ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
എന്റെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ അനുവര്‍ത്തിച്ചിരുന്ന നയം എത്രകണ്ട് യോഗസിദ്ധാന്തത്തെ അവലംബിച്ചിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ശാസ്ത്രഗ്രന്ഥങ്ങളെ ആശ്രയിച്ചും,മുന്‍വിധി കൂടാതെയും സ്വാഭാവികമായി സ്വാമിജിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന നിര്‍ദേശങ്ങള്‍ ശാസ്ത്രങ്ങളുടെ സിദ്ധാന്തതലത്തേക്കാള്‍ ആത്മവൃത്തിയുടെ അനുഭൂതിതലത്തിലേയ്ക്കാണ് ഭക്തജനങ്ങളെ എത്തിച്ചുകൊണ്ടിരുന്നത്. സാധകന്റെ അപക്വബുദ്ധിക്ക് കണ്ടെത്താനാകാത്ത പല ദീര്‍ഘവീക്ഷണങ്ങളും സാധകനെ നയിക്കുന്നതിന് ഉപകരിക്കത്തക്കരീതിയില്‍ സംഭവിച്ചിരുന്നു. എന്റെ ചില അനുഭവങ്ങള്‍ തന്നെ ഉദാഹരണമായി കുറിക്കാം.
ജീവിതത്തിന്റെ പല ദുര്‍ഘടസന്ധികള്‍ക്ക് പരിഹാരമായും പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിനായും അസുഖങ്ങള്‍,ആഭിചാരങ്ങള്‍ എന്നിവയ്ക്ക് പരിഹാരം അപേക്ഷിച്ചുകൊണ്ടും വേദാന്തകാര്യങ്ങളിലെ സംശയം തീരാത്ത പലതലങ്ങള്‍ക്ക് ഉത്തരം കാണാനായും സ്വാമിജിയെ ദിവസവും ധാരാളംപേര്‍ സമീപിക്കാറുണ്ട്. കൊടുക്കുന്ന നിര്‍ദേശങ്ങള്‍ വളരെ വ്യക്തവും സൂക്ഷ്മവും ആയിരുന്നു. സ്ഥൂലതലങ്ങളില്‍ സൂക്ഷ്മഫലങ്ങള്‍ ഉളവാക്കുന്നതിന്,കര്‍മങ്ങള്‍ എങ്ങനെ അനുഷ്ഠിക്കണമെന്ന് ചുരുങ്ങിയവാക്കുകളില്‍ നിര്‍ദേശിക്കുന്നതുകേട്ടിട്ടുണ്ട്. അനുസരിക്കുന്നവന് ഫലം സമ്പൂര്‍ണമായി ലഭിക്കുമെന്നതിന് സംശയമില്ല. വളരെ ലളിതമായ വാക്കുകളില്‍ വാചാലമല്ലാത്ത ഭാഷയില്‍ ”സൂത്രസിദ്ധാന്ത” ങ്ങളെന്നോണമായിരുന്നു ഗുരുനാഥന്റെ വാക്കുകള്‍ പ്രയോജനപ്പെട്ടിരുന്നത്.
