പ്രഭാകരന്‍ നായര്‍
ഒരു ദേശത്തിന്റേയോ വര്‍ഗ്ഗത്തിന്റേയോ ക്രമപ്രവൃദ്ധമായ വളര്‍ച്ച കണക്കിലെടുത്തു അപഗ്രഥിച്ചു നോക്കിയാല്‍ അതിനു നിദാനമായി ഏതോ ഒന്നു ഉണ്ടെന്നു കാണാം. അത് അവിടെ പുലര്‍ന്നു പോന്ന ആചാരക്രമം, വിദ്യാഭ്യാസ സമ്പ്രദായം, ധര്‍മ്മിക നിലവാരം ഇതുകളുടെ ആകെത്തുക ആയിരിക്കും. എല്ലാ ദേശങ്ങളിലും വിലമതിക്കപ്പെടുന്ന ആ മൂലതത്ത്വത്തിനു സംസ്‌കാരമെന്നു പേര്‍ വിളിക്കാം. ആചാരം, വിദ്യാഭ്യാസം ധാര്‍മ്മികനിലവാരം എന്നീ ഘടകങ്ങള്‍ക്കു ദേശഭേദമനുസരിച്ചു അന്തരം ഉണ്ടെന്നുള്ളതു തീര്‍ച്ചതന്നെ. എന്നാല്‍ മനുഷ്യനെ ഉയര്‍ത്തുന്നതു നന്മയും, താഴ്ത്തുന്നതു തിന്മയുമാണെന്നു വ്യക്തമാണല്ലോ. വിഭിന്ന സംസ്‌കാരങ്ങളുടെ ഹൃദയസ്ഥാനീയമായ ചില അംശങ്ങള്‍ക്കു സൂക്ഷ്മപരിശോധനയില്‍ ഐകരൂപ്യം ഉണ്ടെന്നുള്ളതും വിസ്തരിക്കത്തക്കതല്ല.
യവനസംസ്‌കാരം, ഈജിപ്ഷ്യന്‍ സംസ്‌കാരം, റോമന്‍ സംസ്‌കാരം എന്നു തുടങ്ങി അനവധി സംസ്‌കാരങ്ങളെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നിരുന്നാലും സംസ്‌കാരങ്ങളെപ്പറ്റി സൂക്ഷ്മവും, വിശാലവുമായ പഠനം നടത്തിയിട്ടുള്ള ചിന്തകന്മാരുടെ പക്ഷത്തില്‍ ലോകത്തില്‍ രണ്ടു സംസ്‌കാരങ്ങളേ ഉണ്ടായിട്ടുള്ളൂ. ഭാരതസംസ്‌കാരവും, പാശ്ചാത്യസംസ്‌കാരവും. പാശ്ചാത്യസംസ്‌കാരവും ഒട്ടേറെ രാഷ്ട്രങ്ങളില്‍ക്കൂടി പല പല ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്നു കാണുന്ന നിലയില്‍ വളര്‍ച്ചയെത്തി നില്ക്കുന്നത്. അതിന്റെ കളിത്തൊട്ടില്‍ യൂറോപ്പുഭൂഖണ്ഡം മുഴുവനും ആയിരുന്നു.
ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ ഉദ്ഭവം ചരിത്രത്തിനുപോലും നോക്കെത്താത്തവിധം അങ്ങങ്ങു അകലെനിന്നാണ്. എത്രയോ ആയിരം കൊല്ലങ്ങള്‍ക്കു മുമ്പു ഹിമാലയത്തിന്റെ മടിത്തട്ടില്‍ മനുഷ്യര്‍ പാര്‍ത്തിരുന്നു. അവരെല്ലാം തങ്ങളുടെ ഉള്ളിലേക്കു തിരിഞ്ഞു വളരെക്കാലം ധ്യാനനിരതരായി കഴിച്ചുകൂട്ടി. അവരുടെ ചിന്താമണ്ഡലത്തിന്റെ ഭാഷ അനന്തതയാണ്. ഈ അനന്തതയില്‍നിന്നാണ് ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഉയിര്‍ക്കൊണ്ടത്. അതുകള്‍ ആദ്യമായി വേരുറച്ചു വളരാന്‍ തുടങ്ങിയതു കഠിനമായ പാറക്കെട്ടുകള്‍ നിറഞ്ഞ ഹിമവല്‍ പാര്‍ശ്വങ്ങളിലാണ്. പിന്നെ ഇങ്ങോട്ടു ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കടന്നുപോയി. അപ്പോഴേക്കും സിന്ധു ഗംഗാസമതലങ്ങളില്‍ സംസ്‌കാരത്തിന്റെ നാമ്പുകള്‍ മുളയ്ക്കാന്‍ ആരംഭിച്ചു. പക്ഷേ ഈ സംസ്‌കാരത്തിന്റെ മൂലഘടകങ്ങള്‍ മുകളില്‍ പരാമര്‍ശിച്ച പര്‍വ്വതീയസംസ്‌കാരത്തില്‍ വേരുറച്ചു നിന്നെന്നുവേണം പറയാന്‍.
പുരാണങ്ങളിലും, കാളിദാസ പ്രഭൃതികളുടെ കാവ്യങ്ങളിലും കാണുന്ന പ്രകാരം മനുഷ്യരെ അപേക്ഷിച്ചു ശ്രേഷ്ഠരായ യക്ഷകിന്നരദേവ സംഘങ്ങളുടെ വാസഭൂമിയാണ് പര്‍വ്വതപ്രദേശങ്ങള്‍. ഹിമാലയം, സുമേരു തുടങ്ങിയ പര്‍വ്വതങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സംസ്‌കാരഭേദങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ആദികാലങ്ങളില്‍ മനുഷ്യര്‍ വസിച്ചിരുന്നതു പര്‍വ്വതപ്രദേശങ്ങളില്‍ ആയിരുന്നുവെന്നു നിഗമനത്തിലാണ് വാമിലോവ് എന്ന റഷ്യന്‍ സസ്യശാസ്ത്രജ്ഞനും ചെന്നു ചേര്‍ന്നിരിക്കുന്നത്.
ഭാരതസംസ്‌കാരത്തിന്റെ ആകെത്തുക അടങ്ങിയിരിക്കുന്നതു വേദോപനിഷത്തുകളിലും, ഗീതയിലും, ഇതിഹാസപുരാണങ്ങളിലും ആകുന്നു. ശ്രുതിസ്മൃതികള്‍ തുടങ്ങി അന്തമറ്റ ശാഖകള്‍ വേറെയുമുണ്ട്. പണ്ട് ഇവിടെ നിലനിന്നുപോന്ന ഗുരുകുലവിദ്യാഭ്യാസം വിജ്ഞാനത്തിന്റെ സകല ശാഖകളും ഉള്‍ക്കൊണ്ടിരുന്നു. ഒടുങ്ങാത്ത വിജ്ഞാനദാഹം വിദ്യാര്‍ത്ഥിളുടെ ഇടയില്‍ ഉളവാക്കുകയെന്നതിലാണ് ഗുരുകുലത്തിന്റെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.
വേദോപനിഷത്തുകളും എന്നുവേണ്ട അറിവിന്റെ എല്ലാശാഖകളും ഓരോ വിദ്യാര്‍ത്ഥിയും സാത്മീകരിച്ചിരിക്കണമെന്നായിരുന്നു വയ്പ്. ഈ വിദ്യാഭ്യാസരീതിയില്‍ ഒരു പ്രത്യേകത പ്രകടമാണ്. ഭാരതീയര്‍ മതത്തിന്റെ കണ്ണാടിയില്‍കൂടി ജീവിതത്തെ വീക്ഷിച്ചിരുന്നതാണ് അത്. സമസൃഷ്ടസ്‌നേഹം, ആര്‍ജ്ജവം, ധര്‍മ്മബോധം എന്നീ ഉല്‍കൃഷ്ടഗുണങ്ങള്‍ മതപഠനംകൊണ്ടുമാത്രം സ്വായത്തമാക്കത്തക്കവയാണ്. ഈ രഹസ്യം മനസ്സിലാക്കാന്‍ ചിന്താശീലകന്മര്‍ക്കു പ്രയാസം കാണുകയില്ല.
