സ്വാമി പരമേശ്വരാനന്ദ
ശ്രീ കൃഷ്ണഭഗവാന്റെ ഉപദേശത്തില്‍ ദത്താത്രേയന്റെ ഇതിഹാസം ഉദ്ധരിച്ചിരിക്കുന്നതുകൊണ്ട് ശ്രീകൃഷ്ണ അവതാരത്തിനും വളരെമുമ്പ് ജീവിച്ചിരുന്ന ഒരു മഹാത്മാവാണ് ഈ അവധൂതനെന്ന് വിശ്വസിക്കാം. ആ പരമജ്ഞാനി ഇന്നും ഭക്തജനഹൃദയങ്ങളില്‍ നവം നവമായി ഉത്തേജനമരുളുന്നുണ്ട്. മഹാരാഷ്ട്രാ വനങ്ങളില്‍ രാത്രിയില്‍ വിശ്രമിക്കുകയും പ്രഭാതത്തില്‍ കാശിയില്‍ സ്‌നാനം നടത്തുകയും ദക്ഷിണഭാരതത്തില്‍ ഭിക്ഷയെടുക്കുകയും സൗരാഷ്ട്രയിലെ ഗിരിനാര്‍ കുന്നുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന പതിവ് ഇന്നും മുടക്കം കൂടാതെ തുടരുന്നുവെന്നാണ് ജനവിശ്വാസം.
മഹാരാഷ്ട്രാ – ഗുജറാത്ത് പ്രദേശങ്ങളിലെങ്ങും ദത്താത്രേയ ക്ഷേത്രങ്ങളുണ്ട്. ദക്ഷിണഭാരതത്തില്‍ പ്രസിദ്ധമായ സുചീന്ദ്രം മഹാക്ഷേത്രസ്ഥലപുരാണം അത്രി – അനസൂയമാരുടെ തപോബലത്തേയും അവരുടെ ത്രിമൂര്‍ത്തി സംഭൂതനായ പുത്രനേയും പറ്റി വര്‍ണിക്കുന്നു. ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ ഏകലിംഗസ്വരൂപത്തില്‍ ഇവിടെ ആരാധിക്കപ്പെടുന്നു. സ്ഥാണുമാലയപ്പെരുമാള്‍ അല്ലെങ്കില്‍ ത്രിമൂര്‍ത്തിദേവന്‍ എന്നാണ് പ്രതിഷ്ഠാമൂര്‍ത്തിനാമം. അത്രി അനസൂയമാരുടെ പുത്രനായ ശ്രീ ദത്താത്രേയ സങ്കല്പം ഇവിടെ മികച്ചുനില്‍ക്കുന്നു.
സാധാരണഗതിയില്‍ ജ്ഞാനത്തിന്റെ ആറാമത്തെ പീടികയില്‍ വിരാജിക്കുന്ന സ്ഥിതിയാണ് ദത്താത്രേയന്റേത്. സദാ ആനന്ദാനുഭൂതിയില്‍ കഴിയുന്ന ഈ മഹാത്മാവിന് പ്രാരബ്ദ്ധ കര്‍മ്മങ്ങളുംകൂടി ലീലയായി നടക്കും. ഒരിക്കലും അഹംബുദ്ധി ഉണ്ടാകുന്നില്ല. ദത്താത്രേയന്റെ മഹത്ത്വം കണ്ടറിഞ്ഞ യദുമഹാരാജാവ് ഇതെങ്ങനെ നേടിയെന്ന് അന്വേഷിച്ചപ്പോള്‍ മഹാതേജസ്വിയും പരമജ്ഞാനിയുമായ ആ അവധൂതന്‍ തന്റെ 24 ഗുരുക്കന്മാരെപ്പറ്റിയും അവരില്‍നിന്നും എന്തെല്ലാം ഗ്രഹിച്ചുവെന്നും പറഞ്ഞുകേള്‍പ്പിക്കുന്നു.
