സി.ബി.ഓമനയമ്മ
തൃശൂരുനിന്നും ഏകദേശം 55 കിലോമീറ്റര്‍ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. ‘തിരുവില്വാമലയിലെ പ്രസിദ്ധമായ ‘വില്വാദ്രിനാഥക്ഷേത്രം’ പച്ചപ്പട്ട് പുതച്ചുകിടക്കുന്ന നെല്‍പാടങ്ങള്‍, മൊട്ടക്കുന്നുകള്‍ കാടുകള്‍ മേടുകള്‍ ഇവയ്ക്കിടയിലൂടെയുള്ള യാത്ര. വളഞ്ഞൊഴുകുന്ന ‘ഭാരതപ്പുഴ’ പുഴയ്ക്കുമീതെയുള്ള പാലം. കേരളത്തിന്റെ ഗ്രാമീണത്തനിമ നുകരണം എങ്കില്‍, ‘ഭാരതപ്പുഴ’യുടെ തീരത്തുള്ള ഈ ഗ്രാമത്തില്‍ എത്തുക. വലിയ മാറ്റങ്ങള്‍ ഒന്നും കൂടാതെ, ശാലീനസുന്ദരിയായ ഒരു ഗ്രാമീണകന്യകയെപോലെ ഇന്നും നിലകൊള്ളുന്നു ‘തിരുവില്വാമല’

സമുദ്രനിരപ്പില്‍ ഏകദേശം 1900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു ‘വില്വാദ്രിനാഥക്ഷേത്രം’. വില്വാദ്രിയുടെ മദ്ധ്യഭാഗത്ത് ഉയരത്തില്‍ പടുത്തുയര്‍ത്തിയ ക്ഷേത്രം. ഉയരം കുറഞ്ഞ മതിലുകള്‍ ചുറ്റും. മതില്‍ക്കപ്പുറത്ത് പറ്റേ നാലുവശത്തും നിരനിരയായി നില്‍ക്കുന്ന ‘അരയാല്‍ വൃക്ഷങ്ങള്‍’ വടക്കുവശത്ത് വളഞ്ഞൊഴുകുന്ന ‘ഭാരതപ്പുഴ,’ കാടും മേടും പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ താഴ്‌വാരം. ഭാരതപ്പുഴയേ തഴുകിവരുന്ന ഇളംകാറ്റ് അത് അരയാലില്‍ തട്ടിദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ ഉള്ള കുളിര്‍മ്മ. പക്ഷികളുടെ ഇടതടമില്ലാത്ത കളകളാരവം. വിജനമായ ചുറ്റുപാട്.
ക്ഷേത്രത്തിന് രണ്ട് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്ന് ശ്രീരാമന്റേത്. മറ്റേത് ലക്ഷ്മണന്റേതും. കൊത്തുപണികളാല്‍ അലംകൃതമായ ശ്രീകോവിലുകള്‍. ശ്രീരാമന്റേത് പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന്റെ കോവില്‍ തൊട്ടുതെക്കുഭാഗത്ത് കിഴക്കോട്ടുനോക്കിയും. ഒരേ മാതൃകയിലുള്ള രണ്ടു ശ്രീകോവിലുകള്‍. പുറത്ത് കിഴക്കുവശത്ത് പ്രദക്ഷിണപാതയ്ക്കും അപ്പുറം പടിഞ്ഞാറോട്ടുനോക്കി ഹനുമാന്‍ കോവില്‍ തെക്കുപടിഞ്ഞാറെമൂലയില്‍ ‘മഹാഗണപതി’ പ്രതിഷ്ഠ, നാലമ്പലത്തിനുള്ളില്‍ തന്നെ തെക്കുപുറത്ത് താഴ്‌വാരത്തിനുള്ളില്‍ ശിവന്റെയും ദേവിയുടെയും, അയ്യപ്പന്റെയും ക്ഷേത്രം. ഇത് മതില്‍കെട്ടി തിരിച്ചിട്ടുണ്ട്. പരിപാടികള്‍ നടത്തുന്ന ‘സ്റ്റേജ്’ തെക്കുകിഴക്കേമൂലയിലും ഇത്സവകാലത്ത്, പന്തലിടുന്നതിനായി നാലമ്പലത്തിനുപുറത്തുചുറ്റും കോണ്‍ക്രീറ്റ് തൂണുകള്‍ പടുത്തുയര്‍ത്തിട്ടുണ്ട്. കരിങ്കല്ലും പാറയും നിറഞ്ഞതറ. ലക്ഷ്മണന്റെ കോവിലിനു വടക്കു കിഴക്കു ഊട്ടുപുര. ‘നങ്ങിയാര്‍കൂത്ത്’ നടത്തുന്ന പന്തല്‍ വടക്കുഭാഗത്തും.