ഗുരുകുലത്തെ സംബന്ധിച്ച് മാതൃകയായ ഒരു വിവരണം തൈത്തിരീയോപനിഷത്തിലെ ശിക്ഷാവല്ലിയില്‍ കൊടുത്തിട്ടുള്ളതു ചുവടെ ചേര്‍ക്കാം.
യഥാര്‍ത്ഥബ്രഹ്മനിഷ്ഠനും ശ്രുതിസ്മൃതികളില്‍ അവഗാഹം സിദ്ധിച്ചവനുമായ ഒരു മഹാവ്യക്തിയെയാണ് ആചാര്യനായി ശിഷ്യന്‍ വരിക്കുന്നത്. തന്നെ സമീപിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പെട്ടെന്നുതന്നെ ആചാര്യന്‍ ശിഷ്യനായി അംഗീകരിക്കുന്നില്ല. ഒരു വര്‍ഷത്തില്‍ കുറയാത്ത കാലത്തോളം ഗുരുവിന്റെ അടുക്കല്‍ അയാള്‍ക്കു കഴിയേണ്ടതുണ്ട്. ഈ കാലയളവില്‍ ബ്രഹ്മചര്യം, തപസ്സ്, ഗുരുശുശ്രൂക്ഷ മുതലായ വിഷയങ്ങളില്‍ അയാള്‍ സമര്‍ത്ഥനാണെന്നു തെളിയണം. ഈ പരിശീലനകോഴ്‌സിന്റെ കാലയളവിനുള്ളില്‍ എല്ലാ പ്രകാരത്തിലും യോഗ്യത തെളിഞ്ഞു കാണുന്ന വിദ്യാര്‍ത്ഥിക്കു ശിഷ്യത്വം ലഭിക്കുന്നു.
ദിവസവും അഗ്നിഹോത്രം ചെയ്യുന്ന വേളയില്‍ ആചാര്യന്‍ അഗ്നിദേവനോടു പ്രാര്‍ത്ഥിക്കുന്നു. ‘ഹൃദയവിശുദ്ധിയും അനുസരണയും ആത്മനിയന്ത്രണവുമുള്ള ശിഷ്യന്മാര്‍ എനിക്കുലഭിക്കണേ! ആത്മാവിനെപ്പറ്റിയ പരമോല്‍കൃഷ്ടമായ ജ്ഞാനം ഗ്രഹിക്കുന്നതിനുള്ള പ്രാപ്തി അവര്‍ക്കു ഉണ്ടായിരിക്കണമേ!’
പാഠ്യപദ്ധതിയില്‍ ചതുര്‍വേദങ്ങളും വേദാംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ചില അവസരങ്ങളില്‍ ഇതിഹാസപുരാണങ്ങളുംകൂടി പഠിക്കേണ്ടിവന്നിരുന്നു. എല്ലാറ്റിലും ഒടുവിലാണ് ആത്മജ്ഞാനം പഠിപ്പിക്കുന്നത്. ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം കൂടാതെ അദ്ധ്യയനം പൂര്‍ണ്ണമായിരുന്നില്ല. നാരദനും, ശ്വേതകേതുവും യഥാവസരം സനല്‍ക്കുമാരനേയും, പ്രവഹനനെന്ന രാജാവിനേയും സന്ദര്‍ശിച്ചപ്പോള്‍ ആത്മജ്ഞാനത്തെപ്പറ്റിയ അജ്ഞതമൂലം ലജ്ജിതരാകേണ്ടിവന്നുപോലും! എല്ലാശ്രുതിസ്മൃതികളിലും, പുരാണങ്ങളിലും പാരംഗതരായിരുന്ന അവര്‍ക്കുകൂടി ഈ ഗതികേട്!
