എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ
(ഭാഗം 16)
ശിവശക്തി സംഭവനായ വാരണമുഖന്‍
പാര്‍വതീപരമേശ്വരന്മാരുടെ പുത്രനായ വാരണമുഖനാണ് വിഘ്‌നങ്ങളെ നിവാരണം ചെയ്യുന്ന ഗണപതി. ശത്രുബലത്തെ തടുക്കുന്നവന്‍ എന്നാണ് വാരണ ശബ്ദത്തിനര്‍ത്ഥം. അതില്‍നിന്നു ആനയെന്നു വാരണപദത്തിന് അര്‍ത്ഥം കിട്ടുന്നു. ചതുരംഗപ്പടയില്‍ ശക്തമായ പ്രതിരോധനിര തീര്‍ക്കുന്നതും ആക്രമണങ്ങള്‍ക്കു കരുത്തേകുന്നതും ആനകളാകയാല്‍ വാരണപദം അന്വര്‍ത്ഥകമാണ്. വിഘ്‌നങ്ങളാണല്ലോ മാനവജാതിയുടെ യഥാര്‍ത്ഥശത്രുക്കള്‍. അവയെ പ്രതിരോധിക്കുന്ന ദേവത വാരണമുഖനായിരിക്കുന്നതില്‍ സാംഗത്യം ഏറെയുണ്ട്. അതു ഭക്തനു ആത്മവിശ്വാസവും കരുത്തും പകരുന്ന. ഭൂമണ്ഡലത്തില്‍ നാം പിചയിച്ചിട്ടുള്ള ഏറ്റവും ശക്തനായ ജീവി ആനയാമെന്നതിനു തര്‍ക്കമില്ല. സിംഹക്കൂട്ടങ്ങള്‍പോലും ആനയുടെ മുന്നില്‍ ഭയന്ന് പിന്‍തിരിഞ്ഞോടുന്നു. അതിന്റെ ദര്‍ശനം ഭയകലുഷിതമായ ഹൃദയങ്ങളില്‍പോലും ശക്തിയുടെ നവോന്മേഷം പകരും. അങ്ങനെ ദര്‍ശനം കൊണ്ടുതന്നെ ആര്‍ക്കും ആശ്വാസമേകി. പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറാന്‍ വേണ്ടുന്ന ശേഷി ഗജാനനത്വം പകരുന്നു.
വാരണമുഖന്‍ ശിവശക്തി സംഭവനാകുന്നു. ശിവന്‍ എന്നും ശക്തിയെന്നുമുള്ള പദങ്ങളെ പൗരാണികന്മാര്‍ മുഖ്യമായും രണ്ട് അര്‍ത്ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ആവരണം ഇവിടെ സംഗതമായിരിക്കുന്നു. ബ്രഹ്മമെന്നാണ് ശിവശബ്ദത്തിന്റെ അര്‍ത്ഥം. ആനന്ദസ്വരൂപനായ ശ്രീരാമനെന്നു പറയുന്നതും ബ്രഹ്മത്തെയാകുന്നു. ബ്രഹ്മത്തെ ശിവനായി കല്പിക്കുന്നവര്‍ ശക്തിയെ പാര്‍വതിയെന്നും ബ്രഹ്മത്തെ ശ്രീരാമനായി കരുതുന്നവര്‍ ശക്തിയെ സീതയെന്നും സങ്കല്പിക്കും. ത്രീമൂര്‍ത്തികളിലൊരാളായ സംഹാരകര്‍ത്താവിനെയും ശിവനെന്നു വിളിക്കും. അതു ശിവശബ്ദത്തിന്റെ വോറൊരര്‍ത്ഥമാകുന്നു. ശിവന്റെയും ശക്തിയുടെയും സന്താനമാണ് വിഘ്‌നവാരണനായ ഗണപതി.
