എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ
(ഭാഗം 28)
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാമാചാര്യനും
ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പ്രതൃഢമായ ഗ്രന്ഥമാണ് ഗുരുത്വമെന്ന ശാസ്ത്രം. ഗുരു ആരാണെന്നും ഗുരുത്വമെന്താണെന്നും സംസ്‌ക്കാരത്തെയും ലോകത്തെയും നിലനിര്‍ത്തുന്നതില്‍ ഗുരുത്വത്തിന്റെ പങ്കെന്താണെന്നും ആരെയും അദ്ഭുതപ്പെടുത്തുമാറ് അതില്‍ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. സൂക്ഷ്മാല്‍ സൂക്ഷ്മതരമായ കണങ്ങള്‍മുതല്‍ അത്യന്തസ്ഥൂലമായ ഗോളസമൂഹങ്ങള്‍വരെ ഗുരുത്വത്തില്‍ എങ്ങനെ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്നു അറിയണമെങ്കില്‍ ആ മഹാഗ്രന്ഥം സനിഷ്‌കര്‍ഷം പഠിക്കണം. ജഗത്തു മുഴുവന്‍ ഗുരുത്വത്തെ ആശ്രയിച്ചു നില്‍ക്കുന്നു എന്നു അതിലൂടെ അദ്ദേഹം തെളിയിച്ചു വച്ചിരിക്കുന്നു.
ഭാരതീയ സംസ്‌കൃതിയുടെ ആദികിരണങ്ങള്‍ വിരിഞ്ഞത് ഗുരുത്വത്തെ അവലംബിച്ചാണ്. ഗുരുത്വത്തെ ആധാരമാക്കുമ്പോഴാണു സംസ്‌കാരമുണരുന്നത് എന്നതാണു വാസ്തവം. ഗുരുത്വമാണു സംസ്‌കാര ബീജം. ഗുരുത്വത്തെ കൈവിട്ടാല്‍ ഒന്നിനും നിലനില്പുണ്ടാവുകയില്ല. നൂലുപൊട്ടിയ പട്ടത്തിന്റെ വിനാശകരമായ അവസ്ഥയായിരിക്കും അവയെ കാത്തിരിക്കുക. അതിനാല്‍ എന്തും ഗുരുത്വത്തില്‍ പടുത്തുയര്‍ത്തിയതായിരിക്കണമെന്നത് ഭാരതീയതയുടെ അടിസ്ഥാനപ്രമാണമാണ്. ലോകങ്ങള്‍ക്കുമുഴുവന്‍ ആധാരമായിരിക്കുന്ന പരബ്രഹ്മം അഥവാ പരമാത്മാവാണു പരമഗുരു. വേദോപനിഷത് പഠനങ്ങള്‍ ആരംഭിക്കുമ്പോള്‍ പരമ്പരയായി ഉപയോഗിച്ചുവരുന്ന ഗുരുമന്ത്രം ശ്രദ്ധിക്കുക.
ഓം സദാശിവ സമാരംഭാം ശങ്കരാചാര്യമദ്ധ്യമാം
അസ്മദാചാര്യന്താം വന്ദേ ഗുരുപരമ്പരാം
സദാശിവന്‍ അഥവാ ബ്രഹ്മമാണ് ഗുരുപരമ്പരയുടെ തുടക്കം. നാരായണ സമാരംഭാം എന്നു ചൊല്ലിയാലും അര്‍ത്ഥത്തിനു വ്യത്യാസമില്ല. പ്രപഞ്ച പദാര്‍ത്ഥങ്ങളാണല്ലോ നാരങ്ങള്‍. അതില്‍ അയനം ചെയ്യുന്നവന്‍ നാരായണന്‍. സച്ചിദാനന്ദമയമായ ബ്രഹ്മമെന്നു ചുരുക്കം. അങ്ങനെ പരമാത്മാവിലാരംഭിച്ച് ആയിരത്താണ്ടുകളിലൂടെ അനേകതലമുറകള്‍ കടന്നു പോന്നതാണ് മഹനീയമായ ഈ ഗുരുപരമ്പര. അതിനെ ഒരു ഹാരമായി സങ്കല്പിച്ചാല്‍ ഒത്ത നടുക്കു വിലസുന്ന രത്‌നം ഭാരതീയ വിദ്യയുടെ പരമാചാര്യനായ ശ്രീശങ്കരഭഗവദ്പാദങ്ങളാകുന്നു. ഇപ്പോള്‍ എന്റെ ആചാര്യനിലെത്തി ചേര്‍ന്നിരിക്കുന്ന ഈ ഗുരുപരമ്പരയെ ഞാന്‍ പ്രണമിക്കുന്നു എന്നാണ് ഈ വന്ദനശ്ലോകത്തിനര്‍ത്ഥം.
