*പിങ്കള മേനോന്‍ *
വിഭിന്നങ്ങളായ വിശ്വാസങ്ങളും, ആചാരങ്ങളും ഏതൊരു സമുദായത്തിലും വ്യക്തമായി വീക്ഷിക്കാവുന്നതാണ്. അതുപോലെ ശക്തിയും, അവശതയും, സമുദായത്തിന്റെ വശങ്ങളില്‍ കാണാവുന്ന പ്രകൃതി നിയമങ്ങളാകുന്നു. ഒരു സംഗതിയില്‍ പുൂര്‍ണ്ണത്വം നേടിയ മനുഷ്യന് മറ്റൊരു വിഷയത്തില്‍ അപൂര്‍ണ്ണത അഥവാ നിരാശ അനുഭവപ്പെടുന്നു. ഇല്ലായ്മയാലോ, പോരായ്മയാലോ ഉണ്ടാകുന്ന വിടവുകളെ നികത്തുവാനുള്ള ഫലപ്രദമായ പരിശ്രമത്തിന് നാം ‘പുരോഗതി’ എന്ന് പറയുന്നു. നിസ്വാര്‍ത്ഥമായ ത്യാഗാനുഷ്ഠാനത്തിനാണല്ലോ സേവനമെന്ന്് പറയുന്നത്. മേല്‍പ്പറഞ്ഞ പ്രാഥമികമായ ചില കാര്യങ്ങള്‍ നോക്കി, കണ്ട്, മനസ്സിലാക്കി, അറിഞ്ഞ് പരിശീലിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേതീരൂ.
ശാരീരികമായും, മാനസികമായും സാംസ്‌കാരികമായും പുരോഗതി നമ്മുടെ ഗൃഹാന്തരീക്ഷ ശുദ്ധിയെ അനുസരിച്ചിരിക്കും. ഏകദേശം പന്ത്രണ്ട് വസ്സുവരെ നമ്മുടെ ശിശുക്കള്‍ക്ക് സ്വഭാവരൂപീകരണം ഉണ്ടാകുന്നത് ഗൃഹത്തില്‍ നിന്നു തന്നെയാണ്. ജനനകാലം മുതല്‍ ജീവിതത്തിന്റെ ആദ്യഭാഗം മാതാവിനാല്‍ മാത്രം രൂപീകരിക്കേണ്ടതാകയാല്‍, ധര്‍മ്മശ്രദ്ധയും, അറിവും, പരിചരണോപദേശങ്ങളാല്‍ ആരോഗ്യവും, ശീലഗുണവും പ്രദാനം ചെയ്യാന്‍ ശേഷിയുള്ള മാതാവിനെ ലഭിക്കുന്നവനാണ് ‘മാതൃമാന്‍’. ‘മാതൃമാന്‍, പിതൃമാന്‍ ആചാര്യവാന്‍, പുരുഷോവേദ’ എന്ന ശതപഥ ബ്രാഹ്മണത്തിലെ വാക്യം ഇവിടെ സ്മര്‍ത്തവാക്യമാകുന്നു. അതില്‍ മാതൃപദത്തിന് പ്രഥമസ്ഥാനം കൊടുത്തിട്ടുള്ളതും ശ്രദ്ധേയമാകുന്നു. ഇതില്‍നിന്നും ധര്‍മ്മശ്രദ്ധയുള്ളവരും. അറിവുള്ളവരുമായ അമ്മയേയും, അച്ഛനേയും, ആചാര്യനേയും ലഭിക്കുന്നവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ അങ്ങനെയുള്ളവന്റെ കുലമാണ് ധന്യമായി ഭവിക്കുന്നത്. ഗൃഹാന്തരീക്ഷ ശുദ്ധിയില്‍ വിദ്യ അഭ്യസിച്ച് സ്വഭാവരൂപീകരണം കൊണ്ട് കര്‍ത്തവ്യബോധമുള്ള മനുഷ്യന്‍ ലൗകിക ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്റെ ജീവിതം സഫലമാകുന്നു. മാനസികമായ തളര്‍ച്ചകള്‍ അവനെ അലട്ടുന്നില്ല. സ്വയം ഉണര്‍ന്ന് തന്റെ കഷ്ടപ്പാടുകളെ അതിജീവിക്കുവാന്‍ അവന് കഴിയുന്നു. ഏത് അന്തരീക്ഷത്തിലും അവന്‍ മലിനമാകുന്നില്ല. ഇങ്ങനെ ഗൃഹസ്ഥാശ്രമജീവിതം അവന്‍ സന്തോഷപ്രദമാക്കുന്നു.
മാതാവിന് സ്വസന്താനങ്ങളില്‍ ഉണ്ടാകുന്നിടത്തോളം വാത്സല്യം മറ്റാര്‍ക്കും ഒന്നിനോടും ഉണ്ടാകുന്നില്ല. മാതാവ് മക്കളുടെ ഹിതത്തേയും ഉയര്‍ച്ചയേയും ആഗ്രഹിക്കുന്നതുപോലെ മറ്റാരും ആഗ്രഹിക്കുകയുമില്ല. അതിനാല്‍ തന്റെ മക്കള്‍ ഗുണശീലന്‍മാരായിത്തീരുവാന്‍ തക്കവിധം ക്ഷമാപൂര്‍വ്വം മാതാവ് പെരുമാറുന്നു. ഒന്നാമതായുണ്ടാകുന്ന ‘ദൈവബോധം’ മാതാവിന്റെ നേര്‍ക്ക് ആവുകയും ചെയ്യുന്നു.
