(ഭാഗം-1)
വാസു കക്കനാട്
ജ്ഞാനം ജീവനോടുകൂടിയുണ്ടായിട്ടും കര്‍മ്മശക്തി ജീവനെ പ്രാരബ്ധത്തിലേക്ക് തള്ളിവിടുന്നു. ജീവബ്രഹ്മൈക്യസാധനയുടെ പ്രതീകമാണ് പട്ടാഭിഷേകം. കര്‍മ്മശക്തിയെന്ന കൈകേയി പട്ടാഭിഷേകം തുടങ്ങുന്നു. വാസനയാണ് കര്‍മ്മത്തിന്റെ കാരണവും പ്രേരണയും. വാസന വക്രബുദ്ധിയിലൂടെ ഉടലെടുക്കുമ്പോഴാണ് വളഞ്ഞവളും വിളഞ്ഞവളുമായ മന്ഥര എന്ന പ്രതീക കഥാപാത്രമുണ്ടാകുന്നത്. സൗന്ദര്യമത്സരത്തില്‍ ജയിച്ച ഒരു ക്രിസ്ത്യന്‍ കീലറേയോ പ്രമീളയേയോ കൈകേയിത്തമ്പുരാട്ടിക്ക് വേലക്കാരിയായി കിട്ടും. പിന്നെയെന്തിനാണീ കൂനിത്തള്ളയായ മന്ഥരയെ തോഴിയാക്കി വച്ചത്. കര്‍മ്മവും വാസനയും വക്രബുദ്ധിയും ഇങ്ങനെ ചമല്‍ക്കരിക്കുന്നു. ദണ്ഡകാരണ്യം എന്ന ഇരുട്ടു മഹാവനമെന്ന പ്രാരബ്ധത്തിലേക്കു ജീവനെ തള്ളിവിടുന്നത് വാസനയും കര്‍മ്മവും കൂടിയാണ്. സുമന്ത്രര്‍ എന്ന ഡ്രൈവറും ഗുഹന്‍ എന്ന വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടു ഡ്രൈവറും വാസനയുടെ പ്രതീകങ്ങളാണ്. പ്രാരബദ്ധത്തിന്റെ മൂര്‍ദ്ധന്യ ദശയില്‍ ജ്ഞാന-വൈരാഗ്യങ്ങള്‍ ഒപ്പം ഒരേ സമയം വെട്ടിമാറ്റപ്പെട്ടപോലെ നഷ്ടമാകുന്നു. ജഡായുവെന്ന പക്ഷിപ്രവരന്റെ ജംബോജറ്റ് ചിറകുകള്‍ രണ്ടും നഷ്ടപ്പെടുന്ന സമയം ശ്രദ്ധിക്കുക. ജ്ഞാനസീതയുടെ നഷ്ടപ്പെടലിന്റെ മാഗ്നാകാര്‍ട്ടയാണത്.
ജ്ഞാനത്തെ (സീതയെ) ബോധ്യപ്പെട്ട വാര്‍ത്ത സ്ഥിരികീരിക്കുന്നിടത്തു വച്ച് പക്ഷി പ്രവരന്‍ സമ്പാതിയുടെ കോണ്‍കോടു ചിറകുകള്‍ തിരിച്ചുകിട്ടുന്നു. ലാഭവും നഷ്ടവും ജീവിതത്തിന്റെ ഇരുവശങ്ങളാകുന്നു. അതിനാല്‍ മേല്‍പ്പറഞ്ഞ വിമാനറാഞ്ചിപ്പക്ഷികള്‍ സഹോദരന്മാരാകുന്നു. രാമായണത്തിലെ സുന്ദര കാണ്ഡത്തില്‍ വച്ചാണ് നഷ്ടപ്പെട്ട സീതയെപ്പറ്റി അറിവുകിട്ടുന്നത്. പൂര്‍ണ്ണജ്ഞാനത്തിന്റെ പരിവേഷപ്രതീകമാണ് ‘സുന്ദരം’ എന്ന അവസ്ഥാവിശേഷം വെറുതേയല്ല സുന്ദരകാണ്ഡമെന്നാണ് ചമല്‍ക്കാരം പ്രയോഗിച്ചിട്ടുള്ളത്. സുന്ദരന്മാരാ സുന്ദരിമാരും ഇതറിയണം. ലക്ഷണമൊത്ത ബാഹ്യ ശരീരത്തിനും സുന്ദരമമെന്നാണ് പറയുന്നത്. മേല്‍പ്പറഞ്ഞ പരിപൂര്‍ണ്ണതയുടെ ധ്വനികൊണ്ട് ജ്ഞാനപ്രാപ്തിക്കു മുമ്പുള്ള ജീവന്റെ സംഘര്‍ഷം ബാലി-സുഗ്രീവനായും അവിവേകം ബാലിയായും പ്രണവം താരയായും പ്രതീകവല്‍ക്കരിക്കുന്നു. ജീവിതത്തില്‍ വിവേകവും അവിവേകവും ഒരേപോലെ അവിവേകം ശക്തികൂട്ടും. ഒരേപോലെയായതിനാലാണ് ബാലി-സുഗ്രീവ സഹോദര ബന്ധം എന്നു പറയുന്നത്.