പ്രപഞ്ചസൃഷ്ടിക്കുവേണ്ടി ആനന്ദസ്വരൂപനായ ബ്രഹ്മം തന്റെ തന്നെ ശക്തിയെ പ്രവര്‍ത്തനക്ഷമമാകുന്നു. അപ്പോള്‍ ശക്തിയില്‍ പ്രതിബിംബിച്ച പരമാത്മചൈതന്യമാണ് ഗണപതി. ശിവശക്തി സമുദ്ഭവനെന്നു പുരാണങ്ങള്‍ ഗണപതിയെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ആദ്യന്തങ്ങളില്ലാത്ത ലോകമായി നമ്മുടെ മുന്നില്‍ കാണപ്പെടുന്നത് ഗണപതിയാകുന്നു. അതിനാല്‍ സമസ്തജഗത്തും ഗണേശന്റെ കൂടവയറിനുള്ളില്‍ കൂട്ടിക്കൊള്ളുന്നതായും പ്രവര്‍ത്തിക്കുന്നതായും പൗരാണികന്മാര്‍ കഥാരൂപത്തില്‍ പറഞ്ഞുവയ്ക്കുന്നു. ലോകത്തെ ഉണ്ടാക്കി നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന കരുത്തു മുഴുവന്‍ ആദിദേവനായ ഗണപതിയില്‍ നിന്ന് ഉത്പന്നമാകുന്നതാണെന്നതിന് വേറൊരു തെളിവുവേണ്ട. വിഘ്‌നങ്ങളെ നിവാരണം ചെയ്യാനുള്ള കരുത്തിന്റെ ഉറവിടവും ഗണപതിതന്നെ. പ്രപഞ്ചത്തിന്റെ ഉത്പത്തിസ്ഥിതിവിലയങ്ങള്‍ക്കു കാരണഭൂതനാണ് ഗണപതിയെന്നു എഴുത്തച്ഛന്റെ ശാരിക പാടിയത് അതുകൊണ്ടാകുന്നു. ശക്തിയില്‍ പ്രതിബിംബിച്ച പരമാത്മാവാകയാല്‍ അദ്ദേഹം ബ്രഹ്മാത്മകനുമായിരിക്കുന്നു. ഈ ലോകത്തുള്ള സമസ്ത ചരാചരങ്ങളും ശിവന്റെ സന്താനങ്ങളാകുന്നു. കൈലാസവാസിയുടെ സേവകരായ ഭൂതഗണങ്ങളും അദ്ദേഹത്തിന്റെ സന്താനങ്ങള്‍തന്നെ. അവരില്‍ പ്രമുഖനാണ് ഗജാനനന്‍. അതിനാല്‍ ഗണങ്ങളുടെ അഥവാ ഭൂതഗണങ്ങളുടെ അധിപതി അഥവാ ഗണപതിയായിത്തീര്‍ന്നു അദ്ദേഹം.
പുരാണകഥകള്‍ ഭാവനമാത്രമാണെന്നു ധരിച്ചുകളയരുത്. വേദോപനിഷത്തുക്കളിലൂടെ നമുക്കു കരഗതമായിത്തീര്‍ന്ന പ്രപഞ്ചരഹസ്യങ്ങളുടെ കാവ്യാവിഷ്‌കരണങ്ങളാണവ. ഇതിഹാസ പുരാണാഭ്യാം വേദം സമുപബൃംഹയേത് എന്ന് – ഇതിഹാസ പുരാണങ്ങള്‍കൊണ്ടു വേദാര്‍ത്ഥത്തെ വിശദീരിക്കണമെന്ന് – മഹാഭാരതത്തിന്റെ തുടക്കത്തില്‍ വ്യാസഭഗവാന്‍ അവയുടെ പ്രയോജനം വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിസൂക്ഷ്മമായ പ്രപഞ്ചരഹസ്യങ്ങടങ്ങുന്ന വേദമന്ത്രാര്‍ത്ഥങ്ങള്‍ സാധാരണര്‍ക്കു ദുര്‍ഗ്രഹമായാല്‍ ഏവര്‍ക്കും അവ പഠിക്കാനും ഉള്‍ക്കൊള്ളാനും സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് പഴയകാലത്തെ ഋഷിവര്യന്മാര്‍ ഇതിഹാസപുരാണങ്ങള്‍ നിര്‍മ്മിച്ചുനല്കിയത്. അതിലെ കഥാപാത്രങ്ങളും സംഭവങ്ങളും വേദോപനിഷല്‍ തത്ത്വങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളാകുന്നു. ആരുടെ ഹൃദയത്തെയും ആകര്‍ഷിക്കാന്‍ പോന്ന ഇത്തരം കഥകളുടെ അപഗ്രഥനത്തിലൂടെ ക്രമേണ ഉപനിഷല്‍മന്ത്രങ്ങളിലേക്ക് എത്തിച്ചേരണം. പ്രപഞ്ചരഹസ്യങ്ങളുടെ കലവറയിലേക്ക് ആരെയും ക്രമേണ നയിക്കുന്ന വര്‍ണ്ണാഭമായ രാജഗോപുരങ്ങളാണവ.
ശിവന്റെ ആനന്ദനടനമാണ് അഥവാ പരമാത്മലീലയാണ് ഈ പ്രപഞ്ചം. ശിവനില്‍നിന്ന് അഥവാ ശ്രീരാമനില്‍നിന്നു പ്രപഞ്ചമുണ്ടാകുന്നതിന്റെ ക്രമം രാമായണത്തില്‍ പലപ്രകാരം വര്‍ണ്ണിച്ചിട്ടുള്ളത് പിന്നീടു നാം പഠിക്കും. അപ്പോള്‍ ഇപ്പുറത്തവയെല്ലാം കൂടുതല്‍ വ്യക്തമായിത്തീരും. ഭൂതമെന്ന പഥത്തിന് ഉണ്ടായ പദാര്‍ത്ഥമെന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം ഭൂതങ്ങള്‍ ആകുന്നു. ശിവനില്‍ നിന്നുണ്ടായവയാകകൊണ്ടാണ് ശിവഭൂതം അഥവാ ഗണമെന്ന പേര് അവയ്ക്ക് വന്നുചേരുന്നത്. പ്രപഞ്ചോല്‍പത്തിക്രമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന സൂക്ഷ്മതന്മാത്രകള്‍ക്ക് പഞ്ചഭൂതങ്ങള്‍ എന്നു പേരുണ്ട്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാണവ. പഞ്ചീകരണ പ്രക്രിയയിലൂടെ അവതന്നെ സ്ഥൂല പഞ്ചഭൂതങ്ങളായിത്തീരുന്നു.