വാക്കുകളുടെ ഭാഷാപരമായ ബാഹ്യവൃത്തിയേക്കാള്‍ അതിനെ അനുഗമിച്ചിരുന്ന സ്വാമിജിയുടെ ഇച്ഛാശക്തിയാണ് അതിനു പിന്നില്‍ പ്രവര്‍ത്തി ച്ചിരുന്നത്. അത്യുഗ്രമായ തപസ്സിന്റെ ആജ്ഞാശക്തി കര്‍മങ്ങളുടെ നിഗൂഢതലങ്ങളിലേയ്ക്കു കടന്നു ചെന്നിരുന്നു. വാക്കുകള്‍ ആജ്ഞാശക്തിയെ നയിക്കുന്ന കേവല മാധ്യമങ്ങളായിരുന്നുവെന്നതില്‍ സംശയലേശമില്ല. ”സ്വാമി പറഞ്ഞാല്‍ മതി,അതങ്ങു നടന്നോളം” എന്ന് പലഭക്തന്മാരും പറയുന്നത് കേട്ടിട്ടുണ്ട്. സ്വാഭാവികമായ നാടന്‍ ഭാഷയില്‍ ഉടന്‍ അദ്ദേഹം മറുപടി പറയാറുണ്ടായിരുന്നു. ”അപ്പോ പിന്നെ നിനക്ക് ജോലിയൊന്നുമില്ലല്ലോ. പണിമുഴക്കെ ഞങ്ങളല്ലേ എടുക്കേണ്ടത്. ഞങ്ങള്‍ക്കിനിവരാന്‍ വയ്യെടോ. അതുകൊണ്ട് പറയുന്നത് പ്രവര്‍ത്തിച്ചാല്‍ കിട്ടേണ്ടത് കിട്ടും.” എന്നിങ്ങനെ ലളിതമായ ഉച്തരം കൊണ്ട് കര്‍മത്തിന്റെ അതിബൃഹത്തായൊരദ്ധ്യായം തുറന്നു തരികയാണ് ചെയ്തിട്ടുള്ളത്.
കര്‍മഫലം അനുഭവിക്കേണ്ടത് പ്രകൃതിയുടെ അനിഷേധ്യമായ നിയമമാണ്. അവയെ നിഷേധിക്കുന്നത് ആത്മദര്‍ശനത്തിന് വിപരീതമാകുന്നു. കര്‍മാനുസൃതമായ ചലനങ്ങളെ ഇച്ഛാശക്തികൊണ്ട് നിഷേധിക്കുന്നത് ധര്‍മനീതിക്ക് വിപരീതവുമാണ്. ദുഷ്‌കര്‍മഫലം സ്വാമിജിയുടെ വാക്കുകള്‍കൊണ്ട് നിവാരണം ചെയ്യുമ്പോള്‍ ദുഷ്‌കര്‍മത്തിനു പ്രേരിപ്പിച്ച ഫലമാണതുകൊണ്ടുണ്ടാകുക. കര്‍മബാദ്ധ്യതയ്ക്കും പുനര്‍ജന്മത്തിനും അത് കാരണമാകുന്നു.
”ഞങ്ങള്‍ക്കിനി വരാന്‍ വയ്യെടോ ” എന്ന വാക്ക് മേല്പറഞ്ഞ കര്‍മബാദ്ധ്യതയ്‌ക്കെതിരെയുള്ളൊരു പ്രഖ്യാപനമാണ്. മാത്രവുമല്ല ദുഷ്‌കര്‍മം ചെയ്യാനുള്ള വാസന അതുകൊണ്ട് തെല്ലും ശമിക്കുന്നില്ല. ദുഷ്‌കര്‍മി,ദുഷ്‌കര്‍മിയായിരിക്കുകയും ദുഷ്‌കര്‍മം സ്വാമിജിയുടെ വാക്കിലൂടെ നന്നായി ഭവിക്കുകയും ചെയ്യുന്നത്,അമിതമായ കൈക്കൂലി കൊടുത്ത് അര്‍ഹതയില്ലാത്തവന്‍,കാര്യം നേടുന്നതിനെക്കാള്‍ അധര്‍മമാണ്. സ്വാമിജിക്ക് ഒരു വാക്കുപറഞ്ഞാല്‍ പോരേയെന്ന് ലാഘവബുദ്ധിയോടെ ചിന്തിക്കുന്നവര്‍ക്ക് ആ വാക്കിന്റെ പിന്നിലുള്ള ഉത്തരവാദിത്വവും ധര്‍മനിരതയും മനസ്സിലായിട്ടില്ല.