പൃഥ്വി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, മാടപ്രാവ്, പെരുമ്പാമ്പ്, സമുദ്രം, ചിത്രശലഭം, തേനീച്ച, ആന, തേന്‍ സംഭരിക്കുന്നവന്‍, മാന്‍, മത്സ്യം, പിംഗള, കുരുവി, ബാലന്‍, കുമാരി, കൊല്ലന്‍, സര്‍പ്പം, എട്ടുകാലി, പുഴു ഇത്യാദി പഞ്ചഭൂതങ്ങളുള്‍പ്പടെ തന്റെ ശ്രദ്ധാവിഷയമായ വിവിധപ്രാണികളും സ്വശരീരംതന്നെയും തനിക്കു ഗുരുനാഥന്‍മാരായിരുന്നുവെന്നാണ് ദത്താത്രേയന്‍ പറയുന്നത്.
പൃഥ്വിയുടെ സഹനശക്തിപോലെ ദൈവമായയാല്‍ പ്രേരിതമായി ഏതെങ്കിലും പ്രാണി ഉപദ്രവിച്ചാലും വിദ്വാന്മാര്‍ അവരുടെ മാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കരുതെന്നപാഠം പഠിപ്പിച്ചു. പൃഥ്വിതത്വമായ വൃക്ഷങ്ങള്‍ പരോപകാരത്തിനായി ജീവിക്കുന്നതുപോലെ സാധുസജ്ജനങ്ങളും പരോപകാരാര്‍ത്ഥം ജീവിക്കണമെന്ന തത്വം പഠിപ്പിച്ചു.
വായു – പ്രാണവായു ആഹാരമല്ലാതെ രൂപ രസഗന്ധങ്ങളൊന്നും ഗണ്യമാക്കുന്നില്ല. പുറമേയുള്ള വായു സുഗന്ധ – ദുര്‍ഗന്ധങ്ങളില്‍നിന്നും നിര്‍ല്ലോഭമായി വര്‍ത്തിക്കുന്നു. അങ്ങനെ പ്രാണവായുവില്‍നിന്ന് സംയമവും വെളിയിലുള്ള വായുവില്‍നിന്ന് അസംഗത്വവും പഠിപ്പിച്ചു.
സദാ അപരിച്ഛിന്നവും അസംഗവുമായ ആകാശംപോലെയാണ് ആത്മാവ്. കാലകൃതമായ അനിത്യധര്‍മ്മങ്ങളില്‍നിന്ന് ആകാശമെന്നപോലെ ആത്മാവും അസംഘമാണെന്ന് പഠിപ്പിച്ചു. അഗ്നി, തേജസ്വിയാണെന്നപോലെ ജിതേന്ദ്രിയരായ സാധുക്കളും ജിതേന്ദ്രിയരും അക്ഷോഭ്യരുമായിരിക്കണം. സാധുക്കള്‍ അഗ്നിയെപ്പോലെ വ്യക്തവും അവ്യക്തവുമെന്നപോലെ ചിലപ്പോള്‍ പ്രകടവുമായിരിക്കണം. സ്വഭാവത്താല്‍തന്നെ സ്‌നിഗ്ധവും ശുദ്ധവുമാണ് ജലം. അതുപോലെ സാധുക്കളും സ്‌നിഗ്ദ്ധരും മധുരഭാഷികളുമായിരിക്കണം. ജലത്തെപ്പോലെ തങ്ങളെ സമീപിക്കുന്നവരെ ദര്‍ശന സ്പര്‍ശനങ്ങളാല്‍ പവിത്രരാക്കാന്‍ അവര്‍ക്ക് തപശക്തിയുണ്ടായിരിക്കണം.