വിവേകം ജയിച്ചാല്‍- അവിവേകം തോറ്റാല്‍ മാത്രമേ ജ്ഞാനസമ്പാദനത്തിനുള്ള ജിജ്ഞാസ വരുകയുള്ളൂ. യുദ്ധത്തില്‍ ബാലിസുഗ്രീവന്മാരെ തിരിച്ചറിയാന്‍ ജീവനായ രാമനു കഴിയുന്നില്ല. ഒടുവില്‍ ഒരു മാല അടയാളമായിട്ട് സുഗ്രീവനു നല്‍കിയാണ് ബാലികയെവധിക്കുന്നത്. വിവേകം ജീവനില്‍ വന്നതിന്റെ ചമല്‍ക്കാരമാണിത്. ഇനി ജിജ്ഞാസ ജീവന് ജ്ഞാനം നേടാം നിഗൂഢങ്ങളായ ബഹുവിധ പ്രാണവൃത്തികളെ നയിന്ത്രിച്ചാലേ അവിവേകത്തെ നശിപ്പിച്ച് വിവേകത്തെ കിട്ടുകയുള്ളൂ. നിഗൂഢ പ്രാണവൃത്തികളെ നിരോധിച്ചതാണ്. ‘ഒളിയമ്പ്’ പ്രയോഗം. അല്ലാതെ വാല്‍മീകിവാസികള്‍ പറയുമ്പോലെ രാമന്‍ അത്രയ്ക്കു ഭീരുവായിട്ടൊന്നുമല്ല. മരണത്തിനു മുമ്പു ബാലിതന്നെ ഒളിയമ്പിന്റെ ന്യായം ചോദ്യം ചെയ്യുന്നു. ബാലിയുടെ ന്യായവാദം കേട്ടു രാമന്‍ സത്യവാദം നടത്തി. ബാലി ന്യായവും രാമന്‍ സത്യവുമാകുന്നു. രാമന്‍ വിധികര്‍ത്താവായ ദൈവവുമാണ്. പ്രാപഞ്ചിക വ്യാപാരത്തിനു സത്യവും ന്യായവും തമ്മില്‍ ഏറ്റുമുട്ടുന്നു. കോടതികള്‍ പോലും സത്യവും ന്യായവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത മായാവിലാസത്തില്‍ കുടുങ്ങാറുണ്ട്. പ്രാണന്റെ ജ്ഞാനം നേടാനുള്ള അവസ്ഥയാണ് വായുപുത്രനായ ഹനുമാന്‍.