തൈത്തിരീയോപനിഷത്തില്‍ തന്നെ മറ്റൊരു സംഗതിയും വ്യക്തമാക്കിയിരിക്കുന്നു. ആത്മാവിനെ സംബന്ധിക്കുന്ന ജ്ഞാനം ബുദ്ധിശക്തി കൊണ്ടോ വേദഗ്രന്ഥങ്ങളുടെ പാരായണം, ശ്രവണം ഇതുകള്‍കൊണ്ടോ കൈവരുന്നതല്ല. ത്യാഗം കൊണ്ടുമാത്രം നേടാവുന്ന ഒന്നാണത്.
ഇന്‍ഡ്യന്‍ സംസകാരത്തിന്റെ അടിക്കല്ല് ആത്മാവിനെക്കുറിച്ചുള്ള ഈ ജ്ഞാനമാണ്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അതു സകല ചരാചരങ്ങളുടേയും ഏകഭാവം എന്ന ആശയം വളര്‍ത്തിപ്പോന്നു, സാരള്യം, വിശുദ്ധി, മഹാമനസ്‌കത, ആത്മാര്‍ത്ഥത, സര്‍വ്വസഹോദരഭാവം എന്നീ ആശയങ്ങളില്‍ക്കൂടിയാണ് ഈ ഏകതാഭാവത്തിന്റെ ബഹിസ്ഫുരണം സംജാതമാകുന്നത്. ജീവിതത്തിെന്റ ഈയൊരു വീക്ഷണഗതി ലോകത്തിന്റെ ഐക്യവും, സമാധാനവും കൈവരുത്തുന്നു.
ആധുനിക വിദ്യാഭ്യാസവും, സംസ്‌കാരവും വിശേഷിച്ചു പാശ്ചാത്യമായവ-വന്‍തോതിലുള്ള പരാജയമാണെന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍തന്നെ നടന്ന രണ്ടു മഹായുദ്ധങ്ങള്‍ ഈ സംഗതി പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്. സമസൃഷ്ടസ്‌നേഹം, ആര്‍ജ്ജവം തുടങ്ങിയ ഗുണങ്ങളുടെ അഭാവമാണു കഴിഞ്ഞ യുദ്ധങ്ങളില്‍കൂടി ലോകം ദര്‍ശിച്ചത്. യൂറോപ്പും, അമേരിക്കയും സാമ്രാജ്യമേധാവിത്വത്തിനുവേണ്ടി നശീകരണാത്മകമായ മഹായുദ്ധങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍, ഇന്‍ഡ്യ അവളുടെ സ്വാതന്ത്ര്യത്തെ ലാക്കാക്കി, സത്യത്തിന്റേയും, അഹിംസയുടേയും ധാര്‍മ്മികശക്തിയെ അവലംബിച്ചു പോരാടി മഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ വിജയം വരിച്ചെങ്കിലും അതു യഥാര്‍ത്ഥവിജയമായിരുന്നില്ല. സംഖ്യാതീതമായ ആളപായവും നികത്താനാവാത്ത ദ്രവ്യനാശവും നിമിത്തം ജേതാവും, ജിതനും തുല്യദുഃഖിതരെന്ന അവസ്ഥയാണു വന്നുപെട്ടത്. ഇക്കാലമത്രയും ഇന്‍ഡ്യ അഹിംസയുടെ തേരുതെളിച്ചു മുന്നേറുകയായിരുന്നു. ഭരണാധികാരികളായ സായ്പന്മാര്‍ക്കു യാതൊരു ബുദ്ധിമുട്ടും നാം വരുത്തിവച്ചില്ല. ഒടുവില്‍ അവര്‍ തങ്ങളുടെ കര്‍ത്തവ്യമെന്താണെന്നു കണ്ട് ഭാരതത്തോടു വിടവാങ്ങി. ഈ രാഷ്ട്രത്തിന്റെ ഭരണചക്രം നാട്ടുകാരുടെ കൈകളില്‍തന്നെ സമര്‍പ്പിതമായി.