വാക്കുകള്‍ പുറപ്പെടുവിച്ചു തുടങ്ങുന്ന പ്രായമായാല്‍ സ്പഷ്ടമായും സ്വമാധുര്യത്തോടും ഉച്ചരിപ്പിക്കുവാന്‍ മാതാവ് മുതിരുന്നു. മാതാപിതാക്കന്‍മാരോടും മുതിര്‍ന്നവരോടും, മാന്യന്‍മാരോടും, പെരുമാറേണ്ട രീതിയും, സംഭാഷണം ചെയ്യേണ്ട സമ്പ്രദായവും മാതാവില്‍ നിന്നും നേടുന്നു എന്നു മാത്രമല്ല സത്യം, ധര്‍മ്മം, സ്വകുലം, ബന്ധുക്കള്‍ മുതലായവകളുടെ സാമാന്യജ്ഞാനവും നേടുന്നു. അക്കാലത്തു തന്നെ സ്‌നേഹപൂര്‍വ്വമായ പരിചരണംകൊണ്ട് ശരീരബലത്തേയും മാതാവ് പ്രദാനം ചെയ്യുന്നു.
അഞ്ചുവയസ്സുവരെ മാതാവില്‍ നിന്നും എട്ടുവയസ്സുവരെ പിതാവില്‍നിന്നും അനന്തരം പൂര്‍ണ്ണപാണ്ഡിത്യം സിദ്ധിച്ച ഗുരുനാഥനില്‍ നിന്നും വിദ്യാഭ്യാസം നേടിയശേഷം ജീവിതത്തിലേക്ക് ഇറങ്ങുന്ന യുവാവ് യോഗ്യനും, മാന്യനുമായി ഭവിക്കുന്നു. ശിശുക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുവാന്‍ തയ്യാറെടുക്കുന്ന മാതാപിതാക്കന്‍മാര്‍ കുട്ടികളുടെ സ്വഭാവരൂപീകരണ ശുദ്ധിയില്‍ പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍മാത്രമേ ഉന്നത വിദ്യാഭ്യാസാനുഷ്ഠാനന്തരം അവര്‍ കര്‍ത്തവ്യബോധമുള്ളവരായിത്തീരുകയുള്ളൂ. അതുകൊണ്ട് നിയന്ത്രണാതീതങ്ങളായ സാഹചര്യങ്ങളിലേക്ക് അവരെ നയിച്ച് തന്റെ വിദ്യാഭ്യാസം കൊണ്ടുള്ള യോഗ്യതകള്‍ മനസ്സിലാക്കാതെ കുട്ടികളും, മക്കളുടെ ഈ അവസ്ഥയില്‍ പശ്ചാത്തപിക്കുന്ന മാതാപിതാക്കന്‍മാരും ഇന്ന് നമുക്ക് ദൃഷ്ടാന്തങ്ങളല്ലേ.
വിദ്യാഭ്യാസകാലത്ത് അതിലാളനം ചെയ്യുന്ന മാതാപിതാക്കന്‍മാര്‍, സ്വസന്താനങ്ങള്‍ക്ക് പരമശത്രുക്കളായി ഭവിക്കുന്നുവെന്ന് ചാണക്യനീതിയില്‍ രണ്ടാം അദ്ധ്യായത്തില്‍ പതിനൊന്നാം ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ളതും, ശിക്ഷിക്കുന്ന മാതാപിതാക്കന്‍മാരും ആചാര്യന്‍മാരും സന്താനങ്ങള്‍ക്കും ശിഷ്യന്‍മാര്‍ക്കും സ്വ ഹസ്തത്താല്‍ അമൃത് കുടിപ്പിക്കുന്നുവെന്ന് മഹാഭാഷ്യത്തില്‍ പറഞ്ഞിട്ടുള്ളതും ഇത്തരുണത്തില്‍ സമര്‍ത്തവ്യമാകുന്നു.
നമ്മില്‍തന്നെ വിശ്വാസം കുറയാതിരിക്കുകയാണ് നമ്മുടെ ഒന്നാമത്തെ ധര്‍മ്മം, എന്തുകൊണ്ടെന്നാല്‍ അഭിവൃദ്ധിക്ക് പ്രഥമസ്ഥാനം വഹിക്കുന്നത് ആത്മവിശ്വാസവും, ഈശ്വരവിശ്വാസവും ആകുന്നു. തന്നില്‍തന്നെ വിശ്വാസമില്ലാത്ത ഒരുവന് ഒരിക്കലും ഈശ്വരവിശ്വാസം ഉണ്ടാകുന്നതല്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ട് കുട്ടികളില്‍ ആത്മവിശ്വാസവും, ഈശ്വരവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ഒരു യഥാര്‍ത്ഥമാതാവ് നിരന്തരം ശ്രമിക്കണം.
ഒരു യഥാര്‍ത്ഥ സല്‍പുത്രന്‍ ധര്‍മ്മിഷ്ഠനും, സദാചാരനിരതനും, മാതാപിതാക്കളുടെ സുഖവും, സന്തോഷവും ഈശ്വരസന്തോഷത്തിന് തുല്യമാണെന്ന് വിശ്വസിക്കുന്നവനുമാണ്. മാതാപിതാക്കന്‍മാര്‍ പ്രത്യക്ഷേശ്വരന്‍മാരാണെന്നറിഞ്ഞ് അവരുടെ സന്തോഷത്തിനും, ഹിതത്തിനും അനുസരിച്ച് സര്‍വ്വദാ പ്രവര്‍ത്തിക്കുന്ന പുത്രനാണ് യഥാര്‍ത്ഥ സല്‍പുത്രന്‍.
Discussion about this post