ഹരിപ്രിയ
ആഞ്ഞത്തിനോടൊപ്പം ഗുരുവായൂരില്‍, ഭക്തന്മാര്‍ അനുസ്മരിക്കുന്ന നാമമാണ് കാവ്യകൗസ്തുഭം. ഉണ്ണിക്കണ്ണനെ ഉണ്ണാന്‍ വിളിക്കുകയാണീ യശോദാമ്മ. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉണ്ണാന്‍ മടിയാണ്. ശ്രീകൃഷ്ണനാണെങ്കില്‍ ഈ ഉലകം മുഴുവന്‍ ഉദരത്തിലൊതുക്കിയിരിക്കുന്നു. പിന്നെങ്ങനെ വിശക്കും?…. ഒരിക്കല്‍ വാപിളര്‍ന്ന് വിശ്വം മുഴുവന്‍ അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ മാതൃവാത്സല്യത്തിനു മുന്നില്‍ ആ ഊറ്റമൊന്നും ഫലിക്കുകയില്ല. അമ്മക്കെന്നും മകന്‍ കുഞ്ഞാണ്. കളിക്കുന്നിടത്തുചെന്ന് സസ്‌നേഹം യശോദ വിളിച്ചു
‘വെയിലുകൊണ്ടു നിന്‍ പൂവുടലയ്യോ
താളുപോലെ തളര്‍ന്നുപോയ്
മണ്ണിലോടിക്കളിച്ചതു മതി
കണ്ണനുണ്ണി മാമുണ്ണണേ’
അമ്മയുടെ വാക്കുകേട്ട് കണ്ണന്‍ ചിരിച്ചു. ഉണ്ണാന്‍ വേണ്ടി കളിനിര്‍ത്തുകയോ?… മണ്ണിലോടികുറേ കളിക്കാനായിട്ടാണ് ഉണ്ണിയുടെ അവതാരംതന്നെ. എങ്കിലും ഭക്തന്റെ ദൈന്യം കണ്ടാല്‍ ഭഗവാനോടി വരും. ആ ദൗര്‍ബ്ബല്യമറിയാവുന്ന യശോദ സ്‌നേഹകാതരയായി വീണ്ടും പറഞ്ഞു. മങ്ങിടുന്ന വിശപ്പാല്‍ നിന്മുഖം കിങ്ങിണി കിഴിഞ്ഞീടുന്നു. നിന്നമ്മയ്യിക്കിതു കാണാന്‍ വയ്യല്ലോ കണ്ണനുണ്ണീ മാമുണ്ണണേ!
ഓമനഉണ്ണീ, മുത്തേ വിശന്നു നിന്റെ മുഖപത്മം വാടിയിരിക്കുന്നു. വയറൊട്ടി, കിങ്ങിണി കിഴിഞ്ഞുതുടങ്ങി. അമ്മയ്ക്കിതു സഹിക്കുവാന്‍ പറ്റില്ല. കുഞ്ഞേ ഉണ്ണാന്‍വരൂ. കണ്ണന്‍ കൈ കഴുകിഅമ്മയോടൊപ്പം ചെന്നു. യജ്ഞശാലകളില്‍ ചെല്ലാന്‍ ലജ്ജിക്കും പാദമുള്ളവന്‍! യജ്ഞശാലയില്‍ ശുദ്ധിപോരാ. അതിനാല്‍ ഭഗവാന്‍ നേരിട്ടു ചെല്ലാറില്ല. അഗ്നിയിലാണല്ലോ ഹോമിക്കാറുള്ളത്.
ഇവിടേയും കുറച്ചു ഗൗരവമൊക്കെയുണ്ട്. പക്ഷേ, അമ്മയുടെ മകനല്ലേ, അമ്മയ്ക്ക് ഉണ്ണിയുടെ ഉള്ളിലിരിപ്പ് അറിയാം. ഉണ്ണിക്കു സദ്യയൊരുക്കാന്‍ ഒരു രാമയ്യന്‍ പട്ടരെത്തന്നെ നിയമിച്ചിട്ടുണ്ട്. യശോദ ഈ രാമയ്യന്‍ കണ്ണന് പുതിയ ചില വിഭവങ്ങളും ഒരുക്കിക്കൊടുക്കും. എന്തെല്ലാമാണെന്നോ
വര്‍ത്തുപ്പേരിയും കാളനും ചോറും കട്ടത്തൈരും ചമ്മന്തിയും വെണ്ണനെയ്യും, വിളമ്പീട്ടുണ്ടിതാ ചുറ്റും കണ്ണനുണ്ണി മാമുണ്ണണേ! ഉപ്പുമാമ്പഴം, പപ്പടം, എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണീ മാണുണ്ണണേ!
നിവേദ്യം കണ്ടാലും തേവര് തെളിയില്ല. അപ്പോള്‍ യശോദ കണ്ണന്റെ കൂട്ടുകാരേയൊക്കെ സൂത്രം പറഞ്ഞ്, പൊന്നില്‍കിണ്ണവും കൊടുത്ത് പിടിച്ചിരുത്തും. നിന്നുടെ പൊന്നിന്‍കിണ്ണത്തിന്‍ചുറ്റും ധന്യരാം ഗോപബാലന്മാര്‍ കിണ്ണം വെച്ചു കാത്തിരിക്കുന്നു കണ്ണനുണ്ണീ മാമുണ്ണണേ!