ഭാരതീയ ജീവിതത്തില്‍ ഗുരുവിനുള്ള പ്രാധാന്യവും ഗുരുപരമ്പരയുടെ നൈരന്തര്യവും ഗുരുമഹിമയും എന്തെന്നു വ്യക്തമാക്കുന്ന ശ്ലോകമാണിത്. പരിധി നിശ്ചയിക്കാനരുതാത്ത പൂര്‍ണ്ണസച്ചിദാനന്ദസ്വരൂപമായ ബ്രഹ്മതത്ത്വയാണു ഗുരുത്വം എന്നു സാരം. അതിനു പകരം വയ്ക്കാന്‍ വേറൊന്നില്ല. ഗുരുത്വത്തിലാണു പ്രപഞ്ചം ഉണ്ടാകുന്നത്. ഗുരുത്വത്തിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ഗുരുത്വത്തിലാണ് പ്രപഞ്ചം ലയിച്ചടങ്ങുന്നത്. അതിനുമുകളില്‍ യാതൊന്നുമില്ല. സാമ്രാജ്യാധിപന്മാരുടെ കിരീടങ്ങള്‍ മഹാഗുരുവിന്റെ പാദങ്ങളില്‍ പ്രണമിച്ചുനില്ക്കുന്നു.
ലോലചാമരയായ രാജലക്ഷ്മിയാള്‍ പര്‍ണ്ണശാലതന്‍ മുറ്റമടിക്കുന്ന നാടെന്ന മഹാകവി വള്ളത്തോള്‍ ഭാരതത്തെ വിശേഷിപ്പിച്ചിരിക്കുന്നതു കാണുക. സര്‍വസംഗപരിത്യാഗികളായി, ഭൗതികസുഖ സൗകര്യങ്ങള്‍ക്കു സ്വന്തം ജീവിതത്തില്‍ യാതൊരുസ്ഥാനവും നല്‍കാതെ ഏകാന്തത നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ കൊച്ചുകുടിലുകളില്‍ തപോമയമായ ദിവ്യജീവിതം നയിച്ചു ലോകത്തെ അനുഗ്രഹിച്ച ആ മനീഷിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ലോകം തൊഴുകൈയോടെ കാത്തുനിന്നു. ചക്രവര്‍ത്തിമാരും സാധാരണക്കാരുമേവരും സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിച്ചത് ആ മഹാഗുരുസന്നിധിയിലായിരുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന മഹാമന്ത്രം അവിടെനിന്നാണ് ലോകമെമ്പാടും പുറപ്പെട്ടത്. ദേവാദികള്‍പോലും ആ പാദങ്ങളില്‍ നമിച്ചുനിന്നു. തെറ്റുചെയ്ത ഇന്ദ്രനെപ്പോലും ശിക്ഷിക്കാനുള്ള തപോബലം ആ ഗുരുവര്യന്മാര്‍ സൂക്ഷിച്ചിരുന്നു.
ഗരുബ്രഹ്മമാണ് ഗുരുവിഷ്ണുവാണ് ഗുരുമഹേശ്വരനാണ്. സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താക്കളായ ഈ മൂര്‍ത്തികള്‍ മൂവരും ഒന്നായിണങ്ങിയ പരബ്രഹ്മമാണു ഗുരു. എന്നു ഭാരതീയ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നു. അജ്ഞാനതിമിരം ബാധിച്ച കണ്ണുകള്‍ക്കു ജ്ഞാനമാകുന്ന അഞ്ജനശലാകയാല്‍ കാഴ്ചശക്തി പകരുന്ന ഭവരോഗഭിഷഗ്വരനാണു ഗുരു. അഖണ്ഡമണ്ഡലാകാരമായി എങ്ങും നിറഞ്ഞുനില്ക്കുന്ന ബ്രഹ്മപദത്തെ കാട്ടിത്തരുന്ന വിജ്ഞാന സാഗരമാണ് ഗുരുനാഥന്‍. ഗുരുവും ഈശ്വരനും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ആദ്യം ആരുടെ പാദം വന്ദിക്കണമെന്നകാര്യത്തില്‍ ഭാരതീയ പാരമ്പര്യത്തിനു സംശയമേ ഇല്ല. ആദ്യം നമസ്‌ക്കരിക്കേണ്ടതു ഗുരുവിനെയാണെന്നു കബീര്‍ദാസ് വ്യക്തമാക്കിയിട്ടുള്ളതു പ്രസിദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ ഭഗവാനെ കാട്ടിത്തരുന്നതു ഗുരുവാകുന്നു.
ഗോപികമാര്‍ക്ക് ഗുരുമഹിമയെപ്പറ്റി കൃഷ്ണന്‍ നല്‍കിയ ഉപദേശം ഗര്‍ഗ്ഗഭാഗവതത്തിലുണ്ട്. ഇതാണ് പ്രസ്തുത ഉപദേശം. സ്വന്തം ഗുരുവിനെ ഞാനെന്ന് കൃഷ്ണനെന്ന് കരുതിക്കൊള്ളണം. ഒരു കാരണവശാലും അദ്ദേഹത്തിന്റെ മഹിമയെ കുറച്ചുകാണരുത്. എല്ലാദേവന്മാരും ഒന്നായിണങ്ങിയ സര്‍വേശ്വരനാണു ഗുരുവെന്നറിഞ്ഞുകൊള്ളണം. മനുഷ്യശരീരം ധരിച്ചിരിക്കുന്നെങ്കിലും ഗുരുവിനെ മനുഷ്യന്‍ മാത്രമായി കരുതിക്കളയരുത്.