ജ്ഞാനം ത്യാഗിക്കേ കിട്ടുകയുള്ളൂ. ഭോഗിയ്ക്കു കിട്ടുകയില്ല. ത്യാഗിയായ രാമനു ജ്ഞാനസീതയെകിട്ടി. ഭോഗിയായ രാവണനു സീതയെ അപഹരിക്കേണ്ടിവന്നു. പക്ഷേ പ്രയോജനപ്പെട്ടില്ല. സന്യാസമാണ് ത്യാഗത്തിന്റെ ലക്ഷണം. സന്യാസിക്കു ജ്ഞാനം കിട്ടും ജ്ഞാനമെന്നസീതയെ രാവണന്‍ തട്ടിയെടുത്തത് കപടസന്യാസി വേഷം കെട്ടിയാണ്. കപടസന്യാസിക്ക് ജ്ഞാനം ഉപകിരക്കില്ലെന്നതിന്റെ തെളിവാണ് സ്വന്തം കസ്റ്റഡിയില്‍ ഇരുന്ന സീതുയുടെ ദേഹത്തു തൊടാന്‍ പോലും രാവണനു പറ്റാത്തത്. വെറും കഥയായിരുന്നെങ്കില്‍ ശക്തനായ രാവണനു ഒരു റേയ്പ്പിംഗ് സീന്‍ അഭിനയിക്കാന്‍ പറ്റുമായിരുന്നില്ലേ? അല്പം ഇമോഷണല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ കൊണ്ട് കഥയിലെ മസാലയ്ക്കു രൂചികൂടുമായിരുന്നു. പക്ഷേ കഥ തത്ത്വങ്ങളുടെ പ്രതീകമായിരിക്കണം.
ശ്രുതി തത്ത്വങ്ങള്‍ സ്മൃതി തത്ത്വങ്ങളനുസരിച്ച് പ്രാപഞ്ചികമായി കഥയുണ്ടാകണം. അങ്ങനെയുള്ള പ്രാപഞ്ചിക സംഭവങ്ങള്‍ സ്ഥിരീകരിക്കുമ്പോള്‍ സ്മൃതി തത്ത്വങ്ങള്‍ ലംഘിച്ചാലും ശ്രുതിതത്ത്വങ്ങള്‍ ലംഘിച്ചുകൂടാ. ശ്രുതിതത്ത്വത്തെ പ്രാപഞ്ചികമാക്കി കഥാകരിക്കുമ്പോള്‍ ചില സ്മൃതി തത്വങ്ങളുടെ കഥയും കഴിയും. അതിലൊന്നാണ് അഹല്യയും ദേവേന്ദ്രനും തമ്മിലുള്ള സദാചാര ലംഘനം, രാമന്റെ ഒളിയമ്പു പ്രയോഗം; പിതൃഘാതകനായ രാമനോട് അംഗദത്തനു ബഹുമാനം; തുടങ്ങിയ പ്രാപഞ്ചിക സ്മൃതിലംഘനം. സ്മൃതി നിയമവും ശ്രുതി തത്വവുമാണ്. സ്മൃതി ന്യായവും ശ്രുതി സത്യവുമാണ്. ന്യായം ലംഘിച്ചും സത്യം നിലനിര്‍ത്തപ്പെടും എന്നു ധരിക്കണം. അങ്ങനെ ന്യായത്തിന് അനുകൂലമായും ന്യായത്തിനു പ്രതികൂലമായും സത്യം നിലനില്‍ക്കുന്നു. വിവേക പ്രതീകമായ സുഗ്രീവന്റെ ഭാര്യയാണ് താര എന്ന പ്രണവപ്രതീകം. അവിവേകിയായ ബാലി താരയെ കസ്്റ്റടിയിലെടുത്തു പ്രയോജനപ്പെട്ടില്ല. താരയെ സുഗ്രീവനു തിരിച്ചുകിട്ടി. വിവേകത്തോടെ മാത്രമേ പ്രണവം ബന്ധപ്പെടുകയുള്ളൂ.