ഈ സംഭവം പാശ്ചാത്യശക്തികള്‍ക്കു പുതിയൊരു പാഠമായിരുന്നു. മനുഷ്യന്റെ അനശ്വരമായ ആത്മശക്തിയെ അതിജീവിക്കാന്‍ മൃഗീയമായ നശീകരണശക്തികള്‍ക്കു കരുത്തു പോരെന്നു തെളിഞ്ഞുകഴിഞ്ഞു. ഈ പുതിയ അടവിന്റെ പ്രയോക്താവ് ആരാണ്? സത്യത്തിന്റേയും അഹിംസയുടേയും സമുന്നതപ്രവാചകനും, സമുജ്ജ്വലകര്‍മ്മയോഗിയുമായ മഹാത്മാഗാന്ധിയില്ലാതെ മറ്റാരുമല്ല. അര്‍ദ്ധനഗ്നനായ ആ ഫക്കീറിന്റെ അന്തര്‍മണ്ഡലത്തിന്റെ വ്യാപ്തി ഇത്രയുണ്ടെന്നു അറിയാന്‍ ചര്‍ച്ചിലിനുപോലും കഴിഞ്ഞിട്ടില്ല. ലോകം ഇന്നു ആ മഹത്ത്വത്തിന്റെ നേര്‍ക്കു നടന്നടുക്കുന്നതേയുള്ളൂ.
വിപ്ലവങ്ങള്‍ക്കും, സമരങ്ങള്‍ക്കും മനുഷ്യനോളംതന്നെ പഴക്കമുണ്ട്. ചരിത്രത്തിന്റെ ഏടുകളിലും ഭാവനാസമ്പന്നരായ കവികളുടെ കൃതികളിലും അതുകളെപ്പറ്റി വര്‍ണ്ണിച്ചിരിക്കുന്നു. രക്തവും, കണ്ണുനീരും ഉറഞ്ഞു കട്ടകെട്ടിയവരികള്‍ അവിടെ ദുര്‍ലഭമല്ല. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരം വിഭിന്ന നിലയില്‍ ചരിത്രത്തെ അഭിവീക്ഷിച്ചു. ഇന്നു ഗാന്ധിമാര്‍ഗ്ഗത്തില്‍ ലോകത്തിനു താല്പര്യം ഏറി വരികയാണ്. ആ മാര്‍ഗ്ഗത്തിന്റെ ഉത്ഭവം ഭാരതസംസ്‌കാരത്തിന്റെ ഉള്ളറകളില്‍ നിന്നത്രേ.
കഴിഞ്ഞ ആയിരം കൊല്ലക്കാലം ഭാരതം വിദേശീയരുടെ കൈയിലായിരുന്നു. അവരില്‍ പ്രാമുഖ്യം അര്‍ഹിക്കുന്നവര്‍ മുസല്‍മാന്മാരും, ഇംഗ്ലീഷുകാരുമാണ്. ആദ്യത്തെ കൂട്ടര്‍ ആധിപത്യം സ്ഥാപിച്ചു കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഇവിടത്തെ സ്ഥിരംപുള്ളികളായി മാറിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷുകാരുടെ നിലപാട് ഇതില്‍നിന്നു തുലോം വ്യത്യസ്തവും, വിചിത്രവുമാണ്. രണ്ടുകൂട്ടരും ഭാരതീയരായ സംസ്‌കാരമൂല്യങ്ങളെ കയ്യേറ്റം ചെയ്യുകയും, തങ്ങളുടെ ആശ്രയസമ്പത്തുകള്‍ക്ക് ഇവിടെ പ്രചാരം സിദ്ധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ സകല ചിന്താപദ്ധതികളിലും പയറ്റിപ്പഴകി അനന്തതയിലേക്കു നീണ്ടുകിടക്കുന്ന ഭാരതസംസ്‌കാരത്തിന്റെ മഹാപ്രവാഹത്തില്‍ വന്നുമുട്ടിയ അവരുടെ ചെറുസരസ്സുകള്‍ വ്യക്തിബോധം വിട്ട് അതില്‍ത്തന്നെ അമര്‍ന്ന് അടങ്ങിപ്പോയി. സകലവൈതരണികളും കടന്ന് യാതൊരു അലുക്കുലുക്കുമില്ലാതെ ഇന്നും
നിലനിന്നുപോരുന്ന ഭാരതത്തിന്റെ വ്യക്തിപ്രഭാവം ആശ്ചര്യകരമെന്നേ പറയേണ്ടൂ.
