നിയമങ്ങളും അതു നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും യഥേഷ്ടം ഉണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ അലംഭാവവും വീഴ്ചയും പതിവാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് ഇതിന് പ്രഥമ കാരണം. ഈ അവസരം ഉദ്യോഗസ്ഥര്‍ നന്നായി മുതലെടുക്കുന്നു. കൈക്കൂലിയും സ്വജനപക്ഷപാതവും ശുപാര്‍ശയുമൊക്കെ കൂടിച്ചേര്‍ന്ന് ഉദ്യോഗസ്ഥരെ നിര്‍ജ്ജീവാവസ്ഥയിലാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഹോട്ടലുകളില്‍ നാം നല്‍കുന്ന പണത്തിന് അനുസൃതമായി വൃത്തിയും ശുദ്ധിയും ആരോഗ്യദായകവുമായ ഭക്ഷണത്തിന് നമുക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇന്ന് ഏതുവിധേനയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യം ഈ മേഖലയെയും ബാധിച്ചപ്പോള്‍ ഉപഭോക്താവിന്റെ ആരോഗ്യമോ ആയുസ്സോ ഒന്നും ഹോട്ടല്‍നടത്തിപ്പുകാര്‍ക്ക് പ്രശ്‌നമല്ലാതായി. ധാര്‍മ്മിക അധഃപതനം ഹോട്ടല്‍ നടത്തിപ്പിനേയും ബാധിച്ചുകഴിഞ്ഞു.
ഏതാനുംമാസംമുമ്പ് തലസ്ഥാനത്തെ ഒരു ഹോട്ടലലില്‍നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഒരു യുവാവ് മരിക്കാനിടയായ സാഹചര്യം ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സടകുടഞ്ഞെണീക്കുന്നതിന് കാരണമായി. തലസ്ഥാനത്ത് മാത്രമല്ല കേരളത്തിലുടനീളം ഹോട്ടല്‍പരിശോധന കര്‍ശനമാക്കുകയും പഴകിയതും ചീഞ്ഞതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു. കുറേഹോട്ടലുകള്‍ പൂട്ടി. മറ്റു ചിലവയ്ക്ക് ശുചീകരണപ്രവര്‍ത്തനം നടത്തണമെന്ന് നോട്ടീസ് നല്‍കി. കാര്യങ്ങളുടെ പോക്കുകണ്ടപ്പോഴേ ജനങ്ങള്‍ പറയാന്‍തുടങ്ങി ഇതൊക്കെ ഏതാനുംനാള്‍കൊണ്ട് അവസാനിക്കുമെന്ന്. പിന്നീട് ഉണ്ടായതും അങ്ങനെതന്നെയായിരുന്നു. ഇതിനിടയില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരസ്ഥാപനങ്ങളെ പൂട്ടിപ്പിക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. അതോടെ ഭക്ഷ്യസുരക്ഷാപരിശോധന അവസാനിച്ചു.
ഏതാനും നാള്‍മുമ്പ് തലസ്ഥാനത്ത് അന്താരാഷ്ട്രാ ഭക്ഷ്യശൃംഖലയായ കെ.എഫ്.സി. എന്ന കെന്റക്കീ ഫ്രൈഡ്ചിക്കനില്‍നിന്നും വാങ്ങിയ ചിക്കനില്‍ പുഴു കണ്ടെത്തിയതോടെ കുറച്ചുനാള്‍ നിദ്രയിലായിരുന്ന ഭക്ഷ്യസുരക്ഷാവിഭാഗം വീണ്ടും ഉണര്‍ന്നെണീറ്റു. കഴിഞ്ഞദിവസം തലസ്ഥാനത്തെ ചില ഹോട്ടലുകളിലും തട്ടുകടകളിലുമൊക്കെ റെയിഡ് നടത്തി പഴയ ആഹാരസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനര്‍ത്ഥം ആദ്യ റെയിഡുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. ചില ഹോട്ടലുകളിലെ വൃത്തിഹീനമായ അവസ്ഥയ്ക്ക് കുറച്ചു പരിഹാരം ഉണ്ടായി എന്നതാണ് ഇതില്‍ ആകെ കാണാന്‍കഴിയുന്ന മെച്ചം.
ഭക്ഷ്യസുരക്ഷ വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. തങ്ങളുടെ ടോള്‍ഫ്രീ നമ്പറിലേക്ക് ദിവസേന എത്തുന്നത് അമ്പതിലേറെ ഫോണ്‍വിളികളാണ്. എന്നാല്‍ ഇതില്‍ പലസ്ഥലത്തും ഓഫീസര്‍മാര്‍ക്ക് എത്താന്‍കഴിയുന്നില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഉണ്ടായാലും കര്‍ത്തവ്യം ശരിയായി നിറവേറ്റുന്നതിന് നിശ്ചയദാര്‍ഢ്യമുള്ളവര്‍ രംഗത്തുണ്ടായാലേ ഹോട്ടലുകളില്‍നിന്ന് പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കാന്‍ കഴിയൂ. ലാഭത്തില്‍മാത്രം കണ്ണുനട്ടിരിക്കുന്ന ഹോട്ടലുകാര്‍ എന്തുംവിറ്റു കാശാക്കാന്‍ ശ്രമിക്കും. ഇതിന് തടയിടുന്നതില്‍ ജനങ്ങള്‍ക്കും പ്രധാനപങ്കുണ്ട്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളെ ജനം ഒന്നടങ്കം ബഹിഷ്‌കരിക്കാന്‍ തയ്യാറായാല്‍ ഈ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാന്‍തന്നെ കഴിയും.
ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍നിന്ന് നല്ല ഭക്ഷ്യവസ്തുക്കളാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ ജനകീയസമിതികള്‍ രൂപീകരിക്കുകയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരുമായി സഹകരിക്കുകയും ചെയ്താല്‍ അത് ഈ രംഗത്ത് ദൂരവ്യാപകമായ മാറ്റത്തിന് വഴിവയ്ക്കും. മാത്രമല്ല ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ഏതാനും നാളത്തെ റെയിഡ് എന്ന ‘വഴിപാട്’ അവസാനിക്കുകയും ചെയ്യും.
Discussion about this post