ചന്ദ്രന്റെ കലകള്‍ ഗതിനിശ്ചയിക്കാനാവാത്ത കാലത്തിന്റെ പ്രവാഹത്താല്‍ കല്പിതമായിക്കാണുന്നതുപോലെ ശരീരത്തിന്റെ ജന്മംമുതല്‍ മൃത്യുപര്യന്തമുള്ള എല്ലാ അവസ്ഥകളും കല്പിതമാണ്. ആ അവസ്ഥാഭേദങ്ങള്‍ ശരീരത്തിന്റെ മാത്രമാണ്. ആത്മാവിന്റെയല്ലെന്ന് താല്പര്യം. ഇതാണ് ചന്ദ്രനില്‍ നിന്ന് പഠിച്ചത്. തന്റെ കിരണസഹസ്രങ്ങളാല്‍ ഭൂമണ്ഡലത്തിലെ ജലാശയങ്ങളില്‍നിന്ന് ജലം വലിച്ചെടുക്കുകയും യഥാസമയം വര്‍ഷമായിട്ട് അവ ഉപേഷിക്കുകയും ചെയ്യുന്നതുപോലെ സാധു – യോഗികളും ത്രിഗുണമയമായ പദാര്‍ത്ഥങ്ങളെ ഗ്രഹിച്ചാലും തക്കസന്ദര്‍ഭത്തില്‍ അവയെ നിഷ്പ്രയാസം ത്യജിക്കേണ്ടതാണെന്ന പാഠം സൂര്യനില്‍നിന്ന് പഠിച്ചു. ഈ മനുഷ്യശരീരം മുക്തിക്കുള്ള തുറന്നവാതിലാണ്. അത് ലഭിച്ചിട്ട് ഗൃഹസ്ഥാശ്രമത്തില്‍തന്നെ കഷ്ടപ്പെട്ട് കഴിയുകയാണെങ്കില്‍ ഉയരത്തില്‍നിന്ന് താഴോട്ട്പതിക്കുന്ന ഗതിയാണു തുടരുക. ഇത് മാടപ്രാവിനെ നോക്കി ഗ്രഹിച്ചു. ശരീരബലം മനോബലം ഇന്ദ്രിയബലം എന്നിവ ഉണ്ടെങ്കില്‍ക്കൂടി ഈശ്വരനിഷ്ഠയില്‍ ഒരേസ്ഥലത്ത് ഇരുന്ന് ശീലിക്കണമെന്ന് പെരുമ്പാമ്പില്‍നിന്ന് പഠിച്ചു.
ഇപ്രകാരം വര്‍ഷക്കാലത്ത് ജലം കൂടിയിട്ട് കരകവിയുകയോ വേനല്‍ക്കാലത്ത് ജലംവറ്റിയിട്ട് ജലം കുറയുകയോ ചെയ്യാതെ സമുദ്രം സദാ ശാന്തവും ഗംഭീരവും അഗമ്യവും അക്ഷോഭ്യവും ആയിരിക്കുന്നുവോ അതുപോലെ നാരായണപാരായണരായ യോഗികളും പദാര്‍ത്ഥങ്ങള്‍ കിട്ടുമ്പോള്‍ പ്രഫുല്ലരാവുകയും കിട്ടാതിരുന്നാല്‍ ഉദാസീനരാവുകയും ചെയ്യരുത്. അഗ്നിയുടെ രൂപത്തില്‍ മോഹിച്ച് അതില്‍വീണു മരിക്കുന്ന ചിത്രശലഭത്തെപ്പോലെ അവരും രൂപലാവണ്യങ്ങളില്‍ വ്യാമോഹിതരാവരുതെന്ന് താല്പര്യം. പുഷ്പങ്ങള്‍ക്കു ദോഷമുണ്ടാകാതെ തേന്‍സംഗ്രഹിക്കുന്ന തേനീച്ചകളെപ്പോലെ ഗൃഹസ്ഥാശ്രമികള്‍ക്കു ദോഷമുണ്ടാകാതെ അവരില്‍നിന്നു സാധുക്കള്‍ ഭിക്ഷ ഗ്രഹിക്കണം.
സ്പര്‍ശനസുഖത്തെ ഇച്ഛിക്കുന്ന കൊമ്പനാന ആനക്കുഴിയില്‍വീണ് ബന്ധനസ്ഥനാവുന്നു. സാധുക്കള്‍ മായാബന്ധത്തില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തേന്‍ ഒരുക്കിവയ്ക്കുന്നവര്‍ക്ക് കിട്ടാതെ വേറെയാരെങ്കിലും എടുത്തുകൊണ്ടുപോകുന്നതുപോലെ യോഗികള്‍ കഷ്ടപ്പെട്ടു സമ്പാദിച്ചുവയ്ക്കുന്നത് അന്യര്‍ തട്ടിക്കൊണ്ടുപോകുന്നു. മാനിന്റെ ശ്രവണേന്ദ്രിയം അതിന്റെ നാശത്തിനു കളമൊരുക്കുന്നതുപോലെ ലൗകീകരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങിപ്പോകുന്ന സാധകന്റെ സംയമം നഷ്ടപ്പെടും. രസനേന്ദ്രിയത്തെ ജയിക്കാഞ്ഞാല്‍ മീന്‍ ഇരകൊത്താനായി ചൂണ്ടയില്‍കുടുങ്ങുന്നതുപോലെ കുടുക്കില്‍പ്പെടും. വേശ്യത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിംഗള അവസാനം നിരാശാഗര്‍ത്തത്തിലാണ്ടു ഈശ്വരനെ മാത്രം ശരണംപ്രാപിച്ചു രക്ഷപ്പെട്ടു. ആശ പരമദുഃഖരൂപവും ആശാരാഹിത്യം പരമസുഖരൂപവുമാണെന്ന പാഠം പിംഗളയില്‍നിന്നു പഠിച്ചു.