അതുകണ്ടാല്‍ കണ്ണനും ഓടിവന്ന് അവരുടെ നടുക്കിരിക്കും. കൊമ്പും, ചൂരലും, പമ്പരവും കയ്യിലുണ്ട്. പിന്നെങ്ങനെ ഉണ്ണും യശോദ വന്ന് കൊമ്പും ചൂരലും കക്ഷത്തിലും, പമ്പരം മടിയിലു വയ്പിച്ചിട്ട് ഉരുള ഉരുട്ടി കൊടുക്കും. പക്ഷേ ഉപദേവന്മാര്‍ക്കാദ്യം കൊടുക്കണം. ഭഗവാനൊന്ന് കൈകൊട്ടും ആ ശബ്ദം കൈലാസത്തില്‍ മുഴങ്ങും. മഹാദേവന്‍ കാക്കയുടെ രൂപം ധരിച്ച് ഉടന്‍ പറന്നെത്തും, വിഷ്ണുനിര്‍മ്മാല്യമുണ്ണാന്‍ കൊതിയോടെ.
തൃഷ്ണയോടെ വരുന്നു ശങ്കരന്‍
വിഷ്ണുനിര്‍മ്മാല്യമുണ്ണാനും
പുണ്യം നേടാനും കാകവേഷത്തില്‍
കണ്ണനുണ്ണീ മാമുണ്ണണേ!
അപ്പോഴേക്കും കുറേ പൂച്ചകളും എത്തും കണ്ണനാദ്യം കാക്കക്കു കൊടുക്കും. പിന്നെ പൂച്ചകള്‍ – ഇന്ദ്രന്‍, വായു, അഗ്നി തുടങ്ങിയ ദേവന്മാരാണ്. അവരെ മടിയില്‍വച്ച് അവര്‍ക്കും പാല്‍ച്ചോറു കൊടുക്കും.
ലാക്കുനോക്കുന്നു നീയുണ്ട കിണ്ണം
നക്കിത്തോര്‍ത്തി നുണയ്ക്കുവാന്‍
വിണ്ണവര്‍ വിഡാലാംഗം പൂണ്ടവര്‍
കണ്ണനുണ്ണി മാമുണ്ണണേ!
അവരുടെ സ്വാതന്ത്ര്യം കണ്ട് സഹികെട്ട് യശോദ പറയും. ഒന്നുണ്ണൂ കണ്ണാ. ഏട്ടനെപ്പോലെ വെളുക്കണം. കരിങ്കല്ലുപൊടിച്ചു തേപ്പിക്കണം എന്നൊക്കെ കണ്ണന്‍ പറയാറില്ലേ. അതൊന്നും വേണ്ട. വെണ്ണയും, പാലും കൂട്ടി ഉണ്ടാല്‍ അഞ്ജനവിഗ്രഹം വെളുക്കും. അതുകേട്ടാല്‍ രണ്ടുരുള ഉണ്ണും. വെണ്ണ പാല്‍ പഞ്ചസാര പ്പായസം എന്നിവയെല്ലാംധാരാളം ഉണ്ണികില്‍ വെളിത്തീടും നിന്നുടല്‍ കണ്ണനുണ്ണീ മാമുണ്ണണേ!
‘ ഉണ്ണീ, ഊണു നിര്‍ത്തിയോ..?’ തൈരും, പരിപ്പുംകൂട്ടി. ഉണ്ടില്ലെങ്കിലേ…, ഈ മുടി എന്നുമിങ്ങനെ വണ്ട് ഉരുണ്ടുകൂടിയപോലെ ചുരുണ്ടിരിക്കും. യോഗികളുടെ ജട വളരുംപോലെ നീണ്ട് മണ്ണില്‍ മുട്ടാന്‍ മുടിയുണ്ടാവണ്ടേ ഉണ്ണിക്ക്…?
കട്ടത്തൈരും പരിപ്പും, വെണ്ണയും ചട്ടവും കൂട്ടിയുണ്ണാഞ്ഞാല്‍ ചൂര്‍ണ്ണകുന്തളം നീളം വയ്ക്കില്ല. കണ്ണനുണ്ണി മാമുണ്ണണേ!
അതുകേട്ടാല്‍ സന്തോഷമാവും അല്പംകൂടി ഉണ്ണും. മുടി പിടിച്ച് നീളം നോക്കി രസിക്കും. അപ്പോഴേക്കും ചോറൊക്കെ ശിങ്കിടികള്‍ ശാപ്പിട്ടു കഴിയും. ഉലകം ഭരിക്കുന്നവന്റെ ഉദരം നിറഞ്ഞില്ലല്ലോ എന്ന് യശോദാമ്മയ്ക്ക് വീണ്ടും ദുഃഖം.
ആരുകൊണ്ടുപോയ് പൂച്ചക്കൊണ്ടുപോയ്
കാക്കകൊണ്ടുപോയ് ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാറായ്
കണ്ണനുണ്ണീ മാമുണ്ണണേ!
കണ്ണനെ കണ്ണിലെ കൃഷ്ണമണിപോലെ പാലിച്ച ആദിവ്യമാതാവിനെ വണങ്ങുക. യശോദയുടെ വാത്സല്യം അതേപടി പകര്‍ത്തിയ ഈ വരികള്‍ ഓട്ടൂരിന്റെ പൊന്നു തൂലികയില്‍ നിന്നുതിര്‍ന്നതാണ്.
ഗോവിന്ദാ … ഹരി… ഗോവിന്ദാ..ഹരി.. ഗോവിന്ദാ..ഹരി… ഗോവിന്ദാ.
Discussion about this post