ഭാരതീയമായ ദര്‍ശനങ്ങളിലും, മറ്റുവിജ്ഞാനശാഖകളിലും കാണപ്പെടുന്ന ഒരു പ്രത്യേകതയുണ്ട്. അതു സര്‍വ്വവും ഉള്‍ക്കൊള്ളാനുള്ള ഒരു വിശാലമനോഭാവമാണ്. ചില മതക്കാര്‍ക്ക് ലോകത്തില്‍ വേറെയും മതങ്ങള്‍ ഉണ്ടെന്നു വിചാരമേ ഇല്ല. മറ്റു മതങ്ങളില്‍ കാര്യമായ യാതൊന്നും ഇല്ലെന്നുള്ള ഒരു ചിന്താഗതിയാണ്. അവര്‍ക്ക് ഇവിടെ ഇന്‍ഡ്യയില്‍ അഭയാര്‍ത്ഥികളായി വന്ന സമതുഷ്ടമതക്കാര്‍ക്കും മതപ്രചാരാര്‍ത്ഥം വന്ന ക്രിസ്ത്യാനിള്‍ക്കും സ്ഥാനബഹുമാനാദികള്‍ നല്കിയിട്ടുണ്ട്. നമ്മുടെ മത്തിന്റേയും ആചാരക്രമത്തിന്റേയും ്അതിര്‍ത്തിക്കപ്പുറത്തും പൂര്‍ണ്ണമനുഷ്യര്‍ കണ്ടേയ്ക്കാമെന്നു വ്യാസാചാര്യര്‍ അഭിപ്രായപ്പെടുന്നു. ഈയൊരു ചിന്താഗതിയാണ് സഹിഷ്ണുത എന്ന ആശയത്തിന്റെ അടിക്കല്ല്. ഇതിലേ്രത ഭാരതസംസ്‌കാരത്തിന്റെ മഹാസൗധം പടുത്തുയര്‍ത്തിയിരിക്കുന്നത്.
ഭാരത്തില്‍, അനാദികാലം തൊട്ടു ഇങ്ങോട്ടു തുടര്‍ന്നു പോരുന്ന മഹത്തുക്കളുടെ പരമ്പരയ്ക്കു ഒരിക്കലും കോട്ടം തട്ടിയിട്ടില്ല. വൈദേശികമായ ഭരണത്തില്‍ കീഴില്‍ അമര്‍ന്നിരുന്നപ്പോഴും സമുന്നതവ്യക്തികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഭാരതസംസ്‌കാരത്തിന്റെ വറ്റാത്ത നീരുറവയില്‍നിന്ന് കരുത്തും, ഉത്സാഹവും വലിച്ചെടുത്തു വളരാനും, വളരാനും, വികസിക്കാനും അവര്‍ക്കു കഴിഞ്ഞു. വിവേകാനന്ദനും, അരവിന്ദനും, ലോകമാന്യനുമെല്ലാം ഭാരത്തതിന്റെ അക്ഷയമായ ആ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. തങ്ങള്‍ വളര്‍ന്നതോടൊപ്പം രാഷ്ട്രത്തേയും അവര്‍ വളര്‍ത്തി. അവരുടെ ജീവിതകഥകള്‍ ഇന്നും മനുഷ്യചേതനയെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന കാലങ്ങളില്‍ മനുഷ്യന്റെ ചിന്താശക്തിക്കും, കര്‍മ്മകുശലതയ്ക്കും ഇവിടെ സ്ഥാനമുള്ളനാള്‍വരെ അവരുടെ മഹത്ത്വം അനുസ്മരിക്കപ്പെടുകയും ചെയ്യും.