ഭൗതികലോകകര്‍മങ്ങളെല്ലാം ധര്‍മചിന്തകൊണ്ട് നിയന്ത്രിക്കപ്പെടേണ്ടവയാണ്. ലോകശാന്തിക്കും ആത്മശാന്തിക്കും അതുമാത്രമാണ് പ്രയോജനപ്പെടുന്നത് മറിച്ചു സ്വാമിജിയുടെ ഇച്ഛാശക്തിയുടെ പ്രയോഗം ധര്‍മത്തിനെതിരായും കര്‍മനീതിക്കെതിരെയുമുള്ള ആക്രമണമായിരിക്കും. ധര്‍മനിരതവും നിഷ്പക്ഷവുമായ ഒരു രാജ്യത്തെ ഒരു കാരണവും കൂടാതെ കടന്നാക്രമിക്കുന്ന ഒരാക്രമണകാരിയുടെ സ്വാര്‍ത്ഥപരതയില്‍ നിന്ന് ഒട്ടും വ്യത്യാസമില്ലാത്തതാണ് തപസ്വികളുടെ വാക്കുകള്‍,കര്‍മനീതിയേയും ധര്‍മ്മസ്വഭാവത്തെയും ചിന്തിക്കാതെ പ്രയോഗിക്കുന്നത്. മാത്രവുമല്ല യോഗിയുടെ വാക്ക് പ്രതിഷ്ഠപോലെ സങ്കല്പശുദ്ധിയുള്ളതും അനേകങ്ങളെ ആരാധ്യമായ ചിന്തയ്ക്ക് തയ്യാറാക്കുന്നതുമാണ്. ആ വാക്ക് അധര്‍മ്മം ചെയ്തവന്റെ കാര്യസാധ്യത്തിനുവേണ്ടി പ്രയോഗിച്ച് ധര്‍മ്മനീതിയെ കലുഷമാക്കാനുള്ളതല്ല.
യോഗിയുടെ വാക്ക് തന്റെ ആത്മനിഷ്ഠയുടെയും സഖ്യത്തിന്റെയും പ്രഖ്യാപനമാണ്. അത് കേവലം ബാഹ്യവൃത്തിക്കൊണ്ടുള്ള ലാഭത്തെ ലക്ഷ്യമാക്കുന്നില്ല. ഭക്തന്മാരെന്ന് പറയുന്ന പലരും ‘ഭുക്ത’ ന്മാരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുക്തന്മാരെ തയ്യാറാക്കുന്നതിന് അത് പോരാത്തതാണ്. അതുകൊണ്ടാണ് സ്വാമിജി മേല്പറഞ്ഞ വാക്കുകള്‍ ലളിതമായി പ്രസ്താവിച്ചത്. ഒരിക്കല്‍ പറയുന്ന കാര്യങ്ങള്‍ ധാരണയ്ക്ക് വേണ്ടി ആവര്‍ത്തിക്കുന്നത് സ്വാമിജി ഇഷ്ടപ്പെട്ടിരുന്നില്ല. ശ്രദ്ധയില്ലാത്തവന് ധാരണയോ ധ്യാനമോ സാധ്യമല്ല,ശ്രദ്ധ തപസ്സാണ്. രണ്ടാമതുചോദിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോയി എന്നതാണ് സത്യം.
