടീമിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ലിയാണ്ടര്‍ പേസിന്റെ ഡബിള്‍സ് ജോഡിയെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുംമുന്‍പാണ് അടുത്ത വിവാദത്തിന് തുടക്കമായത്.
കളിയുമായി യാതൊരു ബന്ധവുമില്ലാത്ത നസീമയെ മാനേജരായി അയക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭൂപതി-പേസ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന സാനിയയെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ടെന്നിസ് അസോസിയേഷന്‍ അമ്മയെ മാനേജരായി ടീമില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് പ്രധാന വിമര്‍ശം. ഡേവിസ് കപ്പിലെ ഇന്ത്യയുടെ സ്ഥിരം നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ എസ്.പി.മിശ്ര, പേസിന്റെ ട്രെയ്‌നര്‍ സഞ്ജയ് സിങ്, ഭൂപതിയുടെയും ബൊപ്പണ്ണയുടെയും ട്രെയ്‌നിങ് കണ്‍സള്‍ട്ടന്റ് ശ്യാംലാല്‍ വല്ലഭ്ജി, സോംദേവിന്റെ ഫിസിയോ മിലോസ് ഗലെസിച്ച് എന്നിവരാണ് ടീമിലെ മറ്റ് ഒഫിഷ്യലുകള്‍. ഇതില്‍ നസീമയ്ക്ക് മാത്രമാണ് കളിയുമായി യാതൊരു ബന്ധവുമില്ലാത്തത്.
Discussion about this post