പുറം പൂച്ചിലോ ഫാഷനിലോ, ഭ്രമിച്ചുവശാകുന്ന പാരമ്പര്യം ഭാരതസംസ്‌കാരത്തിന്റേതല്ല. വസ്തുസ്ഥിതികളുടെ ഉള്ളിലേക്കു കടന്നു ചിന്തിക്കാനും, ഓരോ പദാര്‍ത്ഥത്തിനും അതു അര്‍ഹിക്കുന്ന വില കല്പിക്കാനുമാണു ഭാരതം ശ്രമിച്ചു വരുന്നത്. ഒരു വ്യക്തിയെ വിലയിരുത്താന്‍ ഭാരതത്തില്‍ സ്വീകരിച്ചു പോന്നിട്ടുള്ള അളവുകോല്‍ പണമോ പ്രതാപമോ അല്ല. പ്രത്യുത, ഒരുവന്റെ ഇച്ഛാശക്തിയുടെ ഏറ്റക്കുറച്ചിലിനെ ആസ്പദിച്ചാണ് അവന്റെ വില കണക്കാക്കിയിരുന്നത്. ഇച്ഛാശക്തിയെന്നതു ആത്മനിയന്ത്രണംകൊണ്ടു സ്വായത്തമാക്കാനുള്ളതാണ്. ആത്മനിയന്ത്രണം സാധിച്ചവനു ലോകത്തെ നിയന്ത്രിക്കാനും കഴിയും. ഭൗതികമായ നേട്ടങ്ങള്‍ വച്ചുകൊണ്ടു മനഷ്യശക്തിയെ വിലയിരുത്തുന്ന ഇതരരാഷ്ട്രങ്ങള്‍ക്കും, ആത്മീയമായ തോതുവച്ചുകൊണ്ട് അതിനെ കാണുന്ന ഭാരതത്തിനും തമ്മിലുള്ള അന്തരം ഇവിടെയാണ്. മറ്റു രാഷ്ട്രങ്ങളിലെ ജനത അജ്ഞാതരായ ഏതോ പ്രഭുക്കന്മാരുടേയും, രാജാക്കന്മാരുടേയും പേരില്‍ തങ്ങളുടെ വംശമഹത്ത്വം സ്ഥാപിച്ചു കാട്ടുന്നു. ഭാരതമാകട്ടെ നിഃസ്വാര്‍ത്ഥത, ആര്‍ജ്ജവം തപസ്സ് എന്നീ വിശിഷ്ടഗുണങ്ങള്‍ക്കു വിളനിലമായ പ്രാചീന ഋഷികളെച്ചൊല്ലി അഭിമാനപുളകിതരാകുന്നു! രാഷ്ട്രങ്ങള്‍ പരസ്പരം ചൂഷണത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഇന്‍ഡ്യ അയല്‍രാജ്യങ്ങളോടു സഹോദര ഭാവത്തില്‍ വര്‍ത്തിച്ചു പോന്നിട്ടുണ്ട്.
ഇന്നു ഭാരതത്തിന്റെ അന്തരീക്ഷത്തെ വലയം ചെയ്തിരിക്കുന്ന മ്ലാനത, നമ്മുടെ പൂര്‍വ്വകാലചരിത്രത്തെപ്പറ്റിയുള്ള അജ്ഞത വരുത്തിവച്ചതാണ്. ആധുനികസയന്‍സിന്റെ അന്തമറ്റ ശാഖകള്‍ ഇന്നു വികാസം പ്രാപിച്ചുവരികയാണ്. ഈ വേളയില്‍, നമ്മുടെ സംസ്‌കാരത്തിന്റെ കേന്ദ്രാംശങ്ങളായ ആത്മനിയന്ത്രണം. സൂക്ഷ്മ നിരീക്ഷണ പാടവം, നല്ലതിനെ കൈക്കൊള്ളാനുള്ള മനോഭാവം തുടങ്ങിയ ഗുണങ്ങളും ആധുനിക വിജ്ഞാനത്തില്‍ നിന്നു കരഗതമാകുന്ന നേട്ടവും ഒത്തിണക്കിയാല്‍ ഭാരതത്തിന്റെ ഭാവി പ്രകാശത്തിന്റെ നേര്‍ക്കു എളുപ്പം തിരിയാന്‍ ഇടയുണ്ട്.
Discussion about this post