ന്യൂയോര്‍ക്ക്: സാന്‍ഡി ചുഴലിക്കാറ്റിനെ നേരിടാനായി ജനലക്ഷങ്ങളെ ഒഴിപ്പിച്ചു. ന്യൂയോര്‍ക്കിലെയും സമീപ സംസ്ഥാനങ്ങളിലെയും സിവില്‍ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു. ഇന്ത്യയില്‍നിന്നു എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വെയ് സും അങ്ങോട്ടുള്ള ഫ്ളൈറ്റുകള്‍ റദ്ദുചെയ്തു. തിങ്കളാഴ്ച രാത്രിവരെ എണ്ണായിരത്തിലേറെ ഫ്ളൈറ്റുകളാണ് അമേരിക്കയില്‍ കാന്‍സല്‍ ചെയ്തിട്ടുള്ളത്.
മെട്രോ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. വിമാനഗതാഗതം നിലച്ചു. സമുദ്രതീരത്തും പാര്‍പ്പിടങ്ങള്‍ക്കു മുന്നിലും മണല്‍ച്ചിറകളും മണല്‍നിറച്ച ചാക്കുകൊണ്ടുള്ള തടയണകളും ഉണ്ടാക്കി. ഓഹരിവിപണിയടക്കം കമ്പോളങ്ങള്‍ അടച്ചിട്ടു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി നിര്‍ത്തിവച്ച് വൈറ്റ്ഹൌസിലേക്കു മടങ്ങി.
നാലുമീറ്റര്‍ ഉയരമുള്ള തിരകളാണു പലേടത്തും ആഞ്ഞടിച്ചത്. സാന്‍ഡി വന്നാല്‍ തീരത്തു മാത്രമല്ല ഉള്ളിലുള്ള മിഷിഗന്‍ തടാകത്തില്‍ വരെ തിരത്തള്ളലുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് നഗരത്തിലെ ലോവര്‍ മന്‍ഹാട്ടനിലേക്കു വരെ പ്രളയജലം എത്തുമെന്നും അറിയിപ്പുണ്ട്.
Discussion about this post