സനാതന ധര്‍മ്മത്തിലന്തര്‍ഗതമായ ഉപധര്‍മ്മങ്ങളില്‍ മുഖ്യം സേവാധര്‍മ്മമാകുന്നു. മനുഷ്യജീവിതത്തെ നാലു ആശ്രമങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നതിനും സേവാധര്‍മ്മത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കിയിരിക്കുന്നു. വിദ്യ അഭ്യസിക്കുന്ന ബ്രഹ്മചാരി ആശ്രമത്തില്‍ (ബാല്യ കൗമാരദശയില്‍) സേവനം അനുഷ്ഠിക്കേണ്ടത് ഏതു ഭാവത്തില്‍ എങ്ങനെയാണെന്ന് താത്വികമായും പ്രായോഗികമായും പരിശീലിക്കപ്പെടുന്നു. ഗൃഹസ്ഥാശ്രമത്തില്‍ പഞ്ചയജ്ഞങ്ങളിലൂടെ നിത്യവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മസംവിധാനം ഉണ്ട്. ജീവകാരുണ്യം, അതിഥി സല്‍ക്കാരം അഥവാ മനുഷ്യ യജ്ഞം, സംസ്‌കാരകര്‍മ്മങ്ങള്‍, ഉപാസനാവിധാനങ്ങള്‍ ഇത്യാദി എല്ലാ മണ്ഡലങ്ങൡും സേവാധര്‍മ്മം അന്തര്‍ലീനമായിരിക്കുന്നതു കാണാം. വാനപ്രസ്ഥാശ്രമം തികച്ചും പരോപകാരപ്രദമായ പൊതുജനസേവനവും ആതുരശുശ്രൂഷയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. സര്‍വ്വവും ത്യാഗം ചെയ്യുന്ന സന്യാസാശ്രമങ്ങളെ സേവനധര്‍മ്മത്തിന്റെ പരമോച്ച നിലയാണ് കാട്ടുന്നത്.
ഉള്ളവരില്‍നിന്ന് ഇല്ലാത്തവര്‍ക്ക് കൊടുപ്പിക്കുന്ന ദാനധര്‍മ്മം അതിന്റെ മറ്റൊരുവശമാണ്. പേരിനോ പൊരുളിനോ വേണ്ടിയല്ല പാത്രമറിഞ്ഞ് ഭിക്ഷചെയ്യുക എന്നത് മനുഷ്യധര്‍മ്മം മാത്രമാണ്. ഭക്ഷണം പാകംചെയ്യുന്നതുപോലും അവനവര്‍ക്കുവേണ്ടി മാത്രമായിരിക്കരുത് എന്ന് പ്രത്യേകം നിഷ്‌കര്‍ഷയുണ്ട്. തനിക്കുവേണ്ടി മാത്രം ഭക്ഷണം പാകംചെയ്യുന്നവന്‍ ഭക്ഷണത്തോടൊപ്പം പാപമാണ് ഭുജിക്കുന്നതെന്ന് ഭഗവത്ഗീതയിലും അരുളിച്ചെയുന്നു. പ്രതിഫലം ഇച്ഛിക്കാതെയും ചോദിക്കാതെയും ആതുരശുശ്രൂഷ ചെയ്യണം. കിട്ടുന്നതൊക്കെ പരിമിത ആവശ്യങ്ങള്‍ നിര്‍ണയിക്കുന്നതിനും പുണ്യകാര്യങ്ങള്‍ക്കുവേണ്ടി അപ്പോഴപ്പോള്‍ ചെലവഴിക്കണം.
സര്‍വ്വജീവജാലങ്ങളോടും തുല്യബുദ്ധിയോടെ പെരുമാറണമെന്നുവരെ സനാതാനധര്‍മ്മം എന്ന ഹിന്ദുധര്‍മ്മം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അത്രത്തോളം ഉയര്‍ന്നതല്ലെങ്കിലും കുറഞ്ഞപക്ഷം സഹജാതരായ മനുഷ്യരോട് കാലദേശാനുസൃതം ഏതുവിധം പെരുമാറണമെന്നെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതല്ലേ? പൊതുവേ ‘സാമാന്യധര്‍മ്മം’ എന്ന് നിര്‍വ്വഹിച്ചിരിക്കുന്നതിനാല്‍ മനുഷ്യസഹജമായ കര്‍മ്മപദ്ധതിയില്‍പ്പെട്ടതാണ് ഇത്. ഇതുതന്നെ ഏറ്റവും ധര്‍മ്മനിഷ്ഠവും താരതമ്യേന പാരമാര്‍ദ്ധിക ലക്ഷ്യത്തിലേക്കു നയിക്കുന്നതുമായ ഭാവത്തില്‍ – നരനെ നാരായണനെന്നഭാവത്തില്‍ – സേവിക്കുന്നതിനെയാണ് സേവാധര്‍മ്മമെന്ന് പറയുന്നത്. നമ്മുടെ ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നതും സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാത്മാക്കള്‍ സ്വജീവിതവും ഉപദേശങ്ങള്‍കൊണ്ട് നമുക്ക് കാട്ടിതന്നതുമായ ഈ സേവാധര്‍മ്മംപോലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ആ ശാസ്ത്രങ്ങളുടെയോ മഹാത്മാക്കളുടേയോ കുറ്റമല്ല നമ്മുടെ അപാകതയാണ് വെളിപ്പെടുത്തുന്നത്.
ഈ അപാകത പോക്കി അന്തഃകരണശുദ്ധി വരുത്തുന്നവിധത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണമെന്നു വിധിക്കുന്നു. അന്യരുടെ പ്രലോഭനങ്ങള്‍ക്ക് വിധേയനായി നിര്‍ബന്ധിതമായി ചെയ്യുന്നതുകൊണ്ട് സര്‍കര്‍മ്മങ്ങളുടെ വീര്യം ക്ഷയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ‘ഇന്നതുചെയ്യണം ഇന്നതു ചെയ്യരുത്’ എന്നിങ്ങനെ വേദവചനങ്ങള്‍ ഉണ്ട്. ഈ ധര്‍മ്മങ്ങളെല്ലാം, അതുകൊണ്ട് നന്നായി ചെയ്യണം. ദുരഭിമാനം പുലര്‍ത്തരുത്. ഞാന്‍ എന്റെ എന്ന മമാകാര സ്വരൂപമായ അഹന്തകൂടാതെ ചെയ്യണം. അങ്ങനെ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ഉപായമായി ഈശ്വരാരാധനം, ശാസ്ത്രാധ്യായനം, ദാനം, തപസ്സ്, സത്യം, ക്ഷമ, ദമം, ഔദാര്യം – ഈ എട്ടെണ്ണം നേരത്തേ അഭ്യസിച്ചുകൊള്ളണമെന്ന് ശാസ്ത്രവിധിയുണ്ട്.
വേദാന്തം പഠിപ്പിക്കുന്ന ഉപനിഷത്തില്‍പോലും ദാനധര്‍മ്മംചെയ്യേണ്ടുന്ന വിധം എത്രസ്പഷ്ടമായി ഉദ്‌ബോധിപ്പിക്കുന്നുവെന്ന് നോക്കുക. ‘ആദരവോടെ ദാനം ചെയ്യണം. ഇത്രയല്ലേയുള്ളൂ എന്ന് ലജ്ജിച്ചു ദാനം ചെയ്യണം, വല്ലപിഴയും വന്നോ എന്നു ഭയന്നു (അത്രത്തോളം ശ്രദ്ധാപൂര്‍വ്വം) ദാനം ചെയ്യണം. മൈത്രീഭാവത്തില്‍വേണം ദാനം ചെയ്യുവാന്‍.
ശ്രദ്ധയാദേയം അശ്രദ്ധയാfദേയം
ശ്രീയാദേയം ഹ്രീയാദേയം
ഭിയാദേയം സംവിതാദേയം
-തൈത്തരീയം 1-11-4’
ഇനി സ്വാമിവിവേകാനന്ദന്റെ അമരവാണികള്‍ ശ്രദ്ധിക്കാം. ‘നാം ജീവിതത്തെ ഏതുതരം മാനസികാവസ്ഥയില്‍ നിന്നു നോക്കുന്നുവോ അതനുസരിച്ച് അത് നല്ലതോ ചീത്തയോ ആയിതീരുന്നു-സ്വതേ അതു നല്ലതുമല്ല, ചീത്തയുമല്ല. അഗ്നി സ്വതേ നല്ലതോ ചീത്തയോ അല്ല, അതു ചൂടുതരുമ്പോള്‍ ‘അഗ്നി എത്ര വിശേഷം’ എന്നു നാം വാഴ്ത്തുന്നു. അതു നമ്മുടെ കൈ പൊള്ളിക്കുമ്പോള്‍ നാം അതിനെ കുറ്റംപറയുന്നു. എങ്കിലും അഗ്നി സ്വതേ നല്ലതോ ചീത്തയോ അല്ല. നാം അതിനെ ഉപയോഗപ്പെടുത്തുന്ന രീതി അനുസരിച്ച് നല്ലതോ ചീത്തയോ എന്ന തോന്നല്‍ നമ്മില്‍ ഉണ്ടാക്കുന്നു. ഈ ലോകത്തിന്റെ കഥയും അതുതന്നെ. അതു സമ്പൂര്‍ണ്ണമാണ്, എന്നു വച്ചാല്‍ അതിന്റെ ഉദ്ദേശത്തെ സമ്പൂര്‍ണ്ണം നിറവേറ്റുവാന്‍ മതിയായതാണ്.
എങ്കിലും നാം നന്മചെയ്യണം. അന്യരെ സഹായിക്കാന്‍ കിട്ടുന്ന അവസരം ഒരു ഭാഗ്യമാണെന്ന ബോധം എല്ലാസമയം നമുക്കുണ്ടെങ്കില്‍, നന്മ ചെയ്യുവാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ്. നിങ്ങള്‍ ഉയര്‍ന്ന നിലയിലായിരിക്കുന്നു എന്നഭാവത്തോടെ ദാനം ചെയ്യരുത്. ഒരുദാനം ചെയ്യാനും അതുമൂലം നിങ്ങളെതന്നെ സഹായിക്കാനും സന്ദര്‍ഭം നല്‍കികൊണ്ട് അര്‍ഹിക്കുന്ന ഒരാള്‍ വന്നുവല്ലോ എന്നുവിചാരിച്ച് കൃതജ്ഞനായിരിക്കുക. അനുഗ്രഹിക്കപ്പെടുന്നത്. ദാനം വാങ്ങുന്നവനല്ല ദാനം ചെയ്യുന്നവനാകുന്നു. ഈ ലോകത്തില്‍ ഔദാര്യവും കാരുണ്യവും അഭ്യസിച്ച് തദ്വാരാ നിര്‍മ്മലനും പൂര്‍ണ്ണനും ആയിതീരാനുള്ള അവസരം ലഭിച്ചതില്‍ നന്ദിയുള്ളവരായിരിക്കുക. എല്ലാ സല്‍പ്രവര്‍ത്തിയും നമ്മെ നൈര്‍മ്മല്യത്തിലേക്കും പൂര്‍ണ്ണതയിലേക്കും നയിക്കാന്‍ ഉതകുന്നു.
നാം ലോകത്തിന് നന്മ ചെയ്തിട്ടുണ്ടെന്നോ നമുക്ക് അതിനുകഴിവുണ്ടെന്നോ വിചാരിക്കുന്നതും ഇന്ന ഇന്ന ആളുകളെ സഹായിക്കുന്നുണ്ടെന്നും മനസ്സില്‍ കരുതുന്നതും തികച്ചും തെറ്റാകുന്നു. ഇതൊരു മൂഡ വിചാരമാകുന്നു. എല്ലാ മൂഢവിചാരങ്ങളും ദുഃഖത്തെ ജനിപ്പിക്കും. നാം ഒരുത്തനെ സഹായിച്ചു എന്നു വിചാരിക്കുകയും അതിന് നമ്മോട് നന്ദികാണിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അയാള്‍ അപ്രകാരം ചെയ്യാഞ്ഞാല്‍ നമുക്ക് അസുഖമുളവാകുന്നു. നാം ചെയ്തതിനുപകരം വല്ലതുമിങ്ങോട്ടുകിട്ടണമെന്ന് പ്രതീക്ഷിക്കുന്നതെന്തിന്? നിങ്ങള്‍ സഹായിക്കുന്ന മനുഷ്യനോട് കൃതജ്ഞനായിരിക്കുക, അയാളെ ഈശ്വരനായി വിചാരിക്കുക. സഹജീവികളുടെ സേവനംമുഖേന ഈശ്വരനെ ആരാധിക്കാന്‍ അനുവദിക്കപ്പെടുകയെന്നത് ഒരു വിശേഷാനുഗ്രഹമല്ലയോ? നാം യഥാര്‍ത്ഥത്തില്‍ അനാസകതനായിരുന്നുവെങ്കില്‍ വൃഥാ പ്രതീക്ഷകളില്‍നിന്നുളവാകുന്ന. ഇത്തരം വിഷാദങ്ങള്‍കൂടാതെ കഴിയാനും മനഃപ്രസാദത്തോടുകൂടി സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും നമുക്ക് കഴിയുമായിരുന്നു. ഒരിക്കലും ദുഃഖവും കഷ്ടപ്പാടുമുളവാകുന്നതല്ല. ലോകം സുഖദുഃഖ സമ്മിശ്രമായി എക്കാലവും അങ്ങനെപൊയ്‌ക്കൊണ്ടിരിക്കും.
വളരെ സമ്പന്നതിയിലും സമ്പത് സമൃദ്ധിയിലും ഉന്നതിയിലെത്തിയ പാശ്ചാത്യരുടെ ഇടയില്‍വച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഈ വാക്കുകള്‍ ഇന്നത്തെ ഭാരതം സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. ദാനധര്‍മ്മാദികളും സമൂഹ സേവയും മറ്റും ധര്‍മ്മമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംസ്‌കാരനിഷ്ഠരായ വ്യക്തികളിലൂടെ ശരിയായ മാര്‍ഗ്ഗദര്‍ശനം സിദ്ധിക്കണം. സത്യനിഷ്ഠമായ സേവാധര്‍മ്മം സനാതനധര്‍മ്മത്തിന്റെ പരിശീലനഭാഗമാണ്. അതുവേണ്ടവിധം അനുഷ്ഠിച്ചാല്‍ പരമസുഖത്തിലേക്കും പരമക്ഷേമത്തിലേക്കും കൊണ്ടെത്തിക്കുമെന്ന് സന്ദേഹമില്ല.
Discussion about this post