ഹരിപ്രിയ
ഋഷി ജമദഗ്നി ഗന്ധര്‍വ്വക്രീഡ കണ്ടുനിന്ന രേണുകയെ ശിക്ഷിച്ചു. ഇന്നു വീട്ടുകാര്‍ ഒന്നിച്ചിരുന്നാണ് ഗന്ധര്‍വ്വക്രീഡയുടെ പരമ്പരകള്‍ കണ്ടുരസിക്കുന്നത്, അഥവാ കണ്ടു മടുക്കുന്നത്. അതിനാല്‍ ആര്‍ക്കും മറ്റുള്ളവരുടെ തെറ്റുതിരുത്തികൊടുക്കാനുള്ള തന്റേടമില്ല. ഇങ്ങനെയാണ് സംസ്ഥാനച്യൂതി ഉണ്ടാവുന്നത്.
എന്നാല്‍ സ്വയം പരിശുദ്ധാത്മാവായതുകൊണ്ടാണ് ജമദഗ്നിയ്ക്ക് രേണുകയുടെ മനസ്സിലെ ചെറിയ കളങ്കംപോലും കണ്ടെത്തി ശിക്ഷിച്ചുമാറ്റാന്‍ സാധിച്ചത്. പിന്നീട് അന്തരീക്ഷം ശാന്തമായപ്പോള്‍ മഹര്‍ഷിക്ക് രേണുകയുടെ മഹത്തായ ഗുണങ്ങളെ ഓര്‍ത്ത് വാത്സല്യം തോന്നി ആദരവും. ഉടന്‍ ജമദഗ്നി ദേവലോകത്ത്‌ചെന്ന്, ബ്രഹ്മാവിന്റെ അനുവാദത്തോടെ കാമധേനുവിനെ ആശ്രമത്തില്‍ കൊണ്ടുവന്നു.
രേണുകയോടുപറഞ്ഞു ‘ഈ ഗോമാതാവിനെ പൂജിക്കൂ ആഗ്രഹിക്കുന്നതെന്തും അമ്മ തരും’ . സന്തുഷ്ടയായ രേണുക പശുവിനെ തിലകവും മാലയും ചാര്‍ത്തി പൂജിച്ചു. കറുകപുല്ലും നിറയെ നല്‍കി. പണമോ ചോദിച്ചില്ല. ഹോമത്തിനുള്ള ശുദ്ധവസ്തുക്കള്‍മാത്രം പശുവില്‍വില്‍നിന്ന് സമ്പാദിച്ചു.
പരശു കൈയ്യിലുള്ള രാമന്‍ അതിന്റെ ചമതമുറിച്ചും ആശ്രമത്തിലെ ചെടികള്‍വെട്ടിയും മഴുതുരുമ്പുപിടിക്കാതെ സംരക്ഷിച്ചുപോന്നു. ആരെങ്കിലും അതിഥികള്‍ വന്നാല്‍ അവരെ പൂജിക്കാന്‍വേണ്ട വിഭവങ്ങളെ കാമധേനുവിനോടു ചോദിച്ചുവാങ്ങാറുണ്ട്. അങ്ങനെ ഒരുനാള്‍ വിശിഷ്ടാതിഥിയായി ഹേഹയ രാജാവ് എത്തി. ജമദഗ്നി സ്വര്‍ഗ്ഗത്തില്‍കിട്ടാത്ത വിഭവങ്ങളെകൊണ്ട് കാര്‍ത്തവീര്യനെ സല്‍ക്കരിച്ചു. പാമ്പിന് പാലുകൊടുത്താല്‍ വിഷം വര്‍ദ്ധിക്കും. ഗര്‍വ്വിഷ്ഠനെ ആദരിച്ചാല്‍ ഗര്‍വ്വ് കൂടും. ഈ വിശിഷ്ട വിഭവങ്ങള്‍ കാമധേനു ചുരത്തുന്നതാണെന്നറിഞ്ഞ് ഹേഹയനും മന്ത്രിയുംകൂടി കാമധേനുവിനെ ബലമായി അപഹരിച്ചു.
കരയുന്നപശുവുമായി രാജാവും, സൈന്യവും പടികടന്നുപോകുന്നതു രേണുക മിഴിനീരോടെ നോക്കിനിന്നു. അല്പംകഴിഞ്ഞ് രാമനെത്തി. പാലിക്കേണ്ടവര്‍ ചെയ്ത ദ്രോഹത്തെ അറിഞ്ഞ് ചവിട്ടേറ്റ സര്‍പ്പത്തെപ്പോലെ ക്രുധനായി. പരശു കല്ലിലിട്ടൊന്നുരച്ചു. വില്ലും, ദിവ്യസ്ത്രങ്ങള്‍ നിറഞ്ഞ ആവനാഴിയും ധരിച്ചു. ആലപ്പടയുടെ നേതാവിനെത്തേടിയെത്തുന്ന മൃഗേന്ദ്രനെപ്പോലെ പടയുടെ പിന്നാലെ കുതിച്ചു.
ഹേഹയന്റെ രാജ്യമായ മാഹിഷ്മഹീപുരിയിലെത്തി, ഹവിഷ്മതി അഥവാ ഹവിര്‍ധാരിയാണ്, കാമധേനു. ഹോമദ്രവ്യങ്ങള്‍ തരുന്നവളെന്നര്‍ത്ഥം. ധേനുക്കളില്‍വച്ച് ഞാന്‍ ഹവിര്‍ധാരിയാണെന്ന് ഗീതാചാര്യന്‍ പറയുന്നുണ്ട്. ആ ദിവ്യപശുവേ ഹോമവസ്തുവിനെപ്പോലെ വലിച്ചിഴച്ച് കൊട്ടാരത്തില്‍കൊണ്ടുവന്നു ബന്ധിച്ചു. സീതയെ ഹനിച്ച രാവണന്റെ അവസ്ഥയായി ഹേഹയന്.
കയ്യില്‍ പരശുവുമായി, കൃഷ്ണമൃഗതോല്‍ ധരിച്ച്, ആദിത്യരശ്മിപോലെ ജ്വലിക്കുന്ന ജഡയുമായി കുതിച്ചെത്തുന്ന രാമനെ കണ്ട് കാര്‍ത്തവീര്യന്‍ ഞെട്ടി. പതിനേഴക്ഷൗഹിണി സൈന്യത്തെ അയച്ചു. ഗദ, വാള്‍, കുന്തം, ശതഗ്നി നൂറുപേരെ ഒന്നിച്ചുകൊല്ലുന്ന ആയുധം (പീരങ്കി) ഇങ്ങനെ വലിയൊരായുധശേഖരംതന്നെയുണ്ട് ഭീകരപ്രവര്‍ത്തകരായ ഹേഹയന്‍മാര്‍ക്ക്. ധര്‍മ്മവിഗ്രഹനായ രാമന്‍ തന്റെ മനോവേഗമുള്ള വെണ്‍മഴുവിനാല്‍ എല്ലാം നിഷ്പ്രഭമാക്കി. സൈന്യത്തെയും, ബ്രാഹ്മജിത്തായ കാര്‍ത്തവീര്യനെയും വധിച്ച് പശുവുമായി രാമന്‍ ആശ്രമത്തിലെത്തി.
ഏട്ടന്‍മാരുടെ മുന്നിലിരുന്ന് സ്വപരാക്രമം വിസ്തരിച്ചു. ‘കൊട്ടാരത്തില്‍ ഞാന്‍ ചോരപ്പുഴയൊരുക്കി’ പര്‍വ്വതംപോലെ തലയും, പാമ്പിന്‍പത്തിപോലെ ആയിരംകൈകളുമുള്ള രാജാവ്, അഞ്ഞൂറുകയ്യില്‍ വില്ല്, അഞ്ഞൂറുകയ്യില്‍ ദിവ്യാസ്ത്രങ്ങള്‍ ഒറ്റയടിക്ക് ഞാനത് അഞ്ഞൂറമ്പും മുറിച്ചുവീഴ്ത്തി. അപ്പോള്‍ കാര്‍ത്തവീര്യന്‍ ആയിരംകൈകളില്‍ മലയും മരവും ഏന്തിവന്നു. മരക്കൊമ്പു വെട്ടുംപോലെ ഞാന്‍ ആയിരംകൈയ്യും വെട്ടിവീഴ്ത്തി. എന്നിട്ടും ദര്‍ഭമടങ്ങാതെവന്നപ്പോള്‍ പര്‍വ്വതശിഖരംപോലുള്ള തലയും വെട്ടി. പതിനായിരം മക്കളും പേടിച്ചോടി. പിന്നെ പശുവിനെ കൊണ്ടുപോകാന്‍ തടസ്സമുണ്ടായില്ല.’
രാമന്‍ ചെയ്തത് അമാനുഷിക ധര്‍മ്മമാണെങ്കിലും ജമദഗ്നി ശാസിച്ചു. ‘ ഉണ്ണീ, കഷ്ടമായി. സൂര്യന് രശ്മികള്‍പോലെയാണ് ബ്രാഹ്മണരുടെ ക്ഷമ. ബ്രഹ്മാവ് ഉന്നതപദവിയിലെത്തിയത് ക്ഷമാശീലംകൊണ്ടാണ്. ക്ഷമയുള്ളവരിലേ മഹാവിഷ്ണു പ്രസാദിക്കൂ. അവന് മാത്രമേ തേജസ്സുണ്ടാകൂ. സര്‍വ്വദേവമയനായ രാജാവിനെകൊന്നാല്‍ പാപമുണ്ട്. പാപംതീരാനായി ഉണ്ണി ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തുവരൂ’. ക്ഷമ ഭൂമിയുടെ പര്യായയം ആണ്. അധര്‍മ്മത്തിനുമുന്നില്‍ ഭീകരനായ രാമന്‍ ധര്‍മ്മത്തിനുമുന്നില്‍ തലകുനിച്ചു. പരശുവുമെടുത്തിറങ്ങി. തീര്‍ത്ഥങ്ങളെ സ്വസാന്നിദ്ധ്യത്താല്‍ പരിശുദ്ധമാക്കിയും അധര്‍മ്മത്തിനെതിരെ പരശുവീശിയും രാമന്‍ സഞ്ചരിച്ചു. പിന്നീട് ബലരാമന്‍, ചൈതന്യദേവന്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരെല്ലാം തീര്‍ത്ഥാടനം നടത്തിയിട്ടുണ്ട്. ആ വഴികളെ നമ്മളും പിന്‍തുടരുക.
Discussion about this post