*കെ.സുധാകരന്‍ നായര്‍*
എല്ലാ ശാസ്ത്രങ്ങളും ഘോഷിക്കുന്നത് ഭഗവാനില്‍ വിശ്വസിക്കണമെന്നാണ്. ഭഗവാനെ ശരണം പ്രാപിച്ചാല്‍ പരമസുഖവും അഖണ്ഡമായ ആനന്ദവും ലഭ്യമാകുമെന്നാണ് മഹദ്‌വചനം. പാര്‍ക്കാന്‍ ബലവത്തായ ബംഗ്ലാവുണ്ട്. സവാരിക്ക് പുതിയ കാറുകളുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ ആവശ്യത്തിലധികമുണ്ട്. ദേവസ്ത്രീകളെ പോലെയുള്ള ലലനാമണികളുണ്ട്. ലക്ഷക്കണക്കിനും കോടിക്കണക്കിനുമുള്ള പണം ബാങ്കിലുണ്ട്. എന്തിനു പറയുന്നു. നാം എല്ലാവിധത്തിലും സുഖികളാണ്. പിന്നെന്തിനാണ് ഭഗവദ്ഭജനം? ഇതാണ് ചോദ്യം. ഭജനം, സന്ധ്യാവന്ദനം, നാമകീര്‍ത്തനം ശാസ്ത്രാദ്ധ്യയനം എന്നിവ സാധിപ്പാന്‍ എന്തിനു വെമ്പല്‍കൊള്ളുന്നൂ? നമുക്ക് എന്തസുഖമാണുള്ളത്. നമുക്കു ഭഗവാനെക്കൊണ്ട് എന്തു പ്രയോജനം? ഈ വിധമുള്ള ചോദ്യങ്ങളുടെ കൂടുതലാണ് ഇന്നത്തെ ലോകത്തിന്റെ പുരോഗതി!
മേല്‍പ്പറഞ്ഞ ലൗകികസാധനങ്ങളെക്കൊണ്ട് സര്‍വപ്രകാരേണയും സുഖികളായ വല്ലവരും ഉണ്ടോ? ധനവാന്‍ മധുരപലഹാരങ്ങളും പഴങ്ങളും തിന്ന് എവ്വിധമാണോ സുഖമനുഭവിക്കുന്നത്. അവ്വണ്ണം തന്നെയാണ് ഒരു പാവപ്പെട്ട കൃഷിക്കാരന്‍ സ്വന്തം കഠിനാദ്ധ്വാനംമൂലം ഉല്‍പ്പാദിപ്പിക്കുന്ന ‘ബജറാ ധ്യാനം’ ഉപയോഗിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കി ഭക്ഷിച്ചു സുഖമനുഭവിക്കുന്നത്. സ്വാദ്, വാസ്തവം പറകയാണെങ്കില്‍. പദാര്‍ത്ഥത്തിന്റെ സ്വാദ് അനുസരിച്ചല്ല അനുഭവപ്പെടുന്നത്. പിന്നെയോ, തിന്നുന്നവന്റെ വിശപ്പിന്റെ കൂടുതലിനേയോ കുറവിനേയോ ആശ്രയിച്ചായിരിക്കും. വിശപ്പില്ലാത്ത ഒരു ധനവാന്‍ വിവിധ തരത്തിലുള്ള വിലയേറിയ ഭക്ഷണസാധനങ്ങള്‍ തിന്നുകയാണെങ്കില്‍ ആ സാധനങ്ങള്‍ അയാള്‍ക്കു മണ്ണിനേക്കാളും രുചിയുള്ളതായിരിക്കയില്ല. എന്നാല്‍ വിശന്നുപൊരിയുന്ന ഒരുവന്‍ കടല വറുത്തു കൊറിച്ചാലും, അവന് അതു ബദാംപരിപ്പാണ്. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ വിശപ്പുണ്ടെങ്കില്‍ മാത്രം ആഹാരം കഴിക്കുക; എങ്കില്‍ പദാര്‍ത്ഥങ്ങള്‍, സ്വാദുള്ളതായിക്കോട്ടെ, സ്വാദില്ലാത്തതായിക്കോട്ടെ, രുചി സമ്പൂര്‍ണ്ണമായിരിക്കും. അന്യഥാ മണ്ണിനു സമവും.
