ഹരിപ്രീയ
സുധന്വാ, ഖണ്ഡപരശു എന്നൊക്കെ വിഷ്ണു സഹസ്രനാമത്തില്‍ ഭഗവാന് നാമങ്ങളുണ്ട്. ഖണ്ഡപരശു എന്നപേരില്‍ ശിവഭഗവാനെയും സ്തുതിക്കാറുണ്ട്. അജയ്യമായ പരശു ഉപയോഗിച്ചവന്‍ എന്നര്‍ത്ഥം. സുധന്വാ-എന്നാല്‍ ശോഭനമായ ധനുസ്സുള്ളവന്‍.
അഖണ്ഡപരശു എന്നുകൂട്ടിച്ചേര്‍ത്തുവായിച്ചാല്‍ പിളര്‍ക്കാന്‍ പറ്റാത്ത പരശുആയുധമായുള്ളവന്‍ എന്നര്‍ത്ഥംവരും.
ഭൃഗുരാമന്‍ തീര്‍ത്ഥയാത്രയ്ക്കു പോയപ്പോള്‍ ഹേഹയന്മാര്‍ ആശ്വസിച്ചു. എന്നാല്‍ രാമന്‍ മടങ്ങിവന്നപ്പോള്‍ അവര്‍ക്ക് ആധിയായി. നേരിട്ട് എതിര്‍ക്കാന്‍ ഭയന്ന അവര്‍ രഹസ്യമായി രാമനില്ലാത്തസമയം ആശ്രമത്തില്‍ചെന്ന് ധ്യാനത്തിലിരുന്ന ജമദഗ്നിയുടെ കഴുത്ത് വെട്ടി. അരുതരുതേ…. എന്നു രേണുക ഉറക്കെവിളിച്ചുപറുന്നുണ്ടായിരുന്നു. ആ ഭീരുക്കള്‍ അതൊന്നും ശ്രദ്ധിച്ചില്ല.
‘ ഹാ…. രാമാ’ എന്ന രേണുകയുടെ ആര്‍ത്തനാദം രാമന്റെ ചെവിയിലലച്ചു. രാമന്‍ ഓടിക്കിതച്ചെത്തി. തലയറ്റപിതാവിനെയും മാറത്തടിച്ചുകരയുന്ന മാതാവിനെയും കണ്ടു. പുരാണകഥപറയുന്നവര്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നു. ‘ എന്തോ തീരുമാനിച്ചതുപോലെ കൈകെട്ടി അവിടെ നിന്നു. അമ്മ മാറത്തടിക്കുമ്പോള്‍ ഒന്ന്, രണ്ട്…. എന്നിങ്ങനെ എണ്ണം പിടിച്ചു. ഇരുപത്തൊന്നുപ്രാവശ്യമായപ്പോള്‍ ഒടിച്ചെന്നു തടുത്തു. ആശ്വസിപ്പിച്ചു’.
‘ അമ്മേ, മതി. അമ്മ ജ്ഞാനിയല്ലേ. ആത്മാവിന്റെ വസ്ത്രംമാത്രമാണ് ശരീരം. ഒരു വസ്ത്രം കീറിയാല്‍ മറ്റൊന്നെടുക്കുക. അതിന് രാമനില്ലേ ഇവിടെ? അമ്മ ദുഃഖിക്കരുത് പിന്നെ പരശു കൈയ്യിലെടുത്തു. ഏട്ടന്മാര്‍ ചോദിച്ചു ‘വിഷ്ണുതുല്ല്യനായ അനുജാ എന്തിനുള്ള പുറപ്പാടാണ്? ‘
രാമന്‍ പറഞ്ഞു ‘ ഏട്ടന്മാരെ സന്യാസി ഭീരുആവരുത്. അമ്മ ഓരോ പ്രാവശ്യം നെഞ്ചത്തടിക്കുമ്പോഴും ഞാന്‍ സത്യം ചെയ്തു ഭൂമിചുറ്റി ദുഷ്ട ക്ഷത്രിയരെ ഉന്മൂലനാശം വരുത്തും. എന്ന് ഇരുപത്തിയൊന്നുവട്ടം പ്രതിജ്ഞ ചെയ്തു. അതിലധികം ദുഷ്ടന്മാരുണ്ടാവില്ല. ഇപ്പോള്‍ ഞാന്‍ പ്രതിജ്ഞപാലിക്കാന്‍ പോകുന്നു. നിങ്ങള്‍ അച്ഛന്‍റെ ശരീരം സംരക്ഷിക്കണം’.