ഈ ക്ഷേത്രത്തിന് ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. കന്നിമാസത്തിലെയും കുംഭമാസത്തിലെയും ഏകാദശി ഇവിടെ ഉത്സവമാണ്. ഗുരുവായൂര്‍ ഏകാദശി വളരെ വിശേഷം തന്നെ. രാമനവമിയും അതുപോലെതന്നെ. ഉത്സവകാലത്ത് വളരെ ഏറെ ജനങ്ങള്‍ തിരുവില്വാമലയില്‍ എത്തുന്നു. സമീപത്തുനിന്നും ‘ആനകളെ’ വഴിപാടായി എത്തിക്കും.
വെളുപ്പിന് 4.30ന് നടതുറക്കും. 10.30ന് മുന്‍പ് നടഅടക്കും. പിന്നീട് വൈകുന്നേരം 4.3൦ന് നടതുറക്കും. 8ന് അടക്കും.
കിഴക്കേ നടയില്‍ മതില്‍ക്കുപുറത്ത് തറക്കെട്ടിപൊക്കിയ, ഒരു വലിയ ആല്‍മരം, ആല്‍തറയിലേക്കു കയറാന്‍ ചവിട്ടുപടികള്‍ കെട്ടിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ ആ ആല്‍ത്തറയില്‍ വന്നിരുന്നു. പ്രകൃതി ഭംഗിനുകര്‍ന്നുകൊണ്ട് അകലെ ഭാരതപ്പുഴ കാണാം. ഈ ആല്‍മരത്തിന് എത്ര വയസ്സ് ആയി എന്ന് ആര്‍ക്കും അറിയില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ ‘മഹാവിഷ്ണു’ ആണ്. ലക്ഷ്മണപ്രതിഷ്ഠയായി സങ്കല്പിക്കുന്നതും പൂജിക്കുന്നതും പരശുരാമനെയാണ്. പണ്ട്, ‘ആമലകമഹര്‍ഷി’ എന്നൊരു ‘ഋഷിവര്യന്‍’ വില്വാദ്രിയില്‍ തപസ്സ് ചെയ്തിരുന്നു. ഇപ്പോള്‍ ശ്രീരാമപ്രതിഷ്ഠയുള്ള സ്ഥാനത്ത് സാക്ഷാല്‍ മഹാവിഷ്ണു അദ്ദേഹത്തിന് പ്രത്യക്ഷമായി ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ച് ‘ശ്രീരാമസങ്കല്പത്തില്‍’ ആരാധിക്കാന്‍ ആവശ്യപ്പെട്ട് അപ്രത്യക്ഷനായി എന്നുമാണു ഐതീഹ്യം. ശ്രീരാമനായി ആരാധിക്കുന്ന വിഗ്രഹം സ്വയംഭൂവാണ്.

ആല്‍ത്തറയില്‍ നിന്നും ഏതണ്ട് ഒരു കിലോമീറ്റര്‍ അകലെ ഒരു ‘മല’ ഉണ്ട്. ഗുരുവായൂര്‍ ഏകാദശീനാള്‍, കൂട്ടമായി ആള്‍ക്കാര്‍ അവിടെ എത്തും. ആ ‘മല’യില്‍ ഒരു ‘ഗുഹ’യുണ്ട്. തിരുമേനി ദീപം കൊളുത്തി തൊഴുത് ആദ്യം ‘ഗുഹ’യില്‍ നൂന്ന്, മലപൊക്കത്തിലുള്ള കവാടം വഴി പുറത്തിറങ്ങും, പുറകേ മറ്റുളളവരും. പുനര്‍ജനീ എന്നാണ് ഈ മലയുടെ പേര്. പണ്ട് പരശുരാമന്‍ ക്ഷത്രിയരെകൊന്ന് ഒടുക്കിയശേഷം പാപമോക്ഷത്തിനായി ഈ ഗുഹയില്‍ ഇരുപത്തിയെട്ടു പ്രാവശ്യം നൂന്നു എന്നും, വര്‍ഷത്തില്‍ ഒരു പ്രാവശ്യംവച്ച് 78വര്‍ഷം ഈ ഗുഹയില്‍ നൂന്നാല്‍ സര്‍വ്വപാപങ്ങളില്‍ നിന്നും വ്യക്തമാകുമെന്നും പറയപ്പെടുന്നു.
മലയില്‍ അനേകം തീര്‍ത്ഥങ്ങള്‍ ഉണ്ട്. ‘ഗണപതിതീര്‍ത്ഥം’ കുംഭതീര്‍ത്ഥം പാതാളതീര്‍ത്ഥം ഗവയതീര്‍ത്ഥം, പാപനാശിനി ഇവയാണ് പ്രധാനം, പുനര്‍ജനിമലയിലേക്കു നടന്നുവേണം പോകുവാന്‍ വാഹനം പോകില്ല.
Discussion about this post