കയ്‌റോ: ഭരണഘടനാ കോടതിയെയും സൈന്യത്തെയും ധിക്കരിച്ച് പാര്‍ലമെന്റ് ചേര്‍ന്നത് ഈജിപ്തിലെ അധികാര വടംവലി രൂക്ഷമാക്കി. പിരിച്ചുവിട്ട പാര്‍ലമെന്റ് പുനഃസ്ഥാപിച്ചുകൊണ്ട് ഞായറാഴ്ച പ്രസിഡന്റ് മുര്‍സി പുറപ്പെടുവിച്ച ഉത്തരവു നിലനില്‍ക്കില്ലെന്ന് ഭരണഘടനാകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 12 മിനിറ്റു മാത്രം ദീര്‍ഘിച്ച സമ്മേളനം ഭരണഘടനാ കോടതിവിധിക്കെതിരേ അപ്പീല്‍കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
മുര്‍സിയും സൈന്യവും തമ്മിലുള്ള അധികാര വടംവലിയാണ് പ്രശ്‌നത്തിനു കാരണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കീഴ്‌വഴക്കങ്ങള്‍ മാനിക്കണമെന്നും കോടതിയും സൈന്യവും ഉള്‍പ്പെടെയുള്ള അധികാരസ്ഥാപനങ്ങളെ അംഗീകരിക്കണമെന്നുമാണ് ഫീല്‍ഡ് മാര്‍ഷല്‍ ടന്റാവിയുടെ നേതൃത്വത്തിലുള്ള പരമോന്നത സായുധസേനാ സമിതിയുടെ ആവശ്യം.
ഇതേസമയം, കോടതിവിധിയെ ധിക്കരിക്കാനല്ല പാര്‍ലമെന്റ് ചേര്‍ന്നതെന്നും നിയമത്തെയും കോടതിവിധികളെയും പാര്‍ലമെന്റ് മാനിക്കുന്നുവെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Discussion about this post