ആകാശം, വായു, അഗ്നി, ജലം, പൃഥിവി എന്ന അവയ്ക്കു പേര്. അവയുടെ താളാത്മകമായ ചലനത്തിലൂടെ സൃഷ്ടിസ്ഥിതിലയങ്ങള്‍ സംഭവിക്കുന്നു. ഭൂതങ്ങള്‍ നൃത്തം ചെയ്തു ശിവനെ സന്തോഷിപ്പിക്കുന്നു എന്നും ശിവന്‍ ആനന്ദനൃത്തം ചെയ്യുന്നു എന്നുംമറ്റുമുള്ള പൗരാണിക കഥകള്‍ ഈ സൂക്ഷ്മ രഹസ്യത്തിന്റെ ദൃശ്യാവിഷ്‌ക്കൃതികളാണ്. സബ് അറ്റോമിക് പാര്‍ട്ടിക്കിളുകളുടെ നിരന്തരചലനത്തില്‍ ശിവതാണ്ഡവം കണ്ടെത്തുന്ന ഫ്രിഡ്‌ജോഫ് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഈ തത്ത്വം കുറെയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. ഇന്നു യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ദൈവകണത്തെ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണെന്നും മറക്കാതിരിക്കുക. പ്രസ്തുത സൂക്ഷ്മകണങ്ങള്‍ ഭൂതവര്‍ഗ്ഗത്തില്‍പെടുന്നു. അക്കൂട്ടത്തില്‍ മുഖ്യനാകയാല്‍ വാരണമുഖനു ഗണപതി എന്നും പേരുവീണു. അവരുടെ ആനുകൂല്യം വിഘ്‌നങ്ങളെ നിവാരണം ചെയ്യും.
ശക്തിയില്‍ പ്രതിബിംബിച്ച ശിവന്‍ അഥവാ ബ്രഹ്മമാണ് ഗണപതി എന്നു നേരത്തെ സൂചിപ്പിച്ചു. അദ്ദേഹമാണു ഭൂതകണങ്ങള്‍ക്കു മുന്നോടി. പ്രണവം അഥവാ ഓങ്കാരമന്ത്രം മറ്റൊരാളല്ല. സംസ്‌കൃതഭാഷ എഴുതാന്‍ ഉപയോഗിക്കുന്ന ദേവനാഗരി ലിപിയുടെ രീതിയില്‍ ഓാം എന്നെഴുതുന്നത് എങ്ങനെയെന്ന് ഏവര്‍ക്കുമറിയും. പ്രപഞ്ചത്തിന്റെ മൂലാധാരത്തിലും വ്യക്തികളുടെ മൂലാധാരത്തിലും കുടികൊള്ളുന്ന പ്രണവത്തിന്റെ ആകൃതി യോഗശാസ്ത്രവിധിപ്രകാരം നിര്‍ണ്ണയിച്ചതാണ് പ്രസ്തുത ലിപിസ്വരൂപം.
എന്ന ഈ ലിപിയുടെ അടിസ്ഥാനതത്ത്വമാണ് ഓം എന്നു മലയാളത്തിലും
എന്നു തമിഴിലും എഴുതുമ്പോള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ ലിപിയെ കലാത്മകമായി വികസിപ്പിച്ചതാണ് ഗണപതിയുടെ പ്രസിദ്ധമായ രൂപം. മുഖം കുടവയറ് തുമ്പിക്കൈ ചന്ദ്രക്കല എന്നിവ ലിപിയില്‍ വ്യക്തമായി കാണാം. ബ്രഹ്മത്തില്‍ ഓങ്കരം സ്പന്ദിച്ചുയരുന്ന ബിന്ദുവാണ് ചന്ദ്രക്കലയക്കുള്ളില്‍ കാണപ്പെടുന്നത്. ഗണപതിക്ക് ആനയുടെ മുഖം വന്നതിന്റെ രഹസ്യം ഈ വേദാന്തതത്ത്വമാണ്. ആദിമ മന്ത്രമായ ഓങ്കാരത്തില്‍ നിന്നാണ് എല്ലാ പ്രപഞ്ചപദാര്‍ത്ഥങ്ങളുമുണ്ടായിരിക്കുന്നത്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നതും ഓങ്കാരത്തെ ആശ്രയിച്ചാകുന്നു. അതിനാല്‍ വിഘ്‌നങ്ങളില്ലാതാക്കാന്‍ പ്രണവമന്ത്രമായ ശിവശക്തി സംഭവനെ അഥവാ വാരണമുഖനെത്തന്നെ ശരണം പ്രാപിക്കേണ്ടിയിരിക്കുന്നു.
Discussion about this post