‘‘തോന്നുന്നത് ചെയ്യ്”
തന്നെ സമീപിക്കുന്ന ഭക്തജനങ്ങളോട് ഇന്നത് ചെയ്യണമെന്നു നിശ്ചിതമായി ഉപദേശിക്കുന്ന സ്വാമിജി,ഞാനെന്തെങ്കിലും ചോദിച്ചാല്‍ ”നിനക്കു തോന്നുന്നത് ചെയ്യ്” എന്നു പറഞ്ഞു ചര്‍ച്ച അവസാനിപ്പിക്കുമായിരുന്നു. ഇതിനുള്ള കാരണം ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാനിങ്ങനെ ആലോചിച്ചു. ചെയ്യേണ്ട കാര്യം ഇന്നതാണെന്ന് സ്വാമിജി തീര്‍ത്തുപറയുമ്പോള്‍ അതനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകും. അപ്പോള്‍ ചില കാര്യങ്ങള്‍ എന്റെ ലാഭത്തിനും ഇഷ്ടത്തിനും ചെയ്യുന്നതിനു സാധിച്ചില്ലെന്നു വരും. അങ്ങനെ അവനവന്റെ ഇഷ്ടങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന വാക്ക് ഒരുപക്ഷേ സ്വാമിജിക്ക് കര്‍മ്മഭാരമായിത്തീരുമെന്നായിരിക്കാം. എന്നാല്‍ എന്റെ ആ ചിന്ത ശുഷ്‌കമായ ബാഹ്യമനസ്സിന്റെ ഒരു വികാരം മാത്രമായിരുന്നു. ഈ സംശയം തീര്‍ക്കുന്നതിന്, ശരിയായ അവസരത്തില്‍ ഞാന്‍ സ്വാമിജിയോട് ഇങ്ങനെ പറഞ്ഞു ‘സ്വാമിജി, കോടി പവന്റെ കാര്യമായാലും അതുപേക്ഷിക്കുന്നതിന് എനിക്ക് യാതൊരു മടിയുമില്ല. സ്വാമിജിയുടെ വാക്കില്‍ സംശയവുമില്ല. അതുകൊണ്ട് വേണം- വേണ്ടായ്ക തീര്‍ത്തുപറയാവുന്നതാണ്.” ഇതു കേട്ട് സ്വാമിജി സാധാരണയുള്ള ശബ്ദരഹിതമായ ചിരിയോടെ ഉത്തരം നല്കി. ഉത്തരം വളരെ ഹ്രസ്വവും ലഘുവുമായിരുന്നു. എന്നാല്‍ അതിന്റെ ഗുരുത്വം അതീവഘനീഭൂതവും ദീര്‍ഘദൃഷ്ടിയോടു കൂടിയതുമായിരുന്നു.
ഉത്തരമിതാണ്- ”എടോ, അവര്‍ക്ക് ചോദിക്കുന്ന കാര്യം മാത്രം കണ്ട് പരിഹാരം കണ്ടാല്‍ മതി. എന്നാല്‍ നിനക്ക് സ്വയം ചിന്തിച്ച് പലര്‍ക്കും മറുപടിനല്‍കേണ്ട ആവശ്യമുണ്ടാകും. അതുകൊണ്ടാണ് നിനക്ക് തോന്നുന്നത് ചെയ്യെന്ന് പറഞ്ഞത്. തന്നെയുമല്ല, സ്വതന്ത്രമായി ചെയ്യുമ്പോള്‍ തെറ്റ് സംഭവിക്കുകയാണെങ്കില്‍തന്നെ അതു വേണ്ടെടോ എന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. നിനക്ക്,മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ചുമതലയുണ്ട്. അതെങ്ങനെയുണ്ടെന്ന് ഞങ്ങള്‍ നോക്കികൊണ്ടിരിക്കും. ആവശ്യമില്ലെന്ന് കണ്ടാല്‍ അത് തടസ്സപ്പെടുത്തിക്കൊള്ളും. അതുകൊണ്ടാണ് നിനക്ക് തോന്നുന്നത് ചെയ്യാന്‍ പറഞ്ഞത്.”
വാത്സല്യം നിറഞ്ഞതും ദീര്‍ഘവീക്ഷണവുമുള്ളതുമായ ഇത്തരം വാക്കുകള്‍ എന്നെ ഞാനാക്കി വളര്‍ത്തുന്നതിന് എത്രകണ്ട് പ്രയോജനപ്പെട്ടുവെന്ന് സാഷ്ടാംഗനമസ്‌കൃതി ചെയ്തുകൊണ്ടിന്നും ഞാനോര്‍മിക്കുന്നു. ധര്‍മ്മമാര്‍ഗത്തിലെ ഒരു മണിവിളക്കായി എന്നും അത് മാര്‍ഗ ദര്‍ശനം നല്‍കുമെന്ന് എനിക്കുറപ്പുണ്ട്.
Discussion about this post