വേദങ്ങള്‍ പ്രകാശിച്ചത് ഗുരുക്കന്മാരിലൂടെയാണ്. ഈശ്വരന്‍ ആദിമഗുരുക്കന്മാര്‍ക്ക് വേദമന്ത്രങ്ങള്‍ കാട്ടിക്കൊടുക്കുകയായിരുന്നു. അവര്‍ മന്ത്രദ്രഷ്ട്രാക്കളാണ്. അവരുടെ മുഖത്തുനിന്ന് ഋഷിമാര്‍ വേദമന്ത്രങ്ങള്‍ കേട്ടുപഠിച്ചു. അങ്ങനെ അവര്‍ ശ്രുതഋഷിമാരായി. അവരിലൂടെയാണ് അറിവിന്റെ മഹാഗംഗ ഈ നാടുമുഴുവന്‍ പരന്നൊഴുകിയത്. ലോകത്തിനുമുന്നില്‍ ഭാരതം വിദ്യാഗുരുവായി നിന്നതും ലോകമെമ്പാടും നിന്നു പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ ഈ നാട്ടിലെത്തിയിരുന്നതും വിശ്വചരിത്രത്തിലെ സ്വര്‍ണ്ണാഭമായ ഏടുകളാണ്.
കാരുണ്യത്തിന്റെ മഹാസമുദ്രമാണ് ഗുരുക്കന്മാര്‍. കാരണംകൂടാതെതന്നെ ആരിലും വര്‍ഷിക്കുന്ന സ്‌നേഹത്തിന്റെ മഹാഗംഗയാണു ഗുരു. എല്ലാം ഞാന്‍ തന്നെയാണെന്നു പ്രത്യക്ഷമായറിയുന്നവരാണ് അവര്‍. അതിനാല്‍ സമസ്തചരാചരങ്ങളിലും കാരുണ്യവും സ്‌നേഹാനുഗ്രഹങ്ങളും ചൊരിയുക അവരുടെ സ്വഭാവമായിരിക്കുന്നു. വര്‍ഗ്ഗ, വര്‍ണ്ണ, ആചാര, ഭാഷാ, ദേശ ഭേദങ്ങളൊന്നും അവരുടെ കാരുണ്യത്തെ പ്രതിബന്ധിക്കുന്നില്ല. ഗുരുകാരുണ്യത്തെ നേരിട്ടറിയണമെങ്കില്‍ ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരെയും ജഗദ്ഗുരുസത്യാനന്ദസരസ്വതി തൃപ്പാദങ്ങളെയും അടുത്തറിയണം. ശിഷ്യനു ഗുരുവിനോടുള്ള ഭക്തിതിരിച്ചറിയണമെങ്കിലും അവരെ മനസ്സിലാക്കിയാലേപറ്റൂ.
ഭാരതീയ ഗുരുസങ്കല്പത്തിന്റെ മഹിമാതിരേകത്തെ അനുഭവപ്പെടുത്തുന്ന വാക്കുകളാണ് ജ്യേഷ്ഠനും ഗുരുനാഥനുമായ രാമനെസ്തുതിക്കുവാന്‍ എഴുത്തച്ഛന്‍ പ്രയോഗിച്ചിരിക്കുന്നത്. സജ്ജനങ്ങളായ വിദ്വാന്മാരില്‍ അഗ്രേസരനും അനേകം ശിഷ്യന്മാര്‍ക്കു ആചാര്യനുമായിരുന്നു അദ്ദേഹം. സമകാലീനന്മാരില്‍ രാമന്റെ പേരുമാത്രമേ രാമായണമഹാഗ്രന്ഥത്തില്‍ എഴുത്തച്ഛന്‍ സ്മരിച്ചിട്ടുള്ളൂ. ഹരിനാമകീര്‍ത്തനത്തില്‍ ശ്രീനീലകണ്ഠഗുരുവിന്റെ പേരും കേള്‍ക്കാം. മറ്റു ഗുരുക്കന്മാരെ പേരെടുത്തുപറയാതെ അദ്ദേഹം സ്തുതിച്ചിരിക്കുന്നു. ബ്രഹ്മവിദ്യയുടെ ഔന്നത്യങ്ങളില്‍ നില്ക്കുമ്പോള്‍ സ്മരണീയമായിട്ടുള്ള ഗുരുചരണങ്ങള്‍ മാത്രമാണ്. അതാണു പരമാത്മപദം. അതുമാത്രമാണു സത്യം. അതുമാത്രമാണു ശിവം. അതുമാത്രമാണു സുന്ദരം. അതാണു സര്‍വ്വവും. ഉള്‍ക്കുരുന്നിങ്കല്‍ നിറഞ്ഞുവിളങ്ങേണ്ടുന്നതു ഗുരുപാദങ്ങളാണെന്നു വന്നതും അതുകൊണ്ടാകുന്നു.
Discussion about this post