ലോകീകസുഖങ്ങളുടെ സംഗതിയും ഇതുപോലെതന്നെ. ഒരു രാജാവിന് സ്വന്തം ഭാര്യയില്‍നിന്ന് എപ്രകാരമുള്ള സുഖമാണോ സംസിദ്ധമാകുന്നത്. തികച്ചും അപ്രകാരമുള്ള സുഖം തന്നെയായിരിക്കും ഒരു പന്നിക്ക് അതിന്റെ ഇണയില്‍നിന്നു ലഭ്യമാകുന്നത്.
ഒരു ധനികന്‍ വളരെ മൃദുവായ ഒരു മെത്തമേല്‍ ഉറങ്ങുന്നു. ഒരു നിര്‍ദ്ധനന്‍ ചരല്‍ നിറഞ്ഞ മണല്‍പ്പുറത്തും. പക്ഷെ ഉറങ്ങിക്കഴിഞ്ഞാല്‍ രണ്ടുപേരും ഒരുപോലെയാണെന്നു നിസ്സംശയം പറയാം. നിര്‍ദ്ധനന് താന്‍ ചരല്‍പ്പുറത്താണ് കിടക്കുന്നത് എന്ന ചിന്തയുമില്ല. ധനികന് താന്‍ മെത്തമേല്‍ കിടക്കുകയാണ് എന്ന ചിന്തയുമില്ല. ഇതില്‍നിന്നും നിദ്രയെ അടിസ്ഥാനമാക്കി പറഞ്ഞാലുംശരി ധനാഢ്യനും നിര്‍ദ്ധനനും ഒരുപോലെ തന്നെ.
എന്നാല്‍ ധനികന്റെ വീട്ടില്‍ അനേകം വേലക്കാരുണ്ട്. ധനമുണ്ട്. വൈദ്യന്മാരുണ്ട്. മരുന്നുകളുണ്ട്. സകലവിധ സൗകര്യാദികളുമുണ്ട്. തന്നിമിത്തം ഗൃഹസ്ഥന് ഒന്നിനേക്കുറിച്ചും ഭയപ്പെടേണ്ടതായിട്ടില്ല. എന്നാല്‍ നമ്മുടെ വീടുകളിലോ? ഈവിധ സൗകര്യങ്ങളൊന്നും തന്നെയില്ല. അതുകൊണ്ട് നമുക്ക് കള്ളന്മാരേയും ദരിദ്രത, മഴ, ദാഹം, വിശപ്പ്, രോഗം എന്നിവയേയും ഭയപ്പെടേണ്ടിവരുന്നു. എന്നാല്‍ ഒലല്‍പ്പം ആലോചിച്ചാല്‍ മതി. ഈ സംഗതിയും അടിസ്ഥാന രഹിതമെന്നു കാണാം. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം സ്ഥാപിച്ച യുദ്ധവീരന്മാരായ ഇംഗ്ലീഷുകാര്‍ക്ക് ആരെയെല്ലാമാണ് ഭയപ്പെടേണ്ടിവന്നത്. പണക്കാര്‍ അനുഭവിക്കുന്നത്ര കഷ്ടത, വാസ്തവമാലോചിച്ചാല്‍ പാവപ്പെട്ടവന്‍ ്‌നുഭവിക്കുന്നില്ലെന്നു മനസ്സിലാകും. വയറുനിറയ്ക്കാന്‍ പണക്കാരനും പാവപ്പെട്ടവനും പണിയെടുത്തേ തീരൂ. വയറുനിറയ്ക്കാന്‍വേണ്ടി മനുഷ്യന്‍ ഇന്നു ചെയ്യുന്ന ജോലികള്‍ നാനാമുഖങ്ങളാണ്.