പാപം എന്ന വാക്കു മറിച്ചിട്ടാല്‍ ‘പമ്പ’ എന്ന പുണ്യപദം കിട്ടും ‘കാലം’ എന്നതു മറിച്ചിട്ടാല്‍ ‘ലങ്ക’ യിലെത്താം. വാക്കിന്റെ ഘടനയ്ക്കും അര്‍ത്ഥത്തിനും പ്രയോഗത്തിനും ഫലത്തിനും ഫലിതത്തിനും കാലംകൊണ്ടു വരുന്ന വ്യത്യാസത്തിന്റെ ചരിത്രമാണു വാഗ്വാര്‍ത്ഥ ശാത്രം അഥവാ ‘സെമാന്റിക്’ സമ്പ്രദായം വെറും നിരുക്തവും നിഘണ്ഡുവും വിഗ്രഹവും നിഗ്രഹവും കൊണ്ട് പുരാണത്തെ വിലയിരുത്തിയാല്‍ അജ്ഞാനപരമായ പുസ്തകജ്ഞാനവും വിവാദവും ഉണ്ടാകും. പുസ്തകജ്ഞാനം വെറും മിഥ്യയും മസ്തകജ്ഞാനം മഹാസത്യവും. പുസ്തകത്തില്‍ കിടക്കുന്ന ജ്ഞാനവും പട്ടാളത്തില്‍ കിടക്കുന്ന മകനും ഒരേപോലെ നിര്‍ഗുണവസ്തുക്കളാകുന്നു. വേദവേദാംഗപാരംഗതന്‍മാര്‍ നിരുക്തവും നിഘണ്ഡുവും മാത്രം സത്യമെന്നു ധരിക്കാതെ സെമാന്റിക്കും സത്യമെന്നു ധരിക്കണം. ക്ഷേത്രം എന്നു പറഞ്ഞാല്‍ പണ്ഡിതനും പാമരനും പെട്ടെന്ന് ‘അമ്പലം’ എന്നു പറയും പഠിച്ച പണ്ഡിതന്‍ ഭാരതത്തില്‍ അമ്പലങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പും ‘ക്ഷേത്രം’ എന്ന വാക്കുണ്ടായിരുന്നെന്നും അതു ഭിന്നമായ അര്‍ത്ഥ തലങ്ങളില്‍ ഉപയോഗിച്ചിരുന്നെന്നും നാം കണ്ടുപിടിക്കും.
‘ക്ഷേത്ര-ക്ഷേത്രജ്ഞയോഗം’ എന്ന പ്രയോഗകാലത്ത് അമ്പലം ഉണ്ടായിരുന്നില്ലല്ലോ. ലങ്കയില്‍ വച്ച് ഹനുമാന്‍ സീതയെ കണ്ടതിന്റെ അടയാളം സീതയുടെ ചൂഡാരത്‌നം വാങ്ങി രാമനു നല്‍കുന്നതാണ്. പങ്കുരം മോതിരമാണ് രാമന്‍ മുമ്പേ കൊടുത്തത്. കര്‍മ്മശക്തിയുടെ പ്രതീകമായ കയ്യിലെ മോതിരം ഊരുന്നതോടെ ജീവന്റെ കര്‍മ്മ ബന്ധം തകരുകയും ജീവന്‍ ജ്ഞാനലബ്ധിക്കു തയ്യാറാവുകയും ചെയ്യുന്നു. കര്‍മ്മബന്ധമാണല്ലോ ജ്ഞാനത്തിന്റെ ശത്രു. തലയില്‍ സൂക്ഷിക്കുന്ന രത്‌നം കൈയ്യില്‍ വരുന്നതോടെ ജ്ഞാനം കിട്ടുന്ന ഘട്ടത്തോടടുക്കുന്നു. തലയും രത്‌നവും ബുദ്ധിയുടെ പ്രതീകമാണ്. ഇവിടെ ജ്ഞാനത്തോടടുക്കുന്ന തലയിലെ രത്‌നമായതിനാല്‍ ബുദ്ധിപരമായും വികാരപരമായും ജീവന്‍ ജ്ഞാനലബ്ദ്ധിയ്ക്കുവേണ്ടി പക്വമതിയാകുന്നുവെന്നു കാണുന്നു. എന്നാല്‍ ലങ്കയില്‍ വാഴുന്ന രാവണന്റെ തലയോ? രത്‌നമുള്ള തലതന്നെ. പക്ഷേ രത്‌നം തലയില്‍ നേരിട്ട് തൊടുന്നില്ല. കിരീടത്തിലാണുള്ളത്. ബുദ്ധിയുണ്ടായിട്ടും പ്രയോജനപ്പെടുന്നില്ലല്ലോ രാവണാ!