മാംസക്കഷ്ണം കൊത്തിയെടുത്തുപറക്കുന്ന കുരുവി പക്ഷിയുടെ പിന്നാലെ അതിനെ ഉപദ്രവിച്ചു മാംസം തട്ടിയെടുക്കാന്‍ അനേകം പക്ഷികള്‍ പറന്നടുക്കുന്നു. മാംസം കിട്ടാതായപ്പോള്‍ പിന്‍തുടര്‍ന്ന് പക്ഷികളെല്ലാം കുരുവിയെ ഉപേക്ഷിച്ചിട്ട് മാംസം എടുക്കാന്‍ പാഞ്ഞു. പരിഗ്രഹം ദുഃഖസ്വരൂപമാണെന്ന പാഠം ഇതില്‍നിന്ന് പഠിച്ചു. കൊച്ചുബാലന്‍ മാനാപമാനം നോക്കാത്തതുപോലെ ഒരു സാധു ആത്മഗതിയോടെ ആത്മാവില്‍തന്നെ നിമഗ്നനായി സഞ്ചരിക്കണം.
കൈയിലെ വളകള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ ഓരോന്നുമാത്രം ധരിച്ചുകൊണ്ട് മറ്റെല്ലാം അഴിച്ചുമാറ്റിയ കുമാരിയെപ്പോലെ സാധകര്‍ ഒറ്റയ്ക്കു നടക്കണം. അല്ലെങ്കില്‍ അതുമിതും സംസാരിച്ച് സമയംകൊല്ലും. നിശ്ചിതസമയം ബാണംചെയ്തു ഏല്‍പ്പിക്കുവാന്‍ ഏകാഗ്രതയോടുകൂടി പണിയെടുത്തുകൊണ്ടിരുന്ന കൊല്ലന്‍ അടുത്തുകൂടിപ്പോയ രാജകീയ ഘോഷയാത്രയെപ്പറ്റി അറിഞ്ഞില്ല. അതുപോലെ ഏകാഗ്രമായ വൈരാഗ്യവും അഭ്യാസവും മനസ്സിനെ വശപ്പെടുത്തേണ്ടതും ആവശ്യമാണ്.
സ്വന്തമായി ഒരാസ്ഥാനം ഉണ്ടാക്കാതെ ജീവിക്കുന്ന സര്‍പ്പത്തെപ്പോലെ സാധുവും സ്വന്തമെന്നില്ലാതെ വസിക്കണം. തന്നില്‍നിന്നും നൂലുണ്ടാക്കി അതുകൊണ്ട് വലനെയ്തു അതില്‍വിഹരിച്ചിട്ട് വീണ്ടും അവയെ തന്നില്‍ലയിപ്പിക്കുന്ന എട്ടുകാലിയെപ്പോലെ പരമാത്മാവ് തന്നില്‍നിന്ന് ഈ പ്രപഞ്ചം സൃഷ്ടിച്ച് സ്ഥിതിചെയ്തിട്ട് അവസാനം തന്നില്‍തന്നെ ലയിക്കുന്നു. സദാ കടന്നലിനെതന്നെ ചിന്തിച്ച് പേടിച്ചിരിക്കുന്ന പുഴു കടന്നലായി രൂപാന്തരപ്പെടുന്നതുപോലെ ജീവനെ ഭയത്താലോ ദേഷ്യത്താലോ സ്‌നേഹത്താലോ പരമാത്മാവിനെത്തന്നെ ചിന്തിച്ചിരുന്നാല്‍ സാരൂപ്യ മുക്തി പ്രാപിക്കുന്നു.
Discussion about this post