നിര്‍ദ്ധനനായാലും ലക്ഷപ്രഭുവായാലും രാജാവായാലും ഏവനായാലും എനിക്കൊന്നേ പറയേണ്ടതായിട്ടുള്ളൂ. വയറിന്റെ ചിന്ത എല്ലാവര്‍ക്കുമുണ്ട്. തിന്നല്‍, കിടക്കല്‍, വിഷയഭോഗം, നിദ്ര, ആത്മരക്ഷ എ്‌നിവയെക്കുറിച്ചുള്ള ചിന്ത ഏവരേയും ഒരുപോലെ ബാധിക്കുന്നു. ധനികന്‍ സ്വര്‍ണം തിന്നുന്നില്ല. പാവപ്പെട്ടവന്‍ മണ്ണു കൊറിക്കുന്നുമില്ല. ഇക്കാര്യങ്ങളിലെല്ലാം എല്ലാവരും ഒരുപോലാണ്. ഈ ലൗകികസാധനങ്ങളിലുള്ള മനുഷ്യാസക്തിക്ക് ഇതഃപര്യന്തം വിഘ്‌നം നേരിട്ടിട്ടില്ല. മേലാല്‍ നിര്‍വിഘ്‌നം തുടരാതിരിക്കുയുമില്ല. ചിന്ത കാരണം എല്ലാവരും ദുഃഖിക്കുന്നു. രോഗബാധിതരാകാനുള്ള ഭയവും മരിക്കാനുള്ള ഭയവും എല്ലാവര്‍ക്കും മിക്കവാറും ഒരുപോലാണ്. അതുകൊണ്ട് ഭഗതദ്ഭജനത്തിലും ധനികനും നിര്‍ദ്ധനനും ഒരേ സ്വാതന്ത്ര്യമാണുള്ളത്. ‘അരചര്‍ക്കരചന്‍’ തൊട്ട് ‘അടിമയ്ക്കടിമ’ വരേയും ബ്രാഹ്മണന്‍തൊട്ട് ചണ്ഡാലന്‍വരേയും ഉള്ള എല്ലാവര്‍ക്കും ഭഗവാനെ ഒരുപോലെ ഭജിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഭഗവദ്ഭജനഫലം വിഷയസുഖങ്ങളുടെ പ്രാപ്തിയല്ല; ആത്മീയശാന്തിയും ആന്തരികാനന്ദവുമത്രെ.
ഒരാള്‍ തന്റെ എല്ലാ ജോലികളും ഭഗവാനുവേണ്ടി ചെയ്യുന്നുവെങ്കില്‍ അയാള്‍ ഈശ്വരനില്‍ വിശ്വാസം ഉറപ്പിച്ചതിനുശേഷമേ പ്രവൃത്തികളില്‍ കൈവക്കുകയുള്ളൂ. കിട്ടുന്ന ധനംകൊണ്ട് തൃപ്തിപ്പെട്ട് തന്റെ കുട്ടികളേയും പുലര്‍ത്തി സന്തോഷത്തോടുകൂടി ഈശ്വരപ്രാര്‍ത്ഥന നടത്തുകയാണ് ഒരു വേലക്കാരന്‍. അയാളുടെ യജമാനന്‍ ഒരു ന്യായാധിപന്‍; പ്രതിമാസം ആയിരം രൂപാ ശമ്പളം എന്നാല്‍ ന്യായാധിപന് ഈശ്വരവിശ്വാസമില്ല. ആവശ്യത്തില്‍ക്കൂടുതല്‍ ചെലവഴിക്കുന്നു. ആയിരംകൊണ്ട് തികയുന്നുമില്ല. ഇങ്ങനെയാണെങ്കില്‍ ആ വേലക്കാരന്‍ തന്റെ യജമാനനെക്കാളും മഹാനാണ്.
എല്ലാവര്‍ക്കും ഭഗവദ്ഭജനം ഒരുപോലെ ആവശ്യമാണ്. ഭഗവാന്റെ നാമോച്ചാരണത്താല്‍ ആത്മീയസന്തുഷ്ടി സംജാതമാകും. ഭഗവാനില്‍ വിശ്വസിക്കുന്ന ഒരുവന് യാതൊരു ക്ലേശവും ഉണ്ടാകുന്നതല്ല. ജനകന്റെ ചരിത്രം ഇതിനുത്തുമ ദൃഷ്ടാന്തമാണ്. മിഥിലയില്‍ തീ പടര്‍ന്നുപിടിച്ചിട്ടും അദ്ദേഹം പറയുന്നു ‘എന്റെ പ്രാണന്‍ മേല്‍ വേണമെങ്കില്‍ തീ വെച്ചോളൂ. വേണമെങ്കില്‍ മഴ വര്‍ഷിച്ചോളൂ’ എനിക്ക് ആന്തരിക ക്ലേശമില്ല. പ്രത്യുപായം കണ്ടുപിടിക്കാനുള്ള ഒരുക്കവുമില്ല. കോടിപ്രഭുവാകട്ടെ, നൂറുകോടി പ്രഭുവാകട്ടെ, ആരായാലും ശരി, ഈശ്വരവിശ്വാസമുള്ളവനു മാത്രമേ ആന്തരികസുഖത്തെ പ്രാപിക്കാന്‍ കഴിയൂ. ഇംഗ്ലണ്ടില്‍ ഒരു തീപ്പെട്ടിവ്യാപാരി ഉണ്ടായിരുന്നു. അയാള്‍ വളരെ താണനിലയില്‍ നിന്നുമാണ് ഉയര്‍ന്ന പദവിയെ പ്രാപിച്ചത്. അവസാനം അദ്ദേഹത്തിന് വലുതായ നാശനഷ്ടങ്ങള്‍ ഉണ്ടായി. ദുഃഖാവേശത്താല്‍ തന്നെത്താന്‍ മരിച്ചു. ഭഗവദ്ഭജനം നടത്തിയാല്‍ ധനവാനാകാമെന്നോ ധനവാന്മാര്‍ പാപ്പരായിപ്പോയേക്കുമെന്നോ ആരും വിചാരിക്കയേ വേണ്ട. ഭഗവദ്ഭക്തന്‍ ധനാഢ്യനുാകാം നിര്‍ദ്ധനനുമാകാം. നമ്മെപ്പോലെ കയ്യും കാലുമുള്ള സാധാരണമനുഷ്യരാണ് അവര്‍. എന്നാല്‍ അവരുടെ ആന്തരികമായ ജ്ഞാനം നമുക്കുള്ളതിനേക്കാള്‍ തുലോം വ്യത്യാസപ്പെട്ടതാണ്.
റഷ്യന്‍ ജനത നിരീശ്വരവാദികളാണെന്നും എന്നാല്‍ അവര്‍ പൂര്‍ണ്ണമായും സുഖികളാണെന്നു പലരും അഭിപ്രായപ്പെട്ടിമുണ്ട്. അവര്‍ മഹാദുഃഖികളും അശാന്തരുമാണെന്ന് നിസ്തര്‍ക്കം പറയാം. അശാന്തരായി ദുഃഖിച്ചു നടന്ന് അവസാനം അവരും ഭഗവാനെത്തന്നെ ശരണം പ്രാപിക്കും. എന്നു നിസ്സംശയം പറയാം. അവസാനം എല്ലാവര്‍ക്കും ആദിമദ്ധ്യാന്തരഹിതമായ ആ അഖണ്ഡ തേജസ്സിനെ അഭിമുഖീകരിക്കേണ്ടതായി ഭവിക്കും. ആരും അതില്‍നിന്ന് തെന്നിമാറാമെന്ന് വിചാരിക്കയേ അരുത്.
അതിനാല്‍ ഭഗവാനെ ഭജിക്കുന്നത് ഒരു പ്രത്യേകവിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് മാത്രമേ ആകാവൂ എന്നില്ല. ആന്തരികമായ ശാന്തിയേയും സുഖത്തേയും കാംക്ഷിക്കുന്നവര്‍ക്കെല്ലാംതന്നെ ഭഗവദ്ഭജനം അവശ്യാപേക്ഷിതമാണ്. ഇക്കാര്യം ധനവാനേയും പാവപ്പെട്ടവനേയും ബ്രാഹ്മണനേയും ചണ്ഡാലനേയും സ്ത്രീപുരുഷഭേദമെന്യേ ബാധിക്കുന്നു. എല്ലാവര്‍ക്കും ഭഗവാനെ ശരണം പ്രാപിക്കേണ്ടതായിട്ടുണ്ട്. വിശപ്പുള്ളവനു മാത്രമേ വിഭവസമൃദ്ധമായ ഊണിന്റെ യഥാര്‍ത്ഥസ്വാദ് അനുഭവപ്പെടൂ. ചോറും പരിപ്പും തിന്നുന്നതില്‍ സര്‍ക്കാരുദ്യോഗസ്ഥനെന്നോ ദേശഭക്തനെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, ഉയര്‍ന്നവാനെന്നോ താഴ്ന്നവനെനനോ എന്നൊന്നുമില്ല. വിശപ്പു ദൂരീകരിക്കാന്‍ ഇച്ഛിക്കുന്നവന്‍ മാത്രമേ ആഹാരം കഴിക്കാന്‍ ഉദ്യമിക്കുന്നുള്ളൂ. അതുപോലെ ഈശ്വരഭജനം ഏവര്‍ക്കും ഒരുപോലെ നടത്താന്‍ സാധിക്കുന്നു. താങ്കള്‍ ഭക്തനാണെങ്കില്‍ വെടിവയ്പു തുടര്‍ന്നോളൂ. വേണമെങ്കില്‍ പോര്‍ക്കളത്തില്‍ ധീരതയോടെ പോരാടിക്കോളൂ. എന്നാല്‍ ഭഗവാനെ ഒരിക്കലും മറന്നുപോകരുത്. അല്ല. താങ്കള്‍ പരോപകാരിയാണെങ്കില്‍ ആയിരക്കണക്കിനുള്ള ആളുകള്‍ക്ക് ആഹാരത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തോളൂ. അനാഥാലയങ്ങള്‍ സ്ഥാപിച്ചോളൂ. എന്നാല്‍ ഭഗവാനെ സദാ സ്മരിക്കണം.
താങ്കള്‍ ഭൃത്യനാണെങ്കില്‍ ഭൃത്യവേല ചെയ്‌തോളൂ. എന്നാല്‍ തന്റെ ആ യഥാര്‍ത്ഥ ജയമാനനെ ഒരു നിമിഷത്തേക്കുപോലും വിസ്മരിക്കരുത്. ബഹുമുഖങ്ങളായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവനായാലും ശരി, ഏതുവിധത്തിലുള്ള പരിതസ്ഥിതിയില്‍ കഴിഞ്ഞുകൂടിയാലും ശരി, ഭഗവാന്‍ സദാ സര്‍വ്വഥാ സ്മരണനീയത്രെ. ഇങ്ങനെയാണെങ്കില്‍ താങ്കള്‍ക്ക് ആന്തരികശാന്തിയിലേക്കുള്ള പന്ഥാവ് ദുര്‍ഗ്ഗമായിത്തോന്നുകയില്ല. ഏതുവിധ പ്രതിബന്ധങ്ങളേയും തരണംചെയ്യാനുള്ള കഴിവ് ഉണ്ടാവുകയും വേണം.
ഇന്നത്തെ യുഗത്തില്‍ നമുക്കെല്ലാം തന്നെ ധ്യാനംമുഖേന ഭഗവാനെ ഭജിപ്പാന്‍ എളുതല്ല. ധ്യാനംചെയ്യുന്നവര്‍ തന്നെ ഇന്നത്തെ ലോകത്ത് വിരളമായിട്ടേ കാണുകയുള്ളൂ. കാരണമെന്തെന്നുവച്ചാല്‍, സത്യയുഗത്തില്‍ മാത്രമേ ഭഗാവനെ പ്രാപിക്കാന്‍ ഈ വഴി ഉപകരിക്കുകയുള്ളൂ. എന്നാല്‍ ഇന്നത്തെ ലോകത്തിന്റെ സ്ഥിതി എന്താണ്? ‘ സത്യം’ എന്നൊരു പദം കേള്‍ക്കാനുണ്ടോ? വലിയ വലിയ യാഗങ്ങള്‍ ചെയ്താല്‍പോലും ഭഗവാനെ പ്രാപിക്കുന്ന കാര്യം ഇന്നത്തെ കാലത്ത് അസാദ്ധ്യമായിരിക്കയാണ്. അങ്ങനെയുള്ള കാലമാണ് നമുക്കിപ്പോള്‍ വന്നുഭവിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് ശുദ്ധിയുള്ള സാമഗ്രികളില്ല; ധനമില്ല; സ്വാതന്ത്ര്യമില്ല; വനങ്ങള്‍പോലും വിരളം. ഒരുത്തന്‍ ജീവിച്ചിരിക്കുന്നത് ഒരു ചുരുങ്ങിയ കാലയളവിനുള്ളില്‍ മാത്രം. എല്ലാ ഭൂമികളും സര്‍ക്കാര്‍ വകയായി. തന്നിമിത്തം യാഗങ്ങളും നമുക്ക് അസംഭാവ്യങ്ങളായിത്തീര്‍ന്നിരിക്കുകയാണ്. ഈ ഉപായംകൊണ്ടാണ് ത്രേതായുഗത്തിലെ മനുഷ്യര്‍ ഭഗവദാരാധന ചെയ്തുപോന്നിരുന്നത്. ഭഗവാദ്വിധി അനുസരിച്ച് പൂജ പല സാമഗ്രികളും കൊണ്ട് നടത്താവുന്നതാണ്. അതിനും പക്ഷെ നമ്മുടെ കയ്യില്‍ പണമില്ല. ദ്വാപരയുഗത്തിലെ ആളുകള്‍ ഭഗവാനെ പരിചരിച്ചാണ് ഏറിയകൂറും ഭഗവദാരാധന ചെയ്തിരുന്നത്.
നാം കലിയുഗത്തിലെ ജീവികളാണ്. നമ്മുടെ മനസ്സ് സാധാരണയായി വിഷയഭോഗങ്ങളിലേക്കാണ് തിരിയുന്നത്. നമ്മുടെ ജീവിതകാലം ഹ്രസ്വമാണ്. നമുക്കായിക്കൊണ്ട് പ്രാചീനമുനികള്‍ ഒരേ ഒരുപായമാണ് സിദ്ധാന്തിച്ചിട്ടുള്ളത്. കേവലം ഭഗവാനന്നാമകീര്‍ത്തനം. ഭഗവാന്റെ ഗുണകീര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കു, അദ്ദേഹത്തെ സംബന്ധിച്ച മധുരമനോഹരങ്ങളായ കഥകള്‍ ആകര്‍ണ്ണനം ചെയ്യുക. അദ്ദേഹത്തിന്റെ നാമങ്ങളെ താളം, മൃദംഗം, കൈമണി എന്നിവയുടെ സാന്നിദ്ധ്യത്തില്‍ ഉച്ചരിക്കുക, സന്യാസി ജനങ്ങളുമായി ഇടപഴകുക എന്നിവയെല്ലാംകൊണ്ട് പരമസിദ്ധി പ്രാപ്തമാക്കാം. സങ്കീര്‍ത്തനത്തിനുവേണ്ടി സ്വന്തം കര്‍ത്തവ്യാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കണമെന്ന് ഇവിടെ വിവക്ഷിക്കുന്നില്ല. ഏതൊന്നിനെയാണോ തന്റെ കര്‍മമെന്ന് അഥവാ കര്‍ത്തവ്യമെന്ന് കരുതിപ്പോരുന്നത് അതു തുടര്‍ന്നു നടത്തുക. എന്നാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍നേരം അവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഭഗവന്നാമങ്ങളെ കൂട്ടം കൂടിയോ തനിച്ചോ ഇരുന്ന് പ്രകീര്‍ത്തിക്കുക, ഭഗവാന്റെ മംഗളമയങ്ങളായ നാമങ്ങളെ ഭക്തിശ്രദ്ധാപുരസ്സരം ഉച്ചരിക്കുക, തിരുനാമപ്രേമികളും അനുരാഗികളുമായ സന്യാസിജനങ്ങളുടെ സത്സംഗത്തെ ചെയ്യുക. ഈ സംഗതികളെ നിര്‍മ്മല ഹൃദയത്തോടുകൂടി പ്രേമപൂര്‍വ്വം അനുഷ്ഠിക്കാമെങ്കില്‍ തീര്‍ച്ചയായും ആത്മീകമായ ശാന്തി ലഭിക്കാതിരിക്കയില്ല. പിന്നെ ദുഃഖം മുതലായവയില്‍ നിന്നുല്‍ഭൂതമാകുന്ന വേദന സഹിക്കേണ്ട ഇടവരികയില്ല. പിന്നെയോ സദാ സന്തോഷിയായി വര്‍ത്തിക്കും. സുഖദുഃഖങ്ങള്‍ അവന് ഒരുപോലെ തെന്നിത്തുടങ്ങും. അവന് തന്റെ എല്ലാ പ്രവര്‍ത്തികളിലും ആ ഭജനീയനായ ഭഗവാന്റെ സഹായം പ്രത്യക്ഷമായി വീക്ഷിക്കാന്‍ സംഗതിവരും. അവന്‍ ആ ദിവ്യനെ ഭജിക്കുന്നതിനുള്ള ആനന്ദബാഷ്പത്തില്‍ ആമഗ്നനായിത്തീരും.
പാവപ്പെട്ടവനും ധനവാനും സ്ത്രീക്കും പുരുഷനും എല്ലാനിലയിലുള്ള ആളുകള്‍ക്കും എല്ലാ ജാതിയിലുള്ളവര്‍ക്കും ഒരുപോലെ കലിയുഗത്തില്‍ ചെയ്യാവുന്ന ഒന്നാണ് ഭഗവന്നാമസങ്കീര്‍ത്തനം.
ഭഗവാന്‍ വ്യസാമഹര്‍ഷി ഇപ്രകാരം പറഞ്ഞിരിക്കുന്നു.
‘കൃതേ യദ് ധ്യായതോ വിഷ്ണും
ത്രേതായാം യജതോ മഖൈഃ
ദ്വാപരേ പരിചര്യായാം
കലൌ തദ്ധരി കീര്‍ത്തനാത്’
(സത്യയുഗത്തില്‍ യാതൊരു ഫലമാണോ ധ്യാനദ്വാരാ ലഭിച്ചിരുന്നത്. ത്രേതായുഗത്തില്‍ യാതൊരു ഫലമാണോ യജ്ഞം മുഖേന സിദ്ധമായിരുന്നത്. ദ്വാപരയുഗത്തില്‍ യാതൊരു ഫലമാണോ പൂജാര്‍ച്ഛനകള്‍ മുഖേന ലഭ്യമായിരുന്നത്. ആ ഫലം കലിയുഗത്തില്‍ ഭഗവന്നാമസങ്കീര്‍ത്തനംകൊണ്ട് സംജാതമാകുന്നു.)
അതുകൊണ്ട് നാമെല്ലാവപേരും ഭധവന്നാമസങ്കീര്‍ത്തനം ദൈനംദിന ജീവിതത്തിലെ ഒരുത്തമ ഉപാധിയായി കരുതേണ്ടതാണ്. കുളിയും തീറ്റിയുംപോലെ ഭഗവാന്നാമസങ്കീര്‍ത്തനവും നമ്മുടെ ജീവിതത്തിലെ ഒരനുപേക്ഷണീയമായ ചടങ്ങായി ആചരിച്ചുപോരേണ്ടതാണ്.
പണ്ടേയ്ക്കു പണ്ടേ തന്നെ പുരാണേതിഹാസങ്ങളുടെ വിളനിലം എന്ന അപരാഭിധാനത്താല്‍ അലംകൃതമായ ഭാരതത്തില്‍ ജനിച്ചവരാണ് നാം എന്ന്. വിശിഷ്യ, നവയുവാക്കള്‍ ഓര്‍ത്തിരിക്കണം. നാം പാശ്ചാത്യസംസ്‌ക്കാരാദര്‍ശകല്ല. നമുക്കു ഭഗവാനെ ഒരിക്കലും വിസ്മരിക്കാന്‍വയ്യ. ഭഗവാനില്‍ വിശ്വസിച്ച് നാം നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക. ഭഗവദ്ഭജനംകൊണ്ട് അഥവാ ഭഗവാനില്‍ വിശ്വസിക്കുന്നതുകൊണ്ട് അഥവാ ഭഗവാനില്‍ വിശ്വസിക്കുന്നതുകൊണ്ട് എന്തുഫലമാണു സിദ്ധിക്കുന്നതെന്നു തീര്‍ത്തുപറയാന്‍ ഞാനപ്രാപ്തനാണ്. നാം ഭഗവാനില്‍ വിശ്വസിക്കുക. യഥാവസരം യഥോചിതമായ ഫലം സിദ്ധിച്ചുകൊള്ളും. ഭഗവദ്പാദപങ്കജങ്ങളെ നമിക്കുന്നതുകൊണ്ട് സംപൂര്‍ണസുഖവും, അദ്ദേഹത്തിന്റെ തിരുനാമോച്ചാരണം ചെയ്യുതുകൊണ്ട് പരിപൂര്‍ണ്ണമായ ആനന്ദവും സംസിദ്ധമാകുമെന്നാണ് ഒരിക്കലും കള്ളം പറയാത്തവരും അനുഭവരസികന്മാരുമായ സന്യാസികളുടെ മതം. ഭഗവാനില്‍ വിശ്വസിക്കാന്‍ മടിക്കുന്നുണ്ടെങ്കില്‍ അല്ലയോ പ്രഭോ! ഞങ്ങളെ വിശ്വസിപ്പിക്കണേ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുക. ഭഗവാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥന സ്വീകരിക്കും.
Discussion about this post