സഖ്യാനന്ദജിയുടെ അന്വയപ്രകാരം ക്രൗഞ്ചമിഥുനം= മിസ്റ്റര്‍ രാവണനും മിസ്സിസ്സ് മണ്ഡോതരീരാവണനുമാണ്. ഇതില്‍ കാമമോഹിതമായ ഒന്നിനെ കൊല്ലാതെ വാല്‍മീക ഭഞ്ജനം നടക്കുകയില്ല. ലേഖനം തീരുകയുമില്ല. ചുരുക്കി പറഞ്ഞുകൊണ്ട് വായനക്കാരെ അനുഗ്രഹിക്കാം. നിഗ്രഹം സര്‍ഗ്ഗപ്രക്രിയല്ല പ്രതിസര്‍ഗ്ഗമായിമാറും. രജോഗുണ പ്രതീകമാണ് രാവണന്‍ എന്നു പറഞ്ഞല്ലോ. രജോഗുണത്തോട് ഇച്ഛാശക്തിയും കര്‍മ്മശക്തിയും സ്രൈചാപല്യരൂപത്തില്‍ ബന്ധപ്പെടുന്നതാണ് ‘ദമ്പതി’ എന്ന പ്രയോഗത്തിലെ ധ്വനി. അതില്‍ ഭാര്യയെന്ന സ്ഥാനമാണ് ഇവര്‍ക്കുള്ളത്. അവസ്ഥാത്രയത്തില്‍ മൂന്നു മാതാക്കളാണു പ്രതീകമായത് ഗുണത്രയത്തില്‍ വരുമ്പോള്‍ ഇച്ഛാകര്‍മ്മശക്തികളുടെ മിഥുനഭാവം ഒന്നിക്കുന്നു. അവിടെ മാതൃത്വം പക്വതയുടെ പ്രതീകമായും ഇവിടെ ദാമ്പത്യം ചാപല്യ പ്രതീകമായും വരുന്നുവെന്ന വ്യത്യാസം നോക്കണം. ജ്ഞാനശക്തിക്ക് രജോഗുണത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. ഇതാണ് കാമ മോഹിതമായ രജോഗുണവും ദാമ്പത്യവും അല്ലെങ്കില്‍ ‘മിഥുന’വും കൊണ്ടുദ്ദേശിക്കുന്നത്.
ചാപല്യം രജോഗുണത്തിന്റെ ഇണയാണ്. മാതാവല്ല. ഈ മിഥുന ഭാവത്തിനാണ് ‘കാമമോഹിതം’ എന്നു പറയുന്നത്. കാമമോഹിതമായ ഒന്നിനെ വധിച്ചാല്‍ ജീവന്‍ ജ്ഞാനത്തിനു അധികാരിയായി മാറും. രജോഗുണമായ രാവണന്‍ വധിക്കപ്പെട്ടതോടെ സത്വഗുണനായ വിഭീഷണന്‍ രാജാവാകുന്നു. കാലമാണ് എല്ലാം ചെയ്യിപ്പിച്ചത്. കാലം എന്ന അജയ്യബ്രഹ്മശക്തിയുടെ ദീര്‍ഘമാണ് ലങ്കകൊണ്ടുദ്ദേശിക്കുന്നത്. നാസിക്കിലെ പഞ്ചവടിയില്‍ നിന്നും സീതയെ ലങ്കയ്ക്കു കൊണ്ടുപോകാതെ നേരെ ജപ്പാനിലേക്കു കൊണ്ടുപോയാല്‍ പോരായിരുന്നോ? എന്തിനു പുഷ്പകവിമാനം? മനസ്സിനെക്കാള്‍ വേഗതയുള്ള ‘മനോജവ’ വിമാനം ഭരദ്വാജന്റെ വിമാനത്തില്‍ ഉണ്ടായിരുന്നതു ചേര്‍ത്ത് ആദികവിക്കു രാമായണം എഴുതാന്‍ അറിഞ്ഞുകൂടാതിരുന്നിട്ടും മറ്റുമല്ല. ലങ്കയും പുഷ്പകവും തമ്മിലേ ചേരുകയുള്ളൂ. അതാണ് സന്ദര്‍ഭശുദ്ധി. ആദ്യത്തെ കള്ളക്കടത്തുകാരനും ആദ്യത്തെ കപടസന്യാസിയും രാവണനാണ്. കപടസന്യാസിമാര്‍ ഇന്നും കള്ളക്കടത്തും പെണ്‍വാണിഭവും നടത്തുന്നതിന്റെ രഹസ്യം രാവണപാരമ്പര്യമാണോയെന്നറിഞ്ഞുകൂടാ. തനിയ്ക്കുചേരാത്ത സന്യാസിവേഷം രാവണന്‍ കെട്ടി. ആരാന്റെ പുഷ്പകവിമാനം കസ്റ്റഡിയിലെടുത്തു. ആരാന്റെ ഭാര്യയേയും കസ്റ്റഡിയിലെടുത്തു. എന്നു പറഞ്ഞാല്‍ രജോഗുണം ‘ജഗന്‍മിഥ്യ’ കളിയില്‍ മയങ്ങും ‘ബ്രഹ്മസത്യ’ത്തില്‍ എത്തുകയില്ല.
രജോഗുണത്തിന്റെ അന്ത്യത്തോടെ, അതായത് രാവണന്റെ വധത്തോടെ ദാമ്പത്യത്തിനു പ്രസക്തിയില്ല. ശ്രീമതി മണ്ഡോദരീ രാവണന്റെ വിധവായോഗം എന്ന ജഗന്മിഥ്യ ഈ ‘ബ്രഹ്മസത്യ’ പ്രകൃതത്തിനു ചേരുന്നില്ല. കാരണം രജോഗുണമല്ലെങ്കില്‍ ഇച്ഛ-ക്രിയാ-ശക്തികള്‍ക്ക് ഇവിടെ പ്രസക്തിയില്ലല്ലോ. ഒന്ന് ഇല്ലാതായാല്‍ മിഥുനത്തിനും ദമ്പതിക്കും ‘ഫലം’ തീരേയില്ല. സംഖ്യാഭാവത്തിനു വിലയിടിയുന്നു. രാവണന്‍ ചത്താല്‍ പിന്നെ മണ്ഡോദരിയെപ്പറ്റി ചിന്തിക്കരുത്. അതിശുദ്ധി കഴിഞ്ഞ് സീതയെ സ്വീകരിക്കല്‍ ജീവനു എല്ലാവിധ പരീക്ഷണങ്ങളും അതിജീവിച്ച് ജ്ഞാനം കിട്ടിയിരിക്കുന്നുവെന്നു ന്യായവും സത്യവും ഒരുപോലെ പറയുന്നു. നാമരൂപത്തോടെയുള്ള ശരീരത്തില്‍ വര്‍ത്തിക്കുന്ന ജീവനു ജ്ഞാനം കിട്ടി. രാമന്റെ പാദുകം വച്ചായിരുന്നു ഭരതന്‍ രാജ്യം ഭരിച്ചത്.
പാദുകം കൈകൊണ്ടെടുത്തുമാറ്റി കൈകൊണ്ടു കിരീടം വച്ചാണ് പട്ടാഭിഷേകം എന്ന പ്രക്രീയ നടന്നത്. ഇവിടെ പാദുകം പാദത്തിന്റെ ബന്ധവും കിരീടം ശിരസ്സിന്റെ ബന്ധവും കുറിയ്ക്കുന്നു. അടി മുതല്‍ മുടിവരെ അല്ലെങ്കില്‍ ആപാദചൂടം ദേഹാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ ജീവനു ജ്ഞാനം കിട്ടിയെന്നു സാരം. രാജാവിന്റെ അലങ്കാരങ്ങളില്‍ പ്രധാനം കിരീടം തന്നെ അതോടൊപ്പം ചെങ്കോലും. ഇവിടെ പാദുകം എടുത്തതും കിരീടം വച്ചതും ചെങ്കോലു പിടിപ്പിച്ചതും ഒക്കെ കയ്യുകൊണ്ടാണ്. കൈ കര്‍മ്മബന്ധപരമാണ്. ജ്ഞാനം കിട്ടിയ ജീവന് ശരീരം ദേഹാഭിമാനമില്ലാത്ത അവസ്ഥയില്‍ അലങ്കാരമാണ്. അതാണ് കിരീടവും ചെങ്കോലും. ജ്ഞാനം കിട്ടിയാലും കര്‍മ്മബന്ധം ജീവനെ പ്രാരബ്ദ്ധത്തിലാക്കുമെന്നതാണ് ആദ്യത്തെ പട്ടാഭിഷേകം മുടങ്ങലും സീതയുടെ നഷ്ടപ്പെടലും. പക്ഷെ ഇപ്പോഴത്തെ പട്ടാഭിഷേകം ജീവന്‍ കര്‍മ്മവാസനയില്‍ നിന്നും മോചിപ്പിച്ചവിധമാണ്. അതുകൊണ്ടാണ് എടുത്തുവച്ചത്. കൈകൊണ്ടെടുത്താമാറ്റിയെന്ന് മുമ്പേ പറഞ്ഞത്.
ഇനി രാജാ രാമന്റെ രാമരാജ്യപരിപാലനമാണ്. രാജാവായതു രജോഗുണിയായ വീരക്ഷത്രിയനല്ല. ജ്ഞാനിയായ രാമനാണ്. പട്ടാഭിഷേകവും രാജ്യവും രാജാവുമൊക്കെ ‘ജയ’ ത്തിന്റെ പ്രതീകമാണ്. ജയിച്ചവന്‍ തന്നെ ജ്ഞാനി. തോറ്റവന്‍ ജ്ഞാനിയല്ല. ജീവന്റെ എല്ലാവിധ പ്രാപഞ്ചിക-പ്രാരബ്ദ്ധ പരീക്ഷണങ്ങളെയും ജയിച്ച ജ്ഞാനിയാണ് രാജാരാമന്‍. ജയിച്ചപ്പോള്‍ മാത്രമേ രാമന്‍ യഥാര്‍ത്ഥ രാമനായുള്ളൂ. ജീവാത്മാവ് പരമാത്മാവില്‍ രമിച്ച അവസ്ഥയ്ക്ക് രാമന്‍ പ്രതീകമായിവരുന്നു. ജീവന്‍ ബ്രഹ്മത്തില്‍ ലയിച്ച് ‘ജീവബ്രഹ്മൈക്യം’ എന്ന ‘ഏക’ ത്തില്‍ എത്തി. ദൈ്വതം, മിഥുനം, ദമ്പതി – എന്നീ അനേകങ്ങള്‍ ഇല്ലാതായി. ദേഹാഭിമാനം നശിച്ച രാജാരാമന്റെ കൂടെ വില്ലും ശരവും ഉണ്ടായിരുന്നുവെന്ന് ബാഹ്യലക്ഷണം കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു. പ്രണവം വില്ലാകുന്നു. ശരം ആത്മാവാകുന്നു. ലക്ഷ്യം ബ്രഹ്മമാകുന്നുവെന്ന മുണ്ഡകവചനം ഓര്‍ത്താല്‍ നിഗ്രഹ വചനവും – അനുഗ്രഹവചനവും തമ്മിലുള്ള യുദ്ധം ഒഴിവാക്കാം.
രാമായണം കഥയുടെ ഘടനയും കഥാപാത്ര രചനകളും സ്ഥലകാലനാമങ്ങളുടെ ചിത്രീകരണവും ഒക്കെയോര്‍ത്താല്‍ ‘മാനിഷാദ” എന്ന വാല്‍മീകവചസ്സ് അനുഗ്രഹവചനം മാത്രമാകുന്നുവെന്നു നിസ്സംശയം പറയാം. രണ്ടാം ഭാഗത്തു കൊടുത്ത ‘മിസ്റ്റിക് സിംബോളിക്’ അനാവരണം പരിശോധിച്ചാല്‍ ഇത് അനുഗ്രഹ വചനം തന്നെയാണ്. ഇതു നിഗ്രഹവചനം എന്നു പറഞ്ഞ വാല്‍മീകിമാര്‍ വാല്‍മീകം ഭജ്ഞിക്കുക വാല്‍മീകത്തിനു പുറത്തുവരുക, അപ്പോള്‍ രാമനും സീതയും തമ്മിലുള്ളബന്ധമെന്തെന്നും രാമായണം അവസാനിക്കുകയില്ലെന്നും മനസ്സിലാവും. കര്‍ക്കിടകം ഇനിയും വരും.
Discussion about this post