അങ്ങനെ മുളങ്കാട്ടിലേക്ക് കാട്ടുതീപോലെ ക്ഷത്രിയ രാജധാനികളിലേക്ക് ഭാര്‍ഗ്ഗവരാമന്‍ പാഞ്ഞുകയറി.
‘ എണ്ണിക്കൊണ്ട് ഇരുപത്തൊന്ന് പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡപ്പിച്ച പരശുരാമകൃതി
കണ്ണില്‍കണ്ണുമാറാകേണം ഗോവിന്ദാ.’
എന്നു സ്തുതിക്കാന്‍വേണ്ട അമാനുഷിക കര്‍മ്മം ചെയ്തു. ക്ഷിത്രയരുടെ രക്തംവീണു സമന്തപഞ്ചകം എന്നതീര്‍ത്ഥം തന്നെയുണ്ടായി. പിന്നെ അതു ശുദ്ധജലമായി തീര്‍ന്നു.
ആശ്രമത്തിലെത്തിയ രാമന്‍ അച്ഛന്റെ ശിരസ്സും ശരീരവും യോജിപ്പിച്ച് ജീവന്‍ നല്‍കി. പൂജിച്ചു സപ്തര്‍ഷികളില്‍ ഏഴാമനായി ഉയര്‍ത്തി.
പിന്നീട് ഈശ്വരനായ തന്നെതന്നെ യാഗങ്ങളാല്‍ യജിച്ചു. യുദ്ധത്തില്‍ സ്വന്തമാക്കിയ ഭൂമി ഓരോ ബ്രാഹ്മണഗോത്രക്കാര്‍ക്കും, മറ്റു സജ്ജനങ്ങള്‍ക്കും ദാനമായി നല്‍കി. അശ്വമേധം നടത്തി. സരസ്വതിനദിയില്‍ അവഭൃഥസ്‌നാനം ചെയ്തു.
ശരീരം കൊണ്ടുമാത്രം ചെയ്ത പാപം നശിപ്പിച്ചു. മേഘമായ സൂര്യനെപോലെ വിളങ്ങി. ക്രോധം ഉപേഷിച്ചു. ആയുധംവച്ചു കമലലോചനനായ മഹേന്ദ്രഗിരിയില്‍ തപസ്സുതുടങ്ങി. പരശുരാമന്‍ ഇന്നും ജീവിക്കുന്നു. പരശുവിന്റെ ശുദ്ധികലശം കഴിഞ്ഞതോടെ എങ്ങും ധര്‍മ്മിഷ്ടരായാ രാജാക്കന്മാര്‍ ഭരണം ഏറ്റു. അവരില്‍ ഒരാളാണ് സഗരന്‍.
സഗരന്റെ യാഗാശ്വം പാതാളത്തില്‍പോയി. അറുപതിനായിരം പുത്രന്മാര്‍ മണ്ണുമാന്തികുഴിച്ചു. ഗോകര്‍ണ്ണവും തെക്കുപടിഞ്ഞാറേഭൂമിയും സമുദ്രത്തിനടിയിലായി. സഗരപുത്രന്മാര്‍ പരശുരാമനെ ശരണംപ്രാപിച്ചു.
ആയുധംവച്ച രാമന്‍ ‘സ്രുവം’ എറിഞ്ഞു. സമുദ്രനാഥനായി വരുണന്‍ പിന്മാറി കേരളവും ഗോകര്‍ണ്ണവും ഉദ്ധരിക്കപ്പെട്ടു. ക്ഷത്രിയാന്തകനെ പേടിക്കണ്ട. നമ്മുടെ ഗുരുവായൂരപ്പന്‍തന്നെ എന്ന് മേല്‍പ്പത്തൂര്‍. ‘…സിന്ധൂം സ്രുവക്ഷേപണാ ദുത്സാരോദ്ധൃത കേരളോഭൃഗുപതേ! വാതേശ! സംരക്ഷമാം.’
Discussion about this post