പാരിസ്: സൈന്യത്തെ ഉപയോഗിച്ച് സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനോടു ക്ഷമിക്കില്ലെന്നും ശിക്ഷയില്‍ നിന്നു ഒഴിവാക്കില്ലെന്നും ഫ്രാന്‍സ്. അസാദ് എത്രയുംവേഗം അധികാരമൊഴിയണമെന്നും ഇപ്രകാരം ചെയ്താല്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതമായി രാജ്യത്തിനു പുറത്തേക്കുപോകുവാന്‍ പാതയൊരുക്കാമെന്നും അറബ് ലീഗ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഫ്രാന്‍സ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
സിറിയന്‍പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യമന്ത്രിമാര്‍ ഞായറാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യോഗം ചേര്‍ന്നിരുന്നു. ‘അസാദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും അസാദിനു പിടിച്ചുനില്‍ക്കാനാവില്ല. അസാദ് വീഴും. എന്നാല്‍ ശിക്ഷയില്‍ നിന്നു ഒഴിവാക്കുമെന്ന് യാതൊരു പ്രതീക്ഷയും അസാദിനു വേണ്ട’.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് പറഞ്ഞു. വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സിറിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിറിയയിലെ ഹമാ നഗരത്തില്‍ സൈന്യം കനത്ത ആക്രമണം തുടരുകയാണ